DSC05658

ഗോകര്‍ണ്ണവും കാര്‍വാറും


‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14.
——————————————–

മിര്‍ജാന്‍ ഫോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. ഗോകര്‍ണ്ണമായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായിട്ട് വരുന്ന വഴിയാണിതൊക്കെ. അതുകൊണ്ട് ഗോകര്‍ണ്ണത്തെപ്പറ്റിയോ അവിടത്തെ ഹോട്ടലുകളെപ്പറ്റിയോ ഒന്നും കാര്യമായ പിടിപാടില്ല. മൂന്ന് ബീച്ചുകളുടെ പേരാണ് മനസ്സിലുള്ളത്. ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, ഫുള്‍ മൂണ്‍ ബീച്ച് അഥവാ പാരഡൈസ് ബീച്ച്.

ഓം ബീച്ചില്‍ എന്തായാലും പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിന് കാരണം ബീച്ചിന്റെ ആകൃതിയിലുള്ള പ്രത്യേകതയാണ്. ഇതിലേതെങ്കിലും ഒരു ബീച്ചില്‍ ഗോവയിലൊക്കെ ഉള്ളതുപോലെ ബീച്ച് ഷാക്കുകള്‍ ഉണ്ടാകാതിരിക്കില്ല. ബീച്ച് ഷാക്കിലിരുന്ന് കടലിലേക്കും നോക്കി ഭക്ഷണം കഴിക്കുന്നതിന്റെ അനുഭൂതി ഒന്ന് വേറെയാണ്. ഒന്നുരണ്ട് പ്രാവശ്യം ഞാനത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അതിനടിമപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറ്യാം.

ഗോകര്‍ണ്ണത്ത് ചെന്ന് കയറിയതോടെ ഓം ബീച്ച് എന്ന് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. വണ്ടി, ഹൈവേയില്‍ നിന്ന് പടിഞ്ഞാറുദിക്കിലേക്കുള്ള പോക്കറ്റ് റോഡുകളൊന്നിലേക്ക് കയറി. അല്‍പ്പദൂരം പോയപ്പോള്‍ പെട്ടെന്ന് റോഡ് കുത്തനെ കയറാന്‍ തുടങ്ങി. ബീച്ച് സൈഡിലേക്കാണ് പോകുന്നതെങ്കിലും ഹില്‍ സ്റ്റേഷനുകളില്‍ എവിടെയോ പോകുന്നതുപോലെ വഴി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. റോഡിനിരുവശത്തും പറങ്കിമാവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഗോവയിലേയും സമീപഭൂപ്രദേശങ്ങളിലേയും ഒരു പ്രത്യേകതയാണ് പറങ്കിമാവുകള്‍. നല്ല ബെസ്റ്റ് കാഷ്യൂ ഫെനിക്ക് (ഒന്നാന്തരം ചാരായം തന്നെ) പേരുകേട്ട സ്ഥലമാണല്ലോ ഗോവ. പറങ്കിമാവ് ഇല്ലാതെ എന്തോന്ന് ഫെനി ? ഗോവയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായ ഗോകര്‍ണ്ണയിലും കശൂമ്മാവുകള്‍ നിറയെ കാണുന്നതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല.

അധികം താമസിയാതെ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനത്തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ലക്ഷ്യത്തിലെത്താനായതുകൊണ്ടാണെന്ന് തോന്നിയെങ്കിലും കുന്നിന്റെ മുകളില്‍ എങ്ങനെയാണ് ബീച്ച് വരുക എന്ന സംശയം ബാക്കിനിന്നു.

ഹാഫ് മൂണ്‍ ബീച്ചിന്റെ ഒരു ഭാഗം

സംശയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. റോഡിന് വലത്തുവശത്തേക്ക് നോക്കിയാല്‍ വളരെ ഉയരത്തില്‍ നിന്ന് ബീച്ചിന്റെ മനോഹരമായ കാഴ്ച്ച കാണാം‍. കടലിലേക്ക് തള്ളിനില്‍ക്കുന്ന രണ്ട് ഉയര്‍ന്ന പ്രദേശത്തിനിടയിലുള്ള ഹാഫ് മൂണ്‍ ബീച്ചാണ് അത്. കുറേക്കൂടെ മുന്നിലേക്ക് ചെന്ന് റോഡ് അവസാനിച്ചു. വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്ത് ജനങ്ങള്‍ ഇറങ്ങി നടക്കുകയാണ് അവിടന്നങ്ങോട്ട്. ഇടുങ്ങിയ റോഡില്‍ പാര്‍ക്കിങ്ങിന് ഇടം കിട്ടാന്‍ കുറേ ബുദ്ധിമുട്ടേണ്ടിവന്നു.

ഹാഫ് മൂണ്‍ ബീച്ച് – ഉയരമുള്ള റോഡില്‍ നിന്നുള്ള കാഴ്ച്ച

ഞങ്ങള്‍ ചെന്നെത്തിയിരിക്കുന്നത് ഓം ബീച്ചിലേക്ക് തന്നെയാണ്. ഓം ബീച്ചും ഹാഫ് മൂണ്‍ ബീച്ചും തമ്മില്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു കുന്നിനാലാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. അത്തരം രണ്ട് കുന്നുകള്‍ക്കിടയിലാണ് ഹാഫ് മൂണ്‍ ബീച്ച്. വാഹനം കയറി വന്ന അത്രയും ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങിയാലാണ് ബീച്ചിലെത്തുക. കൃത്യമായ പടിക്കെട്ടുകളൊന്നും ഇല്ല. വലിയ പാറക്കല്ലുകളില്‍ ചവിട്ടി ശ്രദ്ധിച്ച് വേണം ഇറങ്ങാന്‍. എന്നുവെച്ച് ആരും താഴേക്ക് ഇറങ്ങാതിരിക്കുന്നൊന്നുമില്ല.

ഓം ബീച്ച് – അല്‍പ്പം ഉയരത്തില്‍ നിന്നുള്ള ദൃശ്യം

മുകളില്‍ നിന്ന് തന്നെ ബീച്ചിന്റെ ആകൃതി വ്യക്തമായി കാണാം. ഈ കടല്‍ക്കരയ്ക്ക് ഓം ബീച്ച് എന്ന് പേര് വന്നതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ പിന്നെ കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ല. ഹിന്ദി അക്ഷരത്തില്‍ എന്ന് എഴുതിയിരിക്കുന്നതുപോലെയാണ് ബീച്ചിന്റെ ആകൃതി. സൃഷ്ടികര്‍ത്താവിന്റെ ഓരോരോ കലാപരിപാടികള്‍ !

ഓം ബീച്ചിന്റെ മദ്ധ്യഭാഗത്തെ പാറകള്‍

ബീച്ചിന്റെ ഏതാണ് മദ്ധ്യഭാഗത്തുനിന്ന് കടലിലേക്ക് തള്ളിയും ഇടിഞ്ഞും വീണ് നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് ഈ ആകൃതി വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണൂ ഓം ബീച്ചിനെ – കടപ്പാട് ഗൂഗിളിനോട്
ഓം ബീച്ച് അല്‍പ്പം കൂടെ താഴെ നിന്നുള്ള ഒരു ദൃശ്യം

ബീച്ചിലേക്കിറങ്ങിയപ്പോള്‍ ഏകദേശം ഗോവയില്‍ കാണുന്ന മാതിരി തന്നെയുള്ള ആള്‍ക്കൂട്ടം ഉണ്ട്. ആള്‍ക്കൂട്ടമെന്ന് വെച്ചാല്‍ വിദേശികള്‍ തന്നെയാണ് അധികവും. മണലിലേക്ക് ഇറങ്ങിച്ചെല്ലുന്നിടത്തുതന്നെ ഞങ്ങള്‍ അന്വേഷിച്ച് നടക്കുന്ന ബീച്ച് ഷാക്ക് ഒരെണ്ണം കണ്ടു. ഇത് ഗോവയില്‍ കാണാറുള്ള ബീച്ച് ഷാക്കിനേക്കാളും കുറച്ചുകൂടെ ആര്‍ഭാടമുള്ള ഒരെണ്ണമാണ്. കടല്‍ക്കരയില്‍ നിന്ന് അല്‍പ്പം ഉയരത്തില്‍ തറകെട്ടി അധികം ഉയരമില്ലാത്ത മരങ്ങള്‍ക്കിടയിലായാണ് ഷാക്ക് നില്‍ക്കുന്നത്.

ബീച്ച് ഷാക്ക് – ഒരു ദൃശ്യം

ഭക്ഷണം (സീ ഫുഡ് തന്നെ എന്താ സംശയം) കഴിച്ചിട്ടുമതി ബാക്കി കറക്കമൊക്കെ എന്ന കാര്യത്തില്‍ 3 പേര്‍ക്കും തര്‍ക്കമൊന്നുമില്ല. വെളിയില്‍ പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന കാര്യത്തിലും കഴിക്കുന്ന കാര്യത്തിലും വീട്ടിലേതിന്റെ വിപരീത സ്വഭാവമാണ് നേഹയ്ക്ക്. വീട്ടിലുണ്ടാക്കിയതാണെങ്കില്‍ വലിയ താല്‍പ്പര്യമില്ല, ഹോട്ടല്‍ ഭക്ഷമാണെങ്കില്‍ ഭേഷായിട്ട് കഴിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നു ഇത് ഈ തലമുറയിലുള്ള കുട്ടികളുടെയൊക്കെ ഒരു സാമാന്യ സ്വഭാവമാണെന്നാണ്.

