ഉദയ്പൂരിൽ നിന്ന് അചൽഗഡ് കോട്ടയിലേക്ക് 170 കിലോമീറ്ററുണ്ട്. 3 മണിക്കൂർ യാത്ര. അതിൽ അവസാനത്തെ 25 കിലോമീറ്റർ രാജസ്ഥാനിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ മൗണ്ട് അബുവിലേക്കുള്ള കയറ്റമാണ്. മൗണ്ട് അബുവിൽ നിന്ന് വീണ്ടും 9 കിലോമീറ്റർ പോയാൽ അചൽഗഡ് കോട്ടയിലെത്താം.
ഇന്ന് ഉയദ്പൂർ ഹബ്ബ് വിടുന്നതുകൊണ്ട് അൽപ്പം വൈകിയാണ് പുറപ്പെട്ടത്. വലിയ തിരക്കൊന്നും ഇല്ലാതെ ദേശീയ പാതയിൽ ഭാഗി അനായാസം പൊയ്ക്കൊണ്ടേയിരുന്നു.
സ്വരൂപ്ഗഞ്ചിൽ, മാർബിളിലും പിങ്ക് സ്റ്റോണിലും ഗോൾഡൺ സ്റ്റോണിലും ഗംഭീര ഉരുപ്പടികൾ ഉണ്ടാക്കി വെച്ചിരിക്കുന്ന കടയിൽ കുറേ നേരം ചിലവാക്കി. അവിടന്ന് വിട്ടതും ത്രിവർണ്ണ പതാക നാട്ടിയ ഒരു സൈക്കിൾ മെല്ലെ നീങ്ങുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.
അതൊരു ദീർഘദൂര സവാരിക്കാരനാണെന്ന് സംശയം വേണ്ട. കാറിൽ ഇന്ത്യ ചുറ്റുന്നവരേക്കാൾ ബഹുമാനം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് കൊടുക്കണം. അതിലും ബഹുമാനം കൊടുക്കണം സൈക്കിളിൽ രാജ്യം ചുറ്റുന്നവർക്ക് എന്നാണ് എൻ്റെ പക്ഷം. എനിക്കുള്ളതിൻ്റെ പത്തിലൊന്ന് പോലും സൗകര്യം ഇല്ലാത്ത യാത്രയാണ് അവരുടേത്.
ഞാൻ ഭാഗിയെ സൈഡൊതുക്കി, അയാളുടെ സൈക്കിളിന് കൈ കാണിച്ചു. കക്ഷി സൈക്കിൾ നിർത്തി.
ഉത്തർപ്രദേശിലെ അയോദ്ധ്യക്കാരനാണ് കരൺരാജ് ഭീൽ എന്ന ഈ സൈക്കിൾ സവാരിക്കാരൻ. ഗോതമ്പും പച്ചക്കറികളും മറ്റും കൃഷി ചെയ്ത് ജീവിക്കുന്ന 35 കാരനായ സാധാരണക്കാരനായ ഒന്നാന്തരം ഒരു കർഷകൻ. ഇടതടവില്ലാതെ ഒരു വർഷം ഇന്ത്യ ചുറ്റിയടിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നു. യു.പി, ജാർഖണ്ഡ്, ഹിമാചൽ, എം.പി. എന്നീ സംസ്ഥാനങ്ങളിലായി 80 ദിവസത്തെ സഞ്ചാരം കഴിഞ്ഞിരിക്കുന്നു. ഇന്ത്യ കഴിഞ്ഞാൽ ലോകസഞ്ചാരമാണ് കരൺരാജിൻ്റെ പദ്ധതി. സൈക്കിളിൽ എഴുതി വെച്ചിരിക്കുന്നതും അങ്ങനെ തന്നെ.
ഭാഗി ഒപ്പം ഉണ്ടായിട്ടും കിടക്കാൻ സുരക്ഷിതമായ ഒരു സ്ഥലം, വൃത്തിയുള്ള ശൗചാലയങ്ങൾ, കുളിക്കാൻ ചൂടുവെള്ളം, എന്നിങ്ങനെ എത്രയെത്ര പ്രശ്നങ്ങൾ ആണെന്നോ ഒരാവശ്യവും ഇല്ലെങ്കിലും എന്നെ അലട്ടാറ്. കരൺരാജിനോട് അതെപ്പറ്റി ചോദിച്ചപ്പോൾ അയാൾക്ക് അതൊന്നും ഇതുവരെ പ്രശ്നം ഉണ്ടാക്കിയിട്ടില്ല പോലും! പോകുന്നയിടത്തെല്ലാം സുഹൃത്തുക്കൾ അയാൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. യൂട്യൂബിൽ അദ്ദേഹം യാത്രാവിശേഷങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഭാഗിയേയും എന്നേയും ചേർത്ത് കൈയോടെ ഒരു വീഡിയോ ഉണ്ടാക്കുകയും ചെയ്തു അദ്ദേഹം.
