വാർത്ത 1:- പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനായി മന്ത്രിമാരുടെ തിരക്ക്.
കമന്റ് 1:- ഫാൻസി നമ്പറായി പ്രഖ്യാപിച്ച് ലേലം നടത്താൻ സാദ്ധ്യതയുണ്ട്.
വാർത്ത 2:- ഗണേഷ്‌കുമാർ ജയിച്ചത് താരപ്പൊലിമയിലെന്ന് ജഗദീഷ്.
കമന്റ് 2:- ജയിക്കാമെന്ന് കരുതി പ്രൊഫസർ മത്സരിച്ചതും അതേ താരപ്പൊലിമയിൽത്തന്നെ അല്ലിയോ ?
വാർത്ത 3 :- മറയൂർ – ചിന്നാർ പാതയിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹർത്താൽ.
കമന്റ് 3 :- എല്ലാ ദിവസവും ഹർത്താൽ നടത്തുന്നതിനെപ്പറ്റി ആലോചിക്കൂ. അങ്ങനാകുമ്പോൾ ഹമ്പ് ഒരു പ്രശ്നമേയല്ലല്ലോ.
വാർത്ത 4:- ബ്രഡ്ഡിലും ബണ്ണിലും ക്യാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കൾ.
കമന്റ് 4:- മായവും കീടനാശിനിയും ഇല്ലാത്ത ഭക്ഷണസാധനങ്ങൾ വല്ലതും ഉണ്ടെങ്കിൽ പറയൂ. അതിനെ നമുക്ക് വാർത്ത എന്ന് വിളിക്കാം.
വാർത്ത 5:- ഹരിത ട്രിബ്യൂണൽ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചു.
കമന്റ് 5:- പതിനഞ്ച് കൊല്ലത്തേക്കുള്ള ടാക്സ് മുൻകൂറായി അടച്ച ജനങ്ങൾ ശശിയായി.
വാർത്ത 6:- തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേറ്റു, 500 ബാറുകൾ പൂട്ടിച്ചു.
കമന്റ് 6:- അങ്ങനെ അയൽസംസ്ഥാനമായ തമിഴ്‌നാടും കൈവിട്ടു. ഇനിയിപ്പോൾ കർണ്ണാടക മാത്രമേ രക്ഷയുള്ളൂ.
വാർത്ത 7:- പുതിയ എം.എൽ.എ.മാരിൽ 62 ശതമാനവും ക്രിമിനൽ കേസ് പ്രതികൾ.
കമന്റ് 7:- ഇനിയിപ്പോൾ അക്കാര്യത്തിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്ന് ആരും പറയില്ലല്ലോ.
വാർത്ത 8:- ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞെന്ന് രമേഷ് ചെന്നിത്തല.
കമന്റ് 8:- അടുത്ത അഞ്ച് വർഷം കഴിയുന്നതുവരെ ഒരു ഗ്രൂപ്പിന്റേം പൊടിപോലും കാണില്ലെന്ന് സാരം.
വാർത്ത 9:- കാറ്റും മഴയും കാരണം പ്രധാനമന്ത്രിയുടെ വിമാനം വഴി തിരിച്ച് വിട്ടു.
കമന്റ് 9:- എന്തായാലും പ്രധാനമന്ത്രി ഇന്ത്യൻ വ്യോമാതിർത്തിയിൽത്തന്നെ ഉണ്ടെന്നത് സന്തോഷവാർത്തയാണ്.
വാർത്ത 10:- രമേഷ് ചെന്നിത്തല പ്രതിപക്ഷ നേതാവ്.
കമന്റ് 10:- ക്യാബിനറ്റ് റാങ്കോടെ ഒരു പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയവൃത്തങ്ങൾ.