തൊട്ടടുത്ത മേശകളില്‍ ഇരിക്കുന്നത് ഭൂരിഭാഗവും വിദേശികളും, സ്വദേശി യുവജനതയുമാണ്. കുടുംബങ്ങള്‍ താരതമ്യേനെ കുറവാണ്. മേശപ്പുറത്ത് നുരയുന്ന ബിയര്‍ ഗ്ലാസ്സുകളും കുപ്പികളും. ഗോകര്‍ണ്ണയില്‍ വെച്ചുതന്നെ ജനങ്ങള്‍ക്ക് ശരീരത്തില്‍ വസ്ത്രത്തിന് ക്ഷാമമോ, ത്വക്കില്‍ തുണി തട്ടുന്നതുകൊണ്ടുള്ള അലര്‍ജിയോ തുടങ്ങുകയായി. അവര്‍ ജീവിതം ആസ്വദിക്കുകയാണിവിടെ. ഹിപ്പികള്‍ക്ക് പ്രിയങ്കരമായ ബീച്ചുകളാണ് ഗോകര്‍ണ്ണയിലെ ബീച്ചുകള് എന്ന് കേട്ടിട്ടുണ്ട്‍. ക്യാപ്റ്റന്‍ കൊളാബാവാലയുടെ ‘ഹിപ്പികളുടെ ലോകം‘ എന്ന നോവല്‍ വായിച്ചിട്ട് വ്യക്തമാകാതെ പോയ പല കാര്യങ്ങളുമുണ്ട് 14 വയസ്സുകാരനായ ഒരു നിരക്ഷരന്. ഇവിടന്നങ്ങോട്ട് ഗോവ വരെയുള്ള ബീച്ചുകളില്‍ എവിടെയെങ്കിലും ചെന്നിരുന്ന് അതേ പുസ്തകം വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ അത്രയ്ക്കധികം ബുദ്ധിമുട്ടൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇവിടത്തെ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.

നേഹയുടെ ബീച്ച് ദിനങ്ങള്‍ തുടങ്ങുകയായി.

‘ആക്രാന്താ പടി തൊറാ ആനേക്കൊണ്ടാ പ്രാതലിന് ’ എന്ന കണക്കിന് ദഹനക്രിയ ഭംഗിയാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭക്ഷണത്തിന് ശേഷം നേഹയ്ക്ക് ബീച്ചില്‍ കാല് നനയ്ക്കാന്‍ അവസരം കൊടുക്കാതെ മടങ്ങാനാവില്ല. പറഞ്ഞ് പറ്റിക്കുന്നതിനും ഒരു അതിരില്ലേ ?

മത്സ്യബന്ധന നൌകകള്‍ – ഓം ബീച്ചിലെ മറ്റൊരു ദൃശ്യം

നല്ല വെയിലാണെങ്കിലും ബീച്ചിലൂടെ ഒന്ന് നടന്ന് കാഴ്ച്ചകള്‍ വിലയിരുത്താന്‍ ഞാനും അതിനിടയ്ക്ക് സമയം കണ്ടെത്തി. നമ്മുടെ നാട്ടില്‍ മച്ചുവാ എന്ന് വിളിക്കുന്ന തരത്തിലുള്ള വള്ളങ്ങള്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ആഴം അധികമില്ലാത്ത വെള്ളത്തിലേക്കിറങ്ങി മുട്ടുവരെ മാത്രം നനയ്ക്കുന്ന സ്വദേശി ടൂറിസ്റ്റുകള്‍, ബീച്ചിലൂടെ അല്‍പ്പവസ്ത്രധാരികളായി ലക്ഷ്യമില്ലാതെ അലയുന്ന വെള്ളക്കാര്‍, ഹിപ്പി ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഗിറ്റാറുകളും മറ്റ് വാദ്യോപകരണങ്ങളുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാര്‍, അങ്ങനെ പോകുന്നു ബീച്ചിലെ കാഴ്ച്ചകള്‍. രാത്രിയായാല്‍ പരിസരത്തെവിടെയെങ്കിലുമുള്ള ഹിപ്പി മടകളില്‍, ചരസ്സിന്റേയോ കഞ്ചാവിന്റേയോ വകഭേദങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ അനിര്‍വ്വചനീയവും ഇരച്ചുകയറുന്നതുമായ ലഹരിയില്‍ ആട്ടവും കൊട്ടും പാട്ടുമൊക്കെയായി, ഇഹലോകത്തെ വ്യഥകളൊക്കെ എന്നെന്നേക്കുമായി മറന്ന് ജീവിതത്തിനുതന്നെ പുതിയ മാനങ്ങള്‍ തേടുന്നവരാകാം കറങ്ങിനടക്കുന്ന വെള്ളത്തൊലിക്കാരില്‍ പലരും. മദ്യത്തോടൊപ്പം, ടൂറിസത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ മയക്കുമരുന്നും.

വാദ്യോപകരണ കച്ചവടം ബീച്ചിലും!!

ഗോകര്‍ണ്ണത്തെപ്പറ്റി പറയുമ്പോള്‍ വെള്ളക്കൂരാന്മാരേയും ഹിപ്പികളേയും പറ്റി പറയുന്നതിന് വളരെ മുന്നേ പറയേണ്ടത് പരശുരാമനേയും രാവണനേയും പറ്റിയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം, ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ ആണെന്നാണ് ഐതിഹ്യം. അങ്ങനെ നോക്കിയാല്‍ കേരളത്തിന്റെ വടക്കേ അറ്റമാണ് ഗോകര്‍ണ്ണം.

പരശുരാമന്‍ കോടാലി എറിഞ്ഞു എന്നാണ് നേഹയുടെ ഭാഷ്യം :)

ബ്ലോഗര്‍ സുനില്‍ കൃഷ്ണന്‍ ചരിത്രപണ്ഡിതനും ഗവേഷകനും അദ്ധ്യാപകനുമൊക്കെയായ ഡോ:കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ മുഖാമുഖത്തില്‍ അതിനെപ്പറ്റിയൊക്കെ കുറുപ്പ് സാര്‍ വിശദമാക്കുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടാക്കിയത് എന്നതുതന്നെ ഒരു മിത്ത് ആയി നിലനില്‍ക്കുമ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റം ഗോകര്‍ണ്ണമായിരുന്നോ അതോ മംഗലാപുരം തന്നെയാണോ എന്ന് ആശങ്കപ്പെടേണ്ട കാര്യമെന്തിരിക്കുന്നു!? ഈ യാത്രയിലുടനീളം ചരിത്രസത്യങ്ങള്‍ക്കായി തപ്പിത്തടഞ്ഞ് കാലിടറിപ്പോയ ഞാനെന്തിന് പുരാണങ്ങളിലേയും ഐതിഹ്യങ്ങളിലേയും ചേര്‍ച്ചക്കുറവുകള്‍ക്ക് പിന്നാലെ പോകണം?

അങ്ങനെ പോകണമെങ്കില്‍ ഇനിയുമുണ്ട് ഐതിഹ്യങ്ങളിലെ പൊരുത്തക്കേടുകള്‍. മുരുദ്വേശ്വറിനെപ്പറ്റി പറഞ്ഞപ്പോള്‍ വിശദമാക്കിയ ഐതിഹ്യം; ബ്രാഹ്മണ രൂപത്തില്‍ വന്ന ഗണപതി രാവണന്റെ കൈയ്യില്‍ നിന്ന് ആത്മലിംഗം വാങ്ങി നിലത്ത് വെച്ചപ്പോള്‍ അതവിടെ ഉറച്ചുപോകുകയും രാവണന്‍ അതിന്റെ മൂടിയും കവചവും പൊതിഞ്ഞിരുന്ന ശീലയുമെല്ലാം ക്രോധത്തോടെ പലയിടങ്ങളിലേക്ക് വലിച്ചെറിഞ്ഞു എന്നുമാണ്.

ഗോകര്‍ണ്ണത്തെത്തുമ്പോള്‍ ആ കഥ അല്‍പ്പം മാറുന്നു. ആത്മലിംഗം നിലത്തേക്ക് ആണ്ടുപോകുന്നത് ഒരു പശുവിന്റെ രൂപത്തിലാണ്. രാവണന്‍ അതിനെ ഓടിച്ചെന്ന് പിടിക്കുമ്പോഴേക്കും പശുവിന്റെ ചെവി ഒഴിച്ചുള്ള ഉടല്‍ ഭൂമിയിലേക്ക് താഴ്‌ന്ന് പോകുന്നു. രാവണന് പിടികിട്ടുന്നത് പശുവിന്റെ ചെവിയില്‍ അഥവാ ‘ഗോവ് ’ ന്റെ ‘കര്‍ണ്ണ‘ ത്തിലാണ്. ആ അര്‍ത്ഥത്തിലാണ് ഗോകര്‍ണ്ണം എന്ന പേരുതന്നെ ഈ സ്ഥലത്തിന് വീണിരിക്കുന്നത്. കോപാകുലനായ രാവണന്‍ ഗണപതിയുടെ കൈയ്യിലിരുന്ന വസ്തുവകകളാണ് വലിച്ചെറിയുന്നത്. അതൊക്കെയാണ് മുരുദ്വേശ്വര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ചെന്ന് വീഴുന്നത്. ഐതിഹ്യങ്ങളിലുള്ള കാര്യങ്ങള്‍ പാണന്‍ പാട്ടുപോലെ വായ്മൊഴിയായി പ്രചരിക്കുമ്പോള്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു, അല്ലെങ്കില്‍ സ്ഥലനാമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അനുസരിച്ച് മാറിമറിഞ്ഞ് വരുന്നു എന്നുകരുതി വിട്ടുകളയാവുന്നതേയുള്ളൂ. പക്ഷേ അതുപോലല്ലല്ലോ ചരിത്രത്തില്‍ നേരേചൊവ്വേ രേഖപ്പെടുത്താത്ത സംഭവങ്ങള്‍ക്കും, മഷിനിറം മങ്ങിയ ഏടുകള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍.

