കോൺവെന്റ് ജങ്ങ്ഷനിലെ ഡിസീ സ്റ്റോറിൽ, നിന്ന നിൽപ്പിൽ വായിച്ചു തീർത്തു, റീമയും ആഷിക്കും ചേർന്ന് സമാഹരിച്ച ‘അതെന്റെ ഹൃദയമായിരുന്നു‘ എന്ന പ്രണയമൊഴിപ്പുസ്തകം.
ചുള്ളിക്കാട്, ഡി.വിനയചന്ദ്രൻ, ഓ.ഏൻ.വി, അയ്യപ്പൻ, മാധവിക്കുട്ടി, ഉണ്ണി ആർ, പത്മരാജൻ, കെ.ആർ.മീര, മേതിൽ, സച്ചിദാനന്ദൻ, വീരാൻകുട്ടി, ബഷീർ എന്നിങ്ങനെയുള്ള മലയാളി സാഹിത്യകാർക്ക് പുറമെ റൂമി മുതൽ ദസ്തോവ്സ്ക്കി വരെയും, ബ്രാം സ്റ്റോക്കർ മുതൽ ബോബ് മാർളി വരെയുമുള്ള ഒരുപാട് പേരുടെ പ്രണയമൊഴികളാണ് ഡീസി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൽ. പലതും മുൻപ് കേട്ടിട്ടുള്ള വരികൾ, പക്ഷേ ആര് പറഞ്ഞു എന്നറിയാത്തത്. അറിയുന്നതും ധാരാളം. ചിലത് ഇതുവരെ കേട്ടിട്ടില്ലാത്തത്. സിനിമാ ഗാനങ്ങൾ മുതൽ സിനിമയിലെ ഡയലോഗുകൾ വരെ കൂട്ടത്തിലുണ്ട്.
പ്രണയിതാക്കൾക്കും പ്രണയ മൊഴികൾ എടുത്തെഴുതേണ്ടി വരുമെന്ന് കരുതുന്നവർക്കും കൈപ്പുസ്തമായി കൊണ്ടുനടക്കാവുന്ന ഒന്ന്. അത് പക്ഷേ, നിന്ന നിൽപ്പിൽ വായിച്ച് തീർത്തപ്പോൾ ഞാനെന്റെ ശരീരത്തോട് നീതിപുലർത്തിയില്ല എന്നതാണ് യാഥാർത്ഥ്യം. അത്രയ്ക്കും പ്രണയമൊഴികൾ ഒറ്റയടിക്ക് താങ്ങാൻ ഈ മദ്ധ്യവയസ്ക്കന്റെ ശരീരത്തിനോ ഹൃദയത്തിനോ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കണമായിരുന്നു. ശരിക്കും നെഞ്ചുവേദനിച്ചു പോയി.
ലോകത്തിലെ മുഴുവൻ പ്രണയമൊഴികളും ഈ 93 പേജിൽ ഒതുങ്ങുമെന്ന് കരുതാൻ വയ്യ. പ്രണയസാഗരത്തിലായിരുന്ന റീമയും ആഷിക്കും പോലും തളർന്നുപോയിക്കാണണം സമാഹരണത്തിനിടയിൽ എന്ന് കരുതാനേ നിവൃത്തിയുള്ളൂ.
പുസ്തകത്തിലുള്ള 157 ൽപ്പരം പ്രണയമൊഴികളിൽ എനിക്കേറ്റവും ഇഷ്ടമായത് ഏതാണെന്ന് ചോദിച്ചാൽ അൻപത്തിയൊൻപതാം പേജിലുള്ള മേതിലിന്റെ വരികൾ തന്നെ.
“പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു.
പ്രേമം കഴിയുന്നതോടെ കുടിശ്ശിക തീർത്ത് കണക്കുപറയുന്നു.”
ഇത്രേം വായിച്ചിട്ട് ഞാനായിട്ട് പ്രണയമൊഴിയൊന്നും നടത്തിയില്ലെങ്കിൽ മോശമാകുമെന്നതുകൊണ്ട് ഒന്ന് പറഞ്ഞ് അവസാനിപ്പിക്കാം. ‘പ്രണയം ഒരു ചുഴിയാണ്. അതിൽപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്നവർ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നത് സ്വാഭാവികം മാത്രം‘. ടി.പി.രാജീവന്റേയും മേതിലിന്റേയും വരികൾ രണ്ടിടത്ത് ആവർത്തിച്ച് അച്ചടിച്ചിരിക്കുന്നത് കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്.