Spain_flag_map

സ്‌പെയിനിൽ


മയം രാത്രി 11 മണി കഴിഞ്ഞിരുന്നു. തെരുവ് വിളക്കുകളെല്ലാം പ്രകാശം വാരി വിതറി നിൽക്കുന്നുണ്ട്. പക്ഷെ, പരിസരമെല്ലാം വിജനമാണ്. ജൂലായ് മാസമായതുകൊണ്ടാകണം താപമാനം 24 ഡിഗ്രിക്ക് അപ്പുറത്തേക്ക് കടന്നിട്ടില്ല. El Putxet എന്ന മെട്രോ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി, പടികൾ ചവിട്ടിക്കയറി ഭൂഗർഭത്തിന്റെ മുകളിലെത്തിയപ്പോൾ ഇതാണ് അവസ്ഥ.

തീരെ പരിചിതമല്ലാത്ത രാജ്യം. ഞങ്ങൾക്കറിയുന്ന ഭാഷകളൊന്നും വിലപ്പോവുകയുമില്ല. ഭാഷ അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല; വഴി ചോദിക്കാൻ ഒരു ഈച്ചപോലും അടുത്തെങ്ങുമില്ല. ചക്രവ്യൂഹത്തിൽ അകപ്പെടുന്നതായിരുന്നു ഇതിലും ഭേദമെന്ന് തോന്നിപ്പോയി. ഇനിയെന്തെന്ന്, അടിച്ചുപരത്തിയ ചോദ്യചിഹ്നം മുന്നിൽ തുറിച്ചുനോക്കി നിൽക്കുന്നു. ആറ്റുനോറ്റിരുന്ന് തയ്യാറാക്കിയ 9 ദിവസത്തെ യാത്രാ പദ്ധതിയുടെ തുടക്കം തന്നെ ഇങ്ങനെയാണെങ്കിൽ, ഇനിയുള്ള വൈതരണികളെല്ലാം തരണം ചെയ്യാൻ ഞങ്ങളെക്കൊണ്ടാകുമോ ബദരീങ്ങളേ ?! ഒറ്റയ്ക്കായിരുന്നെങ്കിൽ ഒട്ടും സമയം പാഴാക്കാതെ ഏതെങ്കിലും കടത്തിണ്ണയിൽ ചുരുണ്ടുകൂടി നേരം വെളുപ്പിക്കാൻ ഞാനൊട്ടും അമാന്തിക്കില്ലായിരുന്നു. പക്ഷെ, ഇതിപ്പോൾ മുഴങ്ങോടിക്കാരിയും കൂടെയുണ്ട്. മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ കണ്ടുപിടിച്ചേ പറ്റൂ.

2009 ജൂലായ് 7ന് നാണ് സംഭവം. പാസ്സ്പ്പോർട്ടിൽ ഷെങ്കൺ വിസ അടിച്ചതിനുശേഷം, സന്ദർശിച്ചിരിക്കുന്ന യൂറോപ്പ് രാജ്യങ്ങളുടെ ലിസ്റ്റിൽ ഫ്രാൻസ് മാത്രം. ഇംഗ്ലണ്ടിലെ പൊറുതി തീരാൻ ഇനി അധികം നാളുകളില്ലെന്ന അവസ്ഥ സംജാതമായപ്പോളാണ് ‘യൂറോപ്പ് യാത്ര‘യെന്ന സ്വപ്നം ഒരിടത്തും എത്തിയിട്ടില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് യൂറോപ്പിൽ പോകാൻ ഏറ്റവും സൌകര്യം ഇംഗ്ലണ്ടിൽ നിന്നുതന്നെയാണ്. ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നടന്നെന്നും വരില്ല. പിന്നീടുള്ള ദിവസങ്ങളിൽ പോകാനുള്ള രാജ്യങ്ങളുടേയും സ്ഥലങ്ങളുടേയുമൊക്കെ കണക്കെടുത്തു, ഹോട്ടൽ മുറികൾ ബുക്ക് ചെയ്തു, വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു. വസ്ത്രങ്ങൾ വെക്കാനായി 15 കിലോഗ്രാമിൽ താഴെ മാത്രം തൂക്കം വരുന്ന ഓരോ ചെറിയ ട്രോളി ബാഗ് ; പിന്നെ, ക്യാമറയും പാസ്സ്പോർട്ടും മറ്റ് യാത്രാ രേഖകളുമൊക്കെ സൂക്ഷിക്കാനായി ഒരു തോൾസഞ്ചിയും. ലെസ്സ് ലഗ്ഗേജ് മോർ കംഫർട്ട് (Less luggage more comfort) എന്നാണല്ലോ പ്രമാണം.

