ഓർക്കുണ്ടോ ആ ബാല്യം ? സൈക്കിൾ ചവിട്ടാൻ പഠിച്ച ആ നാളുകൾ ? സീറ്റിൽ കുരുങ്ങി മൂട് കീറിപ്പോയ ട്രൌസറുകളുടെ എണ്ണം ? മറിഞ്ഞ് വീണ് കൈയ്യിലേയും കാലിലേയും തൊലി പോയതിന്റെ നീറ്റലുകൾ ? ഓർമ്മയില്ലാത്തവർ വീണ്ടും സൈക്കിളിങ്ങിലേക്ക് തിരികെ പോയാൽ മതി. എല്ലാം ഇന്നലെയെന്നപോലെ തെളിഞ്ഞ് വരും ഓർമ്മയിൽ.
സോൾസ് ഓഫ് കൊച്ചിൻ എന്ന ഓട്ടക്കാർക്കൊപ്പം ചേർന്നിട്ട് കുറച്ചേറെ നാളുകളായി. പക്ഷേ അതുവഴി കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിലും The Bikestore ലും ചെന്നെത്തിയത് ഈയിടെയാണ്. നഗരത്തിൽ പലയിടങ്ങളിലും യാത്രയ്ക്ക് സൌകര്യം ഇരുചക്രവാഹനങ്ങളാണ്. സൈക്കിളാണെങ്കിൽ അതിനേക്കാൾ സൌകര്യം. സൈക്കിളിൽ ഓഫീസിൽ പോകുന്ന ഒരുപാട് പേരെ എനിക്കിപ്പോൾ പരിചയമുണ്ട്. ആരോഗ്യം മിച്ചം, പരിസരമലിനീകരണമില്ല, സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുകയുമാവാം.
പക്ഷെ സൈക്കിളിങ്ങ് ക്ലബ്ബുകാരുടെ കൂട്ടായ്മകൾ അതിലൊന്നും ഒതുങ്ങുന്നില്ല. നമ്മൾ ബൈക്കിലും കാറിലുമൊക്കെയായി സഞ്ചരിച്ചിരുന്ന അതേ വഴികളിലൂടെ സൈക്കിൾ യാത്ര ചെയ്യുമ്പോൾ കാഴ്ച്ചകൾക്ക് മാറ്റമുണ്ട്. വേഗം കൂടിയപ്പോൾ കാണാതെ പോയ പലതുമിപ്പോൾ കൂടുതൽ തെളിമയോടെ മുന്നിലെത്താൻ തുടങ്ങിയിരിക്കുന്നു.
സൈക്കിളൊരെണ്ണം വാങ്ങിയശേഷം ക്ലബ്ബ് അംഗങ്ങൾക്കൊപ്പം ആദ്യം യാത്ര പോയത് ഒരുപാട് നാളുകൾ ഞാൻ കിടന്ന് കറങ്ങി ചെരുപ്പുകൾ പലതും തേഞ്ഞ മുസ്‌രീസിലേക്കാണ്. കലൂർ ബൈക്ക് സ്റ്റോറിന് മുന്നിൽ നിന്ന് ആരംഭിച്ച് പാലിയത്തും പറവൂരുമൊക്കെ കറങ്ങി വന്നപ്പോഴേക്കും പുതിയ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു. കടമക്കുടി എന്റെ നിയോജകമണ്ഡലമായ വൈപ്പിന്റെ ഭാഗമാണെന്ന് അപ്പോളാണ് ഞാനറിയുന്നത്. പറവൂരിലെ പെരുമ്പടന്ന കവലയിൽ ഐശ്വര്യ എന്ന ഹോട്ടൽ നടത്തുന്ന ലെനിൻ ഒരു ഗംഭീര സൈക്കിളിസ്റ്റാണെന്ന് തിരിച്ചറിഞ്ഞു.
ലെനിൻ തന്റെ ഹോട്ടലിന് മുന്നിൽ സൈക്കിളിങ്ങ് സുഹൃത്തുക്കൾക്കൊപ്പം.
