DSC02583

ഡിസ്‌നി ലാൻഡിലേക്ക്


പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
——————————————-

3 മെയ് 2009. പാരീസിൽ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അന്ന്. സ്വിസ്സർലാൻഡ് യാത്രയിൽ നേഹയെ കൊണ്ടുപോകാൻ പറ്റാതിരുന്നതിന് പകരമായി പാരീസിലുള്ള ഡിസ്‌നി ലാന്റിൽ കൊണ്ടുപോകാമെന്ന് നേഹയ്ക്ക് ഉറപ്പ് നൽകിയതുകൊണ്ടാണ് ഫ്രാൻസ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്. അതുകൊണ്ടുതന്നെ, ഡിസ്‌നി ലാന്റ് ഒഴിവാക്കി, രണ്ടാമത്തെ ദിവസം കൂടെ പാരീസിലെ കാഴ്ച്ചകൾക്കായി ചിലവഴിക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കാൻ പോലും സാദ്ധ്യമല്ലെന്ന് എനിക്കറിയാം.

പതിവിന് വിപരീതമായി, നേഹ രാവിലെ തന്നെ എഴുന്നേറ്റ് തയ്യാറായിക്കഴിഞ്ഞിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് ഞാൻ ഡിസ്‌നി ലാൻഡിലേക്ക് പുറപ്പെട്ട ബസ്സിൽ ഇരിപ്പുറപ്പിച്ചത്. ബസ്സ് നഗരാതിർത്തി വിട്ട് പ്രാന്തപ്രദേശത്തേക്ക് കടന്നു.

ഡിസ്‌നി ലാന്റ് കമാനങ്ങൾ

ഡിസ്‌നി ലാൻഡിലേക്കുള്ള 35 കിലോമീറ്ററോളം ദൂരം താണ്ടാൻ ബസ്സെടുത്തത് ഏകദേശം മുക്കാൽ മണിക്കൂർ. ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ റോഡിന് കുറുകെ നിൽക്കുന്ന ഡിസ്‌നിലാന്റിന്റെ കമാനങ്ങൾ കണ്ടുതുടങ്ങുന്നു. നേഹ ശരിക്കും ഉത്സാഹത്തിലാണ്. ബസ്സ് പാർക്ക് ചെയ്ത്, വൈകീട്ട് 6 മണിക്ക് എല്ലാവരും മടങ്ങിയെത്തണമെന്ന് ടൂർ ഗൈഡ് കല്‍പ്പേഷ് അറിയിച്ചതോടെ ചിരപരിചിതമായ ഏതോ സ്ഥലത്തേക്കെന്ന പോലെ, ശരം വിട്ടപോലെയാണ് നേഹ മുന്നോട്ട് നടന്നത്.

ഡിസ്‌നിലാന്റ് എന്നാൽ വെറും തീം പാർക്ക് മാത്രമല്ല. ഷോപ്പിങ്ങിനും ഭോജനശാലകൾക്കും ഉല്ലാസങ്ങൾക്കുമായി ഡിസ്‌നി വില്ലേജ്, ഹോളിവുഡ് സിനിമയുടെ സ്റ്റണ്ട് രംഗങ്ങളിലേയും മറ്റും സാങ്കേതിക തന്ത്രങ്ങൾ വെളിപ്പെടുത്തുന്ന വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ പാർക്ക്, ആയിരക്കണക്കിന് മുറികളുള്ള ഹോട്ടൽ സമുച്ചയങ്ങൾ എന്നതൊക്കെ തീം പാർക്കിന് പുറമേയുള്ള സൗകര്യങ്ങളാണ്. അമേരിക്കൻ ശൈലിയെപ്പിന്തുടർന്ന് അനാരോഗ്യകരമായ കൺസ്യൂമറിസം ഫ്രാൻസിലും ഉടലെടുത്ത് വരുമെന്ന് കരുതി, ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഡിസ്‌നിലാന്റ് തീം പാർക്ക് ഫ്രാൻസിൽ ഉയർന്നുവന്നത്. 1992 ഏപ്രിൽ 12 നാണ് തീം പാർക്ക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടത്. മൊത്തം ഏഴ് ഡി‌സ്‌നി ലാന്റ് ഹോട്ടലുകളാണ് പാരീസിൽ ഉള്ളതെങ്കിലും ഏറ്റവും കേമമായിട്ട് കണക്കാക്കപ്പെടുന്നതും മാർക്കറ്റ് ചെയ്യപ്പെടുന്നതും പാർക്കിന്റെ കവാടത്തിലുള്ള ‘ഡിസ്‌നി ലാന്റ് ഹോട്ടൽ‘ തന്നെയാണ്. അതിന്റെ കീഴെയുള്ള ഗേറ്റിലൂടെയാണ് തീം പാർക്കിലേക്ക് കടക്കേണ്ടത്.

ഡിസ്‌നി ലാന്റ് ഹോട്ടൽ
പാർക്ക് കവാടത്തിൽ നേഹയ്ക്കൊപ്പം

മെയിൻ സ്ട്രീറ്റ് യു.എസ്.എ, ഫ്രണ്ടിയർ ലാന്റ്, അഡ്‌വെഞ്ചർ ലാന്റ്, ഫാന്റസി ലാന്റ്, ഡിസ്‌ക്കവറി ലാന്റ്, എന്നിങ്ങനെ 5 ഭാഗങ്ങളായി തീം പാർക്കിന്റെ ഉൾഭാഗം തരം തിരിച്ചിരിക്കുന്നു. ഞങ്ങൾ തീം പാർക്കിന് അകത്തേക്ക് കടന്നു. ഒരു ചെറിയ ക്യൂ കണ്ടുചെന്ന് നോക്കുമ്പോൾ വാൾട്ട് ഡിസ്‌നി കഥാപാത്രങ്ങളിൽ പ്രമുഖനായ മിക്കി മൗസിനെ കാണാനുള്ള തിരക്കാണ്. അല്‍പ്പനേരം ക്യൂ നിന്നിട്ടായാലും മിക്കിയെ കെട്ടിപ്പിടിച്ച് ഓട്ടോഗ്രാഫും വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നേഹയുടെ മുഖത്ത് ആയിരം വാട്ട് ബൾബിന്റെ പ്രകാശം.

നേഹ മിക്കി മൗസിന്റെ കൂടെ.

അടുത്തതായി ഫ്രണ്ടിയർ ലാന്റിലേക്ക്. അവിടെയുള്ള ബോട്ട് ജട്ടിയിൽ നിന്ന്, വലിയ പുകക്കുഴലുകളും പഴയൊരു കപ്പലിന്റേതെന്ന പോലെ രൂപഭാവങ്ങളുമുള്ള ‘മെറി ബൗൺ‘ എന്ന ബോട്ടിൽ ചുറ്റിയടിക്കാനായി കയറിപ്പറ്റി. പാർക്കിന്റെ തൊട്ടടുത്ത പരിസരങ്ങളുടേയും റൈഡുകളുടേയുമൊക്കെ ഒരു ജലവീക്ഷണം, 15 മിനിറ്റോളം നീളുന്ന ആ ബോട്ട് യാത്രയിൽ ഇരുന്ന് സാദ്ധ്യമാക്കാം.

മെറി ബ്രൗൺ ബോട്ട് സവാരി

ചുറ്റുവട്ടത്ത് നടക്കുന്ന ഒരു റോളർ കോസ്റ്റർ സവാരിയും ബോട്ടിലിരുന്ന് കാണാം. ചെത്തുകല്ലിന്റെ നിറമുള്ള മലകളെ ചുറ്റി പാഞ്ഞു നടക്കുന്ന റോളർ കോസ്റ്റർ പെട്ടെന്ന് പാറകൾക്കുള്ളിലെ ഏതോ തുരങ്കത്തിനുള്ളിലേക്ക് കയറിപ്പോകുന്നു. പിന്നെ തുരങ്കത്തിനുള്ളിൽ നിന്ന് ആർത്തനാദങ്ങളും, അലർച്ചകളും മാത്രം. കുറച്ച് കഴിഞ്ഞ് മലയുടെ മറ്റേതോ ഭാഗത്തുനിന്ന് അതേ ആ‍രവങ്ങളുമായി റോളർ കോസ്റ്റർ വെളിയിൽ വരുന്നു.

ഡിസ്‌നി ലാന്റിലെ ഒരു റോളർ കോസ്റ്റർ റൈഡ്

ബോട്ട് സവാരി പെട്ടെന്ന് തന്നെ കഴിഞ്ഞു. ഓരോ റൈഡുകൾക്ക് മുൻപിലും ഏകദേശം എത്ര സമയം ക്യൂ നിൽക്കേണ്ടി വരുമെന്ന് ബോർഡ് തൂക്കിയിട്ടുള്ളത് പ്രയോജനകരമാണ്. കൂടുതൽ സമയമെടുക്കുന്ന റൈഡിൽ നിന്ന് ഒഴിവാകാൻ ഈ സംവിധാനം ഉപകരിക്കും. ഓരോ റൈഡുകളിലും കുറഞ്ഞത് 30 മിനിറ്റെങ്കിലും നീളുന്ന ക്യൂ ഉണ്ട്. കാലേക്കൂട്ടി ഒരു റൈഡിനായി സമയം ബുക്ക് ചെയ്യുന്നവർക്ക് കടന്നു ചെല്ലാൻ പ്രത്യേക ക്യൂ , ചില റൈഡുകളിൽ സാദ്ധ്യമാണ്. ഉച്ചഭക്ഷണം പൊതിഞ്ഞ് വാങ്ങി അടുത്ത പരിപാടിക്കുള്ള ക്യൂവിൽ നിന്ന് തന്നെ കഴിച്ചാണ് ഞങ്ങൾ സമയം ലാഭിച്ചത്.

കൽക്കരി ഖനി‘യുടെ കവാടത്തിൽ നിന്ന് ഒരു ദൃശ്യം.

