പോബിത്തോറ (ആസ്സാം) (GIE 2025-26. Day#08 – Dec 06)


12
സത്യത്തിൽ ഇന്നലെ വരെയുള്ള 7 ദിവസങ്ങൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണമായിരുന്നു. ഇന്നലെ ആസ്സാമിലെ ഗോഹാട്ടിയിൽ എത്തി സൗത്ത് പോയൻ്റ് സ്ക്കൂളിൽ ക്യാമ്പ് ചെയ്തു. ഇന്ന് മുതൽക്കാണ് വിശദമായ സഞ്ചാരം ആരംഭിക്കുന്നത്.

രാവിലെ എഴുന്നേറ്റ് വാർഡന്റെ ഓഫീസിലെ വാഷ് റൂമിൽ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചശേഷം റൈഡർ ഷൈനിക്കൊപ്പം Shyni TheRider പോബിത്തോറ വൈൽഡ് ലൈഫ് പാർക്കിലേക്ക് തിരിച്ചു. 49 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 2 മണിക്കൂർ സമയം എടുത്തു. ദേശീയ പാതയിൽ നിന്ന് ഉള്ളിലേക്കുള്ള ദൂരം മുഴുവൻ കോടയിൽ മുങ്ങി നിൽക്കുകയാണ്.

പോബിത്തോറ വൈൽഡ് ലൈഫ് പാർക്കിൻ്റെ കവാടത്തിന് മുന്നിലുള്ള റസ്റ്റോറൻ്റിൽ നിന്ന് പ്രാതൽ തരപ്പെടുത്തിയ ശേഷം അകത്ത് കയറാനുള്ള ടിക്കറ്റെടുത്തു. ഇവിടെ ചെറിയ ഒരു പ്രശ്നമുണ്ട്. പ്രവേശന ടിക്കറ്റ് രണ്ടാൾക്ക് 430രൂപ. സഫാരി നടത്താനുള്ള ജീപ്പിൻ്റെ തുക ₹1800 ആണ്. ജീപ്പിൽ 6 പേർ കയറിയാലും 2 പേർ കയറിയാലും അത് തന്നെയാണ് നിരക്ക്. പാർക്കിൽ വന്നിരിക്കുന്ന മറ്റ് സന്ദർശകരമായ ചേർന്ന് ജീപ്പിൻ്റെ ടിക്കറ്റ് എടുത്താൽ ഈ തുക പങ്കുവെക്കാൻ കഴിയും. പക്ഷേ വെവ്വേറെ പ്രവേശന ടിക്കറ്റ് എടുത്താൽ വെവ്വേറെ ജീപ്പിലേ സഞ്ചരിക്കാൻ കഴിയൂ. ജീപ്പ് ഷെയർ ചെയ്യാൻ ആവില്ല. ആ വകയിൽ ഞങ്ങൾക്ക് ₹900 രൂപ നഷ്ടമായി.

പോബിത്തോറയിൽ കണ്ടാമൃഗങ്ങളും ദേശാടനപ്പക്ഷികളും കാട്ടുപന്നികളും കാട്ടുപോത്തുകളുമാണ് ഉള്ളത്. ആന, പുലി, മാൻ, കലമാൻ എന്നിവ ഇല്ലേയില്ല.

ജീപ്പിൽ ഞങ്ങളും ഡ്രൈവറും കൂടാതെ തോക്കുമായി ഒരു ഫോറസ്റ്റ് ഗാർഡും വരുന്നുണ്ട്. കാട്ടിലേക്ക് കയറിയ ഉടനെ തന്നെ ഒരു കണ്ടാമൃഗത്തെ അടുത്ത് നിന്ന് തന്നെ കണ്ടു. ഷൈനി ആദ്യമായാണ് കണ്ടാമൃഗത്തെ കാണുന്നത്. രണ്ടുവർഷം മുമ്പ് ആസാമിലെ കാസിരംഗ പാർക്കിൽ ധാരാളം കണ്ടാമൃഗങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.

മൃഗങ്ങളെ ധാരാളമായി കണ്ടാലും ഇല്ലെങ്കിലും ചെറിയ തണുപ്പിൽ മുങ്ങി നിൽക്കുന്ന വനാന്തർഭാഗത്ത് കൂടെയുള്ള ജീപ്പ് സവാരി ഊർജ്ജദായകമായിരുന്നു.

ജീപ്പ് സവാരി ഏഴര മണി മുതൽ മൂന്നര മണി വരെയാണ്. അതിനു മുന്നേ ആനപ്പുറത്തെറി കാട്ടിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

എനിക്ക് എടുത്തു പറയാനുള്ള ഒരു സന്തോഷം കേരളത്തിലെ പല കാടുകളിലൂടെ സഞ്ചരിച്ചിട്ടും ഇന്നേവരെ കാണാൻ ഒത്തിട്ടില്ലാത്ത വേഴാമ്പലിനെ പോബിത്തോറ പാർക്കിന് വെളിയിലുള്ള ഗ്രാമവാസിയുടെ പറമ്പിലെ വാഴത്തോട്ടത്തിൽ കണ്ടു എന്നതാണ്.

