എവിടെപ്പോയാലും ആ സ്ഥലത്തിൻ്റെ ഓർമ്മയ്ക്ക് എന്തെങ്കിലും ഒന്ന് വാങ്ങുന്നത് ഒരുപാട് സഞ്ചാരികളുടേത് പോലെ എൻ്റേയും പതിവാണ്. ങ് ഹാ.. അത് തന്നെ… സൊവനീർ, അഥവാ സ്മരണിക.
പോകപ്പോകെ സൊവനീറുകൾ കൊണ്ട് വീട് നിറഞ്ഞു. ചുമരുകളിൽ ഇടമില്ലാതായി. പലതും കട്ടിലിന്റെ അടിയിൽ സ്ഥാനം പിടിച്ചു. എന്നാലും വല്ലപ്പോഴും അതെല്ലാം ഒന്ന് പൊടി തട്ടി വെക്കാൻ കൈയിലെടുക്കുമ്പോൾ കടന്ന് പോയ സംസ്ഥാനങ്ങളും രാജ്യങ്ങളും ഇടങ്ങളും അതെല്ലാം വാങ്ങിയ കടകളുമെല്ലാം മിന്നായം പോലെ മുന്നിലൂടെ കടന്ന് പോകും. അതൊരു രസകരമായ അനുഭൂതിയാണ്.
പറഞ്ഞുവന്നത്….
ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷനിൽ Great Indian Expedition പക്ഷേ, സൊവനീറുകൾ വാങ്ങണ്ട എന്ന് തീരുമാനിച്ചു. (‘ആശയടക്കം‘ എന്ന സെൽഫ് സജഷൻ പരിപാടി പഠിപ്പിച്ചു തന്ന, ലിറ്റിൽ ഫ്ലവർ കോൺവെൻ്റിലെ കന്യാസ്ത്രീ അമ്മമാർക്ക് നന്ദി.) പോകുന്നയിടങ്ങളിൽ നിന്നെല്ലാം ഓരോന്ന് വാങ്ങിക്കൂട്ടിയാൽ അത് വെക്കാൻ വീട്ടിൽ മാത്രമല്ല വാഹനത്തിലും സ്ഥലമില്ല. എന്നാലും ഗോവയിൽ നിന്ന് മടങ്ങുന്നതിന് മുൻപ് എന്തെങ്കിലുമൊന്ന് വാങ്ങാൻ ചെറുതായി പദ്ധതിയുണ്ട്.
ഗോവയുടെ തനത് ജീവിതവും കലയും സംസ്ക്കാരവുമൊക്കെ പ്രദർശിപ്പിക്കുന്ന ‘ബിഗ് ഫുട്ട്‘ എന്ന പാർക്കിൽ പോയപ്പോൾ പ്രശസ്ത ചിത്രകാരൻ മരിയോ മിറാൻ്റയുടെ ചില രചനകൾ ടൈലുകളിൽ പ്രിൻ്റ് ചെയ്ത് വിൽക്കുന്നത് കണ്ടു. എത്ര രസകരമാണ് അദ്ദേഹത്തിൻ്റെ വരകൾ! എന്ത് ഭംഗിയായാണ് ഗോവൻ ജീവിതത്തെ അദ്ദേഹം വരകളിൽ ആവാഹിച്ചിരിക്കുന്നത്! പക്ഷേ, ആ ടൈലുകൾക്ക് കടുത്ത വില. മിരാൻ്റയുടെ പടങ്ങൾ നമ്മൾ സ്വയം ടൈലുകളിൽ പ്രിൻ്റ് ചെയ്തെടുത്താൽ അതിൻ്റെ നാലിലൊന്ന് ചിലവ് വരില്ല.
