ജയ്പൂരിൽ 4 കാര്യങ്ങളാണ് ഇന്ന് ചെയ്യാൻ ബാക്കി വെച്ചിരുന്നത്.
1. ജയ്പൂർ കോട്ടൺ-ന്റെ ഉറവിടം തേടി പോകുക. പക്ഷേ, അത് നടന്നില്ല. അഥവാ കണ്ടെത്താനായില്ല.
2. ലോഹത്തിൽ തീർത്ത് ഓക്സിഡൈസ് ചെയ്യുന്ന ആഭരണങ്ങളുടെ ഉറവിടം തേടി പോകുക. അമർ ഫോർട്ടിന്റെ ഭാഗത്ത് കുടിൽ വ്യവസായമായി അത് നടക്കുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും, ആ സ്ഥലങ്ങൾ കണ്ടെത്താൻ ആയില്ല.
3. കാർപെറ്റ് അഥവാ പരവതാനി നിർമ്മാണ രീതി കണ്ട് മനസ്സിലാക്കുക. അത് ഗംഭീരമായിത്തന്നെ നടന്നു. അക്കാര്യം വിശദമാക്കിയതിന് ശേഷം നാലാമത്തെ കാര്യത്തിലേക്ക് കടക്കാം.
മഹാറാണിമാരുടെ സ്മൃതി മണ്ഡപത്തിന് തൊട്ടടുത്ത് ജയ്പൂർ കോട്ടേജ് ഇൻഡസ്ട്രി എന്ന പേരിൽ ഒരു സ്ഥാപനം ഉണ്ട്. തുണിത്തരങ്ങളും കാർപെറ്റുകളും വിൽപ്പന നടക്കുന്ന സ്ഥലമാണത്. സത്യത്തിൽ ആ റോഡിന് ഇരുവശവും അത്തരത്തിൽ പല സ്ഥാപനങ്ങളും ഉണ്ട്. ഇവിടെ തുണിത്തരങ്ങളിൽ മരത്തിന്റെ ബ്ലോക്ക് ഉപയോഗിച്ച് കൈകൊണ്ട് പ്രിന്റ് ചെയ്യുന്നത് നേരിട്ട് കാണാനാകും. ജൈവ നിറങ്ങളാണ് ഈ പ്രിന്റുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. 3 മുതൽ 10 വരെ പ്രിന്റുകൾ ഒന്നിനുമേൽ ഒന്നായി ചെയ്തിട്ടൊക്കെയാണ് നമ്മൾ കാണുന്ന പല തുണിത്തരങ്ങളും മാർക്കറ്റിൽ എത്തുന്നത്. അത്തരത്തിൽ മൂന്ന് പ്രിന്റുകൾ എൻ്റെ മുന്നിൽ വെച്ച് ചെയ്ത്, ആനയുടെ പടമുള്ള ഒരു തുണിക്കഷണം അവരെനിക്ക് സമ്മാനിച്ചു.
പരവതാനി നിർമ്മാണവും സന്ദർശകർക്ക് അത് നേരിൽ കാണാനുള്ള സൗകര്യവും അവിടെ ഒരുക്കിയിരിക്കുന്നു. പട്ടണത്തിന് വെളിയിൽ നൂറുകണക്കിന് തറികളിൽ ഇത്തരത്തിൽ പരവതാനികളും തുണിത്തരങ്ങളും നിർമ്മിച്ച് കൊണ്ടിരിക്കുന്നുണ്ട്.
* പരവതാനി നിർമ്മാണത്തിന്റെ പ്രധാന ഘട്ടം അതിന്റെ ഡിസൈൻ തയ്യാറാക്കുക എന്നതാണ്.
* പിന്നീട് ആ ഡിസൈന് അനുസരിച്ച് കമ്പിളി നൂലുകൾക്ക് നിറം നൽകുന്നു. തുണിത്തരങ്ങൾക്ക് ഡൈ ഉപയോഗിച്ച് നിറം നൽകുന്നത് പോലെയുള്ള പരിപാടിയാണ് ഇത്.
* ചെമ്മരിയാട്, ഒട്ടകം, യാക്ക്, എന്നീ മൃഗങ്ങളുടെ രോമമാണ് പരവതാനിക്ക് വേണ്ടി എടുക്കുന്നത്.
* കൂടാതെ വലിയ വിലയുള്ള സിൽക്കിന്റെ പരവതാനികളും ഉണ്ട്. ഒരു ചതുരശ്ര അടി 12,000 രൂപ വരെ അതിന് വിലയുണ്ട്.
