24012013

നത്തോലി ഒരു ചെറിയ മീനല്ല.


ല്ലാർപാടം കണ്ടൈനർ ടെർമിനൽ റോഡിന്റെ കോതാട് ഭാഗത്തുള്ള പാലം പൊളിഞ്ഞിട്ട് മാസം 6 ആയെന്നാണ് എന്റെ ഓർമ്മ. കോൺക്രീറ്റ് അടർന്ന് വീണ് കമ്പിയൊക്കെ പുറത്ത് കാണുന്ന വിധത്തിലാണ് പാലമിപ്പോൾ. പണിതീർന്നിട്ട് ഒരുകൊല്ലം മാത്രമായ ഒരു പാലമാണിത്. ലോഡുമായി പോയ ഒരു കണ്ടൈനർ ലോറിയുടെ ചക്രങ്ങൾ പാലത്തിലുണ്ടായ ദ്വാരത്തിൽ കുടുങ്ങിയെങ്കിലും ലോറി നിർത്താതെ ഓടിച്ച് പോയതുകൊണ്ട് വലിയ അപകടം ഒന്നുമുണ്ടായില്ല. തൊട്ടടുത്ത ദിവസം ചാനലുകളിലും പത്രങ്ങളിലുമൊക്കെ ഇത് വാർത്തയായിരുന്നു. പിറ്റേന്ന് സ്ഥലം എം.എൽ.എ. ശ്രീ ഹൈബി ഈടൻ അടക്കമുള്ള ചിലർ പാലത്തിൽ പ്രതിഷേധ യോഗം കൂടുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടായതായി ഇതുവരെ കാണാനായിട്ടില്ല.

പാലത്തിന്റെ ആ ഭാഗത്തുകൂടെയുള്ള (1.8 കിലോമീറ്റർ) ഗതാഗതം നിയന്ത്രിക്കുക മാത്രമാണ് നാളിത്രയായിട്ടും ചെയ്തിട്ടുള്ളത്. അതിന് പ്രത്യേകിച്ച് ചിലവോ അദ്ധ്വാനമോ ഒന്നും ഇല്ലല്ലോ ? നാലഞ്ച് കല്ല് പെറുക്കി വെച്ച് റോഡ് ബ്ലോക്ക് ചെയ്യുക. ‘ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുന്നു’ എന്നൊരു ഫ്ലക്സ് ബോർഡ് 30 രൂപ കൊടുത്ത് എഴുതിവെക്കുക. അതോടെ പ്രശ്നപരിഹാരം ആയോ ?

കോടികൾ ചിലവാക്കി പണിയുന്ന ഒരുപാലത്തിന്റെ ആയുസ്സ് ഒരു കൊല്ലം മാത്രമാണോ ? പാലം പണിതിട്ട് പോയ കോണ്ട്രാൿടർക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ ഇതുവരെ ? അധികം താമസിയാതെ ഇപ്പോൾ ഗതാഗതം നടന്നുകൊണ്ടിരിക്കുന്ന പാലവും പൊളിഞ്ഞ് വീഴില്ലെന്ന് എന്താണുറപ്പ്. ആ പാലം പണിതതും ഇതേ കോണ്ട്രാൿടർ തന്നെ ആണല്ലോ !

ഒരു കാര്യം അധികാരികൾ മനസ്സിലാക്കേണ്ടതുണ്ട്. (അധികാരികൾ എന്ന് പറയുമ്പോൾ കൊച്ചിൻ മേയർ ശ്രീ. ടോണി ചമ്മിണി, എം.എൽ.എ. ശ്രീ. ഹൈബി ഈടൻ, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം പെടും.) നാലുവരിപ്പാതയുടെ രണ്ട് വരികളിലൂടെയുള്ള ഗതാഗതമാണ് ഇപ്പോൾ സ്തംഭിച്ചിരിക്കുന്നത്. മറുവശത്തുള്ള പാലം കൂടെ തകർന്നാൽ അതോടുകൂടെ കണ്ടൈനർ ടെർമിനൽ എന്ന പദ്ധതി സ്വിച്ച് ഓഫാക്കിയതുപോലെ നിൽക്കും. വല്ലാർപാടത്ത് വന്ന് നിറയുന്ന കണ്ടൈനറുകൾ നഗരത്തിന് വെളിയിലേക്ക് കടത്താൻ പിന്നെ, പട്ടണത്തിന് നടുവിലൂടെയുള്ള ഏതെങ്കിലും വഴി തന്നെ ആശ്രയിക്കേണ്ടി വരും. മെട്രോ റെയിലിന്റെ ഭാഗമായി പൊളിച്ചുപണി നടക്കുന്ന നോർത്ത് പാലത്തിലൂടെ ഒരു കണ്ടൈനർ ലോറി പോലും നേരം വണ്ണം കടന്നുപോയെന്ന് വരില്ല. ഇനി അങ്ങനെ സാധിച്ചാൽത്തന്നെ, നിലവിലുള്ള ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ റോഡുകൾ അതോടെ പൂർണ്ണമായും നിശ്ചലമാകും. സൌത്ത് പാലം വഴി പോയാലും വൈപ്പിൻ കരയെ ആശ്രയിച്ചാലും ഇതൊക്കെത്തന്നെയാകും ഫലം.

