രാവിലെ ഗാന്ധി ചൗക്കിലെ പൊതു ശൗചാലയത്തിൽ കുളിയും തേവാരവും കഴിഞ്ഞ് ഞാൻ വന്നപ്പോഴേക്കും, “പ്രാതൽ തയ്യാറാണ് കൊണ്ടുവരട്ടേ?” എന്ന് ചോദിച്ച് സഞ്ജയ് ജയ്സാൽമീർ എത്തി. അവന്റെ വീട്ടിൽ നിന്ന് ഇടക്കിടക്ക് ഇങ്ങനെ ഭക്ഷണം കൊണ്ടുവരുന്നത് ഞാൻ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി ചപ്പാത്തിയും സബ്ജിയും അവൻ കൊണ്ടുത്തന്നിരുന്നു.
പ്രാതൽ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. ശേഷം അവനോടും ജയ്സാൽമീറിനോടും വിടപറഞ്ഞ് പാലി ലക്ഷ്യമാക്കി നീങ്ങി. തൽക്കാലം ജയ്സാൽമീർ മരുഭൂമിയിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജയ്പൂർ ആണ് ലക്ഷ്യമാക്കിയിരിക്കുന്നത്. പക്ഷേ ഒറ്റ ദിവസം കൊണ്ട് ജയ്പൂരിൽ എത്തുക കഠിനമാണ്. അതിനാൽ ഇന്ന് പാലിയിൽ തങ്ങിയ ശേഷം നാളെ ജയ്പൂരിലേക്ക് നീങ്ങാനാണ് ഉദ്ദേശിച്ചത്.
300 കിലോമീറ്ററോളം ദൂരമുണ്ട് പാലിയിലേക്ക്. അഞ്ചര മണിക്കൂർ ഡ്രൈവ്. ഇന്ന് ഡീസൽ അടിക്കുന്ന കൂട്ടത്തിൽ ഭാഗിയുടെ വാട്ടർ ടാങ്കിൽ വെള്ളം നിൽക്കുകയും വേണം.
പാലിയിൽ എത്താൻ 20 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ചൗട്ടില എന്ന സ്ഥലത്ത് ഓം ബന്ന ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നത് ആ ക്ഷേത്രത്തിൻ്റെ പ്രത്യേകത കാരണമാണ്. ഒരു ബുള്ളറ്റ് ബൈക്ക് ആണ് അവിടത്തെ പ്രതിഷ്ഠ. ഇത് നിങ്ങളിൽ പലരും കേട്ടിരിക്കും. എന്നാലും കേൾക്കാത്തവർക്ക് വേണ്ടി ഇതിന്റെ കഥ പറയാം.
1964ൽ ജനിച്ച ഓം സിംഗ് റാത്തോഡ് 1988ൽ, അതായത് തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ബൈക്ക് അപകടത്തിൽ മരിക്കുന്നു.
പൊലീസുകാർ, അപകടം സംഭവിച്ച ഈ ബൈക്കിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം രാവിലെ ബൈക്ക് വീണ്ടും അപകട സ്ഥലത്ത് തിരിച്ചെത്തുന്നു. ഒന്നിലധികം പ്രാവശ്യം പോലീസുകാർ ശ്രമിച്ചെങ്കിലും, പിറ്റേദിവസം ബൈക്ക് ‘സ്വയമേവ’ അപകട സ്ഥലത്ത് തിരിച്ചെത്തിക്കൊണ്ടിരുന്നു.
എങ്കിൽപ്പിന്നെ ബൈക്ക് അദ്ദേഹത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി വെക്കാം എന്ന് പോലീസുകാർ തീരുമാനിക്കുന്നു; അപ്രകാരം ചെയ്യുന്നു. പക്ഷേ, അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്ന് ബൈക്ക് വീണ്ടും അപകട സ്ഥലത്ത് തിരിച്ചെത്തുന്നു. ഇതോടെ ഓം സിങ്ങിന്റെ പിതാവ്, ആ പ്രദേശത്ത് ഒരു ക്ഷേത്രം ഉണ്ടാക്കി അവിടെ ബൈക്ക് സ്ഥാപിക്കുന്നു.