* ഇക്കാലത്ത് മാർക്കറ്റിൽ സിന്തറ്റിക് പരവതാനികളും ധാരാളം ലഭ്യമാണ്.
* ഡിസൈൻ അനുസരിച്ച് കെട്ടുകൾ ഇട്ടാണ് പരവതാനി നെയ്യുന്നത്. ഒറ്റക്കെട്ട്, ഇരട്ടക്കെട്ട് എന്നിങ്ങനെ രണ്ട് നെയ്ത്ത് രീതികൾ ഉണ്ട്. ഒറ്റക്കെട്ടാണ് നല്ലതെന്ന് ഈ നിർമ്മാതാക്കൾ പറയുന്നു. എനിക്കതിന്റെ ആധികാരികത അറിയില്ല.
* 6 x 9 അടി വിസ്തീർണ്ണമുള്ള ഒരു പരവതാനി തയ്യാറാക്കാൻ 6 മുതൽ 8 മാസം വരെ എടുക്കും. അതിന്റെ പകുതി വലിപ്പമുള്ള സിൽക്ക് പരവതാനിക്ക് ഒരു വർഷം വരെ സമയമെടുക്കും.
* നെയ്യുന്ന കമ്പിളി നൂലിന്, (അഥവാ കെട്ട് ഇടുന്ന നൂല്) പുറമേ അതിന്റെ കുറുകെയുള്ള നൂലുകളും (base) കമ്പിളിയിൽ ചെയ്യുന്ന പരവതാനികളുണ്ട്. അതിനെ 100% കമ്പിളി പരവതാനി എന്ന് വിളിക്കാം.
* നെയ്ത്ത് കഴിഞ്ഞാൽ പരവതാനി കഴുകി ഉണക്കി എടുക്കുന്നു. ഷാമ്പു ഉപയോഗിച്ച് കഴുകാം.
* അതിനുശേഷം പരവതാനി തിരിച്ചിട്ട്, പിൻഭാഗത്ത് ഗ്യാസ് നാളം ഉപയോഗിച്ച് കത്തിക്കുന്നു. കമ്പിളിക്ക് പകരം സിന്തറ്റിക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സിന്തറ്റിക് ആണെങ്കിൽ പരവതാനിയിൽ തീ പടർന്ന് പിടിക്കും.
* കത്തിച്ച് കഴിയുന്നതോടെ പരവതാനിക്ക് തറയുമായുള്ള പിടുത്തം (grip) കൂടുന്നു.
* കത്തിക്കൽ മൂലം ഉണ്ടായ കറുത്ത പൊടി ഒരു ബ്രഷ് ഉപയോഗിച്ച് തുടച്ച് കളഞ്ഞാൽ പോകുന്നതാണ്.
* ശേഷം, പരവതാനിയിൽ കെട്ടിച്ചേർത്ത നൂലുകൾ കൃത്യം അളവിൽ, ഒരു പ്രത്യേക രീതിയിൽ കത്രിക ഉപയോഗിച്ച് മുറിക്കുന്നു.
* പിന്നീട് കൂർത്ത അറ്റമുള്ള ഇരുമ്പിന്റെ ദണ്ഡ് കെട്ടുകൾക്കിടയിലൂടെ അഥവാ പരവതാനിയുടെ മുകൾഭാഗത്ത് കൂടെ പായിച്ച് കെട്ടുകൾ ഒന്നും തടയുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു. ഈ പരവതാനിയിൽ നായ്ക്കളും പൂച്ചകളും മാന്തുകയോ പറിക്കുകയോ ചെയ്താൽ കേടാകില്ല എന്നുള്ള ഒരു ടെസ്റ്റ് കൂടെയാണ് ഇത്.
* പിന്നീട് പരവതാനിയുടെ അരികിലെ നൂലുകളും (base threads) വശങ്ങളും എല്ലാം മോടി പിടിപ്പിക്കുന്നു.
* മെഷീനിൽ ഉണ്ടാക്കിയ സിന്തറ്റിക് പർവതാനികളുടെ ഒരു നൂല് പിടിച്ച് വലിച്ചാൽ മുഴുവൻ കെട്ടുകളും അഴിഞ്ഞ് പോരും. കൈകൊണ്ട് തറയിൽ തുന്നിയ പരവതാനിക്ക് അങ്ങനെ ഒരു പ്രശ്നമില്ല. ഒരു കെട്ട് അഴിച്ചാൽ അത് മാത്രമേ പുറത്തേക്ക് വരൂ. തറിയിൽ കെട്ടിട്ട് കൈകൊണ്ട് തുന്നിയ പരവതാനികൾ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
* നമുക്ക് ആവശ്യമുള്ള വലിപ്പത്തിൽ ആവശ്യമുള്ള ഡിസൈനിൽ ആവശ്യമുള്ള കമ്പിളി നൂൽ ഉപയോഗിച്ച് ഇവർ പരവതാനികൾ ഉണ്ടാക്കി നൽകും.