പല പ്രമുഖ ഇവന്റുകളിലുമായി 300, 400, 600 കിലോമീറ്റർ ദൂരങ്ങളൊക്കെ അദ്ദേഹം താണ്ടുകയും Super Randonneur എന്ന സൈക്കിളിങ്ങ് പദവി നേടിയിട്ടുമുണ്ട്. ഒരു ഇടത്തരം ഹോട്ടൽ നടത്തുന്ന വ്യക്തിക്ക് എങ്ങനെ ഇതിനുള്ള സമയം കിട്ടുന്നു? അദ്ദേഹത്തിന്റെ ജോലിയെ ബാധിക്കില്ലേ എന്നൊക്കെയുള്ള പല ചോദ്യങ്ങളും ഉയർന്ന് വരും. പക്ഷേ, അൽപ്പം മനസ്സുണ്ടെങ്കിൽ എല്ലാം നടക്കുമെന്ന ഉത്തരം ചോദ്യങ്ങൾക്കൊപ്പം തന്നെയുണ്ട്.
ഞങ്ങളുടെ സംഘത്തിൽ അന്നുണ്ടായിരുന്ന റിഷ് ജോൺ ജോർജ്ജ് ഭാര്യ ടീനയ്ക്കൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ്. 24 സംസ്ഥാനങ്ങൾ, 16,000 കിലോമീറ്റർ. ഇന്ത്യയെ കണ്ടറിഞ്ഞ് അനുഭവിച്ച് അസൂയാവഹമായ യാത്ര തന്നെയായിരുന്നിരിക്കണം അത്. ഒരിടത്തേക്ക് തന്നെ വിമാനത്തിലും ട്രെയിലിനും കാറിലും ബൈക്കിലും സൈക്കിളിലുമൊക്കെ പോകുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ തീർച്ചയായും വ്യത്യസ്തമാകാനേ തരമുള്ളൂ.
റിഷും ടീനയും ബൈക്കുമായി ഇന്ത്യാ പര്യടനം നടത്തുന്നതിനിടയിൽ
ബൈക്കിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുള്ള വിനോദ് ജോർജ്ജ് എന്ന വ്യക്തിയെ ഈയിടെ വിശദമായി പരിചയപ്പെട്ടു, പോകുന്ന വഴിയിലെല്ലാം മരങ്ങളുടെ വിത്തുകൾ വിതരണം ചെയ്താൽ കൊള്ളാമെന്ന ആഗ്രഹവുമായാണ് അദ്ദേഹം, 100 കോടി മരങ്ങൾ ഇന്ത്യയൊട്ടാകെ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്ന ഗ്രീൻവെയ്ൻ എന്ന സംഘടനയുടെ പ്രവർത്തകരായ ഞങ്ങളുമായി ബന്ധപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്ത അതേ വഴികളിലൂടെ സൈക്കിളിൽ സഞ്ചരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതിന്റെ കാരണമെനിക്കിപ്പോൾ വ്യക്തമാണ്.
വിനോദ് ജോർജ്ജ് ബൈക്കിലുള്ള തന്റെ ഇന്ത്യൻ പര്യടന വേളയിൽ.
പറഞ്ഞ് കാടുകയറിയെന്നറിയാം. ക്ഷമിക്കുക. ഞാനെന്റെ പൂയംകുട്ടി സൈക്കിൾ യാത്രാനുഭവത്തിലേക്ക് തിരികെ വരാം.
ഇക്കഴിഞ്ഞ ദിവസം സൈക്കിൾ സവാരി പദ്ധതിയിട്ടിരുന്നത് കോതമംഗലത്തുനിന്നാണ്. കാറിന് മുകളിലും പിന്നിലുമൊക്കെയുള്ള റാക്കുകളിൽ സൈക്കിളുകൾ കയറ്റി വെച്ച് കോതമംഗലം ക്ലബ്ബിലെത്തുക. അവിടത്തെ അംഗങ്ങൾക്കൊപ്പം സൈക്കിളിൽ തട്ടേക്കാട് വഴി പൂയംകുട്ടിയിലേക്ക്. തലേക്ക് വൈകീട്ട് തന്നെ അഞ്ച് കാറുകളിലായി പത്തോളം സൈക്കിളുകൾ പിടിപ്പിച്ച് തയ്യാറാക്കി. ബാക്കിയുള്ള ഒന്നുരണ്ടെണ്ണം രാവിലെ 05:30 ന് ഘടിപ്പിച്ച് സംഘം കോതമംഗലത്തേക്ക് യാത്ര തിരിച്ചു.