അത് സ്ഥിരം അപകടം ഉണ്ടാകുന്ന ഒരു പ്രദേശമാണ്. ഈ പ്രദേശത്ത് പലപ്പോഴും, വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, ഓം സിങ്ങിനെ കണ്ടതായും നാട്ടുകഥകൾ ഉണ്ട്.
എന്തായാലും ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഭക്തർ വന്നുചേരുന്ന ഒരു ക്ഷേത്രമായി ഇത് മാറിക്കഴിഞ്ഞു. അതിലൂടെ പോകുന്ന വാഹനങ്ങൾ നല്ലൊരു പങ്കും അവിടെ നിർത്തി തൊഴുത് കാണിക്കയിട്ട് പോകുന്ന അവസ്ഥ. ആഗ്രഹ സഫലീകരണത്തിനായി നൂലുകെട്ടൽ, തുണി ചുറ്റൽ പോലുള്ള ചടങ്ങുകൾ വേറെയും. ഭോജനശാലകൾ, പൂജാസാമഗ്രികൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളം. അങ്ങനെ മൊത്തത്തിൽ പുരോഗമനം വന്നു.
ക്ഷേത്രം വന്നതിനുശേഷം ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടായിട്ടില്ല എന്നും പറയപ്പെടുന്നു.
ബൈക്ക് പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ മുന്നിലായി ഓം സിംങ്ങിന്റെ ഒരു അർദ്ധകായ പ്രതിമയുണ്ട്. അവിടെ പൂജയും കാര്യങ്ങളുമൊക്കെ നടക്കുന്നു. ഒരുവശത്ത് മാറി പാട്ടും കൊട്ടുമായി രണ്ട് പേരുണ്ട്. യാതൊരുവിധ താളമോ ഭാവമോ സംഗീതമോ ഇല്ലാത്ത എന്തോ ഒന്ന് അവർ പാടിക്കൊണ്ടേയിരിക്കുന്നു. തുട്ടുകൾ അവരുടെ മുന്നിലും വീഴുന്നുണ്ട്. തുട്ട് ആണല്ലോ പ്രധാനം.
അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം അവിടെ കണ്ടത്, രണ്ടുമൂന്ന് ചെറുപ്പക്കാർ നിവേദ്യം എന്ന നിലയ്ക്ക് ഒരു മുഴുവൻ കുപ്പി മദ്യം സിംഗിന്റെ പ്രതിമയുടെ വായിലൂടെ ഒഴിക്കുന്നു. അതിന്റെ ബാക്കി അവർ കൊണ്ടുപോകുന്നു. പറശ്ശിനിക്കടവ് മുത്തപ്പന് കള്ള് നിവേദിക്കുന്നത് കഴിഞ്ഞാൽ പിന്നെ ഇവിടെയാണ് ഏതെങ്കിലും ഒരു ‘ദൈവത്തിന് ‘ മദ്യം കൊടുക്കുന്നത് ഞാൻ കാണുന്നത്
മദ്യം കുടിച്ചു കുടിച്ച് സിങ്ങിന്റെ പ്രതിമയുടെ ചുണ്ട് മുതൽ താഴോട്ടുള്ള ഭാഗം ദ്രവിച്ചു പോയിരിക്കുന്നു. ഞാനാ ഭക്തന്മാരുടെ ചേഷ്ഠകളും വണങ്ങലും പ്രാർത്ഥനയുമൊക്കെ കൗതുകപൂർവ്വം നോക്കി കുറച്ചുനേരം നിന്നു. അധികം നിന്നാൽ എനിക്ക് ചിരി പൊട്ടിയെന്ന് വരും.
ഒരു ബൈക്ക് എന്തായാലും സ്വയം സഞ്ചരിച്ച് പോലീസ് സ്റ്റേഷനിൽ നിന്ന് റോഡിൽ എത്തില്ല. ആ ബൈക്കിനെ പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിൽ നിന്നും റോഡിൽ എത്തിക്കാൻ നല്ല ഒന്നാന്തരം ഗൂഢാലോചന നടന്നിരിക്കുന്നു. പിന്നെ ഒന്ന് രണ്ട് ചെറിയ കഥകൾ മെനയണം. എത്ര എളുപ്പത്തിലാണ് ഒരു ദൈവം ഉണ്ടായതെന്ന് നോക്കൂ.