ഇത്രയൊക്കെ കണ്ട് മനസ്സിലാക്കിയപ്പോൾ 6 x 2 അടിയുടെ ഒരു (100% കമ്പിളി) പരവതാനി വാങ്ങാതിരിക്കാൻ എനിക്കായില്ല. ഭാഗിയിൽ ഞാൻ കിടക്കുന്ന അത്രയും സ്ഥലത്ത് അത് കൃത്യമായി വീഴും. തണുപ്പുള്ള കാലാവസ്ഥയിൽ യാത്ര ചെയ്യുമ്പോൾ എനിക്കത് കമ്പിളിയുടെ ഗുണം ചെയ്യും.
100% കമ്പിളി പരവതാനി ആണെങ്കിൽ കോട്ടൻ ബേസ് ഉള്ള പരവതാനിയേക്കാൾ വില കൂടുതലാണ്. എനിക്ക് പക്ഷേ 100% കമ്പിളി പരവതാനി വേണമായിരുന്നു. കോട്ടൺ ബേസുള്ള പരവതാനിയുടെ വിലയ്ക്ക് തന്നാൽ വാങ്ങാമെന്ന് ഞാൻ പറഞ്ഞു. അവരത് സസന്തോഷം സമ്മതിച്ചു. അതിന് കാരണമുണ്ട്.
സാധാരണ ഇത്തരം കച്ചവട സ്ഥലങ്ങളിൽ, ടൂർ ഗൈഡ്, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, മറ്റ് ഏജൻ്റുമാർ എന്നിവരാണ് ഉപഭോക്താക്കളെ കൊണ്ടെത്തിക്കുന്നത്. ഈ ഇടനിലക്കാർക്ക് 10% കമ്മീഷൻ കടക്കാരൻ കൊടുക്കണം. വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയൊക്കെ ഒരു നടപടിക്രമം അങ്ങനെയാണ്. എന്റെ കാര്യത്തിൽ അങ്ങനെയൊരു ഇടനിലക്കാരൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് വില കുറച്ച് തരാൻ അവർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഉപഭോക്താവ് നേരിട്ട് ചെന്ന് വാങ്ങുന്നതാണ് അവർക്കും താല്പര്യം.
കഴിഞ്ഞ രാജസ്ഥാൻ സന്ദർശനത്തിൽ ജയ്സാൽമീറിൽ നിന്ന് ദറി വാങ്ങി, അതിലാണ് ഞാൻ ഇതുവരെ കിടന്നിരുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഒരു കാർപെറ്റ് വാങ്ങുന്നത്. ചവിട്ടി നടക്കുന്നത് പോലെ കിടന്നുറങ്ങാനും കാർപെറ്റ് ഉപയോഗിക്കാം എന്നത് ഒരു പുതിയ അനുഭൂതിയാണ്. ദറിയിൽ നിന്ന് എനിക്ക് പരവതാനിയിലേക്ക് സ്ഥാനക്കയറ്റം ആയിരിക്കുന്നു!
4. ഇനി, ഇന്ന് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന നാലാമത്തെ കാര്യം. ഈ യാത്ര 100 ദിവസം ഇന്നലെ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷം ഇന്ന് മഞ്ജുവിനും Manju Pareek നിധേഷിനും ഖുശിയ്ക്കും ഖുശിയുടെ സുഹൃത്തുക്കളായ സമീക്ഷയ്ക്കും മെഹക്കിനും ഒപ്പം പൊടിപൊടിച്ചു. കുട്ടികൾ കേക്ക് വാങ്ങി, ഓടിക്കൊണ്ടിരിക്കുന്ന ഭാഗിയുടെ ചിത്രം അതിന് മുകളിൽ വരച്ച് വെച്ച്, ഭാഗിയുടെ ബോണറ്റിൽ വെച്ച് എന്നെക്കൊണ്ട് കേക്ക് മുറിപ്പിച്ചു. അവരെനിക്ക് പോളറോയ്ഡ് ക്യാമറയിൽ എടുത്ത ഓർമ്മച്ചിത്രത്തിൽ തീയതി എഴുതി സമ്മാനിച്ചു. അനന്തരം ഞങ്ങളെല്ലാവരും മക്ഡൊണാൾഡ്സിൽ പോയി ഭക്ഷണം കഴിച്ച് പരിപാടി ഗംഭീരമാക്കി.