കാറുകൾക്ക് പിന്നിലും മുകളിലുമായി പിടിപ്പിച്ച സൈക്കിളുകൾ.
കോതമംഗലത്തേക്ക് ഒന്നോ രണ്ടോ കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ഒരു ചായയ്ക്ക് വേണ്ടി വഴിയിലെ ചെറിയൊരു ചായക്കടയിൽ നിർത്തിയപ്പോൾ കോതമംഗലം ക്ലബ്ബ് അംഗങ്ങളിൽ ചിലരതാ സൈക്കിളുമായി ക്ലബ്ബിലേക്ക് നീങ്ങുന്നു. അവർ എട്ട്പേർ കൂടെ ചേർന്നപ്പോൾ ഇതുപതോളം വരുന്ന സാമാന്യം ഭേദപ്പെട്ട നല്ലൊരു കൂട്ടം തന്നെ.
കോതമംഗലത്തിന് മുന്നേ ഒരു ടീ ബ്രേക്ക്.
പൂജയുടെ ടീ ബ്രേക്ക് സെൽഫി.
300ഉം 400ഉം കിലോമീറ്ററോളം യാതൊരു പ്രശ്നങ്ങളുമില്ലാതെ സൈക്കിൾ ചവിട്ടുന്ന അജിത്ത് വർമ്മ, സാമോർ ജോസഫ്, പല സൈക്കിളിങ്ങ് മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കിയിട്ടുള്ള ശ്രീനാഥ്, ക്ലബ്ബിലെ മറ്റ് അംഗങ്ങളായ ക്ലാൻസി, ജോസഫ് ജേക്കബ്ബ്, വിൻഷാദ്, അരുൺ പിള്ള, ജയ്മോൻ കോര, എന്നിവരെക്കൂടാതെ സൈക്കിൾ ക്ലബ്ബിൽ സ്ഥിരം സാന്നിദ്ധ്യമായ സുമംഗല പൈ, പന്ത്രണ്ടുവയസ്സുകാരി ശ്രേയ പൈ, നാഷണൽ സ്വിമ്മിങ്ങ് ചാമ്പ്യനായിരുന്ന പൂജ ബർത്താക്കൂർ, ഫുൾ മാരത്തോണുകൾ (42 കി.മീ.) ഓടിത്തകർക്കുന്ന എ.പി.കുമാർ, അജു ചിറയ്ക്കൽ, ദിനേഷ് ദയാനന്ദ്, സത്യ ശ്രാവൺ, എന്നിങ്ങനെ വിവിധ കായികമേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർ കൂട്ടത്തിലുണ്ട്.
ടീമിലെ ഇളമുറക്കാരി 12 വയസ്സുകാരി ശ്രേയ പൈ.
വാഹനത്തിൽ നിന്ന് സൈക്കിളുകൾ ഇറക്കി ടയറുകൾ തിരികെ പിടിപ്പിച്ച് ടെസ്റ്റ് റൺ നടത്തി തയ്യാറാകാൻ അരമണിക്കൂറിലധികം സമയം എടുത്തില്ല. കോതമംഗലത്തുനിന്ന് യാത്ര തുടങ്ങുമ്പോൾ സമയം എട്ടരമണി. ഇലക്ഷന് മുൻപ് തെറ്റില്ലാത അറ്റകുറ്റപ്പണികൾ കഴിഞ്ഞ് കിടക്കുന്നതുകൊണ്ടും മഴപെയ്ത് കുണ്ടും കുഴിയും രൂപപ്പെടാത്തതുകൊണ്ടും കേരളത്തിലെ നിരത്തുകൾ പൊതുവെ ഭേദപ്പെട്ട നിലയിലാണിപ്പോൾ. വെയിലും ചൂടും എത്തരത്തിൽ സവാരിയെ ബാധിക്കുമെന്നുള്ള ആശങ്കകളൊന്നും ടീം അംഗങ്ങളിൽ ആർക്കുമില്ല. അത്രയ്ക്ക് ആവേശത്തിലാണ് എല്ലാവരും.