പക്ഷേ ആർക്കെങ്കിലും അതുകൊണ്ട് സന്തോഷവും സമാധാനവും മനസുഖവും ലഭിക്കുന്നുണ്ടെങ്കിൽ അതങ്ങനെ ആകട്ടെ. എനിക്ക് മുട്ടി നിൽക്കുന്ന ചിരി അവിടെ ഒരു അശ്ലീലമാണ്. ഞാൻ പെട്ടെന്ന് തന്നെ ഭാഗിയേയും കൂട്ടി സ്ഥലം കാലിയാക്കി.
ഇന്ന് മുതൽ അങ്ങോട്ട് തീർത്തും അപരിചിതമായ സ്ഥലങ്ങളിലൂടെയാണ് സഞ്ചാരം. രാത്രിയുറക്കവും അങ്ങനെത്തന്നെ. പാലി പട്ടണത്തിൽ ഭാഗിക്ക് കിടക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കാൻ എനിക്കായില്ല. രാത്രി ആയാൽ പൂട്ടിപ്പോകുന്ന കടകൾക്ക് മുന്നിൽ കിടക്കുന്നത് ശരിയാകില്ല. ഞങ്ങൾ ടൗൺ വിട്ട് ജോധ്പൂർ ഹൈവേയിൽ കുറച്ചുകൂടെ സഞ്ചരിച്ചു. ഒരു ഗ്യാസ് സ്റ്റേഷനും ധാബയും അടുത്തടുത്ത് കണ്ടപ്പോൾ അങ്ങോട്ട് ചെന്നു.
ആദ്യം ധാബക്കാരനുമായി സംസാരിച്ച്, ഭാഗിയെ അവിടെ പാർക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കി. പക്ഷേ അവിടെ വല്ലാത്ത പൊടിയും തിരക്കും. നാളെ രാവിലെ നിറക്കാനുള്ള ഡീസൽ ഇന്ന് വൈകീട്ട് തന്നെ നിറച്ചുകൊണ്ട്, ഗ്യാസ് സ്റ്റേഷനിൽ ഉള്ളവരെ പതുക്കെ സോപ്പിട്ടു. അങ്ങനെ ഈ യാത്രയിൽ ആദ്യമായി ഭാഗിയും ഞാനും ഒരു ഗ്യാസ് സ്റ്റേഷനിൽ രാത്രി വിശ്രമിക്കുകയാണ്.
അതിനിടയ്ക്ക് സങ്കടപ്പെടുത്തുന്ന ഒരു കാര്യമുണ്ടായി. കേരളത്തിൽ ARM, കിഷ്ക്കിന്താകാണ്ഡം എന്നീ സിനിമകൾ തകർത്ത് ഓടുകയാണല്ലോ! ഞാൻ തിരികെ എത്തുമ്പോഴേക്കും ഈ രണ്ട് സിനിമകളും തീയറ്ററിൽ നിന്ന് പോകും. വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും തീയറ്ററിൽ ഇത് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
വൈകിട്ട് സനൂജിന്റെ Sanuj Suseelan ഒരു മെസ്സേജ് വന്നു. ജയ്സാൽമീറിൽ ARM ഹൗസ് ഫുൾ ആയി ഓടുന്നു എന്നാണ് സനൂജ് അയച്ച സ്ക്രീൻഷോട്ടിൽ പറയുന്നത്. ഈ വിവരം ഇന്നലെ അറിഞ്ഞിരുന്നെങ്കിൽ ഇന്നുകൂടി ജയ്സാൽമീറിൽ തങ്ങി ARM കണ്ടിട്ടേ ഞാൻ പാലിയിലേക്ക് തിരിക്കുമായിരുന്നുള്ളൂ. ഇനിയിപ്പോൾ ജയ്പൂരിൽ ഇതെവിടെയെങ്കിലും കളിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇത് പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഉടൻ ധാബയിൽ പോയി അത്താഴം കഴിച്ച് പെട്ടെന്ന് കിടന്നുറങ്ങും.
ശുഭരാത്രി കൂട്ടരെ.