ഇന്ന് അവധി ദിവസമാണെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ? എന്തോന്ന് അവധി? കിലോമീറ്ററോളം കറങ്ങി നടക്കുന്നില്ല എന്ന് മാത്രം. കുത്തിയിരുന്ന് ചെയ്യാൻ ഒരുപാട് പണികളുണ്ട്.
* കഴിഞ്ഞ 73 ദിവസങ്ങളിലെ കുറിപ്പുകൾ, സൈറ്റിലേക്ക് കയറ്റണം. 2025 ഫെബ്രുവരിക്ക് ശേഷം അതെല്ലാം കൂടി തോണ്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ ഫേസ്ബുക്കിൽ നിന്ന് കിട്ടിയെന്ന് വരില്ല.
* അടുത്ത ഹബ്ബായ ഭരത്പൂരിലേയും പരിസരങ്ങളിലേയും കോട്ടയിലേക്കുള്ള വഴികൾ നോക്കി വെക്കണം.
* ഭാഗിയിൽ ഭക്ഷണസാധനങ്ങൾ എലി വെട്ടുന്നത് കൊണ്ട് തീറ്റ വെക്കാനായി അടച്ചുറപ്പുള്ള ഒരു പ്ലാസ്റ്റിക് ഡബ്ബ വാങ്ങണം. ഇന്നലെ രാത്രി, 2 മാഗി പാക്കറ്റുകൾ കൂടെ, എലി വെട്ടി നശിപ്പിച്ചിരുന്നു.
* നഗരത്തിലെ മാർക്കറ്റിലൂടെയും ഇടുങ്ങിയ ഗളികളിലൂടെയും തേരാപ്പാര നടക്കണം.
* ‘സാല മിഷ്റി’ (Salab Mishri)യുടെ തോട്ടങ്ങൾ ഉണ്ടെങ്കിൽ കാണാനും കൂടുതൽ മനസ്സിലാക്കാനും ശ്രമിക്കണമെന്ന് ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച്, അതേപ്പറ്റി തിരക്കണം.
* അപ്പോഴാണ് ആദ്യമായി ബെൻസാലി എന്ന പദം ഞാൻ കേൾക്കുന്നത്. ബെൻസാലി കടകളുടെ ഒരു തെരുവ് തന്നെ ഉണ്ടത്രേ ആൽവാറിൽ. ബെൻസാലി എന്ന് തന്നെയാണ് ഉച്ചാരണം എന്നുപോലും ഉറപ്പില്ല. സാല മിഷ്റി ബെൻസാലി കടകളിൽ വാങ്ങാൻ കിട്ടും.
ഉച്ചയ്ക്ക് ശേഷം ഈവക കാര്യങ്ങൾക്കായി പട്ടണത്തിലേക്ക് തിരിച്ചു.
पंसारी എന്നാണ് കടകൾക്ക് മുന്നിൽ എഴുതി വെച്ചിരിക്കുന്നത്. ഇവരുടെ ഉച്ചാരണം എനിക്ക് കൃത്യമായി പിടിക്കാൻ പറ്റുന്നില്ല. പലചരക്ക് കട തന്നെ എന്നാണ് എനിക്ക് മനസ്സിലായത്. ഇത്തരം നാടൻ ഔഷധ സാധനങ്ങളും കിട്ടും.
കട കണ്ടുപിടിച്ചെങ്കിലും സാല മിഷ്റി വിളയുന്ന പാടങ്ങൾ എവിടെയാണെന്ന് കടക്കാരന് പറഞ്ഞ് തരാൻ ആകുന്നില്ല. മാർക്കറ്റിൽ അത് ആവശ്യത്തിന് അനുസരിച്ച് വന്നുകൊണ്ടേയിരിക്കും. അത്രതന്നെ. ജെറിയാട്രിക് രോഗികൾ ആണു പോലും ഇത് ഉപയോഗിക്കുന്നത്.
ഏതെങ്കിലും സാല മിഷ്റി തോട്ടത്തിൽ സ്വാഭാവികമായി ചെന്ന് പെട്ടാൽ കാണാം, എന്നല്ലാതെ അതിന്റെ പിന്നാലെ കൂടുതൽ പോയാൽ എന്റെ കോട്ടകളെ ആരും നോക്കും?
സാല മിഷ്റി എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്, പഴയ ഈജിപ്ഷ്യൻ സഹപ്രവർത്തകരെയാണ്. ഈജിപ്റ്റുകാരെ മിസിറി എന്നും പറയാറുണ്ട്. അതിന്റെ മുന്നിൽ, നമ്മുടെ ഹിന്ദി വാക്കായ സാല കൂടെ ചേർന്നപ്പോൾ അതൊരു അധിക്ഷേപ വാചകം ആകുന്നു.
രാജസ്ഥാനിൽ വന്നതിന് ശേഷം ഞാൻ പപ്പായ ജ്യൂസുകളുടെ ഒരു ആരാധകനാണ്. 40 – 50 രൂപ കൊടുത്താൽ നല്ല ഒന്നാന്തരം പപ്പായ ജ്യൂസും ഷെയ്ക്കും ഒക്കെ കിട്ടും. നഗരങ്ങളിൽ നിന്ന് മാറിയാൽ ജ്യൂസ് കട ഒരെണ്ണം കണ്ടുപിടിക്കുക എന്നതാണ് ബുദ്ധിമുട്ട്. ഇവിടെ എല്ലാ പഴക്കടകൾക്കൊപ്പവും ജ്യൂസ് കടകൾ ഇല്ല. ചീയാറായ പഴങ്ങൾ ജ്യൂസടിച്ച് കൊടുക്കുന്നില്ല എന്ന് തമാശയായി പറയാം.
രാജസ്ഥാനിൽ വന്നിട്ട് ആദ്യമായി ബ്രഡ് കാണുന്നത് ആൽവാറിൽ ആണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. ഒരു പാക്കറ്റ് ബ്രഡും മുട്ടയും വാങ്ങി. 74 ദിവസത്തിന് ശേഷം നാളെ പ്രാതലിന് ഞാൻ ബ്രഡും മുട്ടയും കഴിക്കും.
ഇന്ന് പ്രധാനമായി ഒരു കാര്യം കൂടെ ചെയ്തു. ഭാഗിയെ പാർക്ക് ചെയ്തിരിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ ഒരു കപ്പലണ്ടി കച്ചവടക്കാരൻ ഉണ്ട്. പേര് ആസു മുഹമ്മദ്. ഞങ്ങൾ തമ്മിൽ ഒരാഴ്ചക്കുള്ളിൽ വലിയ ലോഹ്യത്തിൽ ആയി. എന്നെങ്കിലും ഈ യാത്രക്കിടയിൽ കണ്ടുമുട്ടി ഉള്ളിൽക്കയറിക്കൂടിയ മനുഷ്യരെപ്പറ്റി ഞാനൊരു പുസ്തകം എഴുതുകയാണെങ്കിൽ, അതിൽ ആസു മുഹമ്മദ് എന്ന തലക്കെട്ടിൽ ഒരു അദ്ധ്യായം ഉണ്ടായിരിക്കും. ആയതിനാൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല.
ഇന്ന് പലപ്പോഴായി ആസു മുഹമ്മദിന്റെ കപ്പലണ്ടി വറുക്കലും വഴിയോര കടയും കച്ചവടവും ഞാൻ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു.
ഈ തെരുവിൽ ആസു മുഹമ്മദിനെപ്പോലെ ഒരുപാട് കപ്പലണ്ടി കച്ചവടക്കാരുണ്ട്. ഒരു ദിവസം 100 കിലോഗ്രാം കപ്പലണ്ടിയെങ്കിലും അദ്ദേഹം വിൽക്കുന്നുണ്ട്. പക്ഷേ, വർഷത്തിൽ നാലുമാസം മാത്രമേ ഈ ജോലി അദ്ദേഹം ചെയ്യുന്നുള്ളൂ. ബാക്കി എട്ടുമാസം വിശ്രമം.
ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ആസു മുഹമ്മദ് എനിക്ക് കുറച്ച് കപ്പലണ്ടി കൊണ്ട് തന്നിട്ട് പോയി. ഇന്നുച്ചക്ക് അദ്ദേഹം എനിക്ക് പാനിപൂരിയും വാങ്ങി തന്നിരുന്നു.
“താങ്കൾ ഞങ്ങളുടെ അതിഥിയാണ് ” … എന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കും. ‘മനുഷ്യൻ’ എത്ര നല്ല പദം എന്ന് ജീവിതത്തിൽ ഇടയ്ക്കെങ്കിലും പറയിപ്പിക്കുന്നത് ഇതുപോലുള്ള സഹജീവികളാണ്.
കൂടുതൽ അദ്ദേഹത്തെപ്പറ്റി ഇപ്പോൾ പറയില്ല, എന്ന് പറഞ്ഞിട്ട് കുറച്ചൊക്കെ ഞാൻ പറഞ്ഞു. ഇനി പറയുന്നില്ല.
നാളെയും കാര്യമായ യാത്രയില്ല. ഭരത്പൂർ കഴിയുന്നതോടെ രാജസ്ഥാൻ സന്ദർശനം അവസാനിക്കുകയാണ്. അടുത്ത യാത്ര ഗുജറാത്തിലേക്കാണ്. അവിടത്തെ ഹബ്ബുകൾ തീരുമാനമാക്കണമെങ്കിൽ ലിസയുടെ Liza Thomas സഹായം വേണം.
ഇക്കാര്യത്തിൽ ഇതുവരെ എന്നെ സഹായിച്ച് പോന്നതും എൻ്റെ യൂട്യൂബ് വീഡിയോകളുടെ സബ്ടൈറ്റിൽ ചെയ്യുന്നതുമെല്ലാം ലിസയാണ്. ഞങ്ങളുടെ ’3D Space Safari’ എന്ന സിനിമയുടെ ഇംഗ്ലീഷ് പരിഭാഷ ചെയ്തതും ലിസയാണ്.
നാളെ ഓൺലൈനിൽ ലിസയ്ക്ക് ഒപ്പമിരുന്ന് ഗുജറാത്തിലെ ഹബ്ബുകൾ തയ്യാറാക്കണം. 20 കോട്ടകൾ മാത്രമാണ് ഗുജറാത്തിന്റെ ലിസ്റ്റിൽ കാണിക്കുന്നത്. ഡിസംബർ ആദ്യവാരം മുതൽ ഫെബ്രുവരി പകുതി വരെയുള്ള 2 മാസം കൊണ്ട് ആ കോട്ടകൾ കണ്ട് തീർക്കാമെന്നും ഗുജറാത്തിലെ മറ്റിടങ്ങളും കറങ്ങി പൂർത്തിയാക്കാമെന്നും കരുതുന്നു.
ഒരു അവധി ദിവസത്തെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നു.
ശുഭരാത്രി.