വേഗത കൂടിയ വാഹനത്തിൽ കൊച്ചിയിൽ നിന്ന് എട്ടുമണിക്കൂറിനുള്ളിൽ ഞാൻ ബാംഗ്ലൂര് പിടിച്ചിട്ടുണ്ട്.
അത്തരം അഭ്യാസങ്ങൾ ഭാഗിയെ വെച്ച് നടക്കില്ല. സത്യത്തിൽ അവള് 19 വയസ്സ് തികഞ്ഞ ഒരു കിളവിയാണ്. പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. അത് കഴിഞ്ഞാൽ കടുത്ത വിറയലും തുള്ളപ്പനിയും വരും. കൊച്ചിയിൽ നിന്ന് ശൂലഗിരി വരെ എത്താൻ 13.5 മണിക്കൂറാണ് ഇന്നവൾ എടുത്തത്. ബാംഗ്ലൂർക്ക് വീണ്ടും 80 കിലോമീറ്റർ ദൂരമുണ്ട്.
അതിന് അവളെ മാത്രം കുറ്റം പറഞ്ഞാൽ ശരിയാവില്ല. ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂർ ഞാൻ ഡ്രൈവർ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങി. ഇന്നലെ രാത്രി ഏറെ വൈകി പാക്കിങ്ങ് നടത്തിയതിന്റെ ക്ഷീണമുണ്ടായിരുന്നു. ആകെ ഉറങ്ങിയത് രണ്ടര മണിക്കൂറാണ്.
സേലം എത്തുന്നതിന് മുന്നേ ഭാഗിയുടെ ഏ.സി. പണിമുടക്കി. ഗോവൻ പര്യടനത്തിനിടയിൽ 6 പ്രാവശ്യം അവൾക്ക് ഏ.സി.പ്രശ്നമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രാജസ്ഥാൻ യാത്ര കഴിഞ്ഞ്, മടങ്ങി കോയമ്പത്തൂർ എത്തിയപ്പോളും ഏ.സി. പണി മുടക്കിയിരുന്നു. അതെല്ലാം ശരിയാക്കിയാണ് ഇപ്രാവശ്യം പുറപ്പെട്ടത്. പക്ഷേ ആ പ്രശ്നം വിട്ടൊഴിയുന്നില്ല.
മൂന്ന് കിലോമീറ്ററിനുള്ളിൽ ഒരു വർക്ക്ഷോപ്പ് കണ്ടുപിടിച്ചു. 15 മിനിറ്റിനുള്ളിൽ അവരത് ശരിയാക്കി തന്നു. റിലേ പോയതാണ്. കഷ്ടി 20 കിലോമീറ്റർ സഞ്ചരിച്ചതും വീണ്ടും റിലേ പണിമുടക്കി. പിന്നീടത് ശരിയാക്കാൻ നിന്നില്ല. വിയർത്ത് കുളിച്ച് ശൂലഗിരി ഫാമിലേക്ക് ഓടിച്ചെത്തി.
നാളെ ഹോസൂര് ചെന്ന് ഏ.സി. കറതീർത്ത് ശരിയാക്കാനാണ് പദ്ധതി. പറ്റുമെങ്കിൽ ഒന്ന് രണ്ട് സ്പെയർ റിലേയും ഫ്യൂസും വാങ്ങി കയ്യിൽ വെക്കണം. അത് മാറ്റേണ്ടത് എങ്ങനെയെന്ന് പഠിക്കണം. രാജസ്ഥാനിൽ വർക്ക്ഷോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ചെന്ന് പെട്ടാൽ ഏ.സി. ഇല്ലാതെ കുഴഞ്ഞ് പോകും.
കാട്ടുകോഴിക്കെന്ത് ഓണവും ചങ്ക്റാന്തിയും എന്ന മട്ടിൽ, കേരളത്തിലെ ഓണാഘോഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിത്തിരിച്ചതായിരുന്നു. അപ്പോൾ ദാ മറ്റന്നാൾ ശൂലഗിരി ഫാമിൽ ഓണാഘോഷങ്ങൾ ഉണ്ടത്രേ! ഭാഗിയുടെ ഏ.സി. ശരിയാക്കി കിട്ടാൻ വൈകുമെങ്കിൽ ഓണാഘോഷത്തിൽ കൂടിയാലോ എന്ന് ആലോചനയുണ്ട്.
സേലം കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിന് നിർത്തിയ ‘ഗ്ലോബൽ മാർക്കറ്റ് ‘ എന്ന സൂപ്പർ മാർക്കറ്റിൻ്റെ മുന്നിലും ഓണാഘോഷം കണ്ടിരുന്നു. ഏത് നാട്ടിലായാലും ആഘോഷങ്ങളുടെ പേരിൽ വേണമല്ലോ കച്ചവടങ്ങൾ പൊടിപൊടിക്കാൻ!
തോട്ടത്തിലെ റസ്റ്റോ കഫേയുടെ പരിസരത്ത് ഭാഗിയെ പാർക്ക് ചെയ്തിട്ടുണ്ട്. ഫാമിൽ നായ്ക്കളുടെ എണ്ണം വല്ലാതെ വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ. വന്നിറങ്ങിയതും അര ഡസൻ നായ്ക്കളാണ് വളഞ്ഞത്. അക്കൂട്ടത്തിൽ നാടൻ മുതൽ, ഗംഭീര ട്രാക്ക് റെക്കോർഡ് ഉള്ള ബെൽജിയം മാലിൻവ വരെ ഉണ്ട്. ബിൻ ലാദനെ പിടിക്കാൻ പോയ കൂട്ടത്തിൽ ഉണ്ടായിരുന്ന നായയുടെ ബ്രീഡാണ് ബെൽജിയൻ മാലിൻവ. പരിശീലനം നൽകിയാൽ രണ്ട് നില കെട്ടിടത്തിന്റെ ഉയരമുള്ള ചുമര് പോലും അവൻ ഓടിക്കയറും. യൂട്യൂബിൽ അത്തരം ധാരാളം വീഡിയോകൾ ഉണ്ട്.
റസ്റ്റോറന്റിൽ ഞാൻ ചെന്ന് ഇരുന്നതും ഒരു ബെൽജിയൻ മാലിൻവ കാലിനടിയിൽ വന്ന് കിടന്നു. ശാന്തം പാവം. അവന്റെ വലിയേട്ടൻ ബിൻ ലാദനെ പിടിക്കാൻ പോയ കഥയൊന്നും അവന് അറിയില്ലല്ലോ. ഞാൻ അൽപ്പനേരം അവന്റെ തലയിൽ തഴുകിയിരുന്നു. പിന്നെ അത്താഴം ഓർഡർ ചെയ്തു, കഴിച്ചു.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ നല്ല കാലാവസ്ഥയാണ് ശൂലഗിരിയിൽ. രാത്രിയുറക്കം ഭംഗിയാകുമെന്നുറപ്പ്. പകൽ ദൈർഘ്യമേറിയതായിരുന്നു. ഇന്ന് അല്പം നേരത്തെ ഉറങ്ങണം.
ശുഭരാത്രി കൂട്ടരെ.