ഓം ബീച്ചില്‍ ഇതില്‍ക്കൂടുതല്‍ സമയം ചിലവഴിക്കാനാവില്ല. ഹാഫ് മൂണ്‍ ബീച്ചിലേക്കും മനുഷ്യവാസം തീരെയില്ലാതെ കിടക്കുന്ന ഫുള്‍മൂണ്‍ ബീച്ചിലേക്കും, ഹിപ്പി മടകളിലെ ജീവിതം കാണാനുമൊക്കെയായി ഇനിയുമൊരിക്കല്‍ വരണമെങ്കില്‍ അങ്ങനെയുമാകാമല്ലോ ? പാറപ്പുറത്തേക്ക് വലിഞ്ഞുകയറി ഓം ബീച്ചിനോട് വിടപറഞ്ഞു. വൈകുന്നേരം ആകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ വെയില്‍ ആറിയിട്ട് ബീച്ചിലേക്ക് വരുന്നവരുടെ തിരക്കാണ് റോഡില്‍. കാറില്‍ക്കയറി യാത്ര തുടര്‍ന്നു. മറുവശത്തിപ്പോള്‍ പശ്ചിമഘട്ടം കാണാം. ഒരു വശത്ത് സഹ്യനും മറുവശത്ത് മനോഹരമായ കടല്‍ത്തീരങ്ങളുമാണ് ഗോകര്‍ണ്ണത്തിന്റെ സവിശേഷത. സഹ്യന്റെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം; കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് തുടങ്ങി ഗുജറാത്തിലെ തപ്തി നദിവരെ നീളുന്ന സഹ്യപര്‍വ്വത നിര ഏറ്റവും കൂടുതല്‍ നീണ്ടുകിടക്കുന്നത് കര്‍ണ്ണാടക സംസ്ഥാനത്തിലാണ് എന്നുള്ളതാണ്.

കാര്‍വാറിലേക്ക് ഇനി അധികം ദൂരമില്ല. നേവിഗേറ്ററില്‍ പറയുന്നത് പ്രകാരം 55 കിലോമീറ്റര്‍. തുടര്‍ന്നങ്ങോട്ടുള്ള ദേശീയപാത കടലിനോട് വളരെച്ചേര്‍ന്നിട്ടാണ്. പലപ്പോഴും മനോഹരമായ കടല്‍ത്തീരം വാഹനത്തിനു സമാന്തരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. കാര്‍വാര്‍ പോര്‍ട്ടിനടുത്ത് എത്തിയപ്പോള്‍ റോഡൊന്ന് വളഞ്ഞൊടിഞ്ഞ് ഉയരത്തിലേക്ക് കയറി അവിടെനിന്നുള്ള പോര്‍ട്ടിന്റെ ദൃശ്യം കാണിച്ചുതന്ന് പെട്ടെന്ന് വീണ്ടും സമുദ്രനിരപ്പിലേക്കിറങ്ങി.

കാര്‍വാറിന്റെ ഭൂപ്രകൃതി മനസ്സിലാക്കാന്‍ ഒരു ഗൂഗിള്‍ മാപ്പ് സഹായിച്ചെന്ന് വരും.

ബീച്ചിനോട് ചേര്‍ന്ന് കാണുന്നത് രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ്. മഹാത്മാഗാന്ധിയുടെ പേരില്‍ റോഡ് ഉള്ള എത്രയോ സ്ഥലങ്ങളുണ്ട്. അവിടവുമായൊക്കെ ഗാന്ധിജിക്ക് എത്രമാത്രം ബന്ധമുണ്ടെന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. അതെന്തായാലും, ടാഗോറിന്റെ പേരിലുള്ള പാര്‍ക്ക് കാര്‍വാറില്‍ വന്നിരിക്കുന്നത് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടുതന്നെയാണ്.

ടാഗോറും ഗാന്ധിജിയും – ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

തന്റെ പുഷ്ക്കരകാലത്ത്, അതായത് 22-ആം വയസ്സില്‍, ഏതാനും മാസങ്ങള്‍ മഹാകവി കാര്‍വാറില്‍ ജീവിച്ചിട്ടുണ്ട് എന്നതാണ് ആ ബന്ധം. അക്കാലത്ത് തന്റെ സഹോദരനും വടക്കന്‍ കര്‍ണ്ണാടകയിലെ ജില്ലാ ജഡ്ജും ആയിരുന്ന സത്യേന്ദ്രനാഥ ടാഗോര്‍ I.C.S. വഴിയാണ് രബീന്ദ്രനാഥ ടാഗോര്‍ കാര്‍വാറില്‍ എത്തിപ്പെടുന്നത്.

കാര്‍വാറിന്റെ സൌന്ദര്യത്തില്‍ ലയിച്ച് കാളി നദിക്ക് കുറുകേ കടലിലൂടെ വള്ളം തുഴഞ്ഞും നിലാവുള്ള രാത്രിയില്‍ പഞ്ചാരമണലിലൂടെ നടന്നുമൊക്കെ അദ്ദേഹവും സുഹൃത്തുക്കളും മതിമറന്നിട്ടുണ്ട് ഈ കടല്‍ക്കരയില്‍. അദ്ദേഹത്തിന്റെ ആദ്യ നാടകമെഴുതാന്‍ പ്രചോദനമുണ്ടായതും കാര്‍വാറില്‍ വെച്ചാണെന്നാണ് പറയപ്പെടുന്നത്. പ്രകൃതിയുടെ പ്രതികാരം (Prakritir Pratishoota) എന്നര്‍ത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത ജന്മം കൊണ്ടതും കാര്‍വാറില്‍ വെച്ചുതന്നെയാണ്.

മുഴങ്ങോടിക്കാരി ടാഗോറിന്റെ ഒരു കടുത്ത ആരാധികയാണ്. പുള്ളിക്കാരിയുടെ അസ്സല്‍ നാമമായ ‘ഗീത‘ യുടെ ഉറവിടം ഭഗവത്ഗീതയല്ല മറിച്ച് ഗീതാഞ്ജലി ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍വാറില്‍ ടാഗോറിന്റെ വല്ല തിരുശേഷിപ്പും ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി അന്വേഷിച്ചറിഞ്ഞാണ് കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത് തന്നെ.

വാഹനം റോഡിരുകിലൊതുക്കി ഞങ്ങള്‍ പാര്‍ക്കിലേക്ക് കടന്നു. പാര്‍ക്കിലെ പ്രധാന കാഴ്ച്ച കണ്ടം ചെയ്ത ഒരു പഴയ പടക്കപ്പലാണ്. എണ്ണപ്പാടത്തെ എന്റെ അനുഭവമൊക്കെ വെച്ചുനോക്കിയാല്‍ ഞാനതിനെ കൊച്ചുവള്ളം എന്ന് വിളിക്കും. എന്നിരുന്നാലും നേഹയ്ക്ക് ഒരു പഴയ പടക്കപ്പല്‍ എങ്ങനിരിക്കും എന്ന് കാണാന്‍ കൌതുകം കാണാതിരിക്കില്ലല്ലോ. K 94 എന്ന് പേരുള്ള ഈ കപ്പല്‍ കണ്ടപ്പോള്‍ മുംബൈ പോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയറിക്കാണാനായ I.M.S. വിക്രാന്ത് [I.N.S. വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് (I.M.S.) വിക്രാന്തായിരിക്കുന്നു.] എന്ന ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലാണ് എന്റെ ഓര്‍മ്മയില്‍ ഓടിയെത്തിയത്.

ടാഗോര്‍ ബീച്ചിലെ പടക്കപ്പല്‍

കപ്പലിന്റെ അടിഭാഗമൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. തറയില്‍ ഉറപ്പിച്ച് നിര്‍ത്താനായി ചില വേലത്തരങ്ങളൊക്കെ നടത്തിയിട്ടുണ്ട്. എല്ലാവരും കൂടെ അകത്ത് കയറിയാല്‍ കപ്പല്‍ കടല്‍ക്കരയിലേക്ക് മറിഞ്ഞ് അപകടം വല്ലതും ഉണ്ടാകുമോ എന്നാലോചിച്ചാണ് ഞാനതിനകത്തേക്ക് കയറിയത്. ബാക്കിയുള്ളവര്‍ക്ക് ഓടിച്ചെന്നങ്ങ് കയറിയാല്‍ മതി. അപകടം പതിയിരിക്കുന്ന എണ്ണപ്പാടങ്ങളില്‍ ഏതൊരു കര്‍മ്മവും ചെയ്യുന്നതിന് മുന്‍പ് ‘റിസ്‌ക്‍ അസസ്സ്‌മെന്റ് ‘ നടത്തി, മുന്‍‌കരുതലുകള്‍ എടുത്തതിന് ശേഷം മാത്രം ജോലി ചെയ്യുന്ന ഒരുവന്റെ ദൈനം ദിന ജീവിതത്തിലും ആ പ്രക്രിയ കടന്നുവരുന്നതില്‍ തെറ്റ് പറയാനാകില്ലല്ലോ?

കപ്പലിന്റെ എഞ്ചിന്‍ റൂം
കപ്പലിന് അകത്തേക്കും പുറത്തേക്കുമുള്ള ഗോവണികള്‍

കപ്പലിന്റെ മുന്‍ഭാഗത്തുള്ള പടികളിലൂടെ ഉള്ളറയിലേക്ക് കടന്ന് എഞ്ചിന്‍ റൂമും നേവിക്കാരുടെ തോളില്‍ തൂങ്ങുന്ന ഔദ്യോഗിക ചിഹ്നങ്ങളും വീല്‍ ഹൌസുമൊക്കെക്കണ്ട് മുകള്‍ത്തട്ടിലെത്തി, മുന്‍ഭാഗത്തുള്ള ഇരട്ടത്തോക്കിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പിന്‍‌വശത്തുള്ള ദ്വാരം വഴി പുറത്തേക്ക് കടന്നു. വടക്കേ ഇന്ത്യക്കാര്‍ ഒരു കുടുംബം ടൈറ്റാനിക്കിന്റെ മുന്നിലെന്ന പോലെ കപ്പലിന്റെ മൂക്കിന് മുകളില്‍ കയറി നിന്ന് അഭ്യാസപ്രകടനങ്ങളൊക്കെ നടത്തുന്നുണ്ട്.