കാളപ്പോരിന്റെ ഈറ്റില്ലമായ സ്പെയിനിലേക്കാണ് യാത്ര. അവിടെ രണ്ട് ദിവസം ചിലവഴിച്ചതിനുശേഷം മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക്. എല്ലാ ടിക്കറ്റുകളും ബഡ്ജറ്റ് ഫ്ലൈറ്റുകളിലാണ് ബുക്ക് ചെയ്തിരിക്കുന്നത്.  Iberia  എന്ന സ്പാനിഷ് കമ്പനിയുടെ വിമാനത്തിൽ ഞാനാദ്യമായാണ് കയറുന്നത്. വൈകീട്ട് 03:25 ന്റെ വിമാനം പറന്ന് ഹീത്രോ വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയപ്പോൾത്തന്നെ ഒന്നര മണിക്കൂർ വൈകി. രണ്ട് മണിക്കൂർ പറക്കലുണ്ട്. പോരാത്തതിന് ലണ്ടനേക്കാൾ ഒരു മണിക്കൂർ മുന്നിലാണ് സ്പെയിൻ.

ബാർസലോണയിൽ വിമാനം ഇറങ്ങിയപ്പോൾ സമയം രാത്രി 8 മണി. വിമാനത്താവളത്തിനകത്തെ ടൂറിസ്റ്റ് ഇൻ‌ഫർ‌മേഷൻ കൌണ്ടർ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. വഴികാട്ടിയായി ബോർഡുകൾ ഉള്ളതുകൊണ്ട് റെയിൽ‌ വേ സ്റ്റേഷനിൽ എത്തിപ്പറ്റാനായി. ടിക്കറ്റെടുക്കാൻ സ്റ്റേഷനിലെ ഒരു ജോലിക്കാരി സഹായിച്ചു. ഭാഷ പ്രശ്നമാകാൻ പോകുകയാണെന്ന് അപ്പോൾത്തന്നെ ഒരു സൂചന കിട്ടി. സത്യത്തിൽ, ജീവിതത്തിൽ ആദ്യമായാണ് ആശയ വിനിമയം കുഴപ്പത്തിലാകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തേക്ക് യാത്ര തിരിക്കുന്നത്. ഫ്രാൻസിൽ ഇത്രയ്ക്ക് ഭാഷാ പ്രശ്നമൊന്നും ഇല്ല. അത്യാവശ്യത്തിനും അതിൽക്കൂടുതലും ഇംഗ്ലീഷ് അവിടെ ചിലവാകും. പാക്കേജ് ടൂറുകാരുടെ കൂടെ പോകുകയാണെങ്കിൽ ഭാഷയൊന്നും ഒരു പ്രശ്നം ആകുന്നതേയില്ല. ഇതിപ്പോൾ സ്വന്തം നിലയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ ? അനുഭവിക്കാനുള്ളതൊക്കെ അന്തമില്ലാത്ത ജീവിത യാത്രാനുഭവങ്ങളുടെ കൂട്ടത്തിൽ അക്കമിട്ട് ചേർത്ത് വെക്കുക മാത്രമേ നിവൃത്തിയുള്ളൂ.