സൈക്കിളുകൾ സവാരിക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.
കയറ്റിറക്കങ്ങൾ വേണ്ടുവോളമുണ്ട് പാതയിലെങ്ങും. ഗിയറുള്ള സൈക്കിളുകൾ അത്തരം ദുർഘടങ്ങളെയെല്ലാം തരണം ചെയ്യാൻ പ്രാപ്തിയുള്ളതാണെങ്കിലും എന്നെപ്പോലുള്ള തുടക്കക്കാർക്ക് അതൊക്കെയും വൈതരണികൾ തന്നെയാണ്. വെയിലിന്റെ പൊള്ളലിൽ നിന്ന് ഇടതൂർന്ന് ഉയർന്ന് വളർന്ന് തണലേകി നിൽക്കുന്ന വനപാതകളിലെ തണലിലേക്ക് കടക്കുമ്പോൾ ശീതികരിച്ച മുറികളിലേക്ക് കടക്കുന്നതുപോലെ ഊഷ്മാവ് താഴേക്കിറങ്ങുന്നു. എന്നിട്ടും കാടുകൾക്കും മരങ്ങളും എതിരെ കോടാലി പണിയുന്ന മലയാളികളാണ് നാം.
തടാകത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അജിത് വർമ്മ.
യാത്രയുടെ ആദ്യഘട്ടമായതുകൊണ്ടാവാം 12 കിലോമീറ്റർ ദൂരെയുള്ള തട്ടേക്കാട് എത്തിയത് പെട്ടെന്നാണെന്ന് തോന്നി. റോഡിന്റെ ഒരുവശത്ത് പൂയംക്കുട്ടിയിൽ നിന്നുള്ള ഒഴുക്ക് തടാകമായി കെട്ടിനിൽക്കുന്നു. അതിനപ്പുറത്ത് കാട്. തടാകത്തിൽ ഇളം ചുവപ്പുനിറത്തിൽ ഒരിഞ്ച് വട്ടത്തിലുള്ള ചെറിയ ആമ്പലുകൾ. അടുത്ത് നിന്ന് നോക്കിയാൽ പൂവാണെന്ന് കാണാൻ പോലുമാകുന്നില്ലെങ്കിലും ദൂരേയ്ക്ക് അവയെല്ലാം ചേർന്ന് പരവതാനി വിരിച്ചതുപോലെ ഒറ്റനിറമായി തുടുത്തുനിൽക്കുന്നു.
തട്ടേക്കാട് മഹാദേവ-മഹാവിഷ്ണു ക്ഷേത്രത്തിന് എതിർവശത്തുള്ള ജോർജ്ജിന്റെ ചായക്കടയിൽ നിന്ന് പുട്ടും പയറും പപ്പടവും പോരാഞ്ഞ് കടലക്കറിയും ചേർത്ത് പ്രാതൽ കഴിച്ചപ്പോൾ ചെറിയൊരാശ്വാസമായി. ഇത്തരം ഗ്രാമീണ ചായക്കടകളിൽ കിട്ടുന്ന ഒരന്തരീക്ഷവും ചെറിയ ബില്ലും ഏ.സി.യിട്ട് തണുപ്പിച്ച മാളുകളിലെ തീറ്റയിടങ്ങളിൽ ഒരിക്കലും കിട്ടിയെന്ന് വരില്ല. പക്ഷിസങ്കേതത്തിൽ നിന്ന് മയിലുകളുടേയും മറ്റ് പക്ഷികളുടേയും ശബ്ദങ്ങൾ ഉയർന്ന് കേൾക്കാം. ഞായറാഴ്ച്ച സന്ദർശകർ ധാരാളം എത്തുന്ന ദിവസമാണ്. ഞങ്ങൾക്ക് പക്ഷെ അങ്ങോട്ട് കടന്ന് കാഴ്ച്ചകൾ കാണാനുള്ള പദ്ധതിയില്ല. മുന്നോട്ടുള്ള പാതകൾ വട്ടത്തിൽ ചവിട്ടി നീളത്തിൽ തരണം ചെയ്യേണ്ടിയിരിക്കുന്നു. പകുതി വഴിപോലും പിന്നിട്ടിട്ടില്ല. വേഗത്തിൽ ചവിട്ടുന്നവരും വഴിയറിയുന്നവരും മുന്നോട്ട് പൊയ്ക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വഴി തെറ്റാതെ ലക്ഷ്യം പ്രാപിക്കുകയും വേണം.