പടക്കപ്പലിന് മുകളില്‍ ഒരു ഫോട്ടോ സെഷന്‍.

മഹാകവിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ബീച്ചിലൂടെ ഒരു ചെറിയ നടത്തം ഒഴിവാക്കാന്‍ എനിക്കായില്ല. ഇവിടുത്തെ മണലിനെ പഞ്ചാരമണല്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഗോവയില്‍ ഞങ്ങള്‍ താമസിക്കാന്‍ പോകുന്ന കലാഗ്യൂട്ട് ബീച്ചാകട്ടെ സ്വര്‍ണ്ണമണല്‍ത്തരികള്‍ക്ക് പേരുകേട്ടതാണ്.

അധികസമയം ബീച്ചില്‍ ഇതുപോലെ കറങ്ങിനടക്കാനാവില്ല. കാര്‍വാര്‍ പട്ടണത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. താമസിക്കാനുള്ള തരംഗ് ബീച്ച് റിസോര്‍ട്ട് എവിടാണെന്ന് കൃത്യമായി അറിയില്ല. ഇരുട്ടിക്കഴിഞ്ഞിട്ട് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് അപകടം വിളിച്ചുവരുത്തും. അതുകൊണ്ട് ഹോട്ടലില്‍ ചെന്ന് മുറി കൈവശപ്പെടുത്തി ലഗ്ഗേജ് എല്ലാം ഇറക്കി വെച്ചതിനുശേഷം വീണ്ടും ഏതെങ്കിലും ബീച്ചിലേക്കോ കാര്‍വാര്‍ തെരുവുകളിലേക്കോ ഇറങ്ങാമെന്ന് തീരുമാനിച്ചു.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലായി നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണെന്നുള്ളതാണ് കാര്‍വാറിന്റെ ഒരു പ്രധാന പ്രത്യേകത. ദേശീയ പാതയിലൂടെ ഇടം വലം നോക്കാതെ വടക്കോട്ട് ഓടിച്ചുപോയാല്‍ കാര്‍വാര്‍ പട്ടണം കാണാന്‍ പറ്റിയെന്ന് തന്നെ വരില്ല. റോഡില്‍ നിന്ന് കിഴക്ക് ദിക്കിലേക്ക് കടക്കണം കാര്‍വാര്‍ നഗരം ശരിക്ക് കാണണമെങ്കില്‍. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് 153 കിലോമീറ്ററോളം ഒഴുകിയെത്തുന്ന കാളി നദി അറബിക്കടലിലേക്ക് ചെന്നുചേരുന്നത് കാര്‍വാര്‍ പട്ടണത്തിന്റെ ഓരം ചേര്‍ന്നാണ്.

കാളി നദിയും കുറുകെയുള്ള പാലവും

തൊട്ടടുത്തുള്ള കാഡ്‌വാഡ് (Kadwad) എന്ന ഗ്രാമത്തിന്റെ പേര് സായിപ്പിന് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ d എന്ന അക്ഷരം രണ്ടിടത്തും മാറ്റി r ആക്കിയതുകൊണ്ടാണ് Karwar എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.

കാളി നദിയും പാലവും മറ്റൊരു കാഴ്ച്ച.

സാമാന്യം വീതിയുണ്ട് കാളി നദിക്ക്. അതുകൊണ്ടുതന്നെ നദി മുറിച്ചുകടക്കുന്ന പാലത്തിനും നല്ല നീളമുണ്ട്. ഭാരതപ്പുഴ പോലെ ശോഷിച്ചൊന്നുമല്ല കാളിനദി ഒഴുകുന്നത്. പാലം കടന്നാല്‍ ഉടനെ തന്നെ സദാശിവ്‌ഗഡ് എന്ന കോട്ട ഒരെണ്ണം ഉണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. നേവിഗേറ്ററിലും സദാശിവ്‌ഗഡ് എന്ന് കാണിക്കുന്നുണ്ട്. കോട്ടകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിട്ടില്ല യാത്രയില്‍ ഇതുവരെ. എന്നുവെച്ച് ഏതെങ്കിലും ഒരു കോട്ട വിട്ടുകളയാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല. പാലം കടന്ന് കരയിലേക്ക് കയറിയപ്പോള്‍ സദാശിവ്‌ഗഡ് ‘0‘ കിലോമീറ്റര്‍ എന്ന്‍ നേവിഗേറ്ററില്‍ കാണിച്ചു. ഞാന്‍ വണ്ടി റോഡരുകിലേക്ക് ഒതുക്കി വെളിയിലിറങ്ങി. ഇരുവശത്തും ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ റോഡ് മുന്നോട്ട് പോകുകയാണ്.

സദാശിവ്‌ഗഡ് ഇടത്തുവശത്തുള്ള പാറയ്ക്ക് മുകളിലെവിടെയോ ആണ്.

വാഹനത്തില്‍ നിന്നിറങ്ങിയിട്ടും കോട്ട കണ്ടുപിടിക്കാന്‍ എനിക്കായില്ല. വലത്തുവശത്തുള്ള കുന്നിലേക്ക് കയറാന്‍ മാര്‍ഗ്ഗമൊന്നും ഇല്ല. ഇടത്തുവശത്തുള്ള കുന്നിലേക്ക് പടികളുണ്ട്. പക്ഷെ അതിന് മുകളില്‍ കോട്ടയൊന്നും ഉള്ളതായി കാണുന്നില്ല. ഇനി അഥവാ ഒരു കോട്ട അവിടെ ഉണ്ടെങ്കില്‍ അതിലേക്ക് കയറാന്‍ പറ്റിയ സമയവുമല്ല. സൂര്യന്‍ പടിഞ്ഞാറേ ചെരുവിലേക്ക് ചാഞ്ഞു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും ഇരുട്ട് പരക്കാം.

‘തരംഗ് ബീച്ച് റിസോര്‍ട്ടി‘ ലേക്ക് വിളിച്ച് സദാശിവ്‌ഗഡിന്റെ അടുത്താണ് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ റിസോര്‍ട്ടിലേക്കുള്ള വഴി കൃത്യമായിട്ട് പറഞ്ഞുതന്നു. അതിനര്‍ത്ഥം ഇവിടെ അടുത്ത് എവിടെയോ സദാശിവ്‌ഗഡ് എന്ന കോട്ട ഉണ്ടെന്ന് തന്നെയാണ്. അത് ഹോട്ടലുകാര്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അവരോട് ചോദിച്ച് കോട്ടയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയതിനുശേഷം നാളെ ഗോവയിലേക്കുള്ള യാത്രയ്ക്ക് മുന്നേ കോട്ട കയറിക്കാണാമെന്ന് തീരുമാനിച്ചു.

തരംഗ് ബീച്ച് റിസോര്‍ട്ട് – ഒരു ദൃശ്യം.

റിസോര്‍ട്ടില്‍ എത്തി ചെക്കിന്‍ ചെയ്തു. കതിരോന്‍ ഇനിയും അസ്തമിച്ചിട്ടില്ല. തൊട്ടടുത്തുള്ള ബീച്ചില്‍ പോയി വരാനുള്ള സമയമുണ്ട്. മുക്കുവ കുടിലുകള്‍ക്കിടയിലൂടെ കടല്‍ക്കരയിലേക്ക് അധികം ദൂരമൊന്നും ഇല്ല. വേറെയും സഞ്ചാരികളുണ്ട് ബീച്ചില്‍. കടല്‍ഭിത്തി കെട്ടിയിരിക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ കടന്ന് ബീച്ചിലിറങ്ങി അല്‍പ്പനേരം അവിടെയിരുന്നു.

കാര്‍വാറിലെ മറ്റൊരു ബീച്ച്

കടല്‍ക്കരയില്‍ ഒരുവശത്ത് നിറയെ മത്സ്യബന്ധന നൌകകള്‍ വിശ്രമിക്കുന്നു. അറബിക്കടലിലേക്ക് നോക്കിയാല്‍ ചില കൊച്ചുകൊച്ചു ദ്വീപുകള്‍ കാണാം. അതില്‍ പലതിലും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളുമൊക്കെയുണ്ട്. കാളി നദിയിലൂടെ ബോട്ടില്‍ ഒരു സവാരിയും ദ്വീപിലെ ബീച്ച് റിസോര്‍ട്ടുകളില്‍ ഒരു ദിവസം അന്തിയുറങ്ങണം എന്നുമൊക്കെയുണ്ടെങ്കില്‍ നേരത്തേ പ്ലാന്‍ ചെയ്യണമായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നിരാശയൊന്നും ഇല്ല. 5 ദിവസമായെങ്കിലും, ഇതുവരെ കാര്യമായ കുഴപ്പങ്ങളും അനാരോഗ്യവും ഒന്നും ഇല്ലാതെ കുറേയധികം പുതിയ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ട് യാത്രയിതാ ഗോവന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്പട്ടണമായ കാര്‍വാര്‍ വരെ എത്തി നില്‍ക്കുകയാണ്.