സാൻഡ്‌സ് സ്റ്റേഷൻ

ബാർസലോണയിൽ നിന്ന് തീവണ്ടി കയറി Sants മെട്രോയിറങ്ങി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന തീവണ്ടികൾ സമ്മേളിക്കുന്ന സ്പെയിനിലെ ഒരു പ്രധാന സ്റ്റേഷനാണ് സാൻഡ്സ്. അവിടന്ന് L3 മെട്രോയിലേക്ക് മാറിക്കയറി Catalonia സ്റ്റേഷനിലിറങ്ങി. അവിടന്ന് Tibidabo ദിശയിലുള്ള L7 മെട്രോ റൂട്ടിലേക്ക് വീണ്ടും മാറിക്കയറിയാണ് El Putxet  സ്റ്റേഷനിൽ ഇറങ്ങി, അനാഥ പ്രേതങ്ങളായി റോഡിലിങ്ങനെ നിൽക്കുന്നത്. കൈയ്യിൽ ആകെയുള്ളത് പ്രിന്റ് എടുത്ത് വെച്ചിരിക്കുന്ന ഒരു ഗൂഗിൾ മാപ്പ് മാത്രം. താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴി അതിലുണ്ട്. പക്ഷെ അത് ആരെയെങ്കിലും കാണിക്കാൻ പറ്റിയാലല്ലേ വഴി തെളിച്ചെടുക്കാനാവൂ. കുറേ ദൂരം ബാഗും വലിച്ച് റോഡിലൂടെ ലക്ഷ്യമില്ലാതെ നടന്നു. പാതി അടഞ്ഞ ഒരു റെസ്റ്റോറന്റിന്റെ മുന്നിലാണെന്ന് തോന്നുന്നു, രണ്ടുമൂന്ന് പേർ സംസാരിച്ച് നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ ആദ്യം അൽ‌പ്പം ആശ്വാസമായെങ്കിലും, പിന്നീടത് ഒരു ഭീതിക്ക് വഴിമാറി. രാത്രിസമയത്ത്, അതും ആൾത്തിരക്കില്ലാത്ത ഈ നേരത്ത് കറങ്ങി നടക്കുന്ന സ്ത്രീകൾ കുഴപ്പക്കാരാകാനും മതി. നമ്മുടെ ഒരു സങ്കൽ‌പ്പവും അനുഭവങ്ങളുമൊക്കെ അതാണല്ലോ ? രണ്ടും കൽ‌പ്പിച്ച് ആ സംഘത്തെ കേറി മുട്ടി. കൂട്ടത്തിൽ അൽ‌പ്പമെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നത് ആ സ്ത്രീ മാത്രമാണ്. അവർ ഒരു നിശാസുരഭിയൊന്നും ആയിരുന്നില്ല. ഒക്കെ എന്റെ മഞ്ഞക്കണ്ണടയുടെ പ്രശ്നം മാത്രമായിരുന്നു. എന്തായാലും ഹോട്ടലിലേക്കുള്ള വഴി അവർക്കാർക്കും വലിയ പിടുത്തമില്ല.

ഗൂഗിൾ മാ‍പ്പ് പ്രകാരം, ഞങ്ങളന്വേഷിക്കുന്ന ഹോട്ടൽ, വന്ന വഴിയിലൂടെ തിരിച്ച് പോകുന്നിടത്ത് എവിടെയെങ്കിലും ആകാനാണ് സാദ്ധ്യത. അര കിലോമീറ്ററോളം തിരിച്ച് നടന്നാലേ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തൂ. വിജനമായ വഴിയിലൂടെ തിരിച്ചു നടന്നു. ട്രോളി ബാഗിന്റെ ചക്രം ഉരുളുന്ന കരകര ശബ്ദം രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടിരുന്നു. ഈ ശബ്ദം മാത്രം മതിയാകും ആരോ വെളിയിൽ ഇറങ്ങി നടക്കുന്നുണ്ടെന്ന് ഏതെങ്കിലും സാമൂഹ്യവിരുദ്ധർക്ക് സൂചന നൽകാൻ. ഞങ്ങൾ രണ്ടുപേരും ശരിക്കും ഭയത്തിന്റെ പിടിയിൽ അമരാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ‘വരുന്നിടത്ത് വെച്ച് കാണാം’ എന്നതാണല്ലോ ഇത്തരം സന്ദർഭങ്ങളിലെ ഏക സൂത്രവാക്യം. El Putxet സ്റ്റേഷന് മുന്നിൽത്തന്നെ തിരിച്ചെത്തിയപ്പോൾ റോഡിൽ അതാ ഒരു ടാക്സിക്കാരൻ. ഗൂഗിൾ മാപ്പ് കാണിച്ച് കലാമണ്ഡലം ഭാഷയിലൂടെ കാര്യം അവതരിപ്പിച്ചപ്പോൾ, ‘കേറിക്കോളൂ, ദാ ഇപ്പ എത്തിക്കാം‘ എന്ന മട്ടിലുള്ള ആത്മവിശ്വാസം ഡ്രൈവറുടെ മുഖത്ത്. ഹോ, ആശ്വാസമായി.