ജോർജ്ജിന്റെ ചായക്കടയിലെ പ്രാതൽ. (പൂജയുടെ സെൽഫി.)
വീണ്ടും മുന്നോട്ട്. വഴിയിൽ ഏറ്റവും ആകർഷിക്കപ്പെട്ട ഒരു കാഴ്ച്ച നിറയെ റമ്പൂട്ടാൻ നട്ടുവളർത്തിയിട്ടുള്ള ഒരു പുരയിടമാണ്. പാതയോരത്ത് തന്നെ പാവലുകൊണ്ട് പന്തലും ഉണ്ടാക്കിയിട്ടുണ്ട്. നാട്ടിൻപുറമായതുകൊണ്ടാകാം ഒന്നും തന്നെ വലിയ മതിൽകെട്ടി മറച്ചിട്ടില്ല. വീട്ടിനകത്ത് ആരുമില്ലെന്ന് തോന്നിയതുകൊണ്ട് മടക്കവഴിയിൽ വീണ്ടും കയറാമെന്ന് തീരുമാനിച്ച് പെഡലിൽ പാദങ്ങൾ ചേർത്തമർത്തി.
എല്ലാവരും ഭൂമിയുടെ അവകാശികളാണെങ്കിലും വേഗത തീരെക്കുറഞ്ഞ പലരും വേഗത കൂടിയവർക്ക് മുന്നിൽ റോഡിൽ ചതഞ്ഞരഞ്ഞ് കിടക്കുന്നുണ്ട്. റോഡ് മുറിച്ച് കടക്കുന്ന വിരലോളം വണ്ണമുള്ള തേരട്ടകൾക്കാണ് ആ ദുരിതം. സൈക്കിളിലാകുമ്പോൾ അവയ്ക്കുള്ള വഴിവിട്ട് ചവിട്ടിപ്പോകാൻ കഴിയുന്നുണ്ട്. കാറുകളിൽ വരുന്നവർക്ക് അവറ്റകളെ കാണാൻ പോലും സാധിക്കില്ല.
ഞാനടക്കമുള്ള നാലഞ്ച് വേഗത കുറഞ്ഞവരുടെ സംഘം അടുത്ത 15 കിലോമീറ്റർ ദൂരം താണ്ടി കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിലെത്തിയപ്പോഴേക്കും കോതമംഗലം ക്ലബ്ബിലെ പലരും മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞു. അവരിൽ പലർക്കും ഞായറാഴ്ച്ചയുടെ കുടുംബത്തിരക്കുകളുണ്ട്. ഇരുട്ടുന്നതിന് മുന്നേ എറണാകുളത്ത് തിരിച്ചെത്തിയാൽ മതിയെന്നുള്ളത് ഞങ്ങൾ കൊച്ചിൻ ക്ലബ്ബിലെ അംഗങ്ങൾക്ക് മാത്രമാണ്.
പൂയംകുട്ടിക്ക് മുകളിൽ കൈവരികളില്ലാത്ത പാലം.