അങ്ങനെ ചിലത് ചിലയിടങ്ങളിൽ കണ്ടുവെച്ചിട്ടുണ്ട്. പക്ഷേ, വാങ്ങലിലേക്ക് കടന്നിട്ടില്ല. ഗോവ വിടുന്നതിന് മുന്നേ വീണ്ടും പോയി, പേശി, പറ്റുമെങ്കിൽ വാങ്ങണം എന്നാണ് പദ്ധതി.
അതിന് മുന്നേ മനോഹരമായ ഒരു സോവനീർ സ്വാഭാവികമായി ഒത്തുവന്നു. അതൊരു തീൻമേശയിലാണ് സംഭവിച്ചത്. തിരക്കോൾ എന്ന കോട്ടയുടെ ഉള്ളിൽ! കേട്ടപ്പോൾ കൗതുകമുണ്ടല്ലേ? വിശദമാക്കാം.
തിരക്കോൾ എന്നാൽ, പുഴയുടെ ആഴമുള്ള ഭാഗത്തെ തീരം എന്നാണർത്ഥം. ഏത് ഭാഷയിലാണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വടക്കേ ഗോവയിലാണ് തിരക്കോൾ കോട്ട. ഒരുപാട് ചരിത്രം പറയാനുള്ള കോട്ടയാണത്. പക്ഷേ, നെറ്റിൽ തിരയുമ്പോൾ, അതേ പേരിൽ ഒരു ഹെറിറ്റേജ് ഹോട്ടലിൻ്റെ പടങ്ങളും വിവരങ്ങളുമാണ് കിട്ടുന്നത്. അതൊരു ഹോട്ടലാക്കി മാറ്റിയിട്ടുണ്ടെങ്കിൽ അത്രയും ദൂരം കഷ്ടപ്പെട്ട് ചെന്നിട്ട് കോട്ട കാണാൻ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയോടു കൂടെത്തന്നെയാണ് പുറപ്പെട്ടത്. മുന്നറിപ്പാണോ ശുഭലക്ഷണമാണോ എന്ന് എന്നെപ്പോലൊരാൾക്ക് തിരിച്ചറിയാനാകാത്ത വിധം മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. എൻ്റെ അഷ്ടവസുക്കളിൽ ഒന്നാണ് മഴ അഥവാ ജലം എന്ന് മാത്രമേ അറിയൂ.
തിരക്കോൾ ഗ്രാമത്തിലാണ് തിരക്കോൾ കോട്ട. ഗോവൻ സ്വാതന്ത്ര്യസമരകാലത്ത് സത്യാഗ്രഹികൾ എന്ന് വിളിച്ചിരുന്ന സമരസേനാനികൾ പിടിച്ചടക്കി, പറങ്കികളുടെ കൊടിയിറക്കി 22 മണിക്കൂർ സമയം ഇന്ത്യൻ പതാക പാറിച്ച കോട്ടയാണത്. 22 മണിക്കൂറിന് ശേഷം എന്ത് സംഭവിച്ചു? അതൊക്കെ വലിയ കഥകളാണ്. ഇൻ്റർനെറ്റിൽ പരതിയാൽ കിട്ടാത്ത അത്തരം ധാരാളം കഥകൾ, തിരക്കോൾ കോട്ടയുടെ യൂട്യൂബ് വീഡിയോയിൽ ഞാൻ പറയുന്നുണ്ട്. ഉടൻ വരും. കാത്തിരിക്കുക.