പലവഴി ഇടവഴി കയറി വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ, മീറ്ററിലെ റീഡിങ്ങ് ഉയരുന്നതിനനുസരിച്ച് എന്റെ രക്തസമ്മർദ്ദവും ഉയർന്നുകൊണ്ടിരുന്നു. 9.7 യൂറോ കൂ‍ലി വാങ്ങിയിട്ട് ടാക്സി ഡ്രൈവർ കൊണ്ടുവിട്ടത് തെറ്റായ സ്ഥലത്തായിരുന്നു. ഭാഗ്യത്തിന് വണ്ടി വിടുന്നതിന് മുന്നേ, മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലല്ല വന്നെത്തിയിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ടാക്സി ഡ്രൈവർ കുഴപ്പക്കാരനാണെന്ന ഒരു ചിന്തകൂടെ ഉയർന്ന് വന്നപ്പോൾ ഭീകരാവസ്ഥ കുറേക്കൂടെ വഷളായി. വന്നിറങ്ങിയ മെട്രോ സ്റ്റേഷനിൽ നിന്നും ഒരുപാട് ദൂരെ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുന്നു. യൂറോ എത്ര ചിലവായാലും ടാക്സിയിൽ അല്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് ചെന്നെത്താനാവില്ല എന്ന് ഉറപ്പായി. ടാക്സിക്കാരൻ ചിലയിടത്ത് വണ്ടി നിർത്തി ഇരുളിൽ മറയും; അൽ‌പ്പനേരം കഴിഞ്ഞ് വീണ്ടും മുന്നോട്ട് നീങ്ങും. ഇതിനിടയ്ക്, ഒരു ഭോജനശാലയ്ക്ക് മുന്നിൽ വണ്ടിയെത്തി. ഒരു പാചകക്കാരൻ മാത്രമാണ് അവിടെയുമുള്ളത്. അവർ തമ്മിൽ കുറേ നേരം എന്തോ സംസാരിച്ചു. വണ്ടി വീണ്ടും മുന്നോട്ട്. ഇതുവരെ കണ്ട് പരിചയപ്പെട്ട വഴികളിലൂടെയാണ് വാഹനം പൊയ്ക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ വന്നിറങ്ങിയ El Putxet സ്റ്റേഷന് മുന്നിൽത്തന്നെ ഡ്രൈവർ കാറ് നിർത്തി. അടുത്ത തീവണ്ടി പിടിച്ച് തിരിച്ച് പൊയ്ക്കോളാനാണോ ഇയാൾ പറയാൻ പോകുന്നത് എന്ന് സംശയിച്ച് നിൽക്കുമ്പോൾ, കക്ഷി വണ്ടിയിൽ നിന്ന് ബാഗുകളൊക്കെ വെളിയിൽ ഇറക്കാൻ തുടങ്ങി. എല്ലാം തുലഞ്ഞു; ഇയാൾ ഞങ്ങളെ ഉപേക്ഷിച്ച് പോകുകയാണെന്ന് ഉറപ്പ്.