പ്രശ്നപരിഹാരമായി ചെയ്യാനാകുന്നത് ഒന്നുമാത്രമാണ്. എത്രയും പെട്ടെന്ന് പാലത്തിന്റെ പുനഃനിർമ്മാണം പൂർത്തിയാക്കുക. കഴിയുമെങ്കിൽ പാലം പണിതിട്ടുപോയ പഴയ കോണ്ട്രാൿടറെക്കൊണ്ട് തന്നെ സൌജന്യമായി പുതിയ പാലം പണിയിപ്പിക്കുക. സാങ്കേതിക വിദ്യയൊന്നും ഇത്രയ്ക്ക് കേമമല്ലാതിരുന്ന കാലത്ത്, കുറഞ്ഞ് ദിവസങ്ങൾ കൊണ്ട് പാലം പണിത ചരിത്രമൊക്കെ ഒരുപാടുണ്ട്. വേണമെന്ന് വെച്ചാൽ എല്ലാം നടക്കും. അവനവന്റെ പോക്കറ്റിലേക്കും തറവാട്ടിലേക്കും മാത്രം വേണമെന്ന് വെച്ചാൽ ഇതുപോലെ പാലം തകർന്ന കഥകൾ ഒരുപാടുണ്ടായെന്ന് വരും.

പാലത്തിൽ ഉണക്കാനിട്ടിരിക്കുന്ന മത്സ്യസമ്പത്ത്

ദോഷം പറയരുതല്ലോ? പൊളിഞ്ഞുകിടക്കുന്ന പാലത്തിന്റെ ഭാഗത്ത് ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാനാവില്ല. തദ്ദേശവാസികൾ ആ പാലം നല്ല നിലയ്ക്ക് തന്നെ ഉപയോഗിക്കുന്നുണ്ട്. നത്തോലി, മുള്ളൻ, ചെമ്മീൻ, എന്നിങ്ങനെയുള്ള മത്സ്യസമ്പത്തൊക്കെ അവർ ഉണക്കാനിടുന്നത് ഈ പാലത്തിലാണ്. നത്തോലി ഒരു ചെറിയ മീനല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ? അതുകൊണ്ടാണല്ലോ അതുണക്കാൻ, കോടികൾ ചിലവാക്കി നിർമ്മിച്ച കണ്ടൈനർ ടെർമിനൽ റോഡ് തന്നെ സർക്കാർ വിട്ടുകൊടുത്തിരിക്കുന്നത്.

Comments

comments

30 thoughts on “ നത്തോലി ഒരു ചെറിയ മീനല്ല.

 1. നത്തോലി ഒരു ചെറിയ മീനല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ? അതുകൊണ്ടാണല്ലോ അതുണക്കാൻ, കോടികൾ ചിലവാക്കി നിർമ്മിച്ച കണ്ടൈനർ ടെർമിനൽ റോഡ് തന്നെ സർക്കാർ വിട്ടുകൊടുത്തിരിക്കുന്നത്.