പൂയംകുട്ടിയിൽ നിന്ന് വഴി രണ്ടായി പിരിയുന്നു. ഒരു വഴി പെരിയാറിന്റെ ശാഖയായ പൂയംകുട്ടിപ്പുഴ ഒഴുകുന്ന പാലത്തിന് മുകളിലൂടെ മാൻകുളത്തേക്ക്. കൈവരികളൊന്നും ഇല്ലാത്ത ആ പാലത്തിലൂടെ ലൈൻ ബസ്സുകൾ കടന്നുപോകുന്നുണ്ട്. മഴക്കാലത്ത് പാലം കവിഞ്ഞ് വെള്ളമൊഴുകാൻ തുടങ്ങുമ്പോൾ ഗതാഗതം കുറച്ചുകാലത്തേക്കെങ്കിലും സ്തംഭിക്കുന്നത് പതിവാണിവിടെ. വലത്തേക്ക് തിരിയുന്ന വഴിയിലൂടെ കാട്ടിലേക്ക് കടന്നാൽ ഈറ്റ വെട്ടുന്ന ഇടങ്ങളിലെത്താം. അടിഭാഗം തട്ടുമെന്നതുകൊണ്ട് കാറുകൾ ആ വഴി കടന്നുപോകില്ല. റോഡ് ബൈക്കുകൾ എന്നറിയപ്പെടുന്ന നേർത്ത ടയറുകളുള്ള ഞങ്ങളുടെ സൈക്കിളുകൾ ആ വഴിക്ക് പോയാൽ ടയറ് പൊട്ടാതെ മടങ്ങി വന്നെന്ന് വരില്ല.
പൂയം കുട്ടിയിൽ പാലത്തിനടിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ ഇറങ്ങി അൽപ്പനേരം കിടക്കാമെന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ക്ഷീണമെല്ലാം അരുവിയിൽ ഒഴുക്കിക്കളയാം. എല്ലാവരും സൈക്കിളുകൾ ഉപേക്ഷിച്ച് വെള്ളത്തിലേക്കിറങ്ങി. കാര്യമായ തണുപ്പൊന്നും വെള്ളത്തിനില്ല. പ്രകൃതിക്ക് സാരമായ മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. പകലോന്റെ ചൂടിൽ ചുട്ടുപഴുക്കുന്ന വെള്ളത്തിന് തണുക്കാൻ സമയം കിട്ടുന്നതിന് മുന്നേ പൂർവ്വാധികം ചൂടോടെ വീണ്ടും പകലുകൾ ഉദിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.
ഇടയ്ക്കെപ്പഴോ വഴി തെറ്റി നാലഞ്ച് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്ന പൂജയും ദിനേശും വന്നുചേർന്നു. വന്നപാടെ അവരും വെള്ളത്തിലേക്ക്. നീന്തൽ ചാമ്പ്യനായ പൂജ വെള്ളത്തിലിറങ്ങിയില്ലെങ്കിൽപ്പിന്നെ ആരിറങ്ങാനാണ് ? പക്ഷേ പൂജയ്ക്ക് നീന്തിത്തിമിർക്കാനുള്ള വെള്ളമൊന്നും പുഴയിലില്ല. അടിത്തട്ടിൽ പാറകളും ഒഴുക്കിലടിഞ്ഞിരിക്കുന്ന മരങ്ങളുമാണ്.
നീന്തൽ താരം പൂജയുടെ പ്രകടനം. പിന്നിൽ ദിനേശ്.
അതിനിടയ്ക്ക്, പൂയംകുട്ടിയിലെ കാടുകളിൽ നിറയെ പാമ്പുകൾ ഉണ്ടെന്ന് ആരുടേയോ ഭയപ്പെടുത്തൽ. ഏറ്റവും കൂടുതൽ രാജവെമ്പാലകൾ ഉള്ളതും ഈ കാടുകളിലാണത്രേ ! വെള്ളത്തിനടിയിൽ ഇടയ്ക്ക് വന്ന് ഉമ്മ വെച്ച് പോകുന്നത് മീനുകളാണെന്ന് ഉറപ്പ്. രാജവെമ്പാലകളുടെ ഉമ്മ ഏറ്റുവാങ്ങിയാൽ അഞ്ച് മിനിറ്റിലധികം പിടിച്ച് നിൽക്കാനാവില്ലല്ലോ.
