onam_leaf

പിന്നാമ്പുറ ജീവിതങ്ങള്‍


കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബ്ലോഗിലൊക്കെ വരുന്നതിനും ഒരുപാട് മുന്‍പ്….മലയാളത്തില്‍ ഒരു ലേഖനം വായിക്കാനിടയായിട്ടുണ്ട്. കൃഷ്ണ പൂജപ്പുര എന്ന വ്യക്തി ദീപിക ഓണ്‍ലൈനില്‍ എഴുതിയ ആ ലേഖനത്തിന്റെ തലക്കെട്ട് ‘മാവേലി അകലെയാണ് ‘ എന്നായിരുന്നു.

ഒരു ഇടത്തരം ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ പോയ ലേഖകന്റെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു അതില്‍. ഓണസദ്യയൊക്കെ കഴിച്ച് കൈ കഴുകാന്‍ പോയപ്പോള്‍ ആ ഭാഗത്തെവിടെയോ ക്ഷീണിച്ച് അവശനായി നിന്നിരുന്ന അടുക്ക പിന്നാമ്പുറത്തുള്ള ഒരു പാവപ്പെട്ട ജോലിക്കാരന്റെ ആത്മരോദനമായിരുന്നു ആ ലേഖനത്തിന്റെ കാതല്‍.

“ ഓണമായാലും പെരുന്നാളായാലും എന്ത് നാശം പിടിച്ച ആഘോഷമായാലും നടുവൊടിയുന്നത് ഞങ്ങളെപ്പോലുള്ളവരുടേതാണ് സാറേ. നേരെ ചൊവ്വേ ഒന്നുറങ്ങിയിട്ട് ദിവസമെത്രയായെന്ന് അറിയോ? ഈ പാത്രങ്ങളൊക്കെ മോറിവെച്ച് ഒന്ന് നടുനിവര്‍ത്താമെന്ന് കരുതുമ്പോഴേക്കും നേരം വെളുക്കും. പിന്നെ അടുത്ത ദിവസത്തെ കഷ്ടപ്പാടുകള്‍ തുടങ്ങുകയായി. അതിനിടയില്‍ ഒന്ന് ശ്വാസം വിടാന്‍ ഇതുപോലെ എങ്ങോട്ടെങ്കിലും ഒന്ന് മാറി നിന്നാല്‍ ഉടന്‍ മുതലാളിയുടേയോ മാനേജറുടേയോ തെറി അഭിഷേകമായി. ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു ഈ പണ്ടാറം ആഘോഷമൊക്കെ. ”

മദ്രാസില്‍ ജീവിക്കുന്ന കാലത്ത് ഒരിക്കല്‍ ഹോട്ടലില്‍ ഓണസദ്യ കഴിക്കാന്‍ ഞാനും പോയിട്ടുണ്ട്. അന്ന് ഈ പിന്നാമ്പുറ ജീവിതങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ല. പിന്നീടാണ് മേല്‍പ്പറഞ്ഞ ലേഖനം വായിക്കുന്നത്. അതിനുശേഷം ആഘോഷ ദിവങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പോയിട്ടില്ല. ഇനി അഥവാ പോകേണ്ടതായി വന്നാല്‍…. ആ പിന്നാമ്പുറത്തുക്കാരെ കാണാതെ ‘ഗൌനിക്കാതെ’ മടങ്ങുകയുമില്ല.

മുന്തിയ ഹോട്ടലുകളില്‍ ഓണസദ്യ കഴിക്കാന്‍ പോകുന്ന മലയാളി സുഹൃത്തുക്കളേ…

ഉരുട്ടി ഉരുട്ടി അകത്താക്കുന്ന ഓണസദ്യയ്ക്കിടയില്‍ ഈ രോദനം കേള്‍ക്കാതെ പോകരുതേ. പറ്റുമെങ്കില്‍ …. വെയ്‌റ്റര്‍ക്ക് കൊടുക്കുന്നതിനൊപ്പം മോശമല്ലാത്ത ഒരു ടിപ്പ് ആ അടുക്കള പിന്നാമ്പുറത്തെ ഒന്നോ രണ്ടോ പാത്രം കഴുകലുകാര്‍ക്കും കൊടുത്തിട്ടേ മടങ്ങാവൂ. എന്നാലേ ഓരോ ഓണസദ്യയും പൂര്‍ണ്ണമാകൂ. ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാകൂ, ഓണം നന്നാകൂ.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Comments

comments

30 thoughts on “ പിന്നാമ്പുറ ജീവിതങ്ങള്‍

 1. ഗൂഗിള്‍ ബസ്സില്‍ ഒരു കുറിപ്പായിട്ടാണ് ഇത് ആദ്യമെഴുതിയത്. പിന്നെ തോന്ന്, ഒരു ഓണാശംസയായി ബ്ലോഗിലും കിടക്കട്ടെ എന്ന്…

  ഇക്കൊല്ലം എനിക്ക് ഓണമില്ലെങ്കിലും, എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

 2. ആഘോഷങ്ങള്‍ക്കിടയില്‍ ആരവങ്ങള്‍ക്കിടയില്‍ ആരുമറിയാതെ പോകുന്ന പിന്നാമ്പുറത്തെ രോദനങ്ങളെ ഓര്‍ത്ത ഈ നല്ല മനസ്സിന് നന്ദി.
  ആഘോഷങ്ങള്‍ തീറ്റയും കുടിയുമായി അധ:പതിയ്ക്കുന്ന ഇക്കാലത്ത്, നന്മയുടെ ഈ പങ്കു വെയ്ക്കലിന് അഭിനന്ദനങ്ങള്‍!