പിന്നാലെ വരാൻ ആംഗ്യം കാണിച്ചുകൊണ്ട് ഡ്രൈവർ പെട്ടെന്ന് സ്റ്റേഷന്റെ മുന്നിലുള്ള ആദ്യത്തെ ഇടവഴിയിലെ ഇരുട്ടിലേക്ക് ഊളിയിട്ടു. ഇടതുവശത്തെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അവിടെയുള്ള ബോർഡ് ഞാൻ വായിച്ചു. Eurostars Mitre. ആശ്വാസത്തിന്റെ കുളിർ മഴ ഒരെണ്ണം പെട്ടെന്ന് പെയ്ത് തോർന്നതുപോലെ തോന്നി. കഴിഞ്ഞ രണ്ട് മണിക്കൂറായി ഞങ്ങൾ തിരഞ്ഞുനടന്നിരുന്ന Eurostars Mitre ഹോട്ടൽ, സ്റ്റേഷനിൽ നിന്ന് വെറും 50 അടി ദൂരത്ത് തന്നെ ഇതാ നിവർന്ന് നിൽക്കുന്നു. മടക്കയാത്രയുടെ വാടകയായി ഒരു യൂറോ പോലും വാങ്ങാതെ ടാക്സിക്കാരൻ യാത്രപറഞ്ഞ് പിരിഞ്ഞു. അകാരണമായി അയാളെ സംശയിച്ചതിന് അഷ്ടവസുക്കൾ എന്നോട് പൊറുക്കട്ടെ.  

അപ്പോൾ സമയം പുലർച്ചെ ഒരു മണി. ബാർസലോണയിലെ ആദ്യത്തെ ദിവസം കഴിഞ്ഞ് രണ്ടാമത്തേത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള 9 ദിവസങ്ങൾ ഇടവേളകളില്ലാത്ത യാത്രകളായിരിക്കും എന്നതിന്റെ സൂചനയല്ലേ ഇത് ? സൂചന കണ്ട് പഠിച്ചില്ലെങ്കിൽ എന്താകുമെന്ന് മുദ്രാവാക്യങ്ങൾ പോലും പൂരിപ്പിക്കുന്നില്ലെങ്കിലും ഞങ്ങൾക്ക് അതേപ്പറ്റി ഒരൂഹം കിട്ടിക്കഴിഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. ഇംഗ്ലണ്ടിലെ പീറ്റർബറോയിലെ ഞങ്ങളുടെ വാസസ്ഥലം വിടുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ബാഴ്‌സലോണയിൽ വന്നിറങ്ങിയപ്പോളും മഴ വിട്ടുമാറിയിരുന്നില്ല്ല. യാത്രകൾ പുറപ്പെടുമ്പോളും യാത്രകൾക്കിടയിലും മഴ പെയ്യുന്നുണ്ടെങ്കിൽ, എനിക്കതൊരു ശുഭ ലക്ഷണമാണ്. അന്ധവിശ്വാസമെന്ന് വേണമെങ്കിൽ വിലയിരുത്താം. പക്ഷെ, യാത്രകൾക്കിടയിൽ മഴയോടുള്ള എന്റെ പൊരുത്തം ഇന്നുവരെ അങ്ങനെയാണ്. പ്രത്യക്ഷത്തിൽ എന്റെ മുന്നിലുള്ള, ഈശ്വരനെന്ന പ്രകൃതിയുടെ പ്രസാദമായി മഴയെ ഞാൻ കാണുന്നു. ഒരു കവിയായിരുന്നെങ്കിൽ ഈ അവസ്ഥയെ മറ്റൊരു തരത്തിൽ വർണ്ണിക്കുവാൻ എനിക്കാകുമായിരുന്നു.

എന്തായാലും സ്പെയിൻ വിടുന്നതിന് മുന്നേ ഞങ്ങളാ സത്യം മനസ്സിലാക്കി. ഹോട്ടൽ കണ്ടുപിടിക്കുന്ന കാര്യത്തിൽ ഇത്രയും പ്രശ്നമുണ്ടാക്കിയത് മറ്റാരുമല്ല; ഗൂഗിൾ തന്നെ. റോഡിൽ ചില വ്യത്യാസങ്ങൾ വന്നത് മാപ്പിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

കിടക്കയിലേക്ക് മറിഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. മെട്രോ റെയിലിലും ടാക്സിയിലും ഉറക്കം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നതുപോലെ. ഞെട്ടിയുണർന്നത്, വാച്ചിലെ അലാ(റ)ം ശബ്ദമുയർത്തി ഉറക്കത്തെ ആട്ടിയോടിച്ചപ്പോളാണ്.


തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

27 thoughts on “ സ്‌പെയിനിൽ

 1. രണ്ട് വഷം മുൻപ് നടത്തിയ യൂറോപ്പ് യാത്രയുടെ ഓർമ്മകൾ ഡയറിത്താ‍ളിൽ കുറിച്ചിടുകയാണ്. ഇതൊരു ആമുഖം മാത്രമാണ്. വായനക്കാർക്ക് ആകെത്തുക നിരാശ മാത്രമായെന്ന് വരാം. എന്നാലും ഓർത്തെടുത്ത് എഴുതാൻ ശ്രമിക്കുന്നു. കുറ്റങ്ങളും കുറവുകളും, ഒരു നിരക്ഷരന് കൊടുക്കാനാവുന്ന എല്ലാ ആനുകൂല്യങ്ങളോടെയും നൽകുമെന്ന പ്രതീക്ഷയോടെ….

 2. സ്പെയിനിലെ ആദ്യദിനം തന്നെ ഭീതിയുണർത്തുന്നതായിരുന്നു അല്ലെ…..
  പിന്നെ യാത്രകൾ പോകുമ്പോഴെങ്കിലും ആ മലയാളിയുടെ മഞ്ഞക്കണ്ണട ഊരിവെക്കണം കേട്ടൊ ഭായ്.

 3. സ്പെയിന്‍ യാത്രാവിവരണം തുടങ്ങിയല്ലേ…. നന്നായി, വായനയില്‍ കൂടെ ഉണ്ട് ട്ടോ…ടാക്സിക്കാരനെ ഇഷ്ടമായീ….:)

 4. ദാ…വീണ്ടും യുറോപ്… എനിക്ക് കൊതിക്കാന്‍… ആദ്യത്തെ ദിവസം തന്നെ കലക്കി.പക്ഷെ ഇതൊക്കെയാണ് പിന്നീട് ഓര്‍ക്കാന്‍ ഒരു രസം..അല്ലെ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

 5. വായനയുടെ ആകെത്തുക നിരാശ മാത്രമായിരിക്കാം എന്ന മുന്നറിയിപ്പ് വെറുതെയായി.രണ്ടു മണിക്കൂര്‍ നേരത്തെ സംഭവം വിവരിച്ചത് രസകരമായി വായിച്ചു. തണുപ്പ് കൊണ്ടത്‌ നിങ്ങള്‍ മാത്രമാണല്ലോ :-)

 6. മനോജ്, യാത്രക്കിടയിലെ മഴ,ശുഭലക്ഷണമെന്നതിലുപരി ഒരു അനുഭൂതിയാണ്..പലരും “മഴയാണ്, ഇന്നു വീട്ടിൽനിന്നും പുറത്തിറങ്ങാൻ തോന്നുന്നില്ല” എന്നു പറയുമ്പോൾ, പ്രകൃതിസ്നേഹം അല്പം കൂടുതൽ ഉള്ളതുകൊണ്ടാകാം, എനിക്ക് മഴയാണെങ്കിൽ വീട്ടിൽ ഇരിക്കുവാനേ തോന്നാറില്ല.. നാട്ടിൽ ആണെങ്കിൽ മഴയുള്ള ദിവസങ്ങൾ ഒന്നുപോലും ഞാൻ നഷ്ടപ്പെടുത്താറില്ല. അന്നു മുഴുവൻ മഴ നനഞ്ഞ് വാഹനത്തിൽ കറങ്ങി നടക്കുകയായിരിക്കും.. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളിൽ പോലും മനോജിനു കിട്ടുന്ന ആ ഭാഗ്യം കാണുമ്പോൾ സത്യമായും അസൂയ തോന്നുന്നു കേട്ടോ…ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…ആശംസകൾ

 7. അല്ല മനോജേട്ടാ ങ്ങള്‍ക്ക് കാളപ്പോര് കാണാന്‍ പറ്റിയോ ആ കൊല്ലം??ഈ കൊല്ലം മുതല്‍ അത് നിര്‍ത്തിന്നാണ് കേട്ടെ..
  ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..

