ചീറ്റിപ്പോയ ന്യായീകരണം


444aaധാരാളം സമയമുള്ളവർ മേൽപ്പടി അറിയിപ്പ് മുഴുവൻ വായിക്കുക. സമയമില്ലാത്തവർ അവസാന ഖണ്ഡിക മാത്രം വായിക്കുക. വിഷയം KSFC ചിട്ടി വിവാദമാണ്.

KSFE യിൽ റെയ്ഡ്/പരിശോധന/അന്വേഷണം നടത്തിയത് മുഖ്യമന്ത്രി മേലാളനായിട്ടുള്ള വിജിലൻസാണ്. ‘കേരളസർക്കാരിനെ അസ്ഥിരപ്പെടുത്താൻ വേണ്ടി വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസികൾ’ അല്ല.

ഏതന്വേഷണവും നേരിടാൻ ഭയമില്ലെന്നും മടിയിൽ അൽപ്പം പോലും കനമില്ലെന്നും ഉപ്പുതിന്നവൻ വെള്ളം കുടിക്കണമെന്നും ഒരു വശത്ത് പറയുമ്പോൾത്തന്നെ, റെയ്ഡിന് വന്നാൽ കയറ്റരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിദ്ദേശിക്കുന്നത് എന്തുകൊണ്ടാണ് ? മടിയിലെന്തോ കനമുണ്ടെന്നോ ക്രമക്കേടെന്തോ നടത്തിയെന്നോ ആരെങ്കിലും ആരോപിച്ചാൽ തെറ്റ് പറയാനാകുമോ ?

ഏത് അന്വേഷണ ഏജൻസി വന്നാലും സധൈര്യം ഫയലുകൾ തുറന്ന് മലർത്തിയിട്ട് കൊടുക്കണം സഖാവേ. അതാണ് മടിയിൽ കനമില്ലാത്തവർ ചേയ്യേണ്ടത്. അതിന് പകരം, പത്രക്കാർക്ക് ആരോ വിവരങ്ങൾ ചോർത്തിക്കൊടുത്തെന്ന് വ്യാകുലപ്പെടുകയല്ല വേണ്ടത്. പത്രക്കാർ ആവശ്യത്തിനും അതിലുമധികമുള്ള നാട് തന്നെയാണ് കേരളം. പുതിയ പുതിയ വാർത്തകൾ, പ്രത്യേകിച്ചും അഴിമതിക്കഥകൾ, ചികഞ്ഞെടുത്ത് കൊണ്ടുവന്ന് ആഘോഷമാക്കാൻ അവർക്കൊരു പ്രത്യേക മിടുക്കുതന്നെയുണ്ടെന്ന് അറിയില്ലേ ?

പത്രക്കാർക്ക് കിട്ടിയ വിവരങ്ങളിൽ തെറ്റായതെന്തെങ്കിലും ഉണ്ടെങ്കിൽ തെളിവടക്കം അത് ജനങ്ങളെ ബോധിപ്പിക്കുകയാണ് വേണ്ടത്. അവരുടെ പണമാണല്ലോ ചിട്ടിയെന്ന പേരിൽ വാങ്ങിവെച്ചിരിക്കുന്നത്. ആ പണത്തിലാണല്ലോ അഴിമതി/തിരുമറി നടന്നെന്ന് വിജിലൻസ് പറഞ്ഞിരിക്കുന്നത് ? മടിയിൽ കനമില്ലാത്തവർക്ക് പത്രക്കാരെ ഭയപ്പെടേണ്ടതില്ല, പത്രക്കാർക്ക് വാർത്ത കിട്ടിയതിൽ ബേജറാകേണ്ടതുമില്ല.

എന്നിട്ടിപ്പോൾ വിജിലൻസിനെ അടിച്ചൊതുക്കി എല്ലാ KSFE ശാഖകളിലും ഇന്റേണൽ ഓഡിറ്റിംഗ് നടത്തുമെന്ന് ! ഇത്രയും നാറിയ കേസുകളിൽ എക്സ്റ്റേണൽ ഓഡിറ്റിംഗ് ആണ് സഖാവേ നടത്തേണ്ടത്. അതുപോലും അറിയാത്ത ധനമന്ത്രിയാണെങ്കിൽ രാജിവെച്ച് പുറത്ത് കടക്കണം ഹേ.

വാർത്താക്കുറിപ്പിലേക്ക് തിരികെ വരാം. ഇതിലെ അവസാന പാരഗ്രാഫിൽ പറയുന്നത് പ്രകാരം ബി.ജെ.പി.യോ യു.ഡി.എഫോ അല്ലല്ലോ KSFE യിൽ പരിശോധന നടത്തി ക്രമക്കേടുണ്ടെന്ന് പറഞ്ഞത്? ഏതെങ്കിലും കേന്ദ്ര ഏജൻസി അല്ലല്ലോ ഇതെല്ലാം ചെയ്തത്. വിജിലൻസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പല്ലേ. വിജിലൻസിന്റെ നടപടിയെങ്ങനെ മറ്റ് പാർട്ടിക്കാ‍രുടെ സങ്കുചിത രാഷ്ടീയ നീക്കമാകും ? ‘പൊതുജനം മനസ്സിലാക്കുമെന്ന് ‘ ആ പാരഗ്രഫിൽ പറയുന്നത് ഭരണകക്ഷിയുടെ തന്നെ പൊള്ളത്തരങ്ങളല്ലേ ? ജനങ്ങളത് ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ആയതിനാൽ കുറേക്കൂടെ ഭേദപ്പെട്ട ക്യാപ്സൂളുകൾ ഇറക്കി വേണം അടിമുടി പെട്ടുകിടക്കുന്ന ഈ സർക്കാരിനെ വെള്ളപൂശാനെന്ന് അപേക്ഷയുണ്ട്.