ഒരു ദിവസം കൂടെ അങ്ങനെ തീരാന്‍ പോകുന്നു. റിസോര്‍ട്ടില്‍ തിരിച്ചെത്തിയാല്‍ അവിടത്തെ സ്വിമ്മിങ്ങ് പൂളില്‍ ഒന്ന് നീന്തിത്തുടിക്കാതെ കിടന്നുറങ്ങുന്ന പ്രശ്നമില്ലെന്ന് നേഹ ഉറപ്പിച്ചിട്ടുണ്ട്. ദീര്‍ഘദൂരം വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ശരീരം വേദനയ്ക്ക് സീ ഫുഡ്ഡും മുന്തിരിച്ചാറും സിദ്ധൌഷധമാണെന്ന് ഞാന്‍ എവിടെയോ വായിച്ചതാണോ അതോ എനിക്ക് വെളിപാടുണ്ടായതാണോ ?

ഇതുപോലെ ചില അസ്തമനക്കാഴ്ച്ചകള്‍ ടാഗോറും കണ്ടിട്ടുണ്ടാകാം.

ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പടിഞ്ഞാറേ ചക്രവാളത്തിലോ, ദ്വീപുകള്‍ക്കിടയിലോ മറയാന്‍ കതിരോന്‍ വെമ്പല്‍ കൊള്ളുന്നതുപോലെ‍. ബാക്കിയുള്ള അല്‍പ്പം വെളിച്ചം ഇരുട്ടിന്റെ പിടിയിലമരുന്നതിന് മുന്നേ കൂടണയാന്‍ ഞങ്ങള്‍ക്കും ധൃതിയായി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

53 thoughts on “ ഗോകര്‍ണ്ണവും കാര്‍വാറും

  1. നിരക്ഷരന് ആദ്യ തേങ്ങ എന്റെ വക (((ഠേ)))

    ….കണ്ടിട്ട് കാര്യമായ എന്തോ ആണ് ഗാന്ധി ടെ തല ഒക്കെ കണ്ടപോലെ ………വായിച്ചു ബാക്കി പറയാം

  2. എന്ത് ഭംഗിയായിട്ടാണ്‌ എല്ലാം വിവരിച്ചിരിക്കുന്നത്! ഇതില്‍ കൂടുതലൊന്നും പറയാനില്ല. അത്രയ്ക്കും രസകരമായിരുന്നു ഈ യാത്രാവിവരണം. താങ്ക്‌സ്..

  3. കാത്തിരുന്ന ഓം ബീച്ച് വിവരണം …നന്ദി ..
    ഇനി അതു വഴി പോയാലും ഇതില്‍ കൂടുതല്‍ ഒന്നും കാണാന്‍ ബാക്കിയുണ്ടാവില്ല …’ബീച്ച് ഷാക്ക്’ അവിടെ നിന്ന് എന്താ ഭക്ഷിച്ചത് വിഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു എന്നും കൂടി പറ :)..
    നീരൂ ചിത്രങ്ങള്‍ ഒക്കെ ഭംഗിയായിരിക്കുന്നു പടക്കപ്പലിനെ ബ്യൂട്ടി പാര്‍ളറില്‍ കൊണ്ടു പോയിട്ടാണവിടെ പ്രതിഷ്ടിച്ചത് എന്ന് തോന്നുന്നു,’സന്ധ്യയുടെ ചിത്രം’ അതിമനോഹരം അപ്പോള്‍ അതു നേരില്‍ കണ്ടാലൊ?
    യാത്രാവിവരണം ആയാല്‍ ഇങ്ങനെ വേണം വായിചു വന്നപ്പോള്‍ ഞാന്‍ ഈ കണ്ട ദൂരമെല്ലാം യാത്ര ചെയ്ത പ്രതീതി!
    ആശംസകളോടെ

  4. നീരൂ,എല്ലാം നേരില്‍ ചെന്ന് കണ്ട പ്രതീതി..ചിലപ്പോള്‍ നീരുവിന്‍റെ
    യാത്രാവിവരണങ്ങള്‍ വായിച്ച്,ഏറെ സംതൃപതനാവുന്നൊരാളായിരിക്കാം
    ഈയുള്ളവന്‍…“കാര്‍വാര്‍”ഇത് വരെ,വെളിച്ചം കണ്ട പോസ്റ്റുകളില്‍
    പ്രഥമസ്ഥാനം കൈയടക്കി..!

    തുടരട്ടെ…ആശംസകള്‍ !

    തിരുത്ത് : I.M.S. വിക്രാന്ത്.

  5. കാര്‍വാര്‍ ഒരു വലിയ വ്യാവസായിക നഗരമായി വളരുകയാണെന്നു തോനുന്നു. വലിയ തെര്‍മ്മല്‍ പ്ലന്റോ മറ്റോ ഉണ്ടെന്ന് കേള്‍ക്കുന്നു

    എന്തായാലും അവസാനത്തെ പടം, കിടു!

  6. @ഒരു നുറുങ്ങ് ഹാറോണ്‍ ചേട്ടാ – I.N.S.വിക്രാന്ത് ഇപ്പോള്‍ ഡീ-കമ്മീഷന്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇപ്പോളത് I.M.S.(ഇന്ത്യന്‍ മ്യൂസിയം ഷിപ്പ്) ആണ്. കപ്പലിനകത്തും അങ്ങനെ തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഞാനത് ആ യാത്രാവിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇതാണ്.

  7. ഈയടുത്ത് അനന്തപുരിയിലേക്കുള്ള യാത്ര വായിച്ചതില്‍പ്പിന്നെ വായിക്കുന്നത് ഈ പോസ്റ്റാണ്. ഒരു ഗോവ-ഗോകര്‍ണ്ണം ട്രിപ് മനസ്സിലുണ്ടായിരുന്നു, ഇനി പോവേണ്ട ആവശ്യമില്ലാ എന്ന് തോന്നുന്നു.
    എന്തായാലും പരീക്ഷകളെഴുതാന്‍ കോളേജിലേക്ക് മടങ്ങാന്‍ പോവുകയാണ്. അത് കഴിഞ്ഞ് നിരക്ഷരന്‍ പോവാത്ത ഏതെങ്കിലും സ്ഥലം തപ്പണം, എന്നിട്ട് മനസ്സമാധാനമായി ഒന്നു “കാണാന്‍ പോണ പൂരം കേട്ടറിഞ്ഞിട്ടില്ലാത്ത സമാധാനത്തില്‍” ഒരു യാത്ര പോണം …
    ;-)

  8. വായിച്ചപ്പോള്‍ അവിടെയൊക്കെ പോകണമെന്ന് തോന്നി . മനോഹരമായിട്ടുണ്ട് വിവരണങ്ങളും ഫോട്ടോകളും .

  9. ഞാനേറ്റവും കൂടുതൽ വായിച്ച ബ്ലോഗ് എന്ന ബഹുമതി നിരക്ഷരാത്മാവേ,അങ്ങേക്കുള്ളതാകുന്നു.കമന്റ് എല്ലായിടത്തും പൂശാറില്ല എന്നേ ഉള്ളൂ.നൻ‌ട്രി.

  10. സൈഡിലെ സീക്ക് ബാറിലേക്ക് നോക്കാതെ വായിക്കാന്‍ കഴിയുന്നില്ല…
    ഇത് പെട്ടന്നൊന്നും തീരല്ലേ എന്ന് തോന്നിപ്പോകുന്നു….
    നന്നായിട്ട്ണ്ട് മനോജേട്ടാ, എന്നത്തെം പോലെ….

    ഓ ടോ: അഞ്ചു ദിവസവും ഒറ്റയ്ക്കാണോ വണ്ടി ഒട്ടിക്കല്‍?????

  11. ഇഹലോകത്തെ വ്യഥകളൊക്കെ ഒരു ദിവസത്തേങ്കിലും മറന്ന് ആ ഹിപ്പികളുടെ കൂടെ ചിലവഴിക്കാതെ പോയത് കഷ്ടമായി ;)
    ഒരിക്കൽ കൊങ്കൺ വഴി ട്രെയിനിൽ മുംബൈക്ക് പോയപ്പോൾ ഈ സ്ഥലങ്ങളിലുടെയും, കാർവാർ വയഡക്റ്റ് എന്ന കൂറ്റൻ പാലത്തിലൂടെയൊക്കെ കടന്ന് പോയതോർക്കുന്നു. സീഫുഡും മുന്തിരിച്ചാറും കഴിച്ച് ക്ഷീണം മാറ്റി മനോജ്ഭായിടെ കൂടെയുള്ള യാത്ര തുടരാൻ കാത്തിരിക്കുന്നു.

  12. ഒരോപ്രദേശങ്ങളുടെ ചരിത്രവും പുരാണങ്ങളും ബന്ധങ്ങളും വിവരണത്തെ മനോഹരവും ജീവനുമുള്ളതുമാക്കുന്നു. ഹിപ്പികളുടെ ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

  13. നല്ല കാഷ്യൂ ഫെനിയുടെ മണമുള്ള എഴുത്ത്,വായിച്ചു ലഹരി കേറുന്നു..തുടരുക
    ബീച്ച് ഷാക്കിന്റെ ഉള്ളില്‍ നിന്നും കടല്‍ വ്യൂവില്‍ ഒരു ചിത്രവും കഴിച്ച ലോബ്സ്റ്ററിന്റെ പടവും കൂടെ വേണം..ഹാ കൊതി വെക്കട്ടെ..