ഒരു കൽക്കരി ഖനിയുടെ പ്രവേശന കവാടം പോലെ ഉണ്ടാക്കിയെടുത്ത് അതിന്റേതായ രൂപഭാവങ്ങൾ നൽകി, ഖനിയിലേത് പോലുള്ള വിളക്കുകൾ തൂക്കി മറ്റ് ഉപകരണങ്ങളൊക്കെ നിരത്തി അലങ്കരിച്ച് നിർത്തിയിരിക്കുന്ന ഒരു റൈഡിന്റെ സമീപത്തെത്തിയപ്പോൾ അതിലേക്ക് കയറാനാണ് നേഹയുടെ ഉദ്ദേശമെന്ന് എനിക്ക് മനസ്സിലായി. തൊട്ടുമുൻപേ ബോട്ടിൽ നിന്ന് കണ്ട അതേ റൈഡ് തന്നെയാണിത്. ഖനിയുടെ തുടക്കം കാണാമെന്നല്ലാതെ റൈഡ് പോകുന്നത് ഏത് നരകത്തിലേക്കാണെന്ന് പോലും കാണാനാകുന്നില്ല. എനിക്കങ്ങനെയുള്ള റൈഡുകളിൽ ഒന്നിലും കയറാനാവില്ല. വിമാനത്തിൽ ഉണ്ടാകുന്ന ചെറിയ ടർബുലൻസ് പോലും താങ്ങാനാവാത്ത വ്യക്തിയാണ് ഞാൻ. ‘നിങ്ങൾ രണ്ടുപേരും കയറിയിട്ട് വന്നോളൂ; ഞാനിവിടെ നിൽക്കാമെന്ന് ’ ഞാൻ നയം വ്യക്തമാക്കി. ‘കൽക്കരി ഖനി‘യിലേക്ക് അരമണിക്കൂറിന്റെ ക്യൂ ഉണ്ട്. ഞങ്ങൾ ക്യൂവിൽ കയറി അല്‍പ്പനേരത്തിനുള്ളിൽ റൈഡിന് എന്തോ യന്ത്രത്തകരാർ സംഭവിച്ചു. അരമണിക്കൂർ… മുക്കാൽ മണിക്കൂർ… സമയമങ്ങനെ നീങ്ങിക്കൊണ്ടിരുന്നെങ്കിലും റൈഡ് ശരിയായില്ല. ക്ഷമ കെട്ട പലരും ക്യൂ ഉപേക്ഷിച്ച് പോകാൻ തുടങ്ങി. ഞങ്ങളാകട്ടെ, അകത്തേക്കും പുറത്തേക്കുമില്ല എന്ന മട്ടിൽ 1 മണിക്കൂറും 45 മിനിറ്റും ആ ഖനിയുടെ കവാടത്തിൽ പെട്ടുപോയി. ഇത്രയുമധികം സമയം ഒരു മടുപ്പുമില്ലാതെ, പരാതികളൊന്നും പറയാതെയാണ് നേഹ ക്യൂ നിന്നതെന്നുള്ളത് എന്നെ തീരെ അതിശയിപ്പിച്ചില്ല. അവരവർക്ക് താല്‍പ്പര്യമുള്ള കാര്യമാണെങ്കിൽ ഏതൊരാളും എത്രസമയം വേണമെങ്കിലും, ക്ഷമയോടെ കാത്തിരിക്കുകയോ, ക്യൂ നിൽക്കുകയോ, സഹനശക്തി കാണിച്ചെന്നോ ഇരിക്കും. റിലീസ് ചെയ്ത അന്നുതന്നെ കാണാനായി, എത്രയോ സിനിമാത്തീയറ്ററുകൾക്ക് മുന്നിൽ ഒന്നും രണ്ടും മണിക്കൂർ ഞാനും ക്യൂ നിന്നിരിക്കുന്നു, കണ്ണൂരിലെ കോളേജ് പഠനകാലത്ത് !

ഖനിയിലേക്ക് യാത്രയാകുന്ന റോളർ കോസ്റ്റർ

യന്ത്രത്തകരാറൊക്കെ ശരിയാക്കി ഖനിയിലേക്കുള്ള റോളർ കോസ്റ്റർ നീങ്ങിത്തുടങ്ങി. മുഴങ്ങോടിക്കാരിയും നേഹയും അതിൽക്കയറി ഇരുപ്പുറപ്പിച്ചപ്പോൾ ഞാൻ മെല്ലെ വെളിയിലേക്ക് കടന്ന് കാത്തുനിന്നു. ആരവങ്ങളും ആർത്തനാദങ്ങളുമായി റോളർ കോസ്റ്റർ ഖനിയുടെ ഉള്ളിലേക്കെങ്ങോ പോയി മറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ് റൈഡിൽ നിന്ന് വെളിയിൽ വന്ന നേഹയുടെ മുഖത്ത് രക്തസഞ്ചാരം തീരെ കുറവ്. ഖനിയുടെ ഇരുട്ടിലെവിടെയോ ആഴമുള്ള ഒരു ഗർത്തത്തിലേക്ക് റോളർ കോസ്റ്റർ കുതിച്ചുപാഞ്ഞപ്പോൾ, കെട്ടിപ്പിടിച്ചുകൊണ്ട് അമ്മാ അമ്മാ എന്ന് നേഹ അലറിവിളിച്ചതായാണ് ഖനിക്കുള്ളിൽ നിന്നുള്ള റിപ്പോർട്ട്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അലറിവിളിക്കുന്നതിന് മുന്നേ തന്നെ ശ്വാസം നിലച്ചിട്ടുണ്ടാകുമായിരുന്നു.

ഫ്ലൈയിങ്ങ് എലിഫന്റ് റൈഡ്

ഫ്ലയിങ്ങ് എലിഫന്റ്, വിന്റേജ് കാർ ഡ്രൈവ്, ഇറ്റ് ഈസ് എ സ്മോൾ വേൾ‌ഡ്, എന്നിങ്ങനെ താരതമ്യേന കുഴപ്പമില്ലാത്ത ചില റൈഡുകളിൽ ഞാനും പങ്കുചേർന്നു. നാലുവരികളിലായി 8 പേർക്കെങ്കിലും ഇരിക്കാൻ പറ്റുന്ന ഒരു കൊച്ചു ബോട്ടിലേറി, നല്ല തെളിഞ്ഞ വെള്ളത്തിലൂടെ (In Door) നടത്തുന്ന ഒരു കൊച്ചു ജലസവാരിയാണ് It is a small world. മിക്കവാറും എല്ലാ രാജ്യങ്ങളുടേയും പ്രതീകങ്ങൾ, അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ അണിച്ച ബൊമ്മകൾ, ലളിതമായ സംഗീതം, അതിനനുസരിച്ച പ്രകാശനിയന്ത്രണങ്ങൾ, ആവശ്യത്തിന് ഫോട്ടോകളൊക്കെ എടുത്ത് പോകാൻ പാകത്തിന് ജലപ്പരപ്പിലൂടെ മെല്ലെ തെന്നിത്തെന്നി 10 മിനിറ്റോളം നീളുന്ന മനോഹരമായ ഒരു സവാരിയാണത്.

ഇതൊരു കൊച്ചു ലോകമാണ് – ജലപ്പരപ്പിലൂടെ ഒരു റൈഡ്
ഇറ്റ് ഈസ് എ സ്മോൾ വേൾഡിലെ ടാജ് മഹൽ

പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ, അപകട സാദ്ധ്യത താരതമ്യേന കുറഞ്ഞ ഈ റൈഡിലാണ് കഴിഞ്ഞ വർഷം ഒൿടോബറിൽ 50 വയസ്സിനുമേൽ പ്രായമുള്ള ഒരു തീം പാർക്ക് ജോലിക്കാരൻ, ബോട്ടിനടിയിൽ കുടുങ്ങി മരിച്ചത്. റോക്ക് & റോളർ കോസ്റ്ററിൽ വെച്ച് അബോധാവസ്ഥയിലായശേഷം, വൈദ്യസഹായം ലഭിക്കുന്നതിന് മുൻപേ ഒരു ടീനേജ് പെൺകുട്ടിയും ഈ തീം പാർക്കിൽവെച്ച് ജീവൻ വെടിഞ്ഞിട്ടുണ്ട്. 2007ൽ ആയിരുന്നു ആ സംഭവം. ആളപായം ഇല്ലെങ്കിലും ചെറിയ മറ്റ് ചില അപകടങ്ങൾ കൂടെ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇതുപോലുള്ള സാഹസിക വിനോദങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ ചിലതെങ്കിലും അപകടത്തിൽ പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലല്ലോ. ഇതൊക്കെയാണെങ്കിലും ഇത്തരം സാഹസിക തീം പാർക്കുകളും അതിലേക്ക് ഒഴുകുയെത്തുന്ന ജനങ്ങളും എണ്ണത്തിൽ കൂടുന്നതേയുള്ളൂ എന്നതാണ് പരമാർത്ഥം.

Honey I Shrunk The Audience എന്ന ത്രീഡി സിനിമ കാണുകയായിരുന്ന അടുത്ത പരിപാടി. കാ‍ണാതെ ഒഴിവാക്കിയിരുന്നെങ്കിൽ ശരിക്കും നഷ്ടമായിപ്പോകുമായിരുന്ന ഒരു സിനിമയായിരുന്നു അത്. ഡിസ്‌നി ലാന്റിൽ ഞാനേറെ ആസ്വദിച്ചതും ഈ ത്രിമാന ചലച്ചിത്ര പ്രദർശനം തന്നെയാണ്.

ഞാൻ പുള്ളാരെ ചെറുതാക്കിയെടീ – (ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)

വാൾട്ട് ഡിസ്‌നി പ്രൊഡൿഷൻസിന്റെ തന്നെ Honey I Shrunk The Kids, Houney I Blew The Kids, എന്നീ സയൻസ് ഫിൿഷൻ കോമഡി സിനിമകൾ കാണാത്ത സിനിമാ പ്രേമികൾ കുറവായിരിക്കുമല്ലോ. Wayne Szalinski എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ താൻ കണ്ടുപിടിച്ച ഇലൿടോമാഗ്‌നറ്റിൿ ഉപകരണത്തിന്റെ സഹായത്തോടെ നടത്തുന്ന പരീക്ഷണങ്ങൾക്കിടയിൽ, അതിൽ നിന്ന് പുറത്ത് വരുന്ന രശ്മികൾ അബദ്ധവശാൽ തട്ടി, അദ്ദേഹത്തിന്റെ മക്കൾ വലിപ്പത്തിൽ തീരെ ചെറുതായിപ്പോകുന്നതാണ് ആദ്യ സിനിമയുടെ കഥാതന്തു. ഇതേ രീതിയിൽ കുട്ടികളുടെ വലിപ്പം വളരെ വലുതായിപ്പോകുന്നതാണ് രണ്ടാമത്തെ സിനിമയുടെ കഥ.