ഇത്രയുമൊക്കെ ആരോപണങ്ങളും ക്രമക്കേടുകളും കടത്തലുകളും അന്വേഷണങ്ങളും അതിന്റെയൊക്കെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുമ്പോൾ സത്യത്തിൽ ഒരു സങ്കടമേയുള്ളൂ. ഇതൊക്കെ സംഭവിക്കേണ്ടിയിരുന്നത് നിങ്ങൾ പ്രതിപക്ഷത്തിരിക്കുകയും മറ്റാരെങ്കിലും ഭരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആകണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഈ പ്രശ്നങ്ങളുടെയെല്ലാം സകലമാന നിയമവശങ്ങളും, കണക്ക് വിവരങ്ങളും, തട്ടിപ്പിന്റെ ആഴവും, അഴിമതിയുടെ പരപ്പും, വരുംവരായ്കകളും, ദൂഷ്യഫലങ്ങളും, ഏടാകൂടങ്ങളുമൊക്കെ തലനാരിഴ കീറി വിശദീകരിക്കാൻ നിങ്ങളുടെ ചേരിയിലുള്ള മുഴുവൻ നേതാക്കന്മാരും ബുദ്ധിജീവികളും പ്രബുദ്ധരും പ്രമുഖരുമൊക്കെ സജീവമായി രംഗത്തുണ്ടാകുമായിരുന്നു. നിലവിൽ, അവരൊക്കെ മാളത്തിൽ ഒളിക്കുകയും, പെട്ടുപോയിടത്ത് കിടന്നുരുളാനും ക്യാപ്സൂൾ വിതരണം ചെയ്യാനും ഹതഭാഗ്യരായ ചിലർ മാത്രം പെടാപ്പാട് പെടുകയും ചെയ്യുന്ന ഈ ശോചനീയാവസ്ഥയിൽ, ഇതിന്റെയെല്ലാം ശരിയായ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കെൽപ്പുള്ള ഒരു പ്രതിപക്ഷം ഇവിടില്ല എന്നതിലാണ് സങ്കടം.

ചുരുക്കിപ്പറഞ്ഞാൽ, ഇക്കൂട്ടർ ഭരിക്കുമ്പോൾ അഴിമതികൾ എന്തൊക്കെ നടന്നാലും അതിന്റെ കൃത്യമായ വിവരങ്ങൾക്ക് മേൽ ന്യായീകരണ പുകമറ സൃഷ്ടിച്ചും വാക്ക്ചാതുര്യം കൊണ്ട് അതൊക്കെ വളച്ചൊടിച്ചും കാപ്സൂളുകൾ വാരിവിതറിയും ആടിനെ പട്ടിയാക്കുന്നതിൽ പൊതുവേ മിടുക്കരായ ഇവർ സുന്ദരമായി വസ്തുതകൾ മുക്കും.

അങ്ങനെയൊന്നിനാണ് ഈ അവസാന പാരഗ്രാഫിലൂടെ ശ്രമിച്ചതെങ്കിലും ചീറ്റിപ്പോയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇജ്ജാതി കല്ലുവെച്ച മണ്ടത്തരങ്ങളൊന്നും ജനം വിശ്വസിക്കില്ല. അതുകൊണ്ട് കുറച്ചുകൂടെ ഉഷാറാക്കണം. ഒന്നുകിൽ, അൽപ്പമെങ്കിലും ഇടതുപക്ഷം എന്ന ചിന്താഗതിക്കനുസരിച്ച് നീങ്ങണം. അതല്ലെങ്കിൽ ‘കട്ടാൽ മാത്രം പോര നിൽക്കാനും അറിയണം’ എന്ന ചൊല്ലിനോടെങ്കിലും നീതി പുലർത്തണം.

വാൽക്കഷണം:- സംഭവിച്ചത് ന്യായീകരിക്കാൻ കഴിയാത്ത പിഴവാണെങ്കിൽ, തടയായിട്ട് ഉപയോഗിക്കാൻ ‘ഉത്തമബോദ്ധ്യം’ എന്നൊരു പദമുണ്ടിപ്പോൾ തോമസ് ഐസക്കിന്റെ വക, മലയാളത്തിന് സംഭാവന. ഭാഷയെങ്കിലും രക്ഷപ്പെടുന്നുണ്ടല്ലോ. അത്രയും ആശ്വാസം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>