 3. വളരെ ശരിയാണു മനോജെട്ടാ….അധികമാരും ഓര്‍ക്കാത്ത,അല്ലെങ്കില്‍ ഓര്‍ക്കാന്‍ മെനക്കെടാത്ത ഒരു കാര്യം…
  മനോജേട്ടനും കുടുംബത്തിനും എന്റെ ഓണാശംസകള്‍….

 4. ആരും കാണാതെ പോകുന്ന…അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കാതെ പോകുന്ന ഈ ” പിന്നാം പുറതുകാരെ” ഈ ഓണ നാളുകളില്‍ ഓര്‍ക്കാന്‍ ശ്രമിച്ചത്‌ തന്നെ വലിയ കാര്യം

 5. ആരും കാണാത്ത ആംഗിളില്‍ നിരക്ഷരന്‍ തന്റെ മനസ്സിന്‍ ക്യാമറ ഫോക്കസ്‌ ചെയ്തു. നീരുവിനോട് ബഹുമാനം തോന്നുന്നു. ഓണം എന്ന അടിപൊളി ആഘോഷത്തില്‍ ഇങ്ങനെ ഒക്കെ ചിന്തിക്കണമെങ്കില്‍ ശുദ്ധഹൃദയം, വിശാലമനസ് ഒക്കെ വേണം.

  നീരുവിനും കുടുംബത്തിനും പിന്നെ എല്ലാ ബ്ലോഗ്‌ സ്നേഹിതര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍..

 6. കാര്യഗൌരവമുള്ള പോസ്റ്റ്!

  ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യമല്ല, ബോധപൂര്‍വ്വം, സൌകര്യപൂര്‍വ്വം അവഗണിക്കപ്പെടുന്നതാണ്..

  അപ്രിയസത്യം എന്ന ഗണത്തില്‍ പെടുത്താം..:-)

  ഓഫ്:
  കഴിഞ്ഞ കൊല്ലം ഈ സമയത്ത് മനോജേട്ടന്‍ ഈ സംഭവം മുന്‍പ് എന്നോട് പറഞ്ഞതോര്‍മ്മയുണ്ടൊ? അന്നേ ഞാന്‍ പറഞ്ഞതാ ഇത് ഒരു പോസ്റ്റാക്കാന്‍.. ഒരോണം കഴിഞ്ഞപ്പോളെങ്കിലും ബോധം വന്നല്ലോ! :-)

 7. പുണ്യത്തിന്‍റെ പൂക്കാലമായി
  റമദാനും,പൂക്കളുടെ പുണ്യകാലമായി
  ഓണനാളും ഒത്തുചേരുന്നേരം ഇതൊന്നും
  അറിയാനും ആസ്വദിക്കാനുമാവാത്ത ഈ പാവം
  പിന്നാമ്പുറ ജീവനക്കാരെ ഒരുനിമിഷം ഓര്‍ക്കാന്‍
  നമുക്കാവണം…

  ഇത്തവണത്തെ റമദാന്‍-ഓണ ആശംസകള്‍
  ഈ പിന്നാമ്പുറ ജീവിതങ്ങള്‍ക്കായിവിടെ
  സമര്‍പ്പിക്കാം..

 8. രണ്ട് കൊല്ലം മുൻപ്, തിരുവോണ ദിവസമല്ലങ്കിലും, ഓണ സീസണിൽ, കണ്ണൂരിലെ തിരക്കേറിയ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങി, സുഹ്രുത്തിനു പുക വലിക്കാനായി ഹോട്ടലിന്റെ പുറകിലേക്ക് പോയി.(പബ്ലികായി പുകവലി പാടില്ലലോ). ഒരു കുന്ന് പാത്രങ്ങൾക്ക് നടുവിൽ ഒരു സാധു മനുഷ്യൻ വിയർപ്പിൽ കുളിച്ച് പണിയെടുക്കുന്നത് കണ്ട്, അയാളോട് രണ്ട് വാക്ക് സംസാരിക്കാനും, പത്തു രൂപയുമെടുത്ത് കൊടുക്കാനും ശ്രമിച്ചപ്പോൾ എവിടുന്നോ മാനേജരെന്ന് പറയുന്ന കാട്ടാളനെത്തി,ആ‍ പാവം മനുഷ്യനെ തെറിയും, ടിപ്പ് കൊടുക്കണമെങ്കിൽ കാഷ് കൌണ്ടറിൽ ഒരു ടിൻ വച്ചിട്ടുണ്ട്, അതിലിട്ടാൽ മതി, എല്ലാവർക്കും മാസാവസാനം വീതിച്ചു കൊടുക്കുകയുമാണന്ന് പറഞ്ഞു.മാനേജർ പോയി കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, കഴിഞ്ഞ ആറു മാസത്തിനിടയിൽ ടിപ്പിന്റെ ഷെയറെന്ന് പറഞ്ഞ് അയാൾക്ക് കിട്ടിയിരിക്കുന്നത് പതിനഞ്ച് രൂപയാണന്ന്. ആകസ്മികമായിരിക്കണം, മനോജേട്ടെന്റെ സുഹ്രുത്തിനുണ്ടായ അതേ അനുഭവം.!

