Monthly Archives: November 2011

Copy-2Bof-2Bmm-2B-2B20-2Bnov-2B2011

ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ.


ക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ ഇപ്രകാരം.

1. ഇടുക്കിയിൽ 6 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാം.
2. ഒൻപത് മാസത്തിനിടെ ഇടുക്കി കുലുങ്ങിയത് 22 തവണ.
3. ഭൂചലനം. – മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ. 
4. ഇടുക്കിയിൽ വീണ്ടും ഭൂചലനം. – മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ കൂടി.
5. ഭൂചലനം – മുല്ലപ്പെരിയാറിലെ വിള്ളൽ വലുതായി.

മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രതികാരമൊന്നും പ്രകൃതി തിരിച്ച് ചെയ്തിട്ടില്ല. ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. മുകളിൽ പറഞ്ഞ വാർത്തകളെല്ലാം അത്തരം മുന്നറിയിപ്പുകളും സൂചനകളുമാണ്. അത് മനസ്സിലാക്കിയാൽ, രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടുവെച്ചാൽ അകാലത്തിൽ ജീവൻ വെടിയാതെ നോക്കാം. ഒരു നോഹ പെട്ടകമൊന്നും പണിതുണ്ടാക്കാനുള്ള സമയം ഇനിയില്ല. കച്ചിത്തുരുമ്പുകൾ പെറുക്കിക്കൂട്ടി ഒരു അവസാന ശ്രമം നടത്താനുള്ള ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ.

പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ ? സംശയം വേണ്ട. മഴപെയ്ത് വെള്ളം നിറയുമ്പോളും, ഭൂമി കുലുക്കം ഉണ്ടായി വിള്ളൽ കൂടുമ്പോളും മാത്രം ചർച്ചാവിഷയമാകുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം തന്നെ. ഈ വിഷയത്തിൽ മുൻപൊരിക്കൽ എഴുതിയ ‘മുല്ലപ്പെരിയാർ പൊട്ടിയാൽ‘ എന്ന ലേഖനം ഇവിടെയുണ്ട്. ഡാമുകൾ തകർന്നതിന്റെ ലോക ചരിത്രങ്ങൾ, അതിന്റെ ഭീകരാവസ്ഥ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഈ രണ്ട് വീഡിയോകൾ (വീഡിയോ 1, വീഡിയോ 2.) കൂടെ കണ്ടിരിക്കുന്നത് നല്ലതാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം സുപ്രീം കോടതിയുടെ ചുവപ്പുനാടകളിൽ കുടുങ്ങി ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഉന്നതാധികാര സമിതിയെ നിയമിച്ചപ്പോൾ നടപടികൾ ഒച്ചിന്റെ വേഗതയിൽ ആവുകയും കുറേക്കൂടെ വഷളാകുകയും ചെയ്തെന്നല്ലാതെ പ്രത്യേകിച്ച് വിശേഷം ഒന്നും ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല.

“കേസെല്ലാം ഞങ്ങൾ പിൻ‌വലിക്കുന്നു. 999 കൊല്ലത്തെ പാട്ടക്കരാറും വലിച്ച് കീറിക്കളയുന്നു. നിങ്ങൾ മലയാളികൾ പുതിയ അണക്കെട്ട് പണിതോളൂ. എന്നിട്ട് പുതിയ പാട്ടക്കരാർ ഉണ്ടാക്കി വെള്ളം തരുന്നത് വരെ ഞങ്ങൾ എങ്ങനെയെങ്കിലും തട്ടിമുട്ടി ജീവിച്ചോളാം, നിങ്ങൾക്കുള്ള പച്ചക്കറികൾ സമയാസമയം ചുരം കടത്തി എത്തിക്കുകയും ചെയ്യാം.”…………… എന്നുപറഞ്ഞ് തമിഴന്മാർ ഇങ്ങോട്ട് വന്നാൽ‌പ്പോലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. പ്രകൃതി തന്നിരിക്കുന്ന കാലയളവ് കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഡാം ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളെടുക്കും. അതുവരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമെന്ന്, പ്രകൃതിയിൽ ഇപ്പോൾ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് തോന്നുന്നില്ല.

ഭാഗ്യമുണ്ടെങ്കിൽ ഒരു അവസാന മുന്നറിയിപ്പ് കൂടെ കിട്ടിയെന്ന് വരും. മുല്ലപ്പെരിയാർ ഡാം പൊട്ടി, വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ എത്തിച്ചേർന്ന്, കുറെ സമയമെങ്കിലും ഇടുക്കി ഡാം അത്രയും വെള്ളം താങ്ങി നിർത്തുന്ന ആ ഒരു ഇടവേളയായിരിക്കും അത്. അത്രയും സമയത്തിനുള്ളിൽ എത്രപേർക്ക് വെള്ളപ്പാച്ചിലിന്റെ മാർഗ്ഗത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. മുല്ലപ്പെരിയാറിലെ വെള്ളം വന്ന് കയറുന്ന മാത്രയിൽത്തന്നെ ഇടുക്കി അണക്കെട്ട് പൊട്ടിയാൽ, അങ്ങനെയൊരു മുന്നറിയിപ്പിന് പോലും സാദ്ധ്യതയില്ല. ഇടുക്കി ഡാമിനും മുല്ലപ്പെരിയാർ ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ഇപ്പറഞ്ഞ മുന്നറിയിപ്പിന്റെ ഔദാര്യം കിട്ടുകയുമില്ല.