Honey I Shrunk The Audience – സിനിമാ തീയറ്റർ

ഇവിടിപ്പോൾ Honey I Shrunk The Audience എന്ന സിനിമാപ്പേരിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്, സിനിമ കാണാൻ ചെല്ലുന്ന പ്രേക്ഷകരൊക്കെയും ചെറുതാക്കപ്പെടാൻ പോകുന്നു എന്നാണ്. അതുകൊണ്ടുതന്നെ അതീവ ജിജ്ഞാസയോടെയാണ് ത്രീഡി കണ്ണടയൊക്കെ മൂക്കിൽ ഫിറ്റ് ചെയ്ത് ഞങ്ങൾ തീയറ്ററിന് അകത്തേക്ക് കടന്നത്.

സിനിമ ആരംഭിച്ചു; രംഗങ്ങൾ പുരോഗമിച്ചു. ശാസ്ത്രജ്ഞൻ തന്റെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന എലികൾ കൂടുതുറന്ന് വെളിയിൽ കടന്ന് പ്രേക്ഷകരായ ഞങ്ങളുടെ കാലുകൾക്കിടയിലൂടെ ഓടി നടക്കുന്നു. പാമ്പിന്റെ രണ്ടായി പിളർന്ന നാക്ക്, കാണികളുടെ മൂക്കിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ മുന്നിൽ വന്ന് വിറച്ചുനിൽക്കുന്നു, പങ്കപോലുള്ള ഒരു പറക്കും തളികയിൽ കയറി പറന്ന് പൊങ്ങി, വെള്ളിത്തിര വിട്ടിറങ്ങുന്ന ശാസ്ത്രജ്ഞൻ ഞങ്ങളുടെ മുന്നിൽ വന്ന് നിൽക്കുമ്പോൾ, ഓരോ പ്രേക്ഷകനും നേരെ പങ്കയുടെ കാറ്റ് ശക്തിയായി അടിക്കുന്നു. വെള്ളിത്തിരയിലിരുന്ന് നായക്കുട്ടി തുമ്മുമ്പോൾ കാണികൾക്ക് മേലെ വെള്ളം സ്പ്രേ ചെയ്യപ്പെടുന്നു. ഓരോരുത്തരും ഇരിക്കുന്ന സീറ്റുകളിലും അവർക്ക് മുന്നിലുള്ള സീറ്റുകളിലുമൊക്കെയുള്ള സംവിധാനങ്ങളിലൂടെയാണ് ഈ സ്പെഷ്യൽ ഇഫൿറ്റുകളൊക്കെ സാധിക്കുന്നത്. എലി ഓടി നടക്കുന്ന തോന്നലുണ്ടാക്കാൻ ഉപയോഗിക്കുന്ന ചരട് സീറ്റിനടിയിൽ കാലിന് ഇടയിലായി തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ, ഇലൿട്രോ മാഗ്‌നറ്റിൿ ഉപകരണത്തിന്റെ രശ്മികൾ പ്രേക്ഷകർക്ക് നേരെയും നീളുന്നു. പെട്ടെന്ന് കാണികൾ എല്ലാവരും വലിപ്പം കൊണ്ട് ചെറുതായി മാറുന്നു. സ്ക്രീനിൽ ഉള്ള കഥാപാത്രങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുകയും അതിനനുസരിച്ച് അവരുടെ ചലനങ്ങളിലും കാണികളുടെ നേർക്കുള്ള നോട്ടത്തിന്റെ കോണുകൾക്കും പ്രവർത്തികൾക്കുമൊക്കെ കാര്യമായ വ്യത്യാസം വരുത്തി, കാണികൾക്ക് നൽകുന്ന ഒരു ഇല്യൂഷനിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. 30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള അതിമനോഹരമായയും അതീവ വ്യത്യസ്തമായ ഒരു ത്രിമാന സിനിമാനുഭവമാണ് Honey I Shrunk The Audience കാഴ്ച്ചവെച്ചത്.

ഡിസ്‌നി ലാന്റ് റെയിൽ റോഡ് – സ്റ്റീം എഞ്ചിൻ തീവണ്ടി

സിനിമാ തീയറ്ററിന് പുറത്ത് കടന്ന് തീം പാർക്കിനെ ചുറ്റി ഓടുന്ന, വശങ്ങൾ മുഴുവൻ കൊട്ടിയടക്കാത്ത ഡിസ്‌നി ലാന്റ് റെയിൽറോഡ് എന്ന കുട്ടിത്തീവണ്ടിയിൽ കയറാനായി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് നടന്നു. ഇതുവരെ കാണാതെ പോയ ഇടങ്ങളും കാഴ്ച്ചകളും ഒന്ന് ഓടിച്ചെങ്കിലും കാണാൻ നല്ലത് സ്റ്റീം എഞ്ചിൻ ഉപയോഗിച്ച് ഓടുന്ന ഈ തീവണ്ടി സവാരിതന്നെ.

അലങ്കരിച്ച വാഹനങ്ങളിൽ കാർട്ടൂൺ പരേഡ് – ഭാഗിക ദൃശ്യം.