എല്ലാ ആശങ്കകളും ഉള്ളിൽപ്പേറിയാണ് കോട്ടയിലേക്ക് ചെന്ന് കയറിയത്. 8 മുറികളുണ്ട് കോട്ടയിൽ. പെട്ടെന്ന് ഒരാശയം ഉള്ളിലുദിച്ചു. കോട്ടകളിലൊന്നിലും ഇതിന് മുൻപ് അന്തിയുറങ്ങിയിട്ടില്ല. ഹോട്ടലാക്കിയ വകയിലാണെങ്കിലും തിരക്കോൾ ഇപ്പോഴും കോട്ടയാണ്. താരിഫ് പോക്കറ്റിന് ഒതുങ്ങുന്നതാണെങ്കിൽ, ഇന്ന് രാത്രി കാരവാൻ ഒഴിവാക്കി കോട്ടയിലുറങ്ങിയാലോ?! പദ്ധതി കിടുവാണെന്ന് എനിക്ക് തന്നെ തോന്നി. സ്വയം തോളിൽത്തട്ടി അഭിനന്ദിക്കാൻ, അടിഞ്ഞുകൂടിയ മേദസ്സ് പക്ഷേ, സമ്മതിച്ചില്ല.
മുറികളുടെ വാടക തിരക്കിയപ്പോൾ എല്ലാ മനക്കോട്ടകളും പെട്ടെന്നിടിഞ്ഞ് വീണു. ഏറ്റവും കുറഞ്ഞ മുറിവാടക 10,000 രൂപയാണ്. സ്യൂട്ട് റൂമിന് 15,000 രൂപയും. ശരിക്കും ധർമ്മസങ്കടത്തിലായി. അത്രയും പണമുണ്ടെങ്കിൽ എൻ്റെ യാത്ര 20 ദിവസം മുന്നോട്ട് നീങ്ങും. എന്നിരുന്നാലും ഇപ്രാവശ്യം ‘ആശയടക്കം‘ ഫലം കണ്ടില്ല. ‘പണം ഇന്ന് വരും നാളെപ്പോകും‘ എന്ന ആപ്തവാക്യമാണ് തലപൊക്കിയത്. കോട്ടയിലെ ഏതെങ്കിലും ഒരു മുറിയിൽ ആ രാത്രി ഉറങ്ങാൻ തന്നെ തീരുമാനിച്ചു.
പക്ഷേ….. എല്ലാ മുറികളും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ആശ്വാസത്തിൻ്റെ നെടുവീർപ്പൊരെണ്ണം ഉയർന്നുപൊങ്ങി. ഹാവൂ… എത്ര പെട്ടെന്നാണ് 10,000 രൂപ രക്ഷപ്പെട്ടത്! രാജസ്ഥാനിൽ ചെല്ലുമ്പോൾ കോട്ട ഹോട്ടലാക്കി മാറ്റിയ ഏതെങ്കിലും ഒരിടത്ത് രാത്രി തങ്ങി, ആ ആഗ്രഹം ബക്കറ്റിൽ നിന്നെടുത്ത് വെളിയിൽ കളയാം. തൽക്കാലം അങ്ങനെയൊരു അവധി കൊടുത്തു മനക്കോട്ടയ്ക്ക്.
കോട്ടയിൽ കിടക്കാൻ പറ്റിയില്ലെങ്കിലും ആ മുറികളിൽ ചിലത് അവർ കാണിച്ചു തന്നു. ഗംഭീരമാണത്. ബാത്ത് റൂമിലെ അഴികളില്ലാത്ത ജനാലകൾ പോലും തുറക്കുന്നത് താഴെ തിരക്കോൾ നദിയുടേയും മറുകരയിലെ പച്ചപ്പിൻ്റേയും മനോഹാരിതയിലേക്കാണ്, അറബിക്കടലിന്റെ അനന്തതയിലേക്കാണ്. ആ വശത്ത് നിന്ന് കോട്ട ഭേദിച്ച് ആരും എത്തി നോക്കില്ലെന്ന നല്ല ഉറപ്പിൽ ജനലുകൾ തുറന്നിട്ട് കുളിക്കാം. കിടപ്പ് മുറിക്ക് സ്വന്തമായി ഒരു ബാൽക്കണിയുണ്ട്. കോട്ടയുടെ കൊത്തളമാണ് ബാൽക്കണിയായി മാറ്റിയിരിക്കുന്നത്. 10,000 രൂപ കൊടുത്ത് ഒരു രാത്രി തങ്ങിയാലും നഷ്ടമാകില്ലെന്ന് ഉറപ്പ് പറയാൻ പറ്റുന്ന ഗംഭീര മുറി തന്നെയാണത്.
