ശിവശങ്കർ സാറിന് തെറ്റി


5
രു ഞെട്ടലോടെയും അതിനേക്കാളുപരി നിരാശയോടെയുമാണ് ചിന്താ പബ്ളിഷേർസ് പുറത്തിറക്കിയ, രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‘ എന്ന പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനം വായിച്ചവസാനിപ്പിച്ചത്. AIDEM പോർട്ടലിലാണ് പ്രസ്തുത പുസ്തകാവലോകനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.

മേൽപ്പടി പുസ്തകം ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടുമില്ല. പക്ഷേ ആ പുസ്തകത്തെപ്പറ്റി എം. ശിവശങ്കർ പറയുന്ന കാര്യത്തിൽ വസ്തുതാപരമായി ഒരു തെറ്റുണ്ട്. അത് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

എം. ശിവശങ്കർ പറയുന്ന ഒരു ഖണ്ഡിക അതേപടി താഴെ ചേർക്കുന്നു.

“ രാജീവ് രാമചന്ദ്രൻ്റെ ‘ചെളി പുരളാത്ത പന്ത്‌‘ എൻ്റെ അറിവിൽ മലയാളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണിത്‌. ഏകദേശം ഇരുപത്തി അഞ്ചോളം വീഡിയോകളാണ്‌ ഈ പുസ്തകത്തിൽ ഇഴചേർത്തിരിക്കുന്നത്‌. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത്‌ അവ കൂടി കണ്ടു കഴിയുമ്പോഴാണ്‌ വായനാനുഭവം പൂർത്തിയാകുക. ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻറെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു. സാധാരണ ജീവിതത്തെ മാറ്റിമറിക്കാനാകുന്ന സാങ്കേതികവിദ്യാ സാദ്ധ്യതകളെക്കുറിച്ച്‌ ധാരണയുള്ള ഒരു അനുവാചകനെ ആഹ്ളാദത്തിൻ്റെ ഉന്നതിയിലേക്ക്‌ നയിക്കുന്ന, ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം.“

ഒരുതരത്തിലും വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണ് മുകളിലുള്ള ഖണ്ഡികയിൽ എം. ശിവശങ്കർ പറയുന്നത്. ‘എൻ്റെ അറിവിൽ‘ എന്നാണ് എം. ശിവശങ്കർ പറയുന്നത്. പുസ്തകങ്ങളുടെ കാര്യത്തിൽ ശിവശങ്കറിൻ്റെ അറിവ് അത്രയ്ക്ക് പരിമിതമാണ്; അല്ലെങ്കിൽ ഒരു പുതിയ അറിവാണെന്ന് പറഞ്ഞ് ഒരു കാര്യം പങ്കുവെക്കുന്നതിന് മുൻപ് ഏതൊരു സാധാരണക്കാരനും ഇക്കാലത്ത് ഇൻ്റർനെറ്റിൽ അപ്പറയുന്നതിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരതി നോക്കാൻ കാണിക്കുന്ന വിവേകബുദ്ധി പോലും ശിവശങ്കർ ഇവിടെ കാണിച്ചിട്ടില്ല എന്ന് വ്യക്തം. അതെന്തുകൊണ്ടാണെന്ന് വിശദമാക്കാം.

2015 ഡിസംബർ 11 ന് ഈയുള്ളവൻ്റെ ‘മുസിരീസിലൂടെ‘  എന്ന ഒരു പുസ്തകം, തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തിരുന്നു. മൂന്ന് വർഷത്തോളമുള്ള യാത്രകളും വായനയും സാങ്കേതിക പഠനങ്ങളും ഒക്കെ നടത്തി തൃശൂരുള്ള മെൻ്റർ ബുക്ക്സ് വഴി പ്രകാശനം ചെയ്ത ആ പുസ്തകത്തിലുള്ള ഓരോ പടങ്ങളും സ്ക്കാൻ ചെയ്താൽ അതിലൂടെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും സ്ഥലങ്ങളുടെ മാപ്പുകളും അവലംബിച്ചിട്ടുള്ള കൃതികളുടെ പുറം ചട്ടകളും അടക്കം എല്ലാം കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ആ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അന്നതിനെ Augmented Reality പുസ്തകം എന്നാണ് ഞങ്ങൾ വിശേഷിപ്പിച്ചത്. ഈ ലേഖനം വായിക്കുന്ന കൂട്ടത്തിലുള്ള കുറച്ചെങ്കിലും വായനക്കാർ ആ പുസ്തകം വാങ്ങിയും അല്ലാതെയും വായിച്ചിട്ടുണ്ടാകാം. ആ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് 2016ൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ചപ്പോൾ അതിനായി ശ്രീ. കെ. ജയകുമാർ IAS എഴുതിയ അവതാരിക ഈ ലിങ്കിൽ വായിക്കാം.