തീം പാർക്കിന്റെ മദ്ധ്യത്തിലായി കാർട്ടൂൺ പരേഡ് നടക്കുന്നുണ്ട്. നിശ്ചിത ഇടവേളകളിൽ നടക്കുന്ന ഈ പരേഡിൽ നമുക്ക് പരിചയമുള്ള എല്ലാ ഡിസ്‌നി കാർട്ടൂൺ കഥാപാത്രങ്ങളും ഒന്നിനുപിന്നാലെ ഒന്നായി അലങ്കരിച്ച വാഹനങ്ങളിൽ അണിനിരക്കുന്നു. കാർട്ടൂൺ ഭ്രാന്തന്മാരായ കുട്ടികളും അവരുടെ മാതാപിതാക്കളും കാർട്ടൂണുകൾക്കൊപ്പം നിന്ന് ഫോട്ടോകളെടുക്കാൻ തിരക്കുകൂട്ടുന്നു. സംഗീതവും ഡാൻസുമൊക്കെയായി ആകപ്പാടെ ഒരു ഉത്സവപ്രതീതി ഉളവാക്കിയശേഷം കാർട്ടൂണുകൾ വീണ്ടും അണിയറയിലേക്ക് മടങ്ങുന്നു. ഇഹലോകത്ത് നമ്മൾ ആരാണെന്നും എന്താണെന്നുമൊക്കെ അല്‍പ്പനേരത്തേക്കെങ്കിലും മറന്ന് കാർട്ടൂണുകളുടെ മാത്രം ഒരു ലോകത്ത്, കുട്ടികളെപ്പോലെ മുതിർന്നവരും ലയിച്ചുനിന്നുപോകുന്ന നിമിഷങ്ങൾ.

വാൾട്ട് ഡിസ്‌നി കഥാപാത്രങ്ങൾക്കൊപ്പം നേഹ
കഥയിലെ രാജകുമാരി

സാധാരണ ഗതിയിൽ, ക്യാമറ കാണുമ്പോൾ കുരിശുകണ്ട സാത്താനെപ്പോലെ മാത്രം പെരുമാറുന്ന നേഹ, ചില ഡിസ്‌നി കഥാപാത്രങ്ങൾക്കൊപ്പം നിന്ന് പടങ്ങളെടുക്കാനായി മനോഹരമായി ക്യാമറയ്ക്ക് പോസു ചെയ്തു. ഇതുപോലെ ഒരവസരം ഒരിക്കൽക്കൂടെ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് അവൾ മനസ്സിലാക്കിക്കാണണം. ഒരുപാട് റൈഡുകളിൽ കയറാൻ പറ്റിയിട്ടില്ലെന്നും, എല്ലാം കണ്ടും കയറിയുമൊക്കെ തീർക്കാൻ ഒന്നിലധികം ദിവസങ്ങൾ വേണ്ടിവരുമെന്നും അവൾ മനസ്സിലാക്കിയിരിക്കാം. നഷ്ടമായതിനെപ്പറ്റിയൊന്നും വിഷമം കാണിക്കാതെ അതീവ സന്തോഷത്തോടെ തന്നെയാണ് ബസ്സിലേക്ക് മടങ്ങാൻ നേഹ സമ്മതിച്ചത്. ഡിസ്‌നി ലാന്റിലേക്ക് വന്നത് വലിയ താല്‍പ്പര്യത്തോടെ അല്ലായിരുന്നെങ്കിലും, കുട്ടിക്കാലത്ത് കിട്ടാതെ പോയ മൂന്ന് ചക്രമുള്ള സൈക്കിൾ നാല്‍പ്പതാം വയസ്സിൽ കിട്ടിയ ഒരുത്തന്റെ സന്തോഷം എനിക്കുമുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളുടെ സ്റ്റണ്ട് രംഗങ്ങളുടെ സാങ്കേതിക വശങ്ങൾ അനാവരണം ചെയ്യുന്ന വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ പാർക്ക് സന്ദർശിക്കണമെന്ന ആഗ്രഹം നടന്നില്ലെന്ന സങ്കടം പോലും ഞാൻ വിസ്മരിച്ചു. കാലം തെറ്റി മറ്റൊരിക്കൽ അതിനുള്ള അവസരമുണ്ടാകില്ലെന്ന് ആരുകണ്ടു ?

പ്ലാനറ്റ് ഹോളീവുഡ് – വാൾട്ട് ഡി‌സ്‌നി സ്റ്റുഡിയോ പാർക്ക്

6 മണിക്ക് ബസ്സിൽ തിരിച്ചെത്തണമെന്നാണ് നിബന്ധന. വൈകി വരുന്നവർ സ്വന്തം ചിലവിൽ ടാക്സി പിടിച്ച് പാരീസ് നഗരത്തിലേക്കെത്തേണ്ടി വരും എന്നൊക്കെ ഡ്രൈവർ ജോൺ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും, ഇന്ത്യാക്കാരുടെ കൃത്യനിഷ്ടയില്ലായ്മയോട് മെല്ലെ മെല്ലെ ജോൺ താദാത്മ്യം പ്രാപിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. വൈകിവന്ന രണ്ട് പേർക്കായി 10 മിനിറ്റോളം ജോൺ കാത്തുകിടന്നത് അതിന്റെ തെളിവാണ്.

ബസ്സ് പാരീസിൽ എത്തുമ്പോഴേക്കും പകൽ വെളിച്ചം മങ്ങിത്തുടങ്ങിയിട്ടുണ്ടാകും. പിന്നീടങ്ങോട്ട് പാരീസ് നഗരത്തിന്റെ മറ്റൊരു മുഖമാണ് കാണാനാകുക. ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുന്ന പാരീസ് എന്ന സുരസുന്ദരിയെ ഇരുട്ടിൽ മറഞ്ഞിരുന്ന് കാണാനാണ് ഇനി ഞങ്ങളുടെ യാത്ര. ആ യാത്രയ്ക്കൊരു പ്രശസ്തമായ പേരും സഞ്ചാരികൾക്കിടയിൽ ഉണ്ട്. ‘പാരീസ് ബൈ നൈറ്റ് ‘.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

31 thoughts on “ ഡിസ്‌നി ലാൻഡിലേക്ക്

 1. ഇത് കുട്ടികളുടെ മനസ്സോടെ വായിക്കേണ്ട യാത്രയുടെ ഒരു ഭാഗമാണ്. കാര്യമായ വായനാസുഖം ഒന്നും ഇതിൽ നിന്ന് കിട്ടിയില്ലെങ്കിൽ സദയം ക്ഷമിക്കണമെന്ന് മുൻ‌കൂർ ജാമ്യമെടുക്കുന്നു.

 2. ഡിസ്നീലാന്റ് എന്നൊക്കെ ഇവിടൊരാളും പറഞു തുടങിയിട്ടുണ്ട്, അതോണ്ടു തന്നെ ഇതു വളരെ ഉപകാരപ്രദമായി. ആ നിരക്ഷരന്‍ റ്റച്ച് ഇതിലും കാണാം .

 3. മനോജ്‌…. പാരിസ്‌ എന്നുള്ളിടത്ത് ടോക്യോ എന്നാക്കിയാല്‍ ബാക്കി എല്ലാം സെയിം തന്നെ ടോക്യോ ഡിസ്നി ലാന്‍ഡും…എല്ലായിടത്തും ഒരുപോലെ ആണ് നിര്‍മിച്ചിരിക്കുന്നത് എന്ന് തോന്നുന്നു അല്ലെ… ആ റോളെര്‍കോസ്റെര്‍ വല്ലാത്ത ഒരു അനുഭവം ആണ്… പേടിച്ചു കണ്ണടച്ച് ഇരുന്നു… എന്നാലും ഹൃദയം ഇപോ നിലച്ചു പോകും എന്ന് തോന്നും.ഇന്നും , മൂന്നു തവണ പോയിട്ടും, എവിടെയെങ്കിലും യാത്ര പോണം എന്ന് പറഞ്ഞുപോയാല്‍ നന്നുവിന്റെയും കണ്ണന്റെയും ആദ്യ ചോയ്സ് ഡിസ്നി തന്നെ… കുട്ടികള്‍ മാത്രമല്ല എനിക്കും വെല്യ ഇഷ്ടാണ്ഷ്ട വീണ്ടും വീണ്ടും പോകാന്‍…അത് അങ്ങനെ ഉള്ള ഒരു ലോകം ആണ് അല്ലെ…. നന്നയി എഴുതി മനോജ്‌..

 4. നിരൂജി..സിങ്കപൂരിലെ യൂണിവേര്‍സല്‍ സ്റ്റുഡിയോയില്‍ കിട്ടിയതും ഇതേ അനുഭവം. അവിടെ സിനിമ “ഷ്രെക്ക്” ആയിരുന്നു. അവരതിനെ 5D സിനിമ എന്നാണ് വിളിക്കുന്നത്.കുഞ്ഞുയാത്രികന്‍ ഒരു പാട് ആസ്വദിച്ച സമയം. ……സസ്നേഹം

 5. ഇതിലാണ് വായനയുടെ ആ നിര ടച്ച് കിട്ടിയത്…സത്യം…

  പിന്നെ ധൈര്യമില്ലാത്തവനൊന്നും ഡിസ്നി ലാൻഡിൽ പോകരുത്..:)

  കിടുക്കൻ നരേഷൻ…

 6. വൈകിയാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കാന് തുടങ്ങിയത്……എല്ലാം വളെരെ മനോഹരമായിട്ടുണ്ട്……താങ്കളുടെ കൂടെ യാത്ര ചെയ്ത പ്രതീതി …ആശംസകള്‍

 7. ചരിത്രവും,ചുറ്റുപുരാണങ്ങളും വിവരിച്ചുള്ള സഞ്ചാരത്തെ കുറിച്ച് ഭായ്ക്കെഴുതാനുള്ള പാടവത്തിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഈ ഡിസ്നിലാന്റ് അനുഭവവും കേട്ടൊ മനോജ് ഭായ്

 8. മനോജ്‌ ചേട്ടാ, ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍ ആണ്. താങ്കളുടെ എല്ലാ യാത്രകളും കുറെ ഏറെ അത്ഭുതത്തോടെയും അല്‍പ്പം അസൂയ്യയോടെയും ആണ് ഞാന്‍ വായിക്കാറ്. നേരില്‍ കാണുന്ന പോലുള്ള താങ്കളുടെ വിവരണങ്ങള്‍ ആ സ്ഥലങ്ങള്‍ നേരില്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങളെ കൂട്ടുകയാണ് ഇപ്പോള്‍. പക്ഷെ സമയവും സാമ്പത്തികവും അതിലുപരി മനസിന്‌ ചേരുന്ന കൂട്ടുകാരെയും കിട്ടാത്തതിനാല്‍ ഒന്നും നടക്കുനില്ല. താങ്കള്‍ക്ക് ഇതൊക്കെ ഒരു പുസ്തകം ആക്കി ഇറക്കി കൂടെ. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

 9. പാരീസിൽ പോയിട്ടുണ്ടെങ്കിലും ഡിസ്നിലാൻഡ് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അങ്ങനെ അതും തരപ്പെട്ടു :)

 10. ഇവിടെ ആദ്യമേ എടുത്ത ആ മുൻ‌കൂർജാമ്യം വേറുതെ. ഒട്ടും മടുപ്പിച്ചില്ല ഈ പോസ്റ്റും. ഡിസ്നിലാന്റിലെ വിശേഷങ്ങൾ പങ്കുവെച്ചതിന് നന്ദി.