ഇടയ്ക്ക് ഞാനിങ്ങനെ കാട് കയറും. ക്ഷമിക്കുക. നമുക്ക് സൊവനീറിലേക്ക് മടങ്ങാം.
ഉച്ചഭക്ഷണത്തിൻ്റെ സമയം ആയിക്കഴിഞ്ഞിരുന്നു. കോട്ടയിലെ കിടപ്പ് മുടങ്ങിയെങ്കിലും അവിടത്തെ റസ്റ്റോറൻ്റിൽ (The Tavern) നിന്ന് ഭക്ഷണം കഴിച്ച് ആ വിഷമം മാറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു. രണ്ട് മേശകൾ ആരോ റിസർവ്വ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള മേശകളിൽ മികച്ചതൊന്നിൽ ഇരുപ്പുറപ്പിച്ചു. വെളിയിൽ, നേരത്തേ ബാത്ത്റൂമിൽ നിന്ന് വർണ്ണിച്ച പ്രകൃതി ഭംഗിയുടെ വലിയ പതിപ്പ്.
കോട്ടയുടെ പേരുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒന്ന് തന്നെ കഴിക്കാൻ ഉറച്ചത് പ്രകാരം, Spaghetti ‘Tiracol’ Clams ഓർഡർ ചെയ്തു. അതിൽ കോട്ടയുടെ പേരുണ്ടല്ലോ! നാടൻ കക്ക (Clams) ചേർത്ത്, വെളുത്ത വൈൻ സോസ് & ചെറി തക്കാളി ചേരുവയിൽ പാചകം ചെയ്ത സ്പെഗറ്റി. അതാണ് വിഭവം. കഴിച്ച് കഴിഞ്ഞ് ബില്ല് വരുമ്പോൾ മിനിമം 4 നക്ഷത്രം എണ്ണുമെന്ന് റേറ്റ് കണ്ട് ഉറപ്പിച്ച് തന്നെയാണ് ഓർഡർ കൊടുത്തത്. ഒന്നുമില്ലെങ്കിലും 10,000 രൂപ ലാഭിച്ച ദിവസമല്ലേ.
സ്പെഗറ്റി മേശയിൽ നിരന്നപ്പോളാണ് നാടൻ കക്കയുടെ തോടടക്കമാണ് വിളമ്പിയിരിക്കുന്നതെന്ന് പിടികിട്ടിയത്. നാളെത്രയായി കടൽ, കായൽ, പുഴ വിഭവങ്ങൾ കഴിക്കുന്നു. തോടടക്കം ഇങ്ങനൊരു വിഭവം എന്തുകൊണ്ട് മുന്നേ കഴിച്ചില്ല എന്ന് ആലോചിക്കാതിരുന്നില്ല. എന്തായാലും സംഭവം ജോറായി. രുചി കേമം.
കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അൽപ്പം കാട് പിടിച്ച സ്ഥലമായതുകൊണ്ട് ധാരാളം കുരങ്ങുകളും അണ്ണാറന്മാരും വിഹരിക്കുന്നുണ്ട്. അണ്ണാറന്മാർ റസ്റ്റോറൻ്റിൻ്റെ ഓരോ മൂലയിലും കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.
അതിലൊരു അണ്ണാറൻ എൻ്റെ തീൻമേശയിലും എത്തി. ഒരു സ്പെഗറ്റി നൂലെടുത്ത് ഞാനതിന് നൽകി. ഭയപ്പാടുണ്ടെങ്കിലും, തന്നെ പിടിക്കാൻ പറ്റില്ല എന്ന ഉറപ്പിൽ അവൻ/ൾ അതെൻ്റെ കൈയിൽ നിന്നത് വാങ്ങിക്കഴിച്ചു. തള്ളിയതല്ല. എല്ലാം വീഡിയോ വരുമ്പോൾ അതിൽ വിശദമായി കാണാം.