വെള്ളത്തിൽ അധികനേരം ചിലവഴിച്ചാൽ വിശപ്പിന്റെ വിളി കൂടുതലായിരിക്കും. ഒരു ബസ്സ് നിറയെ സഞ്ചാരികൾ വന്നിറങ്ങിയപ്പോൾ അവർക്കിറങ്ങാൻ ഒഴുക്കിനെ വിട്ടുകൊടുത്ത് ഞങ്ങൾ വീണ്ടും സൈക്കിളേറി. അടുത്ത ചായക്കടയിൽ നിന്ന് ഉപ്പ് നാരങ്ങ വെള്ളവും മുട്ട പൊരിച്ചതുമൊക്കെ ഇടക്കാല ആശ്വാസമെന്ന നിലയ്ക്ക് അകത്താക്കി പൂയംകുട്ടിയോട് വിടപറഞ്ഞു. ഉച്ചഭക്ഷണം കോതമംഗലം ക്ലബ്ബിൽ തിരികെ എത്തിയശേഷമേ നടക്കൂ.
മടക്കയാത്രയിൽ ഞായപ്പള്ളിയിൽ എത്തിയപ്പോൾ നിറയെ റമ്പൂട്ടാൻ മരങ്ങൾ കണ്ട വീട്ടിൽ വീണ്ടും ചെന്നുകയറി. ഇപ്പോൾ അവിടെ വീട്ടുകാരുണ്ട്. ചുറുചുറുക്കുള്ള മൂന്ന് ആൺകുട്ടികളും (സോളമൻ, വില്യം, ബെഞ്ചമിൻ) ജോലിക്കാരനും ചേർന്ന് ചെറിയ ഒരു വേലി കെട്ടാനുള്ള ശ്രമമാണ്. ഇരുചക്രങ്ങളിൽ പോകുന്നവർ കൈയ്യെത്തിച്ച് റമ്പൂട്ടാൻ മുഴുവൻ പറിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് വേലി കെട്ടുന്നത്. റമ്പൂട്ടാണ് കിലോഗ്രാമിന് 180 രൂപ വിലയുണ്ട് തോട്ടത്തിൽ. മാർക്കറ്റിലെത്തുമ്പോൾ വില വീണ്ടും കൂടുന്നു. മൂന്ന് കൊല്ലത്തിനുള്ളിലാണ് റമ്പൂട്ടാൻ രണ്ടാൾപ്പൊക്കത്തിൽ വളർന്ന് കായ്ച്ചിരിക്കുന്നത്.
റമ്പൂട്ടാനും കയ്പ്പക്കയും വിളയുന്ന തോട്ടം.
റമ്പൂട്ടാൻ തോട്ടത്തിൽ സംഘാഗങ്ങൾ.
റമ്പൂട്ടാൻ തോട്ടത്തിലെ മുളങ്കൂട്.
പാവയ്ക്കാ പന്തലിനടിയിൽ ടീം അംഗങ്ങൾ
അടുത്തടുത്ത് നട്ടതുകൊണ്ട് സൂര്യപ്രകാശം നിലത്തുവീഴാത്ത തരത്തിൽ പന്തലുവിരിച്ചാണ് റമ്പൂട്ടാൻ മരങ്ങൾ നിൽക്കുന്നത്. ആറേക്കർ വരുന്ന പുരയിടത്തിൽ കൊക്കോയും ജാതിയും പൈനാപ്പിളും മാവും സിന്ദൂര വരിക്കപ്ലാവും ഒക്കെയുണ്ട്. ഒരു ബക്കറ്റ് നിറയെ നാടൻ മാങ്ങ കൊണ്ടു വെച്ചത് അരമണിക്കൂറിനകം ഞങ്ങൾ കാലിയാക്കിക്കൊടുത്തു. മുള കൊണ്ടുണ്ടാക്കി ഈറ്റയുടെ ഇലകൊണ്ട് മേഞ്ഞ നല്ലൊരു കുടിലുണ്ട് തോട്ടത്തിൽ. വെളിയിൽ എത്ര ചൂടുണ്ടെങ്കിലും തോട്ടത്തിൽ അതിന്റെ ലാഞ്ചന പോലുമില്ല. മൂന്ന് കൊല്ലം കൊണ്ട് കായ്ക്കുകയും നല്ല തണലൊരുക്കുകയും വരുമാനം ഉണ്ടാക്കിത്തരുകയും ചെയ്യുമെങ്കിൽ സ്ഥലസൌകര്യമുള്ള മലയാളികൾ റമ്പൂട്ടാൻ കൃഷിയെപ്പറ്റി കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു.