 2. കണ്ടയ്നർ ടെർമിനൽ നാട്ടുകാർക്കുപകാരപ്രദമല്ല എന്ന് ഇനിയാരും പറയത്തില്ല…
  പഴയ കോണ്ട്രാക്ടറെ കൊണ്ട് സൌജന്യമായ് പണിയിക്കൽ നടക്കുമോന്നു സംശയമാ, കോണ്ട്രാക്ടർ കൊടുത്തവരൊക്കെ, പുള്ളിക്ക് തിരിച്ചു കൊടുക്കുമോ ആവോ… :)

 3. Dear manoj ee gapil natholikkittum onnu panithu….. athinidakkum cheriya chila panikal okke koduthittundu “kuranja divasangalkondu….” adhehathey polullavar kondalley anginey okkey nammudey naadinu enthenkilumokkey cheyyaaan kazhinjathu….. athu nammal marakkaan paadillaaa…. nallathu cheyyunnavarey…. marakkaan paadillaaa…. oru vaakiloodeyo pravarthiyiloodeyo…. kaaranam avar viralil ennaavunnavar mathrey ullu nammukkum varum thalamurakkum….. thankaludey ee post vaayichittu kannu thurakkattey nammudey janasevakar…… ellaavidha baavukangalum

 4. കോണ്ട്രാക്ടർമാരെ മാത്രം പിടിച്ചാൽ പോരാ. കൺസൾട്ടന്റുകൾ, അപ്രൂവർമാർ, QC & ടെസ്റ്റ് ഇതൊക്കെ ചെയ്യുന്നവരും ഇവർക്കൊക്കെ അതാതു സ്റ്റേജുകളിൽ ബില്ലു പാസ്സാക്കുന്നവരും കൂടി ഉത്തരവാദിത്തം പങ്കുവെക്കണം.

 5. അതെന്താ സുഹൃത്തേ “കോണ്‍ട്രാക്ടറേക്കൊണ്ട് സൌജന്യമായി പുതിയ പാലം പണിയിപ്പിക്കുക” എന്നു നിര്‍ദ്ദേശിച്ചത്? അവരുടെ കുറ്റമായിക്കൊള്ളണമെന്നില്ലല്ലോ. എന്തായിരുന്നു ഈ പദ്ധതിയുടെ ഗുണനിലവാരനിര്‍ണ്ണയത്തിനുള്ള നടപടിക്രമങ്ങള്‍ എന്നും അവ പാലിച്ചിരുന്നോയെന്നും നമുക്കറിയില്ലല്ലോ. അവരുടെ കയ്യില്‍ ഓരോ ഘട്ടത്തിലേയും ഒപ്പിട്ട ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് ഉണ്ടെങ്കിലോ.

  താങ്കള്‍ പറയാഞ്ഞതുകൊണ്ട് ഞാന്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് ആ കമ്പനിയുടെ പേരും വെബ് സൈറ്റും തപ്പിയെടുത്തു. വെറും 314 കോടി ലാഭമുണ്ടാക്കിയ കമ്പനിയാണ്. അവര്‍ക്ക് സൌജന്യമായി ഇത്രവലിയ പദ്ധതി (ഒരു പാലം അമ്പാടെ പുതുക്കിപ്പണിയല്‍) ചെയ്യാനാകുമെന്നു തോന്നുന്നില്ല. പക്ഷേ തീര്‍ച്ചയായും ലാഭമെടുക്കാതെയോ അല്പം നഷ്ടം സഹിച്ചോ അവര്‍ അതു ഫിക്സ് ചെയ്യുമെന്നുതന്നെയാണ് എന്റെ വിശ്വാസം.

  നിര്‍മ്മാണമേഖലയിലെ എന്റെ മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണ്.

  1. @ കൊച്ചു കൊച്ചീച്ചി – മുകളിലെ കമന്റിൽ വിശ്വേട്ടൻ (വിശ്വപ്രഭ) പറഞ്ഞത് പോലെ കൺസൾട്ടന്റ്സ്, അപ്രൂവന്മാർ, QC & Test ചെയ്യുന്നവർ, അതാത് സ്റ്റേജുകളിൽ ബില്ല് പാസ്സാക്കുന്നവർ എന്നവരും കുറ്റക്കാർ തന്നെയാണ്. എന്നിരുന്നാലും പ്രഥമ കുറ്റവാളി കോണ്ട്രാൿടർ അല്ലാതെ പിന്നാരാണ് ? മേൽ‌പ്പറഞ്ഞവർക്കൊക്കെ കൈക്കൂലിയും കിമ്പളവുമൊക്കെ കൊടുത്ത് നിലവാരമില്ലാത്ത പണി നടത്താനായി സൌകര്യം ഉണ്ടാക്കിയെടുക്കുന്നത് കോണ്ട്രാൿടർ തന്നെയല്ലേ ? ഒരു മിനിമം നിലവാരത്തിലെങ്കിലും പണി നടത്തേണ്ടത് കോണ്ട്രാൿടർ തന്നെയാണെന്ന കാര്യം തർക്കമില്ലാത്തത് തന്നെയാണ്. കമ്പിയും സിമന്റും ഒക്കെ മിക്സ് ചെയ്യുന്നിടത്ത് കള്ളത്തരം നടത്തുന്നത് കോണ്ട്രാൿടർ അല്ലാതെ പിന്നാരാണ് ? ഡിസൈൻ കുഴപ്പം കൊണ്ടാണ് ഈ പാലം പൊളിഞ്ഞ് വീണത്, അതെങ്ങനെ കോണ്ട്രാൿടറുടെ കുറ്റമാകും എന്ന് വേണമെങ്കിൽ വാദിക്കാൻ മാത്രമായി പറഞ്ഞു നോക്കാം. പക്ഷെ അതുകൊണ്ടൊന്നും കോണ്ട്രാൿടർ പ്രതിസ്ഥാനത്തുനിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.