Muziris-Eng1

ആ അവലോകനത്തിൽ നിന്നുള്ള ഒരു വരി എടുത്തെഴുതുന്നു.

“ ലഭ്യമായ സാങ്കേതിക വിദ്യ സമുചിതമായി ഉപയോഗപ്പെടുത്തി കാണാപ്പുറങ്ങൾ കാണിച്ചുതരുന്ന ഈ സങ്കേതം ലോകത്തുതന്നെ അധികമാരും ഉപയോഗപ്പെടുത്തിയിട്ടില്ല.“

‘മുസിരീസിലൂടെ‘ എന്ന മലയാളം പതിപ്പിൻ്റെ പുറം ചട്ടയിൽ, ആ പുസ്തകം ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകമാണെന്ന് പ്രസാധകനും എഴുത്തുകാരനും അവകാശപ്പെടുമ്പോൾപ്പോലും, അതേപ്പറ്റി ആസ്വാദനം എഴുതുന്ന ജയകുമാർ സാർ പറയുന്ന വരികൾ ശ്രദ്ധയോടെ വായിക്കണം. ‘ഈ സങ്കേതം അധികമാരും ഉപയോഗിച്ചിട്ടില്ല‘ എന്ന വിവേകപൂർണ്ണമായ അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് പൂർണ്ണബോദ്ധ്യമില്ലാത്ത കാര്യത്തെപ്പറ്റി അത്രയും പറയാനേ അദ്ദേഹം തയ്യാറാകുന്നുള്ളൂ.

ഇപ്പറഞ്ഞ സാങ്കേതിക വിദ്യ മുസിരീസിലൂടെ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചതുകൊണ്ടുതന്നെയാകാം, ആ വർഷത്തെ മികച്ച പുസ്തക നിർമ്മിതിക്കുള്ള (പുസ്തകം എഴുതിയ ആൾക്കുള്ളതല്ല) സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയതും മുസിരീസിലൂടെ എന്ന യാത്രാവിവരണപുസ്തകമാണ്.

മെൻ്റർ എന്ന പബ്ലിഷറും നിരക്ഷരൻ എന്ന എഴുത്തുകാരനും ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം എന്ന അവകാശവാദവുമായി വരുന്നതിന് മുൻപ്, മറ്റേതെങ്കിലും പുസ്തകം ഈ ജനുസ്സിൽ വന്നിട്ടുണ്ടോയെന്ന് പറ്റാവുന്ന വഴിക്കെല്ലാം അന്വേഷിച്ചു. സ്വയം നടത്തിയ അന്വേഷണത്തിൽ എഴുത്തുകാരന് കിട്ടിയത് 3 വിദേശപുസ്തകങ്ങളാണെങ്കിൽ, മറ്റൊരാൾക്ക് കിട്ടിയത് 7 വിദേശപുസ്തകങ്ങളാണ്. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകവും അതുവരെ അങ്ങനെയൊന്ന് അവകാശപ്പെട്ടതായി കണ്ടെത്താനായില്ല. ജനുസ്സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്, Augmented Reality, Embedded, QR Code Scanner, എന്നിങ്ങനെ ഏത് സംവിധാനം ഉപയോഗിച്ചും, വായനയ്ക്ക് ഉപരി വീഡിയോ, ഓഡിയോ, കൂടുതൽ ചിത്രങ്ങൾ എന്നിങ്ങനെ എന്തെങ്കിലും പ്രദാനം ചെയ്യുന്ന പുസ്തകം എന്നാണ്. ഇത്തരം പുസ്തകങ്ങളെയെല്ലാം മൾട്ടി മീഡിയ പുസ്തകങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം.

ഏകശേഷം 17 മാസങ്ങൾ കഴിഞ്ഞ്, 2017 ജൂലായ് 15ന് എൻ്റെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വരുൺ രമേഷിൻ്റെ  മയ്യഴി എന്ന പുസ്തകം QR കോഡ് സ്ക്കാൻ ചെയ്ത് വീഡിയോകൾ കാണാൻ പറ്റുന്ന ഇതേ ജനുസ്സിലുള്ള പുസ്തകമായി പുറത്തിറങ്ങി. 3 മാസത്തിനകം ആ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പും ഇറങ്ങി. 2015 ഏപ്രിൽ മാസം രണ്ടാംവാരം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ 100 ൽ 100 പേജുകളും വരുണിൻ്റെ ആ പുസ്തകത്തെപ്പറ്റിയുള്ള ലേഖനങ്ങളായിരുന്നു. അത്രയും ശ്രദ്ധപിടിച്ചുപറ്റിയ ആ ലേഖനങ്ങളുടെ പൂർണ്ണരൂപം പുസ്തകമായി പ്രസിദ്ധീകരിച്ചത് ഡീസി ബുക്ക്സ് ആണ്.