മാങ്ങ തീറ്റ ഒരു മത്സരമാക്കിയ സംഘാഗങ്ങൾ.
ചൂട് കടുത്തുകഴിഞ്ഞിരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് ക്ലബ്ബിലേക്ക് മടങ്ങണം. ഇങ്ങോട്ട് വന്നപ്പോൾ ഇറങ്ങിപ്പോന്ന വഴികൾ കയറ്റങ്ങളായി മുന്നിൽ നിന്ന് പരീക്ഷിക്കുമെന്ന് കരുതിയിരുന്നെങ്കിലും മുപ്പത് കിലോമീറ്ററൊക്കെ കഴിയുന്നതോടെ ശരീരം സാഹചര്യത്തിനനുസരിച്ച് പാകപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്. തിരികെ എറണാകുളത്ത് എത്തിയപ്പോഴേക്കും ചവിട്ടിക്കുഴച്ചെടുത്ത കളിമണ്ണ് പോലെ ആയിട്ടുണ്ടായിരുന്നു ശരീരം. സഞ്ചരിച്ച പാതകളിലെ കയറ്റിറക്കങ്ങൾ പോലെ തന്നെ ഭാരക്കുറവും ഭാരക്കൂടുതലും ഇടവിട്ടിടവിട്ട് മനസ്സിനുണ്ട്. പ്രകൃതിയോട് ചേർന്നലിഞ്ഞ് 55 കിലോമീറ്റർ സൈക്കിൾ സവാരി നടത്തിയ ഒരു തുടക്കക്കാരന്റെ ആലസ്യം ഇനിയുമെന്നെ വിട്ടുമാറിയിട്ടില്ല.
വരാനിരിക്കുന്ന ഒരുപാട് സൈക്കിൾ സവാരികൾക്കായി പെഡലുകൾ തിരിയുന്ന ശബ്ദം കാതോർക്കാൻ എനിക്കാവുന്നുണ്ട്. വലിയ വേഗങ്ങളിൽ നിന്ന് ചെറിയ വേഗങ്ങളിലേക്കെത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്ച്ചകളുടെ ഖനികളെന്നെ അക്ഷമനാക്കുന്നുണ്ട്. ദീർഘദൂര സൈക്കിൾ സവാരികൾ പൂയംകുട്ടിയിൽ തുടങ്ങിയിട്ടേയുള്ളൂ.
Dear manoj
really nostalgic ….super narration …………………………….congratulations
kude varan paattatahu oru thera nashtamayee avasheshikunnu ……..
മനോജേട്ടാ, തട്ടേക്കാടിനു മുമ്പുള്ള ചേലമല (ചേര രാജാക്കന്മാര്‍ ഉണ്ടായിരുന്നതു കൊണ്ട് കിട്ടിയ പേര്) രാജവെമ്പാലകളുടെ താവളമാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, തട്ടേക്കാട് ശിവക്ഷേത്രത്തില്‍ ആയില്യം പൂജയ്ക്ക് പെരിയാര്‍ നീന്തിക്കടന്ന് പാമ്പുകളുടെ രാജാവ് “രാജവെമ്പാല” വരുന്നുണ്ടെന്നും ഒക്കെ പറയപ്പെടുന്നു.
സമ്മതിച്ചു. എന്തായാലും ഇത്തരം യാത്രകൾ ഇനിയും അനുസ്യൂതം തുടരട്ടെ. എല്ലാ ആശംസകളും