7000+ കിലോമീറ്റർ ഇതിനകം അദ്ദേഹം സഞ്ചരിച്ച് കഴിഞ്ഞു. 6 മാസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ തീർച്ചയായും വിളിക്കണമെന്ന് പറഞ്ഞ് നമ്പർ കൊടുത്തിട്ടുണ്ട് ഞാൻ. കൊച്ചിയിൽ വരുമ്പോൾ അദ്ദേഹത്തിന് തങ്ങാനുള്ള സൗകര്യം എൻ്റെ വകയാണ്. ഒരു മുൻപരിചയവും ഇല്ലാത്തതും ഉള്ളതുമായ എത്രയെത്ര മനുഷ്യർ, ഇത്രയും ദിവസങ്ങൾ എനിക്ക് ചെയ്തുതന്ന ഉപകാരങ്ങൾക്ക് പ്രത്യുപകാരം എന്ന നിലയ്ക്ക് മറ്റ് സഞ്ചാരികളെ സഹായിക്കുക തന്നെ.
10% മാത്രമാണ് യാത്രാച്ചിലവായി കരൺരാജിന് സ്വന്തം കൈയിൽ നിന്ന് എടുക്കാൻ ഉള്ളൂ. ബാക്കി മറ്റ് പലരുടേയും സഹായമാണ്. (സഹായിക്കണമെന്നുള്ളവർക്കുള്ള മാർഗ്ഗങ്ങൾ ചിത്രത്തിലുണ്ട്.)
15000 രൂപയുടെ ഒരു സൈക്കിൾ, അതിന്റെ കുറച്ച് സ്പെയറുകൾ, ഒരു ബാഗിൽ മൂന്ന് ജോഡി വസ്ത്രങ്ങൾ. ഒരു ബാഗിൽ കമ്പിളി, ഒരു ബാഗിൽ അത്യാവശ്യം ചായ തിളപ്പിക്കാനുള്ള അടുക്കള ഉപകരണങ്ങൾ, ഒരു ടെൻ്റ്, കിടക്കാൻ ഒരു മാറ്റ്, ഒരു മൊബൈൽ ഫോൺ. കഴിഞ്ഞു, ഒരു മനുഷ്യൻ ഇന്ത്യ ചുറ്റാൻ കൂടെ കരുതുന്ന സൗകര്യങ്ങളുടെ ലിസ്റ്റ് കഴിഞ്ഞു.
മൊബൈൽ ഫോൺ എങ്ങനെ ചാർജ്ജ് ചെയ്യും എന്ന് ചോദിച്ചപ്പോൾ, ഒരു ചായ കുടിക്കാൻ എവിടെയെങ്കിലും നിർത്തുമ്പോൾ അത് നടക്കുമെന്ന് മറുപടി.
ക്ഷേത്രങ്ങൾ, സത്രങ്ങൾ, ധാബകൾ, ഹോസ്പിറ്റൽ പരിസരം എന്ന് തുടങ്ങി പൊലീസ് സ്റ്റേഷൻ വളപ്പ് വരെ ഉറങ്ങാൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരൺരാജ് പറയുന്നത്.
കഴിഞ്ഞ വർഷം ഭാഗിക്കൊപ്പം ഗോവയിലേക്ക് പോകുന്ന വഴി ഞാൻ കണ്ട മറ്റൊരു സൈക്കിൾ സവാരിക്കാരൻ ചൈതന്യയ്ക്കും ഇത്രയൊക്കെ സൗകര്യങ്ങളേ ഉള്ളൂ.
നമ്മൾ വലിയ സൗകര്യങ്ങൾ ശീലിച്ച് പോയതിന്റെ കുഴപ്പമാണ്. അതിൽക്കുറഞ്ഞ സൗകര്യങ്ങളും സാഹചര്യവും ഏറ്റെടുത്ത് ഇറങ്ങിരിക്കാൻ സജ്ജരാകാത്തത് കൊണ്ടാണ്. വലിയ സൗകര്യങ്ങളിൽ ജീവിച്ചിട്ടില്ലാത്തവർക്ക് ഇത്തരമൊരു യാത്രയിൽ, വലിയ അങ്കലാപ്പുകൾ ഒന്നുമില്ല. അൽപ്പം ചങ്കൂറ്റം മാത്രമാണ് അവരുടെ മുതൽമുടക്ക്. അവരെ ബഹുമാനിച്ചേ പറ്റൂ, സഹായിച്ചേ പറ്റൂ.
