വാർത്ത 1:- ചെടി തിന്ന കഴുതകളെ ഉത്തര്‍പ്രദേശ് പോലീസ് ജയിലിലടച്ചു.
കമന്റ് 1:- ജയിലിന് പുറത്തുള്ള ഇത്തരം പൊലീസ് കഴുതകൾക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയിലിനകം തന്നെയാണ്.
വാർത്ത 2:- രാമക്ഷേത്രം 2018 ല്‍ നിര്‍മിക്കുമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്രകുമാർ ജയിൻ.
കമന്റ് 2:- നിലവിൽ പുകഞ്ഞ് നിൽക്കുന്ന ഇന്ത്യയെ 2018 ൽ ഊതിക്കത്തിക്കുമെന്ന്.
വാർത്ത 3:- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചേക്കും.
കമന്റ് 3:- അപ്പോൾ വേറെ ഒരു പേരിട്ട് തീവ്രവാദം തുടരും. അത്രതന്നെ.
വാർത്ത 4:- രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകകോടതി.
കമന്റ് 4:- ഭാഗ്യം. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾക്ക് കോടതിയേ വേണ്ടെന്ന് തീരുമാനിച്ചില്ലല്ലോ.
വാർത്ത 5:- വ്യാജ അഭിഭാഷകൻ 21 വർഷം മജിസ്ട്രേറ്റായി.
കമന്റ് 5:- എത്ര നിരപരാധികൾ കൊലമരത്തിലേറി എന്നതിന്റെ കണക്ക് കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു.
വാർത്ത 6 :- ഭീകരരുടെ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്ന് യുഎന്നിന് ഹാഫിസ് സയിദിന്റെ കത്ത്.
കമന്റ് 6:- കൊടും ഭീകരരുടെ പേര് സാദാ ഭീകരരുടെ പട്ടികയിൽ ചേർക്കുന്നത് അന്യായമല്ലേ ?
വാർത്ത 7:- തീവണ്ടികളുടെ വൈകിയോട്ടം മാര്‍ച്ച് വരെ തുടരും.
കമന്റ് 7:- പറയുന്നത് കേട്ടാൽത്തോന്നും മാർച്ചിന് ശേഷം സമയത്തിനോടുന്ന തീവണ്ടികളുടെ പെരുന്നാളായിരിക്കുമെന്ന്.
വാർത്ത 8:- കുറിഞ്ഞി ഉദ്യാനം: മുന്‍ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എംഎം മണി.
കമന്റ് 8:- മണിയാശാൻ പിന്നെ ശരിയുടെ ആൾരൂപമായതുകൊണ്ട് കൈയ്യേറ്റവിഷയത്തിൽ ആശാൻ പറയുന്നതിനപ്പുറമില്ല.
വാർത്ത 9:- എട്ടുമണിക്കൂര്‍ ഉറക്കം, ആറുനേരം ഭക്ഷണം; ലോകസുന്ദരി മാനുഷി ഛില്ലറിന്റെ ബ്യൂട്ടി സീക്രട്ട്‌സ്.
കമന്റ് 9:- എന്തെങ്കിലും തൊഴില് ചെയ്ത് ജീവിക്കാൻ ബാക്കി സമയം വല്ലതും തികയുമോ ആവോ ?
വാർത്ത 10:- വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി.
കമന്റ് 10:- അതുകൊണ്ടായിരിക്കുമല്ലേ തോമസ് ചാണ്ടിയെപ്പോലുള്ള ‘ചെറുകിട‘ കൈയ്യേറ്റക്കാരന്റെ കാര്യത്തിൽ വലിയ വാചക കസർത്തൊന്നും ഉണ്ടാകാതിരുന്നത്.