GIE (English)

തോട്ടത്തിൽ ഓണാഘോഷം (ദിവസം # 3 – രാത്രി 08:15)


11
ശൂലഗിരി തോട്ടത്തിൽ ഓണാഘോഷത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടുതൽ തങ്ങുന്നത് എന്ന് പറഞ്ഞിരുന്നല്ലോ.

ഓണാഘോഷവും ഓണസദ്യയും എല്ലാം പൊടി പൊടിച്ചു. മാവേലി തമിഴനായിരുന്നു എന്നതാണ് ഒരു പ്രത്യേകത. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വന്ന് ബാംഗ്ലൂരിൽ സ്ഥിരതാമസം ആയിരിക്കുന്നവരാണ് തോട്ടം ഉടമകളിൽ നല്ലൊരു പങ്കും. അതുകൊണ്ടുതന്നെ അവർക്ക് ഇതൊക്കെ പുതുമയുള്ള കാഴ്ചകളാണ്.

സദ്യ കഴിഞ്ഞ് മത്സരങ്ങളും കളികളും നടക്കുന്ന സമയത്ത്, കൊളോസിയത്തിൻ്റെ പുൽത്തകിടിയിൽ കുറച്ചുനേരം മയങ്ങി. ഒരു പഴയ പാറവെട്ട് മടയാണ് കൊളോസിയമാക്കി മാറ്റിയിരിക്കുന്നത്. റസ്റ്റോറന്റും ഓഡിറ്റോറിയവും സിമ്മിംഗ് പൂളും മത്സ്യക്കുളവും സിനിമാ പ്രദർശനത്തിനുള്ള സൗകര്യവുമൊക്കെ ഇതിനകത്തുണ്ട്.

തൃക്കാക്കര വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എടുക്കാൻ മറന്നു പോയ ഒരേയൊരു കാര്യം, ഭാഗിയുടെ ഉള്ളിൽ വെച്ചിരുന്ന ഒരു ചെറിയ ചെടിയാണ്. കഴിഞ്ഞ 54 ദിവസത്തെ രാജസ്ഥാൻ യാത്രയിൽ നല്ലൊരു പങ്കും അത് എന്നോടൊപ്പം വാടാതെ ഉണ്ടായിരുന്നു.

വൈകുന്നേരം, അത്തരത്തിൽ ഒരു ചെടി തയ്യാറാക്കി കൊണ്ടിരുന്നപ്പോൾ രണ്ടു കൊച്ചു മിടുക്കികൾ വന്ന് എനിക്കൊപ്പം കൂടി. അവർക്ക് മലയാളം അറിയില്ലെങ്കിലും അവരുടെ അച്ഛൻ കാക്കനാട് നിന്നാണ്. ചെടി അവര് നട്ടു. ഭാഗിക്ക് ഉള്ളിലേക്ക് ചെടി വെച്ചപ്പോൾ, ‘ഇത് കാറല്ലല്ലോ, ഒരു വീടാണല്ലോ’ എന്നായിരുന്നു അതിൽ ചെറിയ കക്ഷിയുടെ കമന്റ്. മോട്ടോർ ഹോം എന്താണെന്ന് ഈ പ്രായത്തിൽത്തന്നെ അവർക്ക് നല്ല ധാരണയുണ്ട്.

ഇന്നുണ്ടായ ആശാവഹവും സന്തോഷപ്രദവുമായ മറ്റൊരു കാര്യം, തോട്ടത്തിൽ 350 ചതുരശ്ര അടിയുള്ള എൻ്റെ ഫാം ഹൗസ് പണിയാനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായി എന്നതാണ്. ഫെബ്രുവരിയിൽ ഈ യാത്ര കഴിഞ്ഞ് വന്നാലുടൻ വീടുപണി ആരംഭിക്കും.

രാത്രി ഒരു ഡിജെ പാർട്ടിയും കൂടെ കഴിഞ്ഞാലേ ഓണാഘോഷം അവസാനിക്കൂ. അങ്ങനെയൊരു സംഭവത്തിൽ ഞാനിതുവരെ പങ്കെടുത്തിട്ടില്ല. അതുകൂടെ ഒന്ന് കണ്ട ശേഷം നേരത്തെ കിടന്നുറങ്ങണം.

നാളെ പുലരുന്നതിനു മുൻപ് മംഗലാപുരത്തേക്ക് യാത്ര തിരിക്കുകയായി. മൈസൂർ, മടിക്കേരി, സുള്ളിയ, പുത്തൂർ വഴിയാണ് യാത്ര.

ഈ യാത്ര രാജസ്ഥാനിൽ എത്തുന്നതുവരെ നിങ്ങളിൽ പലർക്കും, സമയക്ലിപ്തത ഇല്ലാതെയുള്ള എൻ്റെ ഇഴഞ്ഞുനീക്കം വിരസമായിരിക്കാം. ക്ഷമിക്കണം, ഈ യാത്രയുടെ രീതി തന്നെ അങ്ങനെയാണ്. എനിക്ക് തിരക്കിട്ട് എങ്ങോട്ടും ചെന്നെത്താനില്ല. ഒരാളോടും ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് എത്താമെന്ന് വാക്ക് കൊടുത്തിട്ടില്ല. ഹോട്ടൽ മുറി ഏർപ്പാട് ചെയ്തിട്ടില്ല. ഭാഗിയും ഞാനും രണ്ട് നാടോടികളാണ്. കൊട്ടും പാട്ടും ആട്ടവും തുള്ളലുമൊക്കെ എവിടെ കണ്ടാലും അവിടെ തമ്പടിച്ചെന്ന് വരും. തിരക്കുപിടിച്ച നാഗരികതയിൽ നിന്നും എന്നെന്നേക്കുമായി അവധിയെടുത്തിട്ടുള്ള യാത്രയാണിത്. അത് നിങ്ങളിൽ പലരുടേയും അഭിരുചിക്ക് ചേർന്നതാകണമെന്നില്ല. എന്നിരുന്നാലും നിങ്ങൾ ഒരുപാട് പേർ ഒപ്പം ഉണ്ടെന്നറിയാം. മിണ്ടീം പറഞ്ഞും ഇങ്ങനെ പോയാൽ അഞ്ചാറ് മാസം തുടർച്ചയായി യാത്ര പോയതിന്റെ ഒരു ചെറിയ പ്രതീതി നിങ്ങൾക്കും കിട്ടിയെന്ന് വരാം. അതിൽക്കൂടുതൽ ഒന്നും വാഗ്ദാനം ചെയ്യാൻ എനിക്കില്ല.

മഴ പൊടിയുന്നുണ്ട്. മഴ കനത്താൽ ഡിജെ പാർട്ടി കുളമാകുമെന്നും കേൾക്കുന്നുണ്ട്.

ശുഭരാത്രി സുഹൃത്തുക്കളേ.