മുല്ലപ്പെരിയാർ പാട്ടക്കരാർ എന്താണ്, എന്ത് ദുരന്തമാണ് ഡാം പൊട്ടിയാൽ ഉണ്ടാകാൻ പോകുന്നത്, എന്നതൊന്നും ലവലേശം അറിയാത്ത അഭ്യസ്തവിദ്യരായ മലയാളി സമൂഹം ചില കാര്യങ്ങളെങ്കിലും ഗ്രഹിച്ചിരിക്കുന്നത് നല്ലതാണ്. നിനച്ചിരിക്കാതെ വീട്ടുമുറ്റത്ത് വെള്ളം പൊങ്ങിവന്നാൽ, നോക്കി നിൽക്കേ അത് സംഹാരതാണ്ഢവം ആടിയാൽ, ചുറ്റുപാടും ഒന്ന് വീക്ഷിക്കുക. കണ്ണെത്തുന്ന ദൂരത്തെല്ലാം അതുതന്നെയാണ് അവസ്ഥയെങ്കിൽ ഇത്ര മാത്രം മനസ്സിലാക്കുക. കേരളത്തിൽ ഇടുക്കി എന്നൊരു ജില്ലയുണ്ട്, അവിടെ കണക്കാക്കപ്പെട്ട ആയുസ്സിനേക്കാൾ 64 കൊല്ലം അധികം പിടിച്ചുനിന്ന മുല്ലപ്പെരിയാർ എന്നൊരു അണക്കെട്ടുണ്ട്. അത് തകർന്ന വെള്ളമാണ് വന്നുകൊണ്ടിരിക്കുന്നത് ; രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുന്നവന് പോലും അതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ടെന്നിരിക്കേ സമ്പൂർണ്ണ സാക്ഷരരായ ഒരു ജനത കാരണമറിയാതെ കൊല്ലപ്പെടുന്നത് മോശമല്ലേ ?!

എമർജൻസി ആൿഷൻ പ്ലാൻ(E.A.P.), ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ (D.M.P.) എന്നീ അറ്റ കൈ പ്രയോഗങ്ങളൊക്കെയാണ് സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ ഫലം ദുരന്തബാധിത പ്രദേശമാകാൻ സാദ്ധ്യതയുള്ളയിടത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുഴുവൻ കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ ? അതുകൊണ്ട് സ്വയരക്ഷയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി വെച്ചാൽ അവനവന് നല്ലത്. രക്ഷപ്പെടാനുള്ള സാദ്ധ്യത അപ്പോഴും, തുലോം തുഛമാണ്. രക്ഷപ്പെട്ടിട്ടും വലിയ കാര്യമൊന്നും ഉണ്ടാകില്ല. പട്ടിണിയും പരിവട്ടവും രോഗങ്ങളും, ഇനിയെന്ത് ചെയ്യും എന്നുള്ള വ്യാകുലതകളും ഒക്കെയായി ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ജീവിതം തള്ളിനീക്കാനേ പറ്റു.

ഹൈക്കോടതിയുടെ നാലാമത്തെ നിലവരെ വെള്ളം പൊങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. അതിശയോക്തി ഉണ്ടാകാം അപ്പറഞ്ഞതിൽ. എന്നാലും അത് തന്നെ മുഖവിലയ്ക്കെടുക്കുന്നു. ഹൈക്കോർട്ട് പരിസരത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എന്റെ ജീവിതം. ഇനി ഒരു നില കൂടെ മുകളിലേക്ക് കയറാനാകും. പിന്നെ വാട്ടർ ടാങ്കിന്റെ മുകളിലേക്ക് കയറണം. ടാങ്കിനടുത്തായി ചില രക്ഷാമാർഗ്ഗങ്ങൾ ചെയ്ത് വെക്കാൻ തന്നെയാണ് പദ്ധതിയിടുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും തമാശയാണെന്നോ, മാനസ്സിക വിഭ്രാന്തിയാണെന്നോ തോന്നാം. ജീവൻ നഷ്ടപ്പെടാൻ പോകുന്നെന്ന് കരുതുന്ന ഒരുത്തന്റെ പ്രവർത്തികളാണ്. ഏത് തരത്തിൽ വിലയിരുത്തിയാലും വിരോധമില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ, സർക്കാരുകളിലും കോടതിയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.  ‘ഒരു ഭീരു ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു, ധീരന് ഒറ്റ മരണമേയുള്ളൂ’ എന്ന ചൊല്ലിന്റെ ചുവട് പിടിച്ചാണെങ്കിൽ സധൈര്യം റോഡിൽ ഇറങ്ങി നടക്കാം.  എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ എന്നും, ആരാണ് ഡാമിന്റെ ഉടമസ്ഥർ എന്നും, അണക്കെട്ട് പൊട്ടിയാൽ എത്രലക്ഷം ജനങ്ങൾ ചത്ത് മലക്കുമെന്നും, ഊഹം പോലും ഇല്ലാത്ത ലക്ഷക്കണക്കിന് വരുന്ന സാക്ഷര മലയാളികളുടെ കൂട്ടത്തിൽ ഇതൊക്കെ അറിഞ്ഞിട്ടും വകവെക്കാത്ത ഒരാളായി ജീവിക്കാം. ഐശ്വരാ റായിക്ക് പിറന്ന കുട്ടിക്ക് പറ്റിയ നല്ലൊരു പേര് കണ്ടുപിടിച്ച് ബച്ചൻ കുടുംബത്തിന് അയച്ചുകൊടുക്കുന്ന ജോലിയിൽ വ്യാപൃതരാകാം. സച്ചിൻ ടെൻഡുൽക്കർ തന്റെ നൂറാമത്തെ സെഞ്ച്വറി അടിക്കാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം.

വാൽക്കഷണം:‌- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!