  14. മനോജ് ഭായി,
    കാർവാറിലും ഓം ബീച്ചിലും ഒന്ന് കറങ്ങി. ആകെ അതിന്റെ ത്രില്ലിലും ക്ഷീണത്തിലുമാണ്. പിന്നെ കുറ്റം കണ്ടുപിടിക്കാനുള്ള വാസനയോടെ I.N.S എന്ന് തിരുത്തണമെന്ന് പറയാൻ വന്നതാ. ദേ, കിടക്കുന്നു അതിന്റെ പേരു മാറ്റിയെന്ന കമന്റ്. അത് കൊണ്ട് അത് മനസ്സിലായി. പിന്നെ, ഓം എന്ന എഴുത്ത് അത് ഹിന്ദിയാണോ , അതോ സംസ്കൃതമാണോ? സംശയമാട്ടോ.. ഏതാണ്ട് രണ്ടിന്റേയും ലിപി ഒന്നായതിലിൽ ഉള്ള എന്റെ തെറ്റിദ്ധാരണയാവാം. !! ഒപ്പം , എന്തെങ്കിലും തിരുത്ത് ചൂണ്ടിക്കാട്ടാനാണെങ്കിൽ “ഗീത എന്ന പേര് വന്നിരിക്കുന്നത് ഭഗവത്ഗീതയില്‍ നിന്നല്ല ഗീതാഞ്ജലിയില്‍ നിന്നാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.“ അവിടെ നിന്നാണ് എന്നാണ് എന്നത് വായിക്കുമ്പോൾ ഒരു സുഖകുറവ്.

  15. @Manoraj – ഉ എന്നത് ഹിന്ദിയില്‍ ഉണ്ട്. ഓം എനിക്ക് ഉറപ്പൊന്നും ഇല്ല. വിവരമുള്ളവര്‍ അതിനെപ്പറ്റി പറയട്ടെ. സത്യത്തില്‍ ഈ ബീച്ചില്‍ ഹിന്ദിയിലെ ഉ എന്ന അക്ഷരമേ ഉള്ളൂ. പിന്നത് ‘സവര്‍ണ്ണ ഹൈന്ദവ‘ ടീംസ് ഓം ആക്കി മാറ്റിയതാകാനേ തരമുള്ളൂ :) സംസ്കൃതത്തില്‍ ഉണ്ടായല്ലേ പറ്റൂ. പക്ഷെ ഞാന്‍ പഠിക്കാത്ത ഭാഷയായതുകൊണ്ട് തറപ്പിച്ച് പറയുന്നില്ല. എന്തായാലും ഹിന്ദിയില്‍ ഓം ഉണ്ടോ എന്ന നിജപ്പെടുത്തിയിട്ട് അത് തിരുത്തുന്നതാണ്.

    പിന്നെ ഗീതാഞ്ജലി വിഷയം. അതിനൊരു ആള്‍ട്ടര്‍നേറ്റ് വാചകം സജസ്റ്റ് ചെയ്യൂ. ഞാന്‍ അരാണെന്ന് അറിയില്ലേ ? :) ക്ലൂ:- എന്റെ പേര് തന്നെ:)

  16. അത് ശരിയാവും, സവർണ്ണ ഹൈന്ദവർ ആരും കേൾക്കണ്ട!!! പിന്നെ ക്ലൂ തന്നത് കൊണ്ടല്ല , ഒരു ആൾട്ടർനേറ്റ് വാചകം സജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് ഞാനും നോക്കി. അപ്പോൾ മനസ്സിൽ തോന്നിയത് ഇവിടെ കുറിക്കാം
    “ഗീത എന്ന പേര് വന്നിരിക്കുന്നത് ഭഗവത്ഗീതയില്‍ നിന്നല്ല, മറിച്ച് ഗീതാഞ്ജലിയില്‍ നിന്നാവാം എന്ന് എനിക്ക് തോന്നുന്നു.” അല്ലെങ്കിൽ “ഗീതാഞ്ജലിയിൽ നിന്നായിരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്“. പിന്നെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കാനാണേൽ ഇനി കടിക്കില്ലാട്ടോ.. :)

  17. @Manoraj – മിസ്റ്റര്‍ കടിച്ച പാമ്പ് :‌)- താങ്കളുടെ രണ്ട് നിര്‍ദ്ദേശവും എടുക്കാന്‍ നിര്‍വ്വാഹമില്ല. കാരണം, നിന്നാവാം, നിന്നായിരിക്കാം എന്ന ഊഹാപോഹമല്ല സംഭവം. അത് 100 ശതമാനവും അങ്ങനെ തന്നെയാണ്. അപ്പോള്‍ ആ അര്‍ത്ഥം വരുന്ന പദം ഉപയോഗിച്ച് കടിക്കൂ പ്ലീസ് :)

    പിന്നെ മുകളില്‍ ‘സവര്‍ണ്ണ ഹൈന്ദവര്‍’ എന്ന് എഴുതിയതിന്റെ സംഭവം പിടികിട്ടിയില്ലാ അല്ലേ ? രാമായണം മുഴുവന്‍ വായിക്കാന്‍ കൂടെ കൂടിയിട്ട് ഒന്നുമറിയാത്തത് പോലെ :)

  18. ഫെന്നിയുടെ മാട്ട മണവും ഹിപ്പികളുടെ കുളിക്കാത്ത നാറ്റവും സീ-ഫുഡ്‌ ‘ന്‍റെ വയറു നിറക്കുന്ന ഗന്ധവും ഒരു പോലെ അനുഭവിച്ചു !!

    ശരിക്കും reference guide തന്നെ !!
    നന്ദി..ഒരുപാട്..

  19. നീരൂ…..
    1) ആ പനോരമ കലക്കി !!!!!! :D
    2) “ഏതൊരു കര്‍മ്മവും ചെയ്യുന്നതിന് മുന്‍പ് ‘റിസ്‌ക്‍ അസസ്സ്‌മെന്റ് ‘ നടത്തി” – ഇത് വിവാഹത്തിനു മുമ്പ് ചെയ്തിരുന്നോ ? ;)
    3) “ശരീരം വേദനയ്ക്ക് സീ ഫുഡ്ഡും മുന്തിരിച്ചാറും സിദ്ധൌഷധമാണെന്ന്” വാട്ട്‌ എ ചോദ്യം !!! തീര്ച്ചയായം ആണ്…. ;) ;)
    4) ഹാഫ് മൂണ്‍, ഓം രണ്ടു ഷെയുപം മനസിലായി, പക്ഷെ ഫുള്‍ മൂണ്‍ എങ്ങനെ ഇരിയ്ക്കും ?

  20. 5) “ഫെന്നിയുടെ മാട്ട മണവും” – പല quality ഫെനി ഉണ്ട്, മുന്തിയ ഫെനിയ്ക്‌ നല്ല മണം ആണ്. (ഹ…ബെസ്റ്റ്‌!!!ഞാന്‍ വിജയ്മല്യ സാറേ ബിയര്‍ ബോട്ടില്‍ തുറക്കാന്‍ പടിപ്പിയ്യ്കുവാണോ?)

  21. അപ്പൊ നമ്മുടെ പരശുവേട്ടൻ ആ ഗോകർണ്ണത്തുനിന്നാണെല്ലെ മഴുവെറ്ഞ്ഞ്യ്യേ…
    ഇവിടത്തെ 50 പെൻസിന് ഒരു ഫുൾക്കുപ്പി ഉഗ്രൻ ഫെനി ഗോവയിൽ കിട്ടുമെന്ന് ഈയ്യിടെ അവിടെ പോയിവന്ന ഒരു മദാമ്മച്ചി എന്നോടുപറഞ്ഞിരുന്നൂട്ടാ‍ാ…

  22. @നിരക്ഷരന്‍ സവർണ്ണ ഹൈന്ദവർ എന്നെഴുതിയതിന്റെ സംഭവം പിടികിട്ടിയിരുന്നു ഭായി. രാമായണത്തിലെ ആ “സവർണ്ണ ഹൈന്ദവ കാണ്ഡം“ ഞാനും വായിച്ചതാണല്ലോ.. :) പിന്നെ, ഗീത പ്രശ്നം. ഇത് കടി എന്നതിനേക്കാൾ അക്കിടിയായോ :) ഒരു സജഷൻ കൂടി തരാം.. അങ്ങിനെ തോൽക്കാൻ പറ്റില്ലല്ലോ? “ഞാൻ മനസ്സിലാക്കിയിരിക്കുന്നത് വച്ച് ഗീതയെന്ന പേരു കിട്ടിയത് ഭഗവത് ഗീതയിൽ നിന്നല്ല മറിച്ച് ഗീതാഞ്ജലിയിൽ നിന്നുമാണ്.“ ഇനി സജഷൻ ചോദിക്കരുത്!! ചോദിച്ചാൽ ഒരേ പേരിൽ രണ്ട് പേരു ബ്ലോഗ് എഴുതേണ്ടി വരും. :)

  23. @Manoraj – ഓക്കെ, ഈ സജഷന്‍ സ്വീകരിച്ചിരിക്കുന്നു. ഉടന്‍ മാറ്റിയെഴുതുന്നതാണ്. അങ്ങനിപ്പോള്‍ രണ്ട് നിരക്ഷരന്മാര്‍ വേണ്ട :)

  24. നാട്ടിലായിരുന്നതുകൊണ്ട് ഇടക്ക് വന്ന ചില പോസ്റ്റുകള്‍ വായിക്കാന്‍ പറ്റിയില്ല.അതു പിന്നാലെ വായിക്കാം

    ഗോകര്‍ണ്ണവും കാര്‍വാറും നന്നായി വിശദീകരിച്ചിരിക്കുന്നു.എന്റെ ഒരു അടുത്ത സുഹൃത്ത് കാര്‍വാറുകാരനാണു..അവന്‍ കാര്‍വാറിന്റെ ഭംഗി പല തവണ വിവരിച്ച് പ്രലോഭിച്ചെങ്കിലും ഇതു വരെപോകാന്‍ കഴിഞ്ഞിട്ടില്ല..ഇനി ഒരിക്കല്‍ പോകണം.