  2. മറുപടി എഴുതിവന്നപ്പോള്‍ വല്ലാണ്ട് നീണ്ടുപോയി, അതുകൊണ്ട് ഇവിടെ ഇടുന്നില്ല. എന്നുതന്നെയല്ല, ബ്ലോഗ് മര്യാദയനുസരിച്ച് താങ്കളുടേതാകണമല്ലോ അവസാനവാക്ക്. അതുകൊണ്ട് ഇമെയില്‍ ചെയ്യാം.

  3. ബ്ലോഗ് ഉടമയുടേതായിരിക്കണം അവസാന വാക്ക് എന്നൊരു ബ്ലോഗ് മര്യാദയുള്ളതായി എനിക്കറിയില്ല. ഉണ്ടെങ്കിൽത്തന്നെ അതിനെ ഞാൻ മാനിക്കുന്നില്ല.

 6. വര്‍ഷാവര്‍ഷം റോഡുകള്‍ പുതുക്കി പണിയാന്‍ ടെണ്ടര്‍ വിളിക്കും പോലെ പാലത്തിനും വരുമായിരിക്കും ടെണ്ടര്‍

 7. നാട്ടിലെല്ലാം ഫ്ലൈ ഓവര്‍ വരാന്‍ പോണെന്ന് ….. കര്‍ത്താവെ ആ കുഴിയില്‍ വീഴാതെ നീ ഞങ്ങളെയും നിന്നെയും കാത്തോണേ

 8. പഴയ “പഞ്ചവടിപ്പാലം” സിനിമ ഓർമ്മയില്ലെ ഭായ്?
  കറെ കാലം മുന്നെ അട്ടപ്പാടി മേഖലയിൽ ജോലി ചെയ്തിരുന്ന സമയത്ത് യാത്ര ചെയ്തിരുന്ന മണ്ണാർക്കാട് പുതിയ പാലം ഓർമ്മവരുന്നു. ഒരു ദിവസമെ അതിലൂടെ യാത്ര ചെയ്യാൻ പറ്റിയിള്ളൂ, പിന്നെ അത് അടച്ച് പഴയ പാലത്തിലൂടെയായി യാത്ര.
  നിയമം കർശനമായി നടപ്പാക്കണം, ബന്ധപ്പെട്ടവർ എല്ലാം ശിക്ഷിക്കപ്പെടണം. പക്ഷെ അത് ഇനി ഈ നാട്ടിൽ നടക്കുമെന്ന് സ്വപ്നം പോലും കാണണ്ട.

 9. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ ഒരു നിശ്ചിത കാലത്തെ ഗാരന്റി ഉറപ്പു നല്‍കുന്ന ഒരു ക്ലോസ് ഉള്‍പ്പെടുത്തിയാല്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു . കേരളത്തില്‍ അങ്ങനെ ഒരു സംഭവം കരാറുകാര്‍ക്ക് ഉണ്ടോ എന്നറിയില്ല .