ഞാനും അതും ചേർന്ന് വീണ്ടും സ്പഗറ്റി കഴിച്ചു. വിശപ്പൊടുങ്ങിയാൽ, മറ്റ് ജന്തുക്കൾ പിന്നെ കഴിക്കാൻ നിൽക്കില്ല. വയറ് നിറഞ്ഞ അണ്ണാറൻ മെല്ലെ മരച്ചില്ല വഴി മടങ്ങിപ്പോയി. ഞാൻ വയറുനിറഞ്ഞിട്ടും കഴിച്ചു തീർത്തു.
ഇനിയാണ് സോവനീറിൻ്റെ കഥയും ക്ലൈമാക്സും. ആ കക്കയുടെ തോടുകൾ 55 വർഷത്തിനിടയ്ക്ക് എൻ്റെ തീർമേശയിൽ, എൻ്റെ പാത്രത്തിൽ വിളമ്പപ്പെടുന്ന ആദ്യത്തെ കക്കയുടെ തോടുകളാണ്. അതിലും വലിയ എന്ത് സോവനീറാണ് തെരക്കോൾ എന്ന ഈ കോട്ടയിൽ നിന്ന് ഞാൻ വീട്ടിലേക്ക് കൊണ്ടുപോകേണ്ടത്? അതിനെ എങ്ങനെ ഫ്രെയിം ചെയ്യണമെന്ന് മാത്രം ആലോചിച്ച് തീരുമാനിച്ചാൽ മതി. (നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു.)
ഞാനാ കക്കത്തോടുകൾ ടിഷ്യൂ പേപ്പറിൽ തുടച്ചെടുത്തു. പീന്നീട് കഴുകിയെടുത്ത് സുരക്ഷിതമാക്കി. പാത്രമെടുക്കാൻ വന്ന വെയ്റ്റർ ‘ഈ ദാരിദ്ര്യവാസി കക്കയുടെ തോടടക്കം തിന്നോ?‘ എന്ന നോട്ടം തരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, അയാളൊരു പുഞ്ചിരി മാത്രം വിരിയിച്ചു. അവിടെ വന്ന് ഈ വിഭവം കഴിച്ച് പോകുന്ന പലരും ആ കക്കത്തോടുകൾ ഓർമ്മയ്ക്കായി എടുത്തുകൊണ്ട് പോകാറുണ്ടെന്ന് ആ ചിരിയിലുണ്ട്.
സുന്ദരമായ 13 കക്കത്തോടുകൾ. ഇനിയങ്ങോട്ട് അതെന്ന് കാണുമ്പോളും, തുൾസീദാസ് ബാലകൃഷ്ണ ഹിർവേയും ശേഷ്നാഥ് വാഡേക്കറും, ഗോവൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത തെരക്കോൾ കോട്ടയെ സ്മരിക്കാതെങ്ങനെ?! എനിക്കൊപ്പം സ്പെഗറ്റി കഴിച്ച അണ്ണാറനെ മറക്കുന്നതെങ്ങനെ? വെക്കാൻ സ്ഥലമില്ലാഞ്ഞിട്ടും സോവനീറുകളെ കൂടെക്കൂട്ടുന്നത് പിന്നെന്തിന് വേണ്ടിയാണെന്നാണ്?
ഓർമ്മകളുണ്ടായിരിക്കണം. നമ്മൾ കടന്ന് പോന്ന വഴികളുടേയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ധീരദേശാഭിമാനികൾ കടന്ന് പോയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റേയും. അതിന് ചിലപ്പോൾ ഒരു കക്കത്തോട് ധാരാളം മതിയാകും.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofindia
#fortsofgoa
#terekhol