    കാസര്‍‌ഗോഡ് ടൌണിനെ തഴുകി കടന്നു പോകുന്ന ചന്ദ്രഗിരിപ്പുഴക്ക് വടക്ക് തുളുനാടും തെക്ക് മലയാളനാടും എന്നാണു കണക്കാക്കുന്നത്.ആ വ്യത്യാസം വളരെ വ്യക്തവുമാണ്.അവിടെ തുടങ്ങുന്ന തുളുനാടിന്റെ അവസാനമാണു ഗോകര്‍ണ്ണം.ഒരു പക്ഷേ കര്‍ണ്ണാ‍ടകയെക്കാളേറെ തുളുനാടിന്റെ സാദൃശ്യം കേരളവുമായാണ്.പഴയ കാലത്ത് ഗോകര്‍ണ്ണം വരെ ഒന്നാ‍യി കിടന്നിരുന്നുവെന്നു തന്നെയാണു ചരിത്രകാരന്മാരും പറയുന്നത്.ഇപ്പോളും തുളുനാടിന്റെ പ്രധാനഭാഗങ്ങള്‍ കേരളത്തിലുണ്ടല്ലോ.മംഗലാപുരം വിട്ട് തലപ്പാടിയില്‍ വച്ച് കേരളത്തില്‍ പ്രവേശിച്ചാലും കാസര്‍ഗോഡ് എത്തുന്ന വരെയുള്ള അന്‍പതോളം കിലോമീറ്ററില്‍ സംസാരഭാഷ തുളു തന്നെ!
    പലതും സംസ്ഥാന പുന:സംഘടനയില്‍ നഷ്ടമായി.വടക്കന്‍പാട്ടുകളിലും മലയാളനാടെന്നും തുളുനാടെന്നും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

    അങ്ങനെ നിരക്ഷര തൂലികയില്‍ നിന്നു വാര്‍ന്നു വീണ മറ്റൊരു മനോഹരമായ വിവരണം കൂടി..നന്ദി ആശംസകള്‍!

  25. ”പരശുരാമന്‍ കോടാലി എറിഞ്ഞു എന്നാണ് നേഹയുടെ ഭാഷ്യം :)”

    ഹോ കടുത്ത ഭാഷ്യം തന്നെ..

  26. Very nice.I felt like I was travelling with you. Really good. I have gone to Goa long long ago. Only once. When I was in 10th std, we had a trip from the school. But actually I didnt know abt all these beaches which u described. Thats waht I told it was very informative.Thanks a lot.

  27. നല്ല ഒരു യാത്രാ വിവരണം..
    കൂടെ ചിത്രങ്ങള്‍ കൂടിയായപ്പോള്‍ ഉഷാറായി..
    നിരീക്ഷണം വളരെ മികച്ചതു..
    ബാക്കി ഭാഗം കാത്തിരിക്കുന്നു..

  28. @siya – തേങ്ങയ്ക്ക് നന്ദി. കുറേ കാലമായി ഒരു തേങ്ങ തിന്നിട്ട് :)
    @ക്വാര്‍ക്ക്:|:Quark – നന്ദി :)
    @Vayady – നന്ദി :)
    @aathman / ആത്മന്‍ – നന്ദി :)
    @മാണിക്യം – ഭക്ഷണത്തെപ്പറ്റിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അത് തന്നെ ഒരു പോസ്റ്റിനുള്ളതുണ്ട് . നന്ദി :)
    @ഒരു നുറുങ്ങ് – നന്ദി ചേട്ടാ :)
    @mini//മിനി – നന്ദി :)
    @സജി – കാര്‍വാര്‍ വലിയൊരു നഗരം തന്നെയാണ്. വ്യാവസായ സംരംഭങ്ങളെപ്പറ്റി കാര്യായിട്ട് പഠിച്ചില്ല. ഇതൊരു കടന്നുപോകാല്‍ മാത്രമായിരുന്നു. നന്ദി :)
    @ചേച്ചിപ്പെണ്ണ് – നന്ദി :)
    @കുഞ്ഞൂട്ടന്‍ – ഞാന്‍ പോകാത്ത സ്ഥലത്ത് എന്നെക്കൂട്ടാതെ പോകരുത്. അത് പാപമാണ് കുഞ്ഞൂട്ടാ. നന്ദി :)
    @Raveena Raveendran – നന്ദി :)
    @Naushu – നന്ദി :)
    @വികടശിരോമണി – അതൊരു വലിയ ബഹുമതി തന്നെയായിട്ട് എടുക്കുന്നു. അങ്ങനാരെങ്കിലും എന്റെ ബ്ലോഗിനെപ്പറ്റി പറയുന്നത് തന്നെ ആദ്യായിട്ടാ. നന്ദി :)
    @മത്താപ്പ് – അഞ്ചല്ല, 10 ദിവസവും വണ്ടി ഓടിച്ചത് ഒറ്റയ്ക്ക് തന്നെ. യാത്ര എന്ന് പറയുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഈ വണ്ടിയോടിക്കല്‍ തന്നെയാണ്. നന്ദി :)
    @krishnakumar513 – നന്ദി :)
    @sijo george – ഹിപ്പി ജീവിതം ആഘോഷിക്കാന്‍ വേറെ ഒരു പോക്ക് പോകണം. ഫാമിലിയൊന്നും പാടില്ല അപ്പോള്‍. എന്താ കൂടുന്നോ ?. നന്ദി :)
    @ആര്‍ദ്ര ആസാദ് / Ardra Azad – ഹിപ്പികളുടെ ചിത്രങ്ങള്‍ ഒന്നും കാണിക്കാല്‍ കൊള്ളില്ല ആര്‍ദ്രാ :)
    @anoop- നന്ദി :)
    @junaith – ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കുമ്പോള്‍ മുഴങ്ങോടിക്കാരി ചോദിക്കാറുണ്ട് ‘ഇതെന്തിനാ?’ എന്ന്. ജുനൈദിനെപ്പോലുള്ളവര്‍ക്ക് വേണ്ടിത്തന്നാ:) വരുന്ന പോസ്റ്റുകളില്‍ അല്‍പ്പം കൊഞ്ചും മീനും മുന്തിരിച്ചാറുമൊക്കെ കാണിക്കാന്‍ ശ്രമിക്കാം :)

  29. @Manoraj – നന്ദി :)
    @വരയും വരിയും : സിബു നൂറനാട് – നന്ദി. റെഫറന്‍സ് ഗൈഡ് എന്ന് പൊക്കിപ്പറഞ്ഞതിനാ. ആരും അറിയണ്ട :)
    @Captain Haddock
    1.പനോരമ ഗൂഗിളീന്ന് കിട്ടീതാ. താങ്ക്സ് ടു ഗൂഗിള്‍.
    2.ചില അപകടങ്ങള്‍ പതിയിരുന്നു നമ്മെ പിടികൂടും. എത്ര റിസ്ക് അസസ്സ്മെന്റ് നടത്തീട്ടും ഒരു കാര്യോമില്ല :)
    3.ഔഷധ രഹസ്യം ഇതുവരെ ഒറ്റമൂലി ആയിരുന്നു. ക്യാപ്റ്റന്‍ കൂടെ അറിഞ്ഞ സ്ഥിതിക്ക് അതിപ്പോള്‍ ഇരട്ടമൂലി ആയി മാറി :)
    4. ഫുള്‍ മൂണ്‍ എങ്ങനിരിക്കും എന്ന് എനിക്ക് ഒന്ന് കാണണമെന്നുണ്ട്. നെറ്റില്‍ ചില ചിത്രങ്ങളുണ്ട് പക്ഷെ അതില്‍ നിന്ന് അത്രയ്ക്കങ്ങ് മനസ്സിലാകുന്നില്ല. ആള്‍ത്താമസം ഇല്ലാത്ത ആ ബീച്ചിലേക്ക് വാഹനം പോകില്ല. ട്രക്കിങ്ങ് നടത്തണമെന്നാണ് കേട്ടത്. അങ്ങനാണെങ്കില്‍ അത് പിന്നീടേക്ക് വെച്ചിരിക്കുകയാണ് ഞാന്‍. എന്താ പോരുന്നോ ?
    5.ഫെനിയുടെ കാര്യം പറഞ്ഞാല്‍ ഞാന്‍ കരയും. മടക്കയാത്രയില്‍ കൈയ്യില്‍ ഒരു കുപ്പി ഫെനി ഉണ്ടെന്നും പറഞ്ഞ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക പൊലീസുകാരന്‍ എന്നെ പൊരിച്ചു. പെര്‍മിറ്റ് കാണിച്ചിട്ടും വിട്ടില്ല കശ്‌മലന്‍. അത് ചാരായമാണത്രേ!
    @ബിലാത്തിപട്ടണം / BILATTHIPATTANAM. – മദാമ്മ ഫെനി അടിച്ച് ഒരു വഴിക്കായി കാണുമല്ലോ മാഷേ ? നന്ദി:)
    @jayalekshmi – നന്ദി ചേച്ചീ :)
    @സുനിൽ കൃഷ്ണൻ(Sunil Krishnan) – തുളുനാടിന്റേയും മലയാളനാടിന്റേയും ചരിത്രം പറഞ്ഞ ആ കമന്റിന് ഒരുപാട് നന്ദി :)
    @മുരളിക… – സഹിക്ക തന്നെ. അല്ലാതെന്താ ചെയ്യാ ? നന്ദി:)
    @പൊറാടത്ത് – ഭാഗ്യം വരട്ടേന്ന് പറഞ്ഞ് ഇരുന്നോ മാഷേ. അടുത്ത ലീവിന് വണ്ടീം എടുത്ത് അങ്ങ് ഇറങ്ങിക്കൂടെ. പട്ടാളക്കാരുടെ ശരിയായ രീതികളൊക്കെ മറന്നോ ? നന്ദി :)
    @ശാന്ത കാവുമ്പായി – മുഴങ്ങോടിക്കാരി മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ ബ്ലോഗില്‍. നന്ദി ടീച്ചറേ :)
    @Manju Manoj – ഗോവയില്‍ പോയിട്ടുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. എത്ര പോയാലും എനിക്ക് മതിയാകാറില്ല. ഇത് അഞ്ചാമത്തെ ഗോവന്‍ യാത്രയായിരുന്നു.
    @നൗഷാദ് അകമ്പാടം – നന്ദി :)