 10. നിരക്ഷരാ,
  ഒരു അനുഭവം പറയാം
  എന്റെ ഒരു സുഹൃത്ത് (സതീര്‍ത്ഥ്യന്‍) പി ഡ്ബ്ല്യൂ ഡി യുടെ ചെറിയ കോണ്‍ട്രാക്റ്റുകള്‍ എടുത്ത് വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചെറിയ നടപ്പാലങ്ങളും പാച്ച് വര്‍ക്കുകളുമൊക്കെ ആയിരുന്നു മെയിന്‍ പണികള്‍. അങ്ങനെ തുടങ്ങുന്ന കാലത്ത് ഒരിയ്ക്കല്‍ ഒരു കലുങ്ക് നിര്‍മ്മിയ്ക്കാന്‍ കോണ്‍ട്രാക്റ്റ് പിടിച്ചു. ഇദ്ദേഹം സര്‍ക്കാര്‍ മാര്‍ഗരേഖപ്രകാരം കോണ്‍ക്രീറ്റ് കൂട്ടി വാര്‍ത്തു. രണ്ടുദിവസം കഴിഞ്ഞ് എന്‍ജിനീയര്‍ വന്ന് ഇദ്ദേഹത്തെ പറയാത്ത തെറിയില്ല എന്നാണ് എന്നോട് പറഞ്ഞത്. താന്‍ ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെ കോണ്‍ക്രീറ്റ് ചെയ്തത്? എന്നായിരുന്നു ചോദ്യം. നിന്റെ ബില്ല് പാസാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ടാ എന്നും പറഞ്ഞു. അത്യാവശ്യം അഭിമാനവും സത്യസന്ധതയും ആദര്‍ശവും ജീവിയ്ക്കാന്‍ വേറെ വഴികളുമുള്ള എന്റെ സുഹൃത്ത് അയാളുടെ മുഖത്ത് നോക്കി നാല് വര്‍ത്തമാനം പറഞ്ഞിട്ട് കോണ്‍ട്രാക്റ്റ് ഇടപാട് നിര്‍ത്തി. മാര്‍ഗരേഖപ്രകാരം മരാമത്ത് പണികള്‍ ചെയ്താല്‍ ദീര്‍ഘകാലം നിലനില്‍ക്കും എല്ലാ നിര്‍മ്മാണവും എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. പക്ഷെ ഈ നാറിയ ഭരണവും അധികാരവര്‍ഗവും ദുരാശ പിടിച്ച മനുഷ്യരും എല്ലാം കുളം തോണ്ടുകയാണ്. ആരുമില്ല ചോദിയ്ക്കാനും പേടിയ്ക്കാനും

 11. ആ… അങ്ങനെ ഗതാഗതം സുഗമമായി നടക്കുന്നില്ലെങ്കിലും മീനുണക്കാനെങ്കിലും ആ പാലം കൊണ്ട് പ്രയോജനമുണ്ടായല്ലോ മാഷേ…
  :)

 12. “പക്ഷെ ഈ നാറിയ ഭരണവും അധികാരവര്‍ഗവും ദുരാശ പിടിച്ച മനുഷ്യരും എല്ലാം കുളം തോണ്ടുകയാണ്. ആരുമില്ല ചോദിയ്ക്കാനും പേടിയ്ക്കാനും”

  http://hareshraichura.blogspot.com/2012/04/when-how-you-can-file-writ-pil-petition.html

  “Dr. Subramniam Swamy was right when he said on India TV, Aap Ki Adalat, Rajat Sharma TV show, that “It is good if Janlokpal Bill is passed, but even if it is not passed, I can show you that the existing laws are enough in this country to deal with corruption”.”

  http://hareshraichura.blogspot.com/2012/10/now-you-can-also-file-complaint-against.html

  “The Supreme Court Judgement in Case of Dr. Subramanian Swamy versus Dr. Man Mohan Singh and others came, on 31st January, 2012

  It said two things:

  1) Any Citizen can file a Private Complaint against any Public Servant for charges of corruption in nearest Court.

  2) No sanction needed when court registers it as a Complaint Case and Directs its Investigation of Corruption Charges by Higher Officers.”

 13. ഒന്നാം പ്രതി സ്ഥാനത്ത് കൊണ്ട്രക്ടരെ മാത്രം നിര്‍ത്താം എന്നുള്ള അഭിപ്രായത്തോട് എനിക്കും യോജിക്കാന്‍ പറ്റുന്നില്ല .അജിതെട്ടന്‍ പറഞ്ഞ പോലെ സത്യസന്ധം ആയി (അങ്ങിനെ ഉള്ള കുറച്ചു പേരെങ്കിലും കാണും ) പണി ചെയ്താല്‍ ബില്ല് പാസായി കിട്ടണേല്‍ വെള്ളം കുടിക്കും .അപ്പോള്‍ അതില്‍ നിന്ന് കുറെ മുക്കണം ,പങ്ക് എത്തേണ്ടിടത് എത്തണം .അങ്ങിനെ വരുമ്പോള്‍ ഒന്നാം സ്ഥാനത്തിനു അവകാശികള്‍ കുറെ പേര്‍ കാണും ..ഒരു വര്‍ക്ക് ചെയ്യുബോള്‍ ഇത്ര നാളേക്ക് ഉള്ള അറ്റ കൂറ്റ പണികള്‍ എല്ലാം നടത്തണം എന്നുള്ള വ്യവസ്ഥ ആദ്യമേ വെക്കണം ,മിനിമം ഗ്യാരണ്ടി ചെയ്യുന്ന പണിക്കു പറയുക എന്നത് ന്യായമായ കാര്യം ആണ് ..ഇത്തരത്തില്‍ കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട് ഉരാലുങ്കല്‌ ലേബര്‍ സൊസൈറ്റി ഒരു ഉദാഹരണം .