 9. വളരെ നന്ദി മനോജേട്ടാ, ആഘോഷങ്ങല്കിടയില്‍ മറന്നു പോവുന്ന പിന്നാമ്പുറ ജീവിതങ്ങളെ പറ്റി ഓര്‍മിപ്പിച്ചതിനു. ഇപ്പ്രാവശ്യം ഞാന്‍ മറക്കില്ല ഈ ജീവിതങ്ങളെ.
  എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

 10. പറഞ്ഞത് കാര്യം തന്നെ. പക്ഷെ ഞാനുള്‍പ്പെടെ എത്ര പേര്‍ ഇതൊക്കെ ഓര്‍ക്കാന്‍..!! ഇക്കുറി ഓണമില്ലെങ്കിലും ഓണാശംസകള്‍ നേരുന്നു

 11. നല്ല ചിന്ത.

  ഓണവും പെരുന്നാളുമൊക്കെ സാർത്ഥകമാവാൻ ഇങ്ങനെ ചിന്തിക്കണം…

  ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

 12. ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വായന വൈകി.

  എന്റേയും വൈകിയ ഒരു ഓണാശംസ തരുന്നു.

  പല ഓണപോസ്റ്റും വായിച്ചു.കണ്ണു നിറഞ്ഞത് ഇതു ഒന്നുമാത്രം വായിച്ചപ്പോള്‍ .ചില വീട്ടമ്മമാരുടേയും അവസ്ഥ ഇതു പോലെ തന്നെ.ചില സമയങ്ങളില്‍ ഈ ഞാനും
  കരഞ്ഞു പോയിട്ടുണ്ട്, മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ട് ഇതൊക്കെ തുടങ്ങിവച്ചവരെ ഒന്നുകണ്ടിരുന്നങ്കില്‍ എന്ന്.

  എല്ലാ നന്മകളും…………..

 13. എന്നാലും എന്‍റെ ചേട്ടാ, ആ ഇലയിലും ചിക്കന്‍ പീസോ?
  ഇക്കുറി അവിട്ടത്തിന്‍റെ അന്ന് രാവിലെ ആഹാരം കളമശ്ശേരിയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു, ആദ്യമായി ഞാന്‍ പാചകം ചെയ്തവര്‍ക്ക് ടിപ്പ് കൊടുത്തു.പ്രാവര്‍ത്തികം ആക്കിയട്ട് കമന്‍റ്‌ ഇടാമെന്ന് കരുതിയാ ഇത് വരെ അനങ്ങതിരുന്നത്

 14. നിരക്ഷരനറിയാൻ,
  A small prose of my sister I post here as my comment.
  Ajay

  അക്ഷരങ്ങൾ

  ലോകം അക്ഷരമറിയുന്ന
  നിരക്ഷന്മാരുടേതാണിന്ന്
  ഭദ്രമായിയടച്ച വാതിൽ
  തള്ളിതുറന്നകത്തു കയറുന്ന
  നിരക്ഷരചിന്തകൾ
  ലോകം ചുരുങ്ങിയ വഴികളിൽ
  മുൻവാതിലുകളടച്ചു പൂട്ടി
  പിൻ വാതിലിൽ
  ഒളിച്ചിരിക്കുന്ന നിഴൽപ്പാടുകൾ.
  കണ്ടുമടുത്ത നിഴൽനിറങ്ങൾക്കകലെ
  മുത്തുച്ചിപ്പികളുടെ ലോകമായുണരുന്ന
  കടൽ
  എത്രയോ വഴികളിൽ
  എത്രയോ സായാഹ്നങ്ങളിൽ
  നക്ഷത്രസന്ധ്യകളിൽ
  അക്ഷരങ്ങളിലെ
  അനൗചിതമായ നിരക്ഷരത
  മായ്ക്കുന്ന ഒരു വേണുഗാനം
  നാരായണീയത്തിലൊഴുകി
  അത് കാണാതെയൊഴുകുന്നു
  അക്ഷരമറിയുന്ന നിരക്ഷരർ
  കടലേ നീന്റെ തീരങ്ങളിലിരുന്ന്
  ഞാനെഴുതുന്ന അക്ഷരങ്ങളെ
  നീ മായ്ക്കാതിരിക്കുക…..

 15. Good one!
  Hope some care and attention is also given to your wife as well. :)

  She (like any other wife) goes through similar pains on the day of such festivals. ;)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>