    ഗോകര്‍ണ്ണത്തേക്കും കാര്‍വാറിലേക്കുമെത്തിയ എല്ലാ സഹയാത്രികര്‍ക്കും നന്ദി :)

  30. മനോഹരമായ വിവരണങ്ങൾ;എന്നത്തേയും പോലെ.
    പരിചിതമായ ഈ സ്ഥലങ്ങളിലേക്ക്‌ വീണ്ടും കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
    ജീവിതത്തിലെ മനോഹരമായ കുറച്ചു വർഷങ്ങൾ ചെലവഴിച്ചത്‌ ഇവിടങ്ങളിലായിരുന്നു..കുംട (KUMTA) എന്ന സ്ഥലത്തു താമസം.മുരുഡേശ്വർ, ബാഡ, ഗോകർണ്ണം, കാർവാർ ഗോവ, യാണ,സിർസി, ഇവിടെ ഒക്കെ സ്ഥിരം സന്ദർശനങ്ങൾ.ഗോകർണ്ണത്തെ കഞ്ചാവിന്റെയും ചരസ്സിന്റെയുമൊക്കെ ലഹരി നിറഞ്ഞ പാറയിടുക്കുകളും ചെറുഗുഹകളുമൊക്കെ വീണ്ടും കണ്ടു.
    പിന്നെ ആഘോഷപൂർവ്വമായ ജാത്രകളും ഉത്സവങ്ങളും…കഥകളി പോലെ പുലരുവോളം നീണ്ടു നിൽക്കുന്ന യക്ഷഗാനവും
    താങ്കളുടെ റൂട്ടിൽ നിന്നും ഏറെ മാറിയാണെങ്കിലും യാണ കൂടി സന്ദർശിക്കാമായിരുന്നു..ഭസ്മാസുരനെ കൊന്ന സ്ഥലമാണത്രെ. നിർജ്ജീവമായ ഒരു പുരാതന അഗ്നിപർവതത്തിന്റെ ശേഷിപ്പുകളുണ്ടവിടെ.
    ഗോകർണ്ണത്തെ മൃഗബലിയുടെ ഒരു ചിത്രം ഇവിടെ… http://paavathan.blogspot.com/2008/12/blog-post_09.html

  31. ഇവിടെ എത്താന്‍ വളരെ വൈകിപ്പോയതില്‍ വിഷമമുണ്ട്.

    മനോജേട്ടാ എന്നത്തേയും പോലെ മനോഹരങ്ങളായ ചിത്രങ്ങളും മടുപ്പിക്കാത്ത വിവരണവും. ഒപ്പം എനിക്ക് കുറേ പുതിയ അറിവുകളും. ഈ ഗോകര്‍ണ്ണം കേരളത്തിന്റെ വടക്കേഅതിരാണെന്നായിരുന്നു എന്റെ ധാരണ. ഇപ്പോള്‍ അതു മാറി. കേരളത്തിന്റെ വടക്കേ അതിരല്ല മറിച്ച കര്‍ണ്ണാടകത്തിന്റേയും വടക്കാണ് എന്ന് മനസ്സിലായി. പിന്നെ ഐ എം എസ് വിക്രാന്ത് ഇതും മുന്‍പ് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഗോകര്‍ണ്ണത്തേയും കാര്‍വാറിനേയും പറ്റിയുള്ള മറ്റ് അറിവുകള്‍. എല്ലാത്തിനും നന്ദി.

    പരശുരാമന്റെ മഴുവെറിയലിന്റെ കാര്യത്തില്‍ എന്റെ സംശയം കൂടി ഇവിടെ എഴുതുന്നു.
    മത്സ്യം കൂര്‍മ്മം വരാഹം ച നരസിംഹം ച വാമനം രാ‍മ രാമ രാമേശ്ച….
    ഇങ്ങനെയാണല്ലൊ ദശാവതാരങ്ങളുടെ ക്രമം. ഇവിടം ഭരിച്ച മഹാബലിയെ പാതാളത്തിലേയ്ക്കയയ്ക്കാന്‍ വന്ന വാമനന്‍ ആദ്യവും ഈ കേരളം കടലില്‍ നിന്നും സൃഷ്ടിച്ച പരശുരാമന്‍ (പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍ ഇവരാണത്രെ മൂന്നു നേരത്തെ എഴുതിയ ശ്ലോകത്തിലെ മൂന്ന് രാമന്മാര്‍) രണ്ടാമതും അവതരിച്ചതിന്റെ രഹസ്യം മനസ്സിലാവുന്നില്ല.

    പിന്നെ തെറ്റുകണ്ടുപിടിക്കാന്‍ ശരിക്കും ശ്രമിച്ചു. രക്ഷയില്ല. മൂന്നാമത്തെ ഖണ്ഡികയില്‍ “പറങ്കി മാവ്“ എന്ന് പിരിച്ചെഴുതിയതും തരംഗ് ബീച്ച് റിസോര്‍ട്ടിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ “തരം ബീച്ച് റിസോര്‍ട്ട് “ എന്നായതും അവഗണിക്കാവുന്ന തെറ്റുകള്‍, കാരണം പിന്നീ‍ട് പലയിടത്തും ഈ തെറ്റുകള്‍ ഇല്ലാതെ എഴുതിയിട്ടുണ്ടല്ലൊ.

    യാത്രയുടെ തുടര്‍ന്നുള്ള വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  32. @MANIKANDAN [ മണികണ്ഠന്‍‌ ] – മണീ. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ഉള്ള ചേര്‍ച്ചക്കുറവിനെപ്പറ്റി ഞാന്‍ ഈ പോസ്റ്റില്‍ത്തന്നെ പറയുന്നുണ്ടല്ലോ ? അതിനൊക്കെ പിന്നാലെ പോയാല്‍ ഒരിടത്തുമെത്തില്ല. ആ സമയത്ത് ചരിത്രങ്ങളിലെ മാഞ്ഞുതുടങ്ങിയ ഏടുകള്‍ തപ്പിയെടുക്കുന്നതാവും ഭേദമെന്ന തീരുമാനത്തിലാണ് ഞാനെത്തിയിരിക്കുന്നത്.

    തെറ്റുകള്‍ എത്ര ചെറുതായാലും ഞാനാണ് അത് വരുത്തിയതെങ്കില്‍ എനിക്കതൊക്കെ വളരെ വലുത് തന്നെ. പറങ്കി മാവും ‘തരം‘ റിസോര്‍ട്ടും തിരുത്തിയിട്ടുണ്ട്. നന്ദി മണീ :)

  33. എനിക്ക് എന്റെ നാടിനെ കുറിച്ച് അറിയാത്ത പലതും താങ്കളുടെ പോസ്റ്റില്‍ നിന്നും കിട്ടി. തുടരുക ഈ യാത്ര. ഇടയ്ക്ക് ‘കണ്ണൂരി’ലേക്കും വരൂ..
    ആശംസകള്‍.

  34. നമ്മെള്ളെല്ലാവരും പല സ്ഥലങ്ങളുലും പോകാറുള്ളതാൺ. അതൊക്കെ മനോഹരാമായ വാക്കുകലൂടെയും അതിനൊപ്പം നില്ക്കുന്ന ചിത്രങ്ങളിലൂടെയും വായനക്കാരെ അവിടേക്ക് ആകർഷിക്കാനുള്ള മനോജേട്ടന്റെ കഴിവ് അസ്സൂയയോടെ തന്നെ നോക്കികാണുകയാൺ.
    “ഗോകർണ്ണവും കാർവാറും വായിച്ചിരിക്കുമ്പോൾ ആ പഴയ പോസ്റ്റ് വീണ്ടും വായിച്ചു. ഞാൻ ആദ്യമായി വായിക്കുന്ന ബ്ലോഗ്ഗാൺ ഐ.എൻ.എസ്. വിക്രാന്ത്. അതാൺ ഒരു ബ്ലോഗ്ഗ് തുടങ്ങണമന്ന് എനിക്കും തോന്നാൻ കാരണമായത്. അങ്ങനെയാണ മനോജേട്ടാനുമയി പരിജയപ്പെടുന്നത്. എനിക്കൊരു ബ്ലോഗ്ഗ് ക്രിയേറ്റു ചെയ്യുവാൻ സഹായിച്ച മനോജേട്ടന വീണ്ടും നന്ദി…..
    ആശംസകളോടെ….

  35. നിരൂജി…മുന്‍പ് വായിച്ചിരുന്നു..ഇപ്പൊ ഒരു രണ്ടാം വായനക്ക് വന്നതാണ്, ചില കാര്യങ്ങള്‍ക് വേണ്ടി. പതിവുപോലെ ഗംഭീരം.
    വിളിക്കാതെ നാട്ടിലേക്ക് മുങ്ങി അല്ലെ??……സസ്നേഹം

  36. ഞാന്‍ കാര്‍വാ‍റിലെത്താനേ വൈകി.
    “കന്യാകുമാരി ക്ഷിതിയാദിയായ് ഗോകര്‍ണ്ണാന്തമായ്” എന്നൊക്കെ ചൊല്ലിപ്പഠിച്ചതോര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍. കാര്‍വാറും ഒരിക്കല്‍ കാണാന്‍ മാറ്റിവച്ച് പോന്നതാണ്. അടുത്ത പോസ്റ്റിലും കാര്‍വാറിനെക്കുറിച്ചധികമില്ലെങ്കില്‍ പിന്നെ നേരിട്ട് പോയി കാണുക തന്നെ വേണം. നോക്കട്ടെ. :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>