
ഒരു സിനിമയെപ്പറ്റി മോശം അഭിപ്രായം പറയുമ്പോൾ സാധാരണഗതിയിൽ ഉയർന്ന് വരുന്ന ഒരു കരച്ചിൽ ഉണ്ട്. ഒരുപാട് പേരുടെ അദ്ധ്വാനമാണ്, കഞ്ഞിയാണ്, ജീവിതമാർഗ്ഗമാണ്, ആനയാണ്, ചേനയാണ് എന്നൊക്കെ. ആശീർവാദ് സിനിമാസിനോ, സംവിധായകൻ ജിത്തു ജോസഫിനോ മോഹൻലാലിനോ ഈ സിനിമ തകർന്നത് കൊണ്ട് ഒരു നഷ്ടവും വരാൻ പോകുന്നില്ല എന്നതിനാൽ മോശം അഭിപ്രായം അക്കമിട്ട് തുറന്ന് പറയുക തന്നെ ചെയ്യുന്നു.
1. ഇന്റർവെൽ വരെ സീരിയലുകളേക്കാൾ മോശം പ്രകടനം.
2. സഹദേവൻ്റെ രംഗപ്രവേശനത്തോടെയാണ് ഇന്റർവെൽ ആകുന്നത്. അടുത്ത പകുതി കത്തിക്കയറും എന്ന് കരുതി കാത്തിരുന്നത് വെറുതെയായി. സീരിയലിനേക്കാൾ തറ നിലവാരം തുടർന്നു.
3. അവസാനത്തെ 15 മിനിറ്റിൽ മാത്രമാണ് എന്തെങ്കിലും ഉദ്വേഗജനകമായത് സംഭവിക്കുന്നത്. അതാകട്ടെ സാമാന്യ ജനത്തിന്റെ ലോജിക്കിന് നിരക്കാത്തതും.
4. ദൃശ്യം 2ലെ മുരളി ഗോപിയുടെ ഉന്നത പോലീസ് വേഷം, ദൃശ്യം3ൽ കുറേക്കൂടെ ചെറുപ്പം ആയിരിക്കുന്നു.
5. മീനയ്ക്ക് പ്രായമാകുന്നതേയില്ല. മൂത്ത മകൾക്ക് ഇപ്പോൾ മീനയേക്കാൾ പ്രായം തോന്നിക്കുന്നുണ്ട്. ദൃശ്യം 4 വന്നാൽ രണ്ടാമത്തെ മകൾക്കും മീനയേക്കാൾ പ്രായമാകുന്ന ലക്ഷണങ്ങൾ ഉണ്ട്.
6. കണ്ണടയെ പലവട്ടമാണ് മോഹൻലാൽ എന്ന ജോർജ്ജുകുട്ടി കണ്ണാടി, കണ്ണാടി എന്ന് പറയുന്നത്. ആ രംഗത്തിൽ ഉണ്ടായിരുന്ന മോഹൻലാൽ, മീന, അൻസിബ, എസ്തർ പിന്നെ ഇതിന്റെ തിരക്കഥയും സംഭാഷണങ്ങളുമൊക്കെ കൈകാര്യം ചെയ്ത അസോസിയേറ്റ് / അസിസ്റ്റന്റ് സംവിധായകർ, ജിത്തു ജോസഫ് എന്നീ മനുഷ്യർക്ക് ആർക്കും കണ്ണടയും കണ്ണാടിയും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നത് ശോചനീയമായ അവസ്ഥയാണ്. ഇങ്ങനെ പോയാൽ അധികം വൈകാതെ ശ്രേഷ്ഠ മലയാളത്തിന്റെ അടിയന്തിരം ഉണ്ടാകും.
7. ദൃശ്യം1ഉം 2ഉം കണ്ടിട്ടുള്ളവർ ദൃശ്യം3 കാണാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആ നിലയ്ക്ക് സിനിമ സാമ്പത്തികമായി വിജയിച്ചെന്ന് വരാം. അല്ലാതെ നോക്കിയാൽ ഒരു മൂന്നാംകിട ചിത്രം മാത്രമാണ് ദൃശ്യം 3. തീയറ്ററിൽ പോയി കാശ് കളയണമെന്നില്ല. OTT യിൽ കണ്ടാലും മതിയാകും.
ജിത്തു ജോസഫ് ദയവുചെയ്ത് ഇതിന്റെ നാലാം ഭാഗം ഇറക്കി വെറുപ്പിക്കരുത്. വേണമെങ്കിൽ ഇറക്കാം വേണ്ടെങ്കിൽ ഇറക്കണ്ട എന്ന കോലത്തിൽ അവസാനിപ്പിച്ചിരിക്കുന്നത് കൊണ്ടാണ് ഈ അഭ്യർത്ഥന.
വാൽക്കഷണം:- ഇതൊരു സമ്പൂർണ്ണ സിനിമാ അവലോകനം അല്ല. സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് ചിലത് പറഞ്ഞു എന്ന് മാത്രം.