പ്‌ളാവ് ജയനും ചക്ക നിരക്ഷരനും


33
12ലവൃക്ഷങ്ങളിൽ നിന്ന് ചക്ക ശേഖരിച്ച് അതിന്റെ ഞെട്ടിനടുത്തുള്ളതും കുരു ഞരടിയാൽ മാതൃവൃക്ഷത്തിന്റെ ഗുണം കിട്ടുന്നതുമായ കുരുക്കൾ നട്ട് തൈകൾ വളർത്തി നാടൊട്ടുക്ക് ‌പ്ളാവുകൾ വെച്ചുപിടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങേണ്ട കാര്യം എന്തിരിക്കുന്നു, പെട്ടി ഓട്ടോ റിക്ഷ ഓടിച്ച് ജീവിക്കുന്ന ഒരാൾക്ക്, എന്ന് ആരും ചിന്തിച്ചുപോകും ജയന്റെ കഥ കേട്ടാൽ. അതും ഗൾഫിൽ ഉണ്ടായിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ച് വന്നിട്ട്. ജയൻ അങ്ങനെ കേരളമൊട്ടാകെ അറിയപ്പെടുന്ന പ്‌ളാവ് ജയനായി. ഹരിത വിപ്‌ളവത്തിന്റെ പിതാവായ എം.എസ്.സ്വാമിനാഥനിൽ നിന്ന് ദേശീയ തലത്തിലുള്ള സിവിൽ അവാർഡ് വരെ ജയൻ ഏറ്റുവാങ്ങി.

പ്‌ളാവിനെക്കുറിച്ചും ചക്കയെക്കുറിച്ചും മരം നടന്നുതുമായും ബന്ധപ്പെട്ട കാര്യങ്ങൾ ജയൻ സംസാരിക്കുന്നത് പോലെ ലളിതമായും കാര്യമാത്രപ്രസക്തമായും ഏതെങ്കിലും ഒരു ബോട്ടണി പ്രൊഫസർക്ക് സംസാരിക്കുവാൻ കഴിയുമോ എന്ന് സംശയം തോന്നി, ഇക്കഴിഞ്ഞ 10ന് ലളിതസുന്ദരമായ ഒരു ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരുന്നപ്പോൾ. ഒരു കാര്യം വെടിപ്പായിട്ട് മനസ്സിലാക്കി. സാധാരണക്കാരെന്ന് തോന്നിക്കുന്ന ഇത്തരം അസാധാരണ മനുഷ്യന്മാരെ ഓർത്തിട്ട് മാത്രമാണ്, ഈ ഭൂമുഖത്തുള്ള ബാക്കി പാഴ് മനുഷ്യജന്മങ്ങളെയൊക്കെ തുടച്ച് മാറ്റാൻ പോന്ന ഒരു ദുരന്തം പ്രകൃതി അടക്കിപ്പിടിച്ച് കൊണ്ടുനടക്കുന്നത്.

ഇക്കഴിഞ്ഞ മാസങ്ങളിൽ ഗ്രീൻവെയ്‌ൻ എന്ന സംഘടനയുടെ മരം നടൽ പദ്ധതിക്ക് വേണ്ടി കുറേയധികം പ്‌ളാവിൻ തൈകൾ വാങ്ങുവാനായി പ്‌ളാവ് ജയനുമായി ബന്ധപ്പെടാനുള്ള ഭാഗ്യമുണ്ടായത് എനിക്കാണ്. ആയിരക്കണക്കിന് പ്‌ളാവിൻ തൈകൾ അദ്ദേഹം തയ്യാറാക്കിത്തന്നു. തൃശൂർ ജില്ലയുടെ പല ഭാഗങ്ങളിലായി ഗ്രീൻവെയ്‌ൻ അത് വിതരണം ചെയ്തു. വർണ്ണവരിക്ക, സുഗന്ധവർണ്ണവരിക്ക, മുട്ടൻ വരിക്ക, താമരച്ചക്ക, തേങ്ങാച്ചക്ക രുദ്രാക്ഷച്ചക്ക എന്നിങ്ങനെ ഇതുവരെ കേൾക്കാത്ത എത്രയോ ഇനങ്ങൾ !! അപ്പോഴും നേരിട്ട് പ്‌ളാവ് ജയനെ കാണാൻ ആയില്ലെന്ന വിഷമം ഉള്ളിൽ ബാക്കി നിന്നു.

