നാളെ എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതി ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാന/പ്രാദേശിക കണക്കുകളിൽ അൻപത്തിഒന്നാമത്തെ ഹർത്താൽ. ഹാദിയ കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് ജാഥ പോയപ്പോൾ പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധിക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾ നിറവേറ്റി. അത് പൊലീസ് മർദ്ദനത്തിലേക്ക് നീങ്ങിയതെങ്ങനെയന്ന് ജനത്തിന് അറിയില്ല, അകാരണമായി അങ്ങനെ ഒരു മർദ്ദനം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളത് നിയമപരമായി നേരിടണം. കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ അപ്പീല് പോകണം. അതല്ലാതെ എല്ലാവരും ഹർത്താലിലേക്ക് തിരിഞ്ഞാൽ പൊതുജനം വലഞ്ഞുപോകും. അക്കാരണവും പറഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ തുനിയരുത്, അവരുടെ സഞ്ചാരസ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള അവകാശവും തടയരുത്. കേരളത്തിലുള്ള എല്ലാ സംഘടനകൾക്കും പാർട്ടികൾക്കും കൂട്ടായ്മകൾക്കും ഓരോ ദിവസം വീതം അവരവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് വേണ്ടി ഹർത്താൽ ആഘോഷിക്കണമെന്ന് വെച്ചാൽ അതിന് 365 ദിവസം തികയാതെ വരും. ആയതിനാൽ, നിങ്ങൾ ഹർത്താൽ ആഹ്വാനം ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ ഞങ്ങൾ ജനങ്ങൾ പതിവുപോലെ വാഹനമോടിക്കും കടകൾ തുറക്കും ജോലിക്ക് പോകും. ഒരു അലോഹ്യവും തോന്നരുത്.
Say No To Halthal എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായി നടക്കുന്ന ഒരു പ്രദേശമാണ് എറണാകുളം ജില്ല. വർഷങ്ങളായി നടന്നുവരുന്ന ഹർത്താൽ ദിനങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ വാഹനമോടിച്ച് ഹർത്താലിൽ വലയുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിയിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. വാഹനവുമെടുത്ത് വെളിയിലിറങ്ങിയാൽ ഒരാളും നിങ്ങളെ തടയാനോ ആക്രമിക്കാനോ വരില്ല. വോട്ട് ബാങ്കിനെ എല്ലാ പാർട്ടിക്കാർക്കും സംഘടകകൾക്കും പേടിയുണ്ട്. അക്രമം ഉണ്ടാക്കി നാശനഷ്ടങ്ങൾ വരുത്തിയാൽ അതിന്റെ ഉത്തരവാദിത്വവും നാശനഷ്ടങ്ങളുടെ തുക ഹർത്താൽ ആഹ്വാനം ചെയ്തവർ നൽകണമെന്നുമുള്ള കോടതി ഉത്തരവിനെ അവർക്ക് ഭയമുണ്ട്. ഞങ്ങൾ ഈ സംഘടനയിലുള്ളവരുടെ ഏതെങ്കിലുമൊരു വാഹനത്തിന്റെ ടയറിന്റെ കാറ്റ് പോലും ഇന്നേവരെ ഒരു ഹർത്താൽ അനുകൂലിയും കുത്തിവിട്ടിട്ടില്ല.
അതുകൊണ്ട് എറണാകുളം ജില്ലക്കാരോട് ഒരു അഭ്യർത്ഥനയുള്ളത്, നാളെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്ന ഹർത്താൽ ആരും കേട്ടതായിപ്പോലും നടിക്കരുത്. ഒരു ഹർത്താലിനെയെങ്കിലും തള്ളിക്കളയാൻ നിങ്ങൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്. എന്തിനേയും ഏതിനേയും ഭയക്കുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും പതിവുപോലെ നിരത്തിലിറങ്ങുക, കടകൾ തുറക്കുക, ജോലിക്ക് പോകുക. ഹർത്താൽ ബാധകമല്ലാത്ത ആലപ്പുഴ, തൃശൂർ, കോട്ടയം എന്നീ അയൽജില്ലകളിൽ നിന്നുള്ള നിരവധി വാഹനങ്ങൾ എറണാകുളം ജില്ല വഴി കടന്നുപൊയ്ക്കൊണ്ടിരിക്കും. അക്കൂട്ടത്തിൽ സധൈര്യം നിങ്ങളും ഇറങ്ങുക. അഥവാ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കിൽ ആർക്കെങ്കിലും വാഹനസഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കുക.(ഫോൺ:- 9447035375) ഞങ്ങളെത്തിയിരിക്കും.
വാൽക്കഷണം:- ഹാദിയ കേസിന്റെ ന്യായാന്യായങ്ങളല്ല ഈ പോസ്റ്റിലെ വിഷയം. എല്ലാ വിഷയങ്ങളും ഹർത്താലിൽ ചെന്ന് ചേരുന്നു എന്നത് വിഷയമാണ് താനും.