നിയമവിരുദ്ധ ഹർത്താൽ


11

രാജ്യമെങ്ങും പൌരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രതിഷേധങ്ങൾ കടുത്ത നിലയ്ക്ക് തന്നെ നടക്കുകയാണ്. പക്ഷേ കേരളത്തിൽ മാത്രം ഹർത്താൽ നടത്തി പ്രതിഷേധിക്കണമെന്നുള്ളത് മലയാളികളിൽ കുറച്ചുപേർക്കെങ്കിലും ഇനിയും ഹർത്താലിനോളുള്ള അടങ്ങാനാവാത്ത താൽ‌പ്പര്യത്തെയാണ് കാണിക്കുന്നത്.

എല്ലാ ഹർത്താലുകൾക്കുമെതിരെ Say NO to Harthal എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കാറുണ്ടെങ്കിലും നാളത്തെ ദിവസം ഒരു കാരണവശാലും ഹർത്താൽ നടത്തി സ്ഥിതിഗതികൾ വഷളാക്കരുതെന്ന് ഹർത്താൽ ആഹ്വാനം ചെയ്തവരോട് അഭ്യർത്ഥിക്കുന്നു.

രാജ്യത്ത് ബോധപൂർവ്വം കലാപം സൃഷ്ടിക്കാനും വർഗ്ഗീയതയിലൂടെ ജനങ്ങളെ രണ്ട് ചേരിയാക്കി തിരിക്കാനും കച്ചകെട്ടിയിറങ്ങിയിട്ടുള്ളവർ ഈ ഹർത്താലിന്റെ മറവിൽ അവർക്കനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മടിക്കില്ലെന്നുള്ള കാര്യം മനസ്സിലാക്കുക.

പൊളിച്ചുകളഞ്ഞ പള്ളിക്ക് പകരം അമ്പലം പണിയാനുള്ള വിധി വന്നപ്പോൾപ്പോലും അതിനെ സംയമനത്തോടുകൂടി കൈകാര്യം ചെയ്ത ഒരു സമൂഹത്തിനും സമുദായത്തിനും ഈ കടമ്പയും അനായാസം മറികടക്കാനാവും. രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വിവിധ മതവിശ്വാസികൾ ഈ വിഷയത്തിൽ കൂടെയുണ്ടെന്നത് മറക്കരുത്. ഭരണഘടനയുടെ പതിനാലം വകുപ്പ് കളങ്കമേൽക്കാതെ നിലനിർത്തേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണ്. അതൊരിക്കലും ഒറ്റയ്ക്കുള്ള പോരാട്ടമല്ല.

നാളെ ഹർത്താൽ നടത്തിയാൽ, 7 ദിവസത്തെ മുൻ‌കൂർ നോട്ടീസ് നൽകിയിട്ടില്ല എന്ന കാരണത്താൽ അത് കോടതിയലക്ഷ്യമായി മാറും. നിയമം സംരക്ഷിക്കാൻ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്ന് സൂചന കേരള ഡി.ജി.പി. ലോൿനാഥ് ബഹ്‌റ നൽകിക്കഴിഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ തുറകളിലുള്ള ധാരാളം ജനങ്ങളുടെ പിന്തുണ നേടിനിൽക്കുന്ന ഈ സാഹചര്യം പ്രതികൂലമാക്കി മാറ്റാൻ അവസരമുണ്ടാക്കിക്കൊടുക്കരുത്. പ്രശ്നക്കാർ അത് മുതലെടുക്കാൻ അറിഞ്ഞുകൊണ്ട് ഇടവരുത്തരുത്. അപേക്ഷയാണ്. നമുക്ക് രാജ്യത്തെ മറ്റുള്ള ജനങ്ങൾ സ്വീകരിക്കുന്ന പ്രതിഷേധ മുറകൾ സ്വീകരിക്കാം.

#Say_NO_To_Harthal

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>