ഇഷ്ടഫലമായ ചക്കയെപ്പറ്റി ഫേസ്‌ബുക്കിൽ സചിത്ര പോസ്റ്റുകൾ സ്ഥിരമായി എഴുതിയിട്ട വകയിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് ചക്ക ഭ്രാന്തനെന്നും ചക്ക നിരക്ഷരനെന്നുമൊക്കെ നിർലോഭം വിളിക്കാൻ തുടങ്ങിയതിൽ തെല്ലൊന്നുമല്ല എനിക്കഹങ്കാരം. (ആ കുറിപ്പുകൾ ഇവിടേം ഇവിടേം ഇവിടേം ഒക്കെ കാണാം.) ചക്ക എന്ന പദത്തിന് ഹിന്ദിയിൽ വേറേ അർത്ഥമുണ്ടെന്നും, അതുകൊണ്ടുതന്നെ ആ പദം ചേർത്ത് വിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രാം മോഹൻ പാലിയത്ത് പറഞ്ഞത് അപ്പാടെ തള്ളിക്കളഞ്ഞു ഞാൻ. ഒരു ഫലത്തിന്റെ പേര് ചേർത്ത് വിളിക്കപ്പെടാനും വേണം ഒരു ഭാഗ്യം. മരത്തിന്റെ പേരു് ജയൻ കൊണ്ടുപോയി. വേറാരെങ്കിലും കൊണ്ടുപോകുന്നതിന് മുൻപ് ഫലത്തിന്റെ പേരെങ്കിലും എനിക്ക് വേണം.

അങ്ങനെയിരിക്കുമ്പോഴാണ് 2014 ആഗസ്റ്റ് 10ന് ആവണിശ്ശേരിയിൽ ഗ്രീൻകിഡ്‌സ് സംഘടിപ്പിച്ച ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. അവിടെച്ചെന്നാൽ ജയനെ കാണാൻ സാധിക്കും എന്നതുകൊണ്ട് ആ ചടങ്ങ് ഒഴിവാക്കാനായില്ല.

സ്ഥലത്തെത്തിയപ്പോൾ, ഒറ്റനോട്ടത്തിൽ ജയനെ തിരിച്ചറിയാൻ സാധിച്ചു. ചടങ്ങ് ഉടനെ തുടങ്ങുകയും ചടങ്ങ് പൂർണ്ണമായും തീരുന്നതിന് മുന്നേ മടങ്ങേണ്ടി വന്നതുകൊണ്ടും അദ്ദേഹവുമായി കൂടുതൽ സമയം സംസാരിച്ചിരിക്കാൻ സാധിച്ചില്ല. വേദിയിൽ ജയന്റെ തൊട്ടടുത്ത് തന്നെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരുമിച്ചൊരു ഫോട്ടോ ആരെക്കൊണ്ടെങ്കിലും എടുപ്പിക്കണം എന്ന ആഗ്രഹമായിരുന്നു അതിന് പിന്നിൽ.

ചടങ്ങിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറോട് കലാമണ്ഡലം ഭാഷയിൽ,
അങ്ങനൊരു പടം എടുത്ത് തരാൻ അഭ്യർത്ഥിക്കുകയും അക്കാര്യം നടക്കുകയും ചെയ്തു. അപ്പോൾ ദാ വരുന്നു ജയന്റെ വക ഒരു ബോണസ്. അദ്ദേഹത്തിന്റെ പ്ളാവ് എന്ന പുസ്തകത്തിന്റെ കോപ്പി ‘ശങ്കുണ്ണിയേട്ടൻ ശ്രേണി’യിലേക്ക് ഒപ്പിട്ട് സമ്മാനിച്ചു ജയൻ. പത്ത് തേൻ വരിക്കച്ചക്കകൾ ഒരുമിച്ച് അകത്താക്കിയതിന്റെ സുഖം അനുഭവിച്ച നിമിഷം. ആനന്ദലഭ്ദ്ധിക്കിനി എന്തുവേണം ?

‘പ്‌ളാവ് ‘ ഗ്രന്ഥം വായിച്ച് തീർന്നതിന് ശേഷം അതേപ്പറ്റി വിശദമായി പറയാൻ ഞാനിനിയും വരും. അതുവരെ പ്‌ളാവ് ജയനും ചക്ക നിരക്ഷരനും കണ്ടുമുട്ടി ‘പട’മായ ആ അസുലഭ മുഹൂർത്തത്തിന്റെ ഓർമ്മയ്ക്കായി ആ  ചിത്രം ഇതോടൊപ്പം ചേർക്കുന്നു.

11

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>