ഇത് എന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം കൂടെ ആയി കണക്കാക്കണം. ക്രിസ്തുമസ് കാലമായാൽ എത്രയോ കേക്കുകൾ വാങ്ങിയും സമ്മാനമായും കിട്ടിയിരുന്നതാണ്. ഈ വർഷം എനിക്കത് വല്ലാതെ നഷ്ടബോധം ഉണ്ടാക്കുന്നുണ്ട്. അതിന്റെ കുറവ് ഇങ്ങനെയെങ്കിലും തീർക്കാമെന്ന് വെച്ചു.
“100 ദിവസം പിന്നിട്ട ഈ യാത്രയെ, രണ്ട് വാചകത്തിൽ അങ്കിൾ എങ്ങനെ നിർവ്വചിക്കും?”….. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഖുശിയുടെ കിടിലൻ ഒരു ചോദ്യം.
“വാചകം 1:- ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സുഖപ്രദവും സുരക്ഷിതവുമായ ജീവിതസാഹചര്യങ്ങൾക്ക് പുറത്തുള്ള ലോകം.
വാചകം 2:- ഏറ്റവും കുറഞ്ഞ ജീവിതസൗകര്യങ്ങളിൽ എങ്ങനെ കഴിയാം എന്ന അനുഭവം.” ….
തെല്ലൊന്ന് ആലോചിച്ച ശേഷം ഇതായിരുന്നു എൻ്റെ മറുപടി.
നല്ലൊരു സായാഹ്നം സമ്മാനിച്ചതിന് മഞ്ജുവിനും കുടുംബത്തിനും കുട്ടികൾക്കും നന്ദി. നൂറ് ദിവസത്തിലേറെ ആകുന്നു ഏതെങ്കിലും സുഹൃത്തുക്കൾക്കൊപ്പം എവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട്.
ക്രിസ്തുമസ് തലേന്ന് ഗുജറാത്തിലെ വഡോദരയിൽ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇങ്ങോട്ട് വരുമ്പോൾ വഡോദരയിൽ എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പിയ ദിവ്യയും Divya Pullanikkattil കുടുംബവും തയ്യാറാണെങ്കിൽ, ക്രിസ്തുമസ് ആഘോഷങ്ങൾ അവിടെയും തുടരാൻ ഞാൻ തയ്യാറാണ്.
നാളെ രാവിലെ ഉദയ്പൂരിലേക്ക് തിരിക്കുന്നു. 7 മണിക്കൂർ ഡ്രൈവ് ഉണ്ട്. നാളെ ഉദയ്പൂരിൽ തങ്ങും. മറ്റന്നാൾ ഗുജറാത്തിലേക്ക് കടക്കും.
വാൽക്കഷണം:- കഴിഞ്ഞദിവസം ജയ്പൂർ നഗരത്തിൽ ഉണ്ടായ ഗ്യാസ് ടാങ്കർ അപകടം നടുക്കുന്നതാണ്. 38 പേർ കത്തി മരിച്ചു. ഒരുപാട് പേർക്ക് പരിക്കുണ്ട്. ഒരു പ്രദേശം മുഴുവൻ കത്തിയമർന്നു. 30ൽ അധികം കാറുകൾക്ക് തീപിടിച്ചു. ഗ്യാസ് സ്റ്റേഷന് സമീപമാണ് ഈ അത്യാഹിതം ഉണ്ടായത്. ഞാൻ പലപ്പോഴും കിടന്നുറങ്ങുന്നത് ഗ്യാസ് സ്റ്റേഷനുകളിൽ ആണല്ലോ. ആയതിനാൽ, ഞാൻ സുരക്ഷിതനാണോ എന്ന് അന്വേഷിച്ച് സന്ദേശങ്ങൾ അയക്കുകയും വിളിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. അപകട സ്ഥലത്തിന് 12 കിലോമീറ്റർ ഇപ്പുറം ഞാൻ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് കത്തിത്തീർന്ന് പോയ എല്ലാ മനുഷ്യർക്കും ആദരാഞ്ജലികൾ.
ശുഭരാത്രി.