14

2018 നവംബർ 3ന് എൻ്റെ മറ്റൊരു സുഹൃത്തും UAE പ്രവാസിയുമായ ഹരിലാൽ രാജേന്ദ്രൻ്റെ ഭൂട്ടാൻ എന്ന യാത്രാവിവരണ പുസ്തകം ഇതേ ജനുസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

12
ഇങ്ങനെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽത്തന്നെ ഉള്ളപ്പോൾ, എം. ശിവശങ്കർ പറയുന്നു, ഇത് മലയാളത്തിലെന്നല്ല ഇന്ത്യയിൽ ഒരിടത്തും സംഭവിച്ചിട്ടില്ലാത്ത നൂതന പരിപാടിയാണെന്ന്. 7 കൊല്ലം കഴിഞ്ഞ സംഭവങ്ങളെ ഔട്ട് ഡേറ്റഡ് എന്നാണ് വിവരസാങ്കേതിക വിദ്യാ തലത്തിലുള്ളവർ വിശേഷിപ്പിക്കുക എന്ന് ശിവശങ്കർ സാറിൻ്റെ അറിവിലേക്കായി ബോധിപ്പിക്കട്ടെ. പരിമിതമായ അറിവാണ് തനിക്കെന്ന് അദ്ദേഹം സമ്മതിക്കുന്നതുകൊണ്ട്, അതേപ്പറ്റി കൂടുതൽ ചർച്ച വേണ്ട എന്ന് കരുതി വിട്ടുകളയാൻ നോക്കുമ്പോൾ ദാ വരുന്നു, വീണ്ടും വാഴ്ത്തലുകൾ!

” ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻ്റെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു”

തെറ്റാണ് ശിവശങ്കർ സാറേ. ആ വിശേഷണം മറ്റാർക്കോ അവകാശപ്പെട്ടതാണ്. ഇനി ശിവശങ്കർ സാറിൻ്റെ അടുത്ത വരി നോക്കുക.

“ ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻ്റെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം. “

അതും തെറ്റാണ് ശിവശങ്കർ സാറേ. ആ കോർണർ ഗോളിൻ്റെ ലീഡ് തൃശൂരുള്ള മെൻ്റർ പബ്ലിഷേർസിന് അവകാശപ്പെട്ടതാണ്. ശിവശങ്കർ സാർ ഈ പുസ്തകത്തിൻ്റെ പേരിൽ സെൽഫ് ഗോളുകൾ അടിച്ചുകൂട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമായി പറയുന്നതിന് മുൻപ് അൽപ്പസ്വൽപ്പം അന്വേഷണം നടത്തണമെന്ന് അപേക്ഷയുണ്ട്. ജീവിതത്തിൻ്റെ എല്ലാ തുറകളിലും വീഴ്ച്ചയുണ്ടാകാതെ മുന്നോട്ട് പോകാൻ അതുപകരിച്ചെന്ന് വരും.

ഈ ഗ്രന്ഥത്തിൻ്റെ കർത്താവായ രാജീവ് രാമചന്ദ്രൻ ഒരു മാദ്ധ്യമപ്രവർത്തകനാണ്. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന, കുറഞ്ഞപക്ഷം കേരളത്തിൽ നടക്കുന്ന അത്യാവശ്യം ചില കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാപ്തിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് എൻ്റെ ഉറച്ച വിശ്വാസം. ആയതിനാൽ ശിവശങ്കറുമായി ഇങ്ങനെയൊരു തെറ്റായ വസ്തുത പങ്കുവെച്ചത് രാജീവാണെന്ന് ഞാൻ കരുതുന്നില്ല. ചിന്ത എന്ന പബ്ലിഷറും ഈ തെറ്റ് പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്. അഥവാ അങ്ങനെയാണെങ്കിൽ, നിങ്ങളും തിരുത്തുക, തെറ്റിദ്ധാരണകൾ പരത്താതിരിക്കുക.

AIDEM ഒരു മാദ്ധ്യമ പോർട്ടലാണെന്ന് തന്നെ വിശ്വസിച്ചുകൊണ്ട് പറയട്ടെ, ആര് എന്തെഴുതി കൊടുത്താലും അത് പ്രസിദ്ധീകരിക്കുന്ന നൂറുകണക്കിന് പോർട്ടലുകളുണ്ട് കേരളത്തിൽ. അക്കൂട്ടത്തിൽ അണിനിരക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കുറഞ്ഞപക്ഷം ‘വസ്തുത‘കൾ പ്രചരിപ്പിക്കുമ്പോളെങ്കിലും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>