 8. സ്പെയിൻ യാത്ര തുടരട്ടേ.കൂടെയുണ്ട്.ചെറിയൊരു സംഭവം വളരെ നനായി വിവരിച്ചു.

  ചില ചില്ലറപിശകുകളും വ്യത്യസ്താനുഭവങ്ങളും ചൂണ്ടിക്കാണിക്കട്ടെ.

  സ്പെയിനിന്റെ തലസ്ഥാനം മാഡ്രിഡ് ആണ്‌ ബാഴ്സിലോണ അല്ല.

  സ്പാനിഷ്കാർ അറിയാവുന്ന അല്പ സ്വല്പം ഇംഗ്ലീഷ് സംസാരിക്കാൻ മടികാണിക്കത്തവരാണെന്നാണ്‌ എന്റെ അനുഭവം. ഇംഗ്ലീഷ് സംസാരിക്കില്ലെന്ന പിടിവാശി ഫ്രഞ്ചുകാരെപ്പോലെ യൂറോപ്പിൽ മറ്റാർക്കുമില്ല.

  സസ്നേഹം,
  പഥികൻ

 9. എല്ലാ വിവരണങ്ങളും പോലെ ഇതും വളരെ ഇഷ്ടമായി. എവിടെ പോയാലും നമ്മുടെ സംശയം മാറില്ലല്ലോ അല്ലെ ..ടാക്സിക്കാരനെ ഇഷ്ടമായി..സ്പെയിനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ വായിക്കാന്‍ അല്ല കാണാന്‍ കാത്തിരിക്കുന്നു …

 10. നല്ല വിവരണം മനോജേട്ടാ. ബാക്കി ഭാഗങ്ങളും കൂടെ വായിച്ചിട്ട് വേണം പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ സ്പെയിൻ ഉൾപ്പെടുത്തണോന്ന് തീരുമാനിക്കാൻ.. :)

 11. പ്രിയ മനോജ്‌
  നിരാശപെടും എന്ന മുന്‍‌കൂര്‍ ജാമ്യം വെറുതെ ആയി. ഒറ്റപെടലിന്റെ വേദന ശെരിക്കും മനസ്സില്‍ കൊണ്ടു.
  അടുത്ത ഭാഗം ഉടന്‍ തന്നെ ആവട്ടെ.

  സജീവ്‌

 12. @vnkovoor – ഇല്ല കാളപ്പോര് കാണാൻ സാധിച്ചില്ല്ല. അതിനി പറ്റുമെന്നും തോന്നുന്നില്ല. എനിക്ക് പക്ഷെ എന്തോ ആ ക്രൂര വിനോദത്തോട് തീരെ യോജിപ്പില്ല്ല. സജി തോമസിന്റെ കാളപ്പോര് വിവരണം വായിച്ചതോടെ അതിനോടുള്ള വെറുപ്പ് കൂടുകയും ചെയ്തു.

  @പഥികൻ – ചെറിയ പിശകൊന്നും അല്ല. മുട്ടൻ പിശകായിരുന്നു അത്. അത് ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി. ആ ഭാഗം തിരുത്തിയിട്ടുണ്ട്.

  ഇംഗ്ലീഷ് സംസാരിക്കില്ല എന്ന കാര്യത്തിൽ ഫ്രഞ്ചുകാരെപ്പറ്റി പഫികൻ പറഞ്ഞത് തന്നെയാണ് വാസ്തവം. ഇവിടെ പക്ഷെ രാത്രി സമയത്ത് നിർഭാഗ്യവശാൽ ഇംഗ്ലീഷ് സംസാരിക്കുന്ന സ്പെയിൻ‌കാർ ആരേയും ഞങ്ങൾ കണ്ടുമുട്ടിയില്ല. ഫ്രാൻസിൽ പോയത് പാക്കേജ് ടൂർ ആയിട്ടായിരുന്നു. എന്നാലും ഇപ്പറഞ്ഞ വസ്തുത മനസ്സിലാക്കാൻ സാധിച്ചിരുന്നു.

