തിരുപ്പതി (GIE 2025-26. Day#01 – Nov 29)


12
നവംബർ 23ന് തൃക്കാക്കരയിലെ വീട്ടിൽ നിന്ന് സാധനസാമഗ്രികൾ എല്ലാം ഭാഗിയിൽ കയറ്റി ഭാരതപര്യടനം ആരംഭിച്ചതാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ 13ന് യാത്ര പുറപ്പെട്ടിരുന്നു. ആ കണക്ക് വെച്ച് നോക്കിയാൽ രണ്ട് മാസത്തിലധികം വൈകിയിരിക്കുന്നു ഈ വർഷം.

വാർദ്ധക്യകാല ജീവിതം ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന തമിഴ്നാട്ടിലെ ശൂലഗിരിയിൽ, അല്ലറ ചില്ലറ പണികൾ ഉണ്ടായിരുന്നതിനാൽ ഒരാഴ്ചയോളം അവിടെ ചിലവഴിക്കേണ്ടി വന്നു.

ഇന്നലെ രാവിലെ ശൂലഗിരിയിൽ നിന്ന് ബാംഗ്ലരിൽ എത്തി. ബിന്ദു, ശ്യാം, ശേഷഗിരി, നന്ദൻ എന്നീ സഹപാഠികൾക്കൊപ്പം കോശീസിൽ അത്താഴം ആഘോഷമാക്കിയ ശേഷം ബാംഗ്ലൂരിൽ തങ്ങി.

ഇന്ന് രാവിലെ ബാംഗ്ലൂരും അല്ലറ ചില്ലറ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ബാംഗ്ലൂരിൽ നിന്ന് തിരുപ്പതിയിലേക്ക് തിരിച്ചു. ഔദ്യോഗികമായി ഇന്നാണ് 2025-26ലെ GIE ആരംഭിക്കുന്നത്. ഒന്നാം ദിവസം എന്ന് കണക്കാക്കാം.

കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം പോകാൻ തീരുമാനിച്ചിരുന്നത്. പക്ഷേ മഴയും മണ്ണിടിച്ചിലും റോഡ് ഇല്ലാതാകലുമൊക്കെ കാരണം അങ്ങോട്ട് പോയിട്ട് കാര്യമില്ലെന്ന അവസ്ഥയായി. ആയതിനാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാനാണ് അവസാനം തീരുമാനിച്ചത്.

പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ അറിയാൻ കഴിഞ്ഞത് അരുണാചൽപ്രദേശിൽ താപമാനം വളരെ താഴ്ന്നിരിക്കുന്നു എന്നാണ്. എന്തിനധികം പറയുന്നു ശൂലഗിരിയിലും ബാംഗ്ലൂരിലും പതിവിൽക്കവിഞ്ഞ തണുപ്പുണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. മൈനസ് താപമാനത്തിൽ, ഭാഗിയിൽ കിടന്നുള്ള ഉറക്കം അപകടം വിളിച്ചു വരുത്തിയേക്കാം. അങ്ങനെ പല പല കാരണങ്ങളാൽ ഈ വർഷത്തെ യാത്രയെപ്പറ്റി എനിക്ക് നല്ല ആശങ്കയുണ്ട്. കഴിഞ്ഞവർഷം അഞ്ചര മാസം യാത്ര ചെയ്തിരുന്നു. ഈ വർഷം, കുറഞ്ഞത് രണ്ട് മാസമെങ്കിലും യാത്ര തരമാകണമെന്നേ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ.

നാഗാലാൻഡിലേക്കാണ് ആദ്യം പോകുന്നത്. പിന്നീട് കാലാവസ്ഥയ്ക്ക് അനുസരിച്ച് മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യാത്ര തീരുമാനിക്കും. ഡിസംബർ 4ന് ഹോൺബിൽ ഫെസ്റ്റിവൽ തീരുന്നതിന് മുൻപ് നാഗാലാൻഡിൽ എത്തില്ല. രണ്ടുവർഷം മുൻപ് ആ ഉത്സവം കണ്ടിട്ടുള്ളത് കൊണ്ട് നഷ്ടബോധം ഇല്ല.

ഇരുട്ട് വീണാൽ വാഹനം ഓടിക്കില്ല എന്നതാണ് ഈ യാത്രയിലെ ഒരു തീരുമാനം. പക്ഷേ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ തീരുമാനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകും. ബാംഗ്ലൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള 283 കിലോമീറ്റർ, 6 വരി പാതയാണ്, ഗതാഗത തിരക്ക് തീരെയില്ല. അതുകൊണ്ടാണ് രാത്രി ഏഴ് മണിക്ക് മാത്രമേ തിരുപ്പതിയിൽ എത്തൂ എന്ന് മനസ്സിലായിട്ടും വൈകിയ വേളയിലും യാത്ര പുറപ്പെട്ടത്. ഇനിയും ഈ യാത്ര വെച്ച് താമസിപ്പിക്കാൻ എനിക്കാവില്ല.

വൈകിട്ട് 4 മണിയോടെ തന്നെ ഇരുട്ട് വീണ് ശോകമൂകമായ അന്തരീക്ഷം ആയിരുന്നു. അവസാനത്തെ രണ്ട് മണിക്കൂർ നിർത്താതെ മഴ പെയ്തു.

തിരുപ്പതിയിലെ അലിപിരി ഗേറ്റിന് സമീപം വിശദമായ വാഹന പാർക്കിംഗ് സൗകര്യമുണ്ട് എന്ന് ശേഷഗിരിയിൽ Sheshagiri Shenoy നിന്ന് മനസ്സിലാക്കിയിരുന്നു. വൃത്തിയുള്ള ശൗചാലയ സൗകര്യവും ഇവിടെയുണ്ട്. വഴികൾക്കിരുവശത്തും ധാരാളം ഭോജനാലയങ്ങളും ഉണ്ട്. അത്താഴം കഴിഞ്ഞ ശേഷം പാർക്കിങ്ങ് ഇടം കണ്ടുപിടിച്ച് ഭാഗിയെ ഒതുക്കി.

മഴ വിട്ടുവിട്ട് പെയ്തുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്തായാലും ബാംഗ്ലൂരിലെ അത്ര തണുപ്പ് തിരുപ്പതിയിൽ ഇല്ല.

നാളെ രാവിലെ വിജയവാഡയിലേക്ക് തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്തനോ വിശ്വാസിയോ അല്ലാത്തത് കൊണ്ടും ആന്ധ്ര സംസ്ഥാനം ഇപ്രാവശ്യം ലക്ഷ്യമല്ല എന്നതുകൊണ്ടും തിരുപ്പതിയിലