കൗമാരക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയുമില്ലേ?!


12
ഈ നാടിൻ്റെ അവസ്ഥയോർത്ത് ആവലാതിയും വേവലാതിയുമുണ്ട് ഞങ്ങൾ കൗമാരക്കാർക്ക്. അതെന്താണെന്നോ?

* ഇന്നാട്ടിലെ ടീനേജേർസിന്, ആരെയെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനുള്ള അവകാശമില്ലേ? അങ്ങനെ ഭീഷണിപ്പെടൂത്തി ഞങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനായി ഇത്തിരിപ്പോലും സ്വർണ്ണം കവരാനുള്ള അവകാശമോ സ്വാതന്ത്ര്യമോ ഇല്ലേ? അപ്പോഴേക്കും ഞങ്ങളുടെ ഫോട്ടോയും പേരും പത്രത്തിൽ അച്ചടിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും എന്തൊരു നീതി നിഷേധമാണ്. അങ്ങനെ ചെയ്യുന്നവരെ ആജീവനാന്തം ശിക്ഷിക്കാനുള്ള എന്തെങ്കിലും നിയമമുണ്ടോ ഇന്നാട്ടിൽ?

* അഥവാ ആരെയെങ്കിലും ഞങ്ങൾ കൊന്നാൽ പരമാവധി ശിക്ഷ നൽകുന്നത് 3 കൊല്ലവും 5 കൊല്ലവുമൊക്കെയാണ്. ഞങ്ങൾ തിരിച്ചറിവില്ലാത്തവരാണെന്ന് വല്ല ബോധവുമുണ്ടോ നിങ്ങൾക്ക്? വെറുതെ വിടാനുള്ള വകുപ്പാണ് ഭാരതീയ ന്യായസംഹിതയിൽ വേണ്ടത്. അത്തരത്തിൽ നിയമമാറ്റം നടത്താനുള്ള ബില്ല് പാസ്സാക്കാൻ പാർലിമെൻ്റ് അംഗങ്ങൾ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. അല്ലാതെ ഞങ്ങളുടെ അവസരങ്ങളും അവകാശങ്ങളും തടയുന്നത് നീതിയല്ല.

* ആരെയെങ്കിലും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക് മെയിൽ ചെയ്തോ അൽപ്പം പോക്കറ്റ് മണി ഉണ്ടാക്കാമെന്ന് വെച്ചാൽ അതും സമ്മതിക്കില്ല, ഈ വെള്ളരിക്കാപ്പട്ടണത്തിൽ.

* ഞങ്ങൾക്കീ നാട്ടിൽ വാഹനമോടിക്കണമെങ്കിൽ ലൈസൻസ് എടുക്കണമത്രേ! യൂട്യൂബ് നോക്കി ഡ്രൈവിങ്ങ് പഠിച്ചാൽ പോരത്രേ! യൂട്യൂബിലാണ് ഈ ലോകത്തിൻ്റെ സ്പന്ദനമെന്ന് ഇതുവരെ മനസ്സിലാക്കാതെ കാലഹരണപ്പെട്ട കുറേ നിയമങ്ങളും താങ്ങിപ്പിടിച്ചിരിക്കുന്ന തന്ത വൈബുകാരെ പറഞ്ഞാൽ മതിയല്ലോ.

* ലൈസൻസ് ഇല്ലാതെ, ഞങ്ങളുടെ പ്രൈം ടൈമായ രാത്രിയുടെ ധാന്യലക്ഷ്മീ യാമത്തിൽ വാഹനം ഓടിക്കുമ്പോൾ ഏതെങ്കിലും തട്ടുകടക്കാരൻ്റേയോ അസമയത്ത് ‘ചായ കുടിക്കാൻ ‘ എന്ന തോന്ന്യാസത്തിനിറങ്ങുന്നവരുടേയോ മേല് വാഹനം പാഞ്ഞുകയറി അവര് മരിച്ചാൽ അത് വലിയ കുറ്റമാണത്രേ! പാതിരാത്രി ഒരാവശ്യവുമില്ലാതെ റോഡിലിറങ്ങി നടക്കുന്ന അവരല്ലേ ശരിക്കും കുറ്റക്കാർ?

* വാഹനം അതിവേഗത്തിൽ ഓടിക്കുന്നതാണ് ഇന്നാട്ടിലെ മറ്റൊരു കുറ്റം. വേഗത്തിൽ ഓടിക്കാനല്ലെങ്കിൽപ്പിന്നെ എന്തിനാണ് ഇത്തരം അതിവേഗ വാഹനങ്ങൾ ഉണ്ടാക്കി വിൽക്കുന്നത്? അതിൻ്റെ വിൽപ്പന നിരോധിച്ചുകൂടെ. ഓട്ടോറിക്ഷ മാത്രം മതി നിരത്തിൽ എന്ന് തീരുമാനിച്ചുകൂടെ?

* ഞങ്ങളുടെ പേരിൽ എന്തെങ്കിലും കേസോ പൊല്ലാപ്പോ ഉണ്ടായാൽ ‘എൻ്റെ വാപ്പ നോക്കിക്കോളും’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഇന്നാട്ടിൽ? ഇതെന്ത് കഥ? എൻ്റെ വാപ്പയല്ലാതെ പിന്നെ നിങ്ങൾടെ വാപ്പ വന്ന് എൻ്റെ കേസ് തീർക്കാൻ കാശിറക്കുമോ? എൻ്റെ വാപ്പയുടെ കാശ് ഇങ്ങനെയുള്ള കാര്യങ്ങൾക്കും കൂടെ വേണ്ടിയാണെന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലെന്നാണോ?

* എല്ലാം പോട്ടെന്ന് വെക്കാം; ടീനേജുകാരുടെ കുറ്റങ്ങൾക്ക് എതിരെ ചുമ്മാ കേറി FIR ഇടാൻ പാടില്ലെന്ന് അറിഞ്ഞിട്ടും FIR ഇടുന്നത് എന്തൊരു നീതി നിഷേധമാണ്?

* ഞങ്ങൾ ടീനേജുകാരുടെ മേൽപ്പടി അവകാശങ്ങൾ നിഷേധിക്കുന്നതും പോരാഞ്ഞിട്ട് ഞങ്ങളുടെ രക്ഷിതാക്കൾക്ക് എതിരെ കേസെടുക്കണം പോലും! എന്ത് തോന്ന്യാസവും ആകാമെന്നാണോ?

* 21 വയസ്സാകാതെ മദ്യം വാങ്ങാൻ പറ്റില്ല എന്നതാണ് മറ്റൊരു വിശേഷപ്പെട്ട നിയമം. എത്ര കഷ്ടപ്പെട്ടാണ് ഒരു ബിയറോ പൈൻ്റോ സംഘടിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇത്തിരി കഞ്ചാവോ MDMA യോ സംഘടിപ്പിക്കാനാണ് അതിലും ബുദ്ധിമുട്ട്. ഓപ്പറേഷൻ തൂഫാൻ വന്നതിന് ശേഷം മേൽപ്പറഞ്ഞ ഐറ്റംസിനൊക്കെ വില ഇരട്ടിയാണ്. അതിൻ്റെയൊക്കെ വിലക്കയറ്റം തടയാൻ സർക്കാർ വല്ല നടപടിയും സ്വീകരിച്ചിട്ടുണ്ടോ? ഇത്തിരി കഞ്ചാവ് വിറ്റ് നാല് കാശുണ്ടാക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല. ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് ഇന്നാട്ടിൽ കുറ്റമല്ലാത്തതെന്തുകൊണ്ട്?

* ഏതെങ്കിലും കുറ്റത്തിന് ഞങ്ങൾ ശിക്ഷിക്കപ്പെട്ടാൽ, 18നും 21നും വയസ്സിനിടയിലുള്ളവർക്ക് ആകെയൊരു ബോസ്റ്റൽ സ്ക്കൂളാണ് സംസ്ഥാനത്തുള്ളത്. അത് എറണാകുളത്ത് മാത്രം. എല്ലാ ജില്ലയിലും ബോസ്റ്റൽ സ്ക്കൂൾ ഉണ്ടാക്കാൻ എന്താണിത്ര ബുദ്ധിമുട്ട്? ഞങ്ങളുടെ സ്ക്കൂൾ അവകാശങ്ങളെപ്പോലും നിഷേധിക്കുന്ന നിലപാടാണ് നിങ്ങൾക്ക്. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

ഇങ്ങനെയാണ് തന്ത വൈബുകാരുടേയും സർക്കാരിൻ്റേയും നിയമത്തിൻ്റേയും പോക്കെങ്കിൽ, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്കും നിരത്തിലിറങ്ങേണ്ടി വരും. ചിലപ്പോൾ നിയമം കൈയിലെടുക്കേണ്ടിയും വരും. നിയമങ്ങൾ ഞങ്ങൾക്കനുകൂലമായി തിരുത്തി എഴുതിയാൽ നിങ്ങൾക്ക് കൊള്ളാം. അല്ലാത്തപക്ഷം അതിരൂക്ഷമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും.

തൽക്കാലം നിർത്തുന്നത് കൈ വിറക്കുന്നതുകൊണ്ടും നാക്ക് കുഴയുന്നതുകൊണ്ടും മാത്രമാണ്. അതൊരു ബലഹീനതയായി കാണരുത്. ഇതൊരു സൂചന മാത്രമാണ്. നിങ്ങൾ നിയമങ്ങൾ മാറ്റിയാലും ഇല്ലെങ്കിലും ഇങ്ങനൊക്കെത്തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. ജാഗ്രതൈ. നിരത്തിലിറങ്ങുന്നവർ കൂടുതൽ ജാഗ്രതൈ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>