  @sijo george – എന്റെ വിവരണം കാര്യമാക്കണ്ട. പക്ഷെ സ്പെയിനിൽ പോയില്ലെങ്കിൽ യൂറോപ്പ് യാത്ര അപൂർണ്ണമാണെന്നേ ഞാൻ പറയൂ.
  —————————–
  തുടർ വിവരണങ്ങൾ എഴുതുമ്പോൾ പോസ്റ്റുകളുടെ നീളത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ക്രമീകരിക്കുക എന്നത് ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്. അടുത്ത ഭാഗത്തിന്റെ കൂടെ ഈ ഭാഗം ചേർത്താൽ വല്ലാത്ത നീളമായിപ്പോകും. ഈ ഭാഗം മാത്രമായി നിൽക്കുമ്പോൾ മിതമായ ദൈർഘ്യം ഇല്ലെങ്കിൽ അതും പ്രശ്നമാകും. ഈ പോസ്റ്റിൽ പറയുന്ന സംഭവം ഒരു പാരഗ്രാഫിൽ ഒതുക്കി എഴുതിയാൽ എനിക്ക് തന്നെ പിന്നീട് അത് ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ടാണ് നടന്ന പടി മുഴുവനായും എഴുതിയത്. ഇതെന്റെ ഡയറിക്കുറിപ്പുകൾ കൂടെ ആണല്ലോ ? :)

  വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി :)

 13. യാത്ര തുടരട്ടെ . ..ടാക്സി കാരനെ കുറിച്ച് വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരു വിഷമം ആണ് തോന്നിയത് .കാരണം എനിക്ക് പരിചയം ഉള്ള സ്പാനിഷ് ആളുക്കള്‍ എല്ലാം വളരെ നല്ലവരായി എനിക്ക് തോന്നിയിട്ടുള്ളത് .ലണ്ടനില്‍ ആയിരുന്നപോളും . ഇവിടെ ഈ പുതിയ രാജ്യത്ത് താമസം ആക്കിയപ്പോള്‍ ഒരു സ്പാനിഷ്‌ കുടുംബത്തെ ആണ് ഒരു നിമിത്തം പോലെ കിട്ടിയത് .
  സഹായം ചോദിക്കാതെ തന്നെ ,അതറിഞ്ഞു പെരുമാറുന്നവര്‍ എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും .സ്പാനിഷ്‌ ആളുകളെ ക്കുറിച്ച് .ഞാന്‍ എന്റെ അഭിപ്രായം ആണ് പറഞ്ഞത് ട്ടോ ..

 14. യാത്രകള്‍ ….. ഒരിക്കലും തീരരുതെ എന്നു മോഹിക്കുന്ന ഒരളാണു ഞാനും …… മായാത്ത യാത്രകള്‍ മനസ്സിലുണ്ട് എങ്കിലുമ, ഇതുവരെ ഒന്നും കുറിക്കുവാന്‍ കഴിഞ്ഞിട്ടില്ല…… എന്തായാലും ഈ ലോകം മനോഹരം ….

 15. സ്പെയിനിൽ മുഴുവൻ കാളപോരു നിരോധിച്ചിട്ടില്ല , കാത്തലൂണിയ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
  ബാർസലോണ മോഷണം അധികമുള്ള സ്ഥലമാണു, പക്ഷെ മോഷ്ടിക്കുന്നതു സ്പാനിഷുകാരൊന്നുമല്ല ഇമിഗ്രന്റ്സ് ആണെന്നു മാത്രം .
  യാത്ര തുടരട്ടെ ഇനിയും ഈ വഴി വരാം ബാക്കി വായിക്കാൻ .
  സസ്നേഹം സജി തോമസ്.

 16. നിങ്ങള്‍ വഴി തപ്പി നടക്കുന്നതിനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കും പേടിയായി. ഈയിടെ ഒരു യൂറോപ്പ് ട്രിപ്പ് നടത്തി വന്നതേയുള്ളൂ. ഇങ്ങനെയൊക്കെ ഞങ്ങള്‍ക്കും സംഭവിച്ചേനേയെന്നോര്‍ത്തു പോയി. ഇപ്പോ ബാഴ്‌സിലോണ കാണാന്‍ പോട്ടെ. :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>