  ടൈറ്റില്‍ കണ്ടപ്പോള്‍ സിനിമ അവലോകനം ആയിരിക്കും എന്ന് കരുതി ആണ് വന്നത് .നല്ല ലേഖനം .

 14. എന്തായാലും ഒരു ഭഗം ക്രിയാത്മകമായി ഉപയോഗിക്കുന്ന നാട്ടുകാരെയും സമ്മതിക്കണം… കുത്തിയിരിപ്പ് സമരം നടത്തി ഉടൻ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ആഗഹിച്ചു പോകുന്നു… നല്ല പോസ്റ്റ്

 15. സില്‍മാ അവലോകനം ആയിരിക്കും എന്ന് കരുതി കയറിയതാ എങ്കിലും ലേഖനം വളരെ ഇഷ്ടപ്പെട്ടു.എനിക്ക് പരിചയത്തില്‍ ഉള്ള ചെറിയ റോഡ്‌ ടാരിങ്ങും കലുങ്ക് നിര്‍മ്മാണവും ഒക്കെ നടത്തിയിരുന്ന ഒരു കോണ്ട്രാക്ടര്‍ പറയാറുള്ള ഒരു കാര്യം ഇവിടെ പറയട്ടെ.PWD എന്ജിനീയരുടെ ഒരു ഒപ്പിനു വേണ്ടി ഒരു തുക കൈമണി കൊടുക്കണം.പിന്നെ ബില്‍ മാറിക്കിട്ടാന്‍ കുറെ നടക്കണം,ചോദിക്കുന്ന കാശ് കൊടുതില്ലെങ്ങില്‍ പല ഭീഷിനികളും.കൊന്ട്രക്ടര്മാര്‍ക്കും ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ട് ആണ്.

 16. റോഡില്‍ മത്സ്യം ഉണക്കുക്ക എന്നത് ഗോശ്രീ ക്കാരുടെ മൗലിക അവകാശം ആന്നു എന്ന് തോന്നുന്നു…..പ്രശ്നം നത്തോലി അല്ലാത്ത സ്ഥിതിക്ക് അതിനെ മാറ്റി കോണ്ട്രാക്ടറിനെ ആ പാലത്തില്‍ ഉണക്കേണ്ടതല്ലേ ?….എറണാകുളത് എത്ര തന്നെ വികസനം വന്നാലും…പഴയ പ്രശ്നങ്ങള്‍ ഒരിക്കലും മാറില്ല…അതായത് കുടിവെള്ളവും, ട്രാഫിക്കും……

 17. മോനോജെ
  നത്തോലി സംഭവം രസകരമായിപ്പറഞ്ഞു.
  അടുത്തിടെ ഒരു ടി വി ന്യുസ് കാണുകയുണ്ടായി:
  ചാരായം വില്‍ക്കാനുനുള്ള പെര്‍മിഷന്‍ / ലൈസന്‍സ്
  കൈക്കൂലി വാങ്ങി തീരെ ഗുണനിലവാരമില്ലാത്ത
  വിഷമദ്യ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന,
  ഒരു സംഭാഷണം നമ്മുടെ ടി വി ക്കാര്‍
  രഹസ്യ ക്യാമറയിലൂടെ പകര്‍ത്തിയ സംഭവം.
  ഇതും ഇതിലപ്പുറവും നമ്മുടെ രാജ്യത്ത് അല്ല വിശേഷിച്ചു നമ്മുടെ നാട്ടില്‍ നടക്കും മാഷെ
  ഈ പൊതുജനം എന്ന കഴുതകള്‍ ഇതെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ!
  സത്യം സത്യം സത്യം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>