പാർക്കിൽ നിന്ന് പുറത്ത് കടന്നാൽ പ്രധാന പാതയുടെ വലതുവശം മയോങ്ങ് മ്യൂസിയം & ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം കാണാം. പഴയകാലത്ത് ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ മുതൽ പീരങ്കി ഉണ്ടകൾ വരെയുള്ള സാധനങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അതിനേക്കാൾ ഉപരിയായി അവിടെ മുന്നോട്ട് വെക്കുന്നത് ഗ്രാമവാസികൾ മന്ത്ര തന്ത്രങ്ങളിലൂടെ അസുഖങ്ങൾ ഭേദമാക്കിയിരുന്നു എന്ന് കാഴ്ചപ്പാടിനെയാണ്. മായാജാലത്തിന്റെ പാരമ്പര്യവും ഈ ഗ്രാമവാസികൾക്ക് പറയാനുണ്ട്. ഇത്തരം തന്ത്ര മന്ത്രങ്ങൾ പരിശീലിക്കുന്ന ഈ തലമുറയിലെ കണ്ണിയായ മനുഷ്യനാണ് മ്യൂസിയത്തിൽ ടിക്കറ്റ് കീറുന്നത്. 50 രൂപയാണ് പ്രവേശന ഫീസ്.

ഇവരുടെ മായാജാലത്തിന്റെ തുടർക്കഥകളെന്നോണം ധാരാളം കെട്ടുകഥകൾ ഇവിടെ ലഭ്യമാണ്. മഹാഭാരത യുദ്ധകാലത്ത് ലക്ഷത്തിന് അടുത്തുള്ള പടയാളികളേയും കുതിരകളേയും മറ്റും മായാജാലത്തിലൂടെ അപ്രത്യക്ഷമാക്കി എന്ന കഥകൾ വരെ ഈക്കൂട്ടത്തിൽ ഉണ്ട്.

ഇന്നലെ അജുവിന്റെ ടീമിൽ നാഗാലാൻ്റിൽ നിന്ന് എത്തിയ മിനി ഇവിടം മുതൽ ഞങ്ങൾക്കൊപ്പം ചേർന്നു. മിനിക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനം നാളെ വൈകുന്നേരം ആണ്.

തുടർന്ന് ഞങ്ങൾ മൂന്നുപേരും ചാണക വ്യൂ പോയിന്റിലേക്ക് നീങ്ങി. പാറക്കെട്ടുകൾക്കിടയിലൂടെ മുകളിലേക്കുള്ള ആ പാത ചെന്നെത്തുന്നത് ബ്രഹ്മപുത്രയുടെ തീരത്തേക്കാണ്. നദിയുടെ മണൽത്തിട്ടയിൽ ക്യാമ്പ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ചിലയിടങ്ങളിൽ നദിയുടെ പുറംപോക്കിൽ ചോളം ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ഞങ്ങൾ ആ കൃഷിയിടത്തിലൂടെ നദിക്കര വരെ നടന്നു. നദിയോരത്തെ പാറകളിൽ വടവൃക്ഷങ്ങളുടെ തണലിൽ സമയം ചിലവഴിച്ചു. ഗ്രാമത്തിലെ പുല്ല് വീടുകളും മൺവീടുകളും സന്ദർശിച്ചു. ആസ്സാം മീൻ താലി കഴിച്ചു.

ആദ്യ ദിവസം ഗംഭീരമായിത്തന്നെ തുടങ്ങിയിരിക്കുന്നു. ഒരു ദിവസം കൂടെ ഗോഹാട്ടിയിൽ ചിലവഴിച്ച ശേഷം നാഗാലാൻ്റിലേക്ക് നീങ്ങാനും ഹോൺബിൽ ഫെസ്റ്റിവലിൻ്റെ അവസാന രണ്ട് ദിവസം അവിടെ ചിലവഴിച്ച ശേഷം കോട്ടകളിലേക്കുള്ള പ്രയാണം ആരംഭിക്കാനുമാണ് ഉദ്ദേശ്യം.

സൗത്ത് പോയൻ്റ് സ്ക്കൂളിൻ്റെ ക്യാമ്പസിൽ തന്നെയാണ് ഇന്നും തങ്ങുന്നത്. തണുപ്പ് കാര്യമായി അധികരിച്ചിട്ടില്ല.

ശുഭരാത്രി

#greatindianexpedition2025_26
#greatindianexpedition
#niraksharan
#caravanlifestyle
#caravan
#gowhati
#northeastindia
#motorhomelifestyle
#motorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>