ദിവസത്തിന്റെ ആദ്യ പകുതി നിരാശാജനകവും ക്ഷീണിപ്പിക്കുന്നതും ആയിരുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത കുറച്ചധികം സാധനങ്ങൾ ഭാഗിയിൽ നിന്നെടുത്ത് റോഡ് ട്രാൻസ്പോർട്ട് വഴി നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഭാഗിയുടെ ഭാരം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. KTC, KRS, എന്നീ സ്ഥാപനങ്ങളാണ് ഇതിൽ പ്രമുഖർ. ഇന്ന് രാവിലെ ബറോഡയിൽ KRS ഓഫീസ് തിരക്കി കണ്ടുപിടിക്കുകയും, ഭാഗിയുമായി അങ്ങോട്ട് പോകുകയും ചെയ്തു. അവിടെ ചെന്നപ്പോൾ അങ്ങനെ ഒരു ഓഫീസ് ഇല്ല. അവിടന്നങ്ങോട്ട് രണ്ടര മണിക്കൂർ സമയം തലങ്ങും വിലങ്ങും ഓടിയാണ് KRS കണ്ടുപിടിച്ചത്. അങ്ങേത്തലയ്ക്ക് ഉള്ള കോഴിക്കോട്ടുകാരൻ പ്രേമാനന്ദ് ലൈവ് ലൊക്കേഷൻ തന്നിട്ട് പോലും എത്തിച്ചേരാൻ പറ്റാത്ത തരത്തിൽ ഗൂഗിൾ പരാജയപ്പെട്ടു നിൽക്കുന്ന അവസ്ഥ.
അത് വർണ്ണിക്കാൻ ആണെങ്കിൽ ഒരുപാടുണ്ട്. നിരാശാജനകമെന്ന് ആദ്യമേ സൂചിപ്പിച്ചത് അതുകൊണ്ടാണ്.
രാവിലെ 11 മണിക്ക് തുടങ്ങി, ഉച്ചയ്ക്ക് 01:30 മണിക്കാണ് ആ യജ്ഞം പൂർത്തിയായത്. പത്താം തീയതിയോടെ സാധനങ്ങൾ എറണാകുളത്ത് എത്തും. എത്തിയില്ലെങ്കിലും കുഴപ്പമില്ല, വാഹനത്തിൽ നിന്നും അത് ഒഴിവാക്കിയാൽ മതി എന്ന നിലയിലേക്ക് ഞാൻ എത്തിയിരുന്നു അപ്പോഴേക്കും.
തുടർന്ന് ഭാഗിയും ഞാനും അഹമ്മദാബാദിലേക്ക്. ബറോഡയിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്രയുണ്ട് അഹമ്മദാബാദിലേക്ക്. നാല് മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി. അതിനിടയ്ക്ക് പലപ്രാവശ്യം പ്രസാദ് സാറിൻ്റെ സന്ദേശങ്ങൾ വന്നു. അദ്ദേഹം എന്നെ കാത്തിരിക്കുകയാണ്.
പക്ഷേ, ഇരുട്ട് വീഴാൻ രണ്ടുമണിക്കൂർ കൂടെയുണ്ട്. അഹമ്മദാബാദ് പരിസരത്തുള്ള ഏതെങ്കിലും സ്ഥലങ്ങൾ കാണാൻ ഞാൻ പദ്ധതിയിട്ടു. അങ്ങനെയാകുമ്പോൾ തുടങ്ങി വെക്കാൻ ഏറ്റവും അനുയോജ്യം സബർമതി ആശ്രമം തന്നെ. ഗാന്ധിജി ജീവിച്ചിരുന്ന വീട്!
1. സബർമതി നദിക്കരയിലുള്ള ഈ ആശ്രമത്തിൽ കയറാൻ പ്രവേശന ഫീസ് ഇല്ല. യഥേഷ്ടം പടങ്ങൾ എടുക്കാം.
2. ഗാന്ധിജിയുടേയും കസ്തൂർബയുടെയും മുറികൾ ഉള്ള വീട് ഹൃദയ് കുഞ്ച് എന്ന പേരിലാണ് സംരക്ഷിച്ചിരിക്കുന്നത്.
3. പ്രാർത്ഥന ഭൂമി, മ്യൂസിയം, ലൈബ്രറി, ബുക്ക് ഷോപ്പ്, മീരാകുടീർ, ഗസ്റ്റ് ഹൗസ് (നന്ദിനി), ഖാദി ഷോപ്പ്, മഗൻ നിവാസ്, ഉദ്യോഗ് മന്ദിർ, ഉപാസന മന്ദിർ എന്നിങ്ങനെ പലയിടങ്ങൾ ആശ്രമത്തിൽ ഉണ്ടെങ്കിലും ഏറ്റവും തിരക്കുള്ളത് ഹൃദയ് കുഞ്ചിൽ തന്നെയാണ്.
4. ഒരുവശത്ത് താഴെയായി സബർമതി നദി ഒഴുകുന്നു. അതിനപ്പുറം നഗരത്തിന്റെ തിരക്കുകളും കാണാം.
5. രാവിലേയും വൈകുന്നേരവും ആശ്രമവാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്ന സ്ഥലമാണ് ഉപാസന മന്ദിർ.
6. ഹൃദയ് കുഞ്ചിൽ ഗാന്ധിജിയുടെ പ്രശസ്തമായ വട്ടക്കണ്ണടയും മെതിയടിയും അടക്കം അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.
7. മീര കുടീരിന് വിനോബ കുടീർ എന്നും പേരുണ്ട്. 1918 മുതൽ 1921 വരെ ചില മാസങ്ങളിൽ, വിനോബ ഭാവെ താമസിച്ചിരുന്നത് ഈ കുടിലിൽ ആണ്. Madeleine Slade എന്ന് ഇംഗ്ലീഷ് യുവതി ഗാന്ധിജിയെ പറ്റി കേട്ടറിഞ്ഞ ഇവിടെ വന്ന് അദ്ദേഹത്തിന്റെ അനുയായി 1925 മുതൽ 1933 വരെ ഇതേ കുടിലിൽ താമസിച്ചിട്ടുണ്ട്. ഗാന്ധിജി അവർക്ക് മീര എന്ന പേരിട്ടു. അങ്ങനെയാണ് ഈ കുടിലിന് മീര കുടീർ എന്ന് പേര് വന്നത്.
8. നന്ദിനി എന്ന് പേരുള്ള ഗസ്റ്റ് ഹൗസിൽ, ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, ഹെൻട്രി പോളക്ക്, രജിനാൾഡ് റെയ്നോൾഡ്സ്, ബാദ്ഷാ ഖാൻ, രാജാജി എന്നിങ്ങനെ സ്വദേശികളും വിദേശികളുമായ ഒരുപാട് പ്രമുഖർ വന്ന് താമസിച്ച് ലളിതജീവിതം നയിച്ചിട്ടുണ്ട്.
9. സബർമതി നദിയിലൂടെ ഇപ്പോൾ ഒഴുകുന്ന ജലം സബർമതിയുടേതല്ല. നർമ്മദാ ഡാമിൽ നിന്നുള്ള വെള്ളം കനാലുകൾ വഴി സബർമതിയിൽ എത്തിച്ച് ഒഴുക്കുന്നതാണ്. ഈ ജലം അഹമ്മദാബാദ് നഗരത്തിലെ ഉപയോഗത്തിന് എടുക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ നർമ്മദയിലെ ജലം അഹമ്മദാബാദിന് വേണ്ടി വിഭാവനം ചെയ്തിരുന്നതല്ല.
ബുക്ക് സ്റ്റാളിൽ നിന്ന്, ഞാൻ ചില പുസ്തകങ്ങളും സോവനീറുകളും വാങ്ങി. പക്ഷേ ഇതുകൊണ്ട് സബർമതി ആശ്രമത്തിലെ സന്ദർശനം തീർന്നിട്ടില്ല. അഹമ്മദാബാദ് വിടുന്നതിന് മുൻപ് കുറഞ്ഞത് ഒരു പ്രാവശ്യം കൂടെ ഞാനിവിടെ വന്നിരിക്കും. ഇന്ന് നല്ല തിരക്കുണ്ടായത് കൊണ്ട് എനിക്കൽപ്പം പോലും ഏകാന്തതയോ ശാന്തിയോ കിട്ടിയില്ല. എങ്കിലും രാവിലെ അനുഭവിച്ച ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്ത് വരാൻ എളുപ്പം കഴിഞ്ഞു.
സബർമതി ആശ്രമത്തിൽ നിന്ന് പ്രസാദ് സാറിന്റെ ഫ്ലാറ്റിലേക്ക് കഷ്ടി 7 കിലോമീറ്റർ ദൂരമേയുള്ളൂ. അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു. അത്താഴത്തിന് ശേഷം അദ്ദേഹത്തിന്റെ ഒരു മലയാളി സുഹൃത്തിനെ കാണാൻ ഞങ്ങൾ പോകുന്നുണ്ട്. നാളെയും തുടർന്നുള്ള ദിവസങ്ങളിലും പോകാനുള്ള സ്ഥലങ്ങൾ ക്രമീകരിക്കാനും ഉണ്ട്.
ശുഭരാത്രി.