 11. @കൂട്ടുകാരന്‍ – യാത്രാവിവരണങ്ങൾ കൂട്ടുകാരനും എഴുതീട്ടുണ്ടല്ലോ ഒന്നുരണ്ടെണ്ണം. സമയം പോലെ വന്ന് വായിച്ച് അഭിപ്രായം പറയാം. ഈ വഴി വരുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും പെരുത്ത് നന്ദി.

  പുസ്തകം ഇറക്കുന്നതിനെപ്പറ്റി എനിക്ക് പറയാനുള്ളത്. ഒരിക്കൽ ഒരിടത്ത് പബ്ലിഷ് ചെയ്ത ലേഖനങ്ങൾ, അത് ബ്ലോഗിലാണെങ്കിൽ പോലും, പുസ്തകമാക്കി ഇറക്കുന്നതിനോട് എനിക്ക് (ഇത് എന്റെ ലേഖനങ്ങളുടെ കാര്യത്തിൽ മാത്രം) അഭിപ്രായമില്ല. എന്റെ സ്വന്തം താല്‍പ്പര്യപ്രകാരം അങ്ങനൊന്ന് ഞാൻ ചെയ്യുകയില്ല, അതിനായി 5 പൈസ പോലും മുടക്കുകയുമില്ല. പിന്നെ, അങ്ങനൊന്ന് ചെയ്തേ പറ്റൂ എന്ന് ഏതെങ്കിലും പ്രസാധകൻ അവന്റെ സ്വന്തം റിസ്കിൽ ആവശ്യപ്പെട്ടാൽ, അത് അവരുടെ തലവര എന്ന് കരുതി അനുമതി നൽകും. അങ്ങനാരും റിസ്ക് എടുക്കാനുള്ളതൊന്നും ഇതിലില്ലെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട് :)

  പുസ്തകമായി ഇറക്കണമെന്ന് കരുതി നടത്തിയ ചില യാത്രകൾ കരട് രൂപത്തിൽ ഇപ്പോഴും ചങ്കിലിരുന്ന് വിങ്ങുന്നു. (ഒന്നല്ല രണ്ട് പുസ്തകത്തിനുള്ളത്.) അത് വെളിച്ചം കാണുന്നെങ്കിൽ പുസ്തകമായിട്ട് തന്നെ ആകണമെന്നാണ് ആഗ്രഹം. അതുകൊണ്ടല്ലേ ഈ ബ്ലോഗിന് ‘ചില’ യാത്രകൾ എന്ന് പേരിട്ടിരിക്കുന്നത് :)

  ഡിസ്‌ലി ലാന്റ് പാരീസിലേക്ക് കൂടെ വന്ന എല്ലാവർക്കും നന്ദി :)

 12. നന്നായി ആസ്വദിച്ചു.. മനസ്സില്‍ ഒരു കുട്ടി ഇപ്പോഴും കലമ്പല്‍ കൂട്ടുന്നത്‌ കൊണ്ടാകണം.. മനോഹരമായ വിവരണത്തിന് നന്ദി മനോജ്‌..പക്ഷെ ഫോടോകള്‍ക്ക് പ്രതീക്ഷിച്ചത്ര മിഴിവുണ്ടായിരുന്നില്ല..

 13. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

 14. നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു… താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ….. എന്റെ ബ്ലോഗ്‌ “വഴിയോര കാഴ്ചകള്‍ “www.newhopekerala.blogspot.com സസ്നേഹം … ആഷിക്

 15. യാത്രകളെ സ്നേഹിക്കുന്ന ഏതൊരാളിലും യാത്ര പോകാന്‍ ആവേശമുണ്ടാക്കുന്ന എഴുത്തും ചിത്രങ്ങളും.നേഹയുടെ കൌതുകമാണ് ഞാന്‍ താങ്കളില്‍ കണ്ട്ത്.സന്തോഷം.

 16. @സുസ്മേഷ് ചന്ത്രോത്ത് – ഇടയ്ക്കിടെ ഈ വഴി വരുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും വളരെ നന്ദി. മുൻപൊരിക്കൽ താങ്കൾ സൂചിപ്പിച്ച…എഴുതാതെ മാറ്റി വെച്ചിരിക്കുന്ന താങ്കളുടെ ആ യാത്രാവിവരണങ്ങൾ ഉടനെ എഴുതിയിടുമല്ലോ ?

 17. പാരീസ് യാത്ര അവസാനഭാഗം – പാരീസ് ബൈ നൈറ്റ് & ഈഫൽ. ഈ ഭാഗം മനം മടുപ്പിക്കുന്നതാണ്. വായിച്ച് സമയം പാഴാക്കിയെന്ന് ആർക്കെങ്കിലും ോന്നിയാൽ ഞാൻ ഉത്തരവാദിയല്ല. ഞാനെന്റെ ഡയറിയിലെന്നപോലെ ചില നിരാശകളും കുറിച്ചിടുന്നു. അത്രമാത്രം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>