ഇത്രയും വലിയ വാഹനത്തിൽ സഞ്ചരിക്കുന്ന നിലയ്ക്ക് ഒരു നായയെ കൂടെ കൂട്ടിക്കൂടെ എന്നാണ്, എന്നോട് കരൺരാജിൻ്റെ ചോദ്യം. ഉവ്വ്, കൂട്ടണം, കൂട്ടും. ആദ്യം എൻ്റെ ഈ തെണ്ടി ജീവിതം ഒന്ന് ശരിക്കും സെറ്റായിക്കോട്ടെ.
ഞങ്ങൾ അര മണിക്കൂറോളം സംസാരിച്ച് നിന്ന് കാണും. എനിക്കുറപ്പാണ് ഈ യാത്രയിൽ ഇതുപോലെ ഇനിയും ഒരുപാട് എണ്ണം പറഞ്ഞ സഞ്ചാരികളുടെ വഴി ഞാൻ മുറിച്ച് കടക്കും.
മൗണ്ട് അബുവിൽ ഭാഗിയെ എവിടെ പാർക്ക് ചെയ്യും എന്ന എൻ്റെ ചിന്തകളെല്ലാം കരൺരാജിനെ കണ്ടതോടെ പമ്പ കടന്നു. വഴിയരികിൽ എവിടെയെങ്കിലും പാർക്ക് ചെയ്യും. അത്രതന്നെ. കരൺരാജിന് ആകാമെങ്കിൽ എനിക്കും ആകാം.
പക്ഷേ, ആൽക്കെമിസ്റ്റ് പറഞ്ഞ പ്രപഞ്ച ഗൂഢാലോചന വീണ്ടും നടന്നു. മൗണ്ട് അബു പട്ടണത്തിലേക്ക് കടന്നതും RTDCയുടെ ഷിക്കാർ ഹോട്ടലിന്റെ ബോർഡ് കണ്ടു. ഭാഗി അവളുടെ അമ്മാവൻ്റെ വീട് കണ്ടത് പോലെ, നേരെ അങ്ങോട്ട് വിട്ടു. അവിടെച്ചെന്ന് RTDC ജനറൽ മാനേജർ സുനിൽ സാറിനെ വിളിച്ചു ഞാൻ. ഭാഗിക്ക് കിടക്കാനും എനിക്ക് പ്രഭാത കർമ്മങ്ങൾ ചെയ്യാനുമുള്ള സൗകര്യം നിമിഷനേരം കൊണ്ട് തയ്യാർ. ഷിക്കാർ ഹോട്ടൽ മാനേജർ വിക്രം സിങ്ങ്, സുനിൽ മാത്തുർ, ഇവരിലേക്ക് എന്നെ എത്തിച്ച മൈസൂർ റാണി Rani B Menon എന്നിവരോടാണ് ഇന്ന് നന്ദി രേഖപ്പെടുത്താനുള്ളത്.
ഭാഗിയെ നഗരം കാണിക്കുന്ന ഒരു ചടങ്ങുണ്ട് എവിടെച്ചെന്നാലും. അല്ലെങ്കിൽ അവൾക്ക് വിഷമമാകില്ലേ? അത് കഴിഞ്ഞ് ഞാൻ ഒറ്റയ്ക്ക് നഗരത്തിൽ ഒന്ന് നടന്ന് വരും. അക്കൂട്ടത്തിൽ അത്താഴവും കഴിക്കും. ഇന്നത് ലളിതമായി ഒരു ബജ്ജിയിലും കാപ്പിയിലും ഒതുക്കുന്നു.
മൗണ്ട് അബു ഹിൽ സ്റ്റേഷനാണ്. ഉയദ്പൂരിനേക്കാളും തണുപ്പ് എന്തായാലും ഉണ്ടാകും. ഇന്ന് വീണ്ടും സ്ലീപ്പിങ്ങ് ബാഗിൽ കയറേണ്ടി വരുമെന്ന് റോയൽ റസ്റ്റോറന്റിൻ്റെ ഗാർഡൻ ടേബിളിൽ ഇരിക്കുമ്പോൾ തോന്നുന്നുണ്ട്. തണുപ്പ് അരിച്ച് കയറാൻ തുടങ്ങിക്കഴിഞ്ഞു.
ശുഭയാത്ര കൂട്ടരേ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome