Monthly Archives: September 2026

ദേശീയ പാതയിലെ നിയമലംഘനങ്ങൾ


33
കേരളത്തിലെ ആറുവരി ദേശീയപാത മുഴുവനായി പണി തീർന്നിട്ടില്ല. അതിന് മുന്നേതന്നെ ഒരുവരിപ്പാത ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊല്ലത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ https://www.facebook.com/share/v/1Cbaz4GGwD/ കണ്ടാൽ അതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാനാവും.

അത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിൽ കാറിടിച്ചാണ് ഇന്നലെ കൈപ്പമംഗലത്ത് 8 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്.

ഈ ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും കണ്ടാൽ, നിയമം തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു കിണറ്റിലേക്ക് ചാടിച്ചാകും. എക്സിറ്റിലൂടെ എൻട്രി അടിക്കുന്നതും എൻട്രിയിലൂടെ എക്സിറ്റ് ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയാണ്. അത് തടയാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പോസ്റ്റുകൾ എല്ലാം ഇടിച്ച് തെറിപ്പിച്ച് നശിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.

എൻട്രി, എക്സിറ്റ് ഇടങ്ങളിൽ ട്രാഫിക് പൊലീസിങ്ങ് നടത്തി അത്തരക്കാരുടെ ലൈസൻസും വാഹന പെർമിറ്റും റദ്ദ് ചെയ്താൽ, സ്വിച്ചിട്ട പോലെ ഇത്തരം നിയമലംഘനങ്ങൾ അവസാനിക്കും. ഇതിനായി ട്രാഫിക് പൊലീസുകാരെയോ ട്രാഫിക് വാർഡൻമാരെയോ വിന്യസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്യാമറകൾ സ്ഥാപിച്ചിട്ടെങ്കിലും നിയമം കർശനമായി നടപ്പിലാക്കരുതോ?.

സ്റ്റിയറിങ് പിടിച്ച് വാഹനം ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിഞ്ഞാൽ ഡ്രൈവിംഗ് ആയി എന്നാണ് പലരുടേയും വിചാരം. നിലവിൽ വാഹനമോടിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒരു റീടെസ്റ്റ് കൊടുത്താൽ പകുതി പേർ ലൈസൻസ് ടെസ്റ്റ് തോറ്റ് വീട്ടിലിരിക്കും. ബാക്കിയുള്ള കുറെ പേർ കള്ളും കഞ്ചാവും മയക്കുമരുന്നും അടിച്ചാണ് നിരത്തിലിറങ്ങുന്നത്. ഇതിനെല്ലാം ഇടയിൽക്കൂടെ, ഏത് കൊടികെട്ടിയ ഡ്രൈവറും വാഹനമെടുത്ത് പുറത്തിറങ്ങി കാര്യം സാധിച്ച് ജീവനോടെ വീട്ടിൽ തിരിച്ചെത്തിയാൽ മഹാഭാഗ്യം.

* പറ്റുമെങ്കിൽ പരിചയമില്ലാത്ത റോഡുകളിൽ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കാതിരിക്കുക.

* അമിതവേഗം എടുത്താലും ചവിട്ടി നിർത്താനോ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനോ പറ്റില്ല എന്നുണ്ടെങ്കിൽ ആ പണിക്ക് പോകാതിരിക്കുക.

* നാലുവരിയിലും ആറുവരിയിലും വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് ഏതെങ്കിലും ട്യൂട്ടോറിയലോ വീഡിയോ എടുത്ത് കാണുക.

നിയമം നടപ്പിലാക്കപ്പെട്ടാലും ഇല്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും.

എന്തായാലും, ഇന്നലെ നടന്ന അപകടത്തിന്റെ ചുവടുപിടിച്ച്, ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയോ ഗതാഗത വകുപ്പുമന്ത്രി സി.പി.ജോണോ തയ്യാറാകണം. നിയമം നെരേ ചൊവ്വേ നടപ്പാക്കാത്ത ഒരിടത്ത് ആറല്ല അറുപത് വരി പാത ഉണ്ടായിട്ടും ഒരു കാര്യവുമില്ല.

വാൽക്കഷണം:- ഇന്നലെ പാലാരിവട്ടം പാലത്തിലെ ഇരട്ട ട്രാക്കിൻ്റെ നടുവിലെ വെളുത്ത വരയുടെ ഒത്ത നടുവിലൂടെ വാഹനമോടിച്ചിരുന്ന ഒരു വനിതയുടെ പിന്നിൽ ചെന്ന് ഹോൺ അടിച്ചപ്പോൾ, തല ചെരിച്ച് അവർ നോക്കിയ നോട്ടം, നേർക്ക് നേരെ കിട്ടിയിരുന്നെങ്കിൽ മുക്കണ്ണൻ വരെ ദഹിച്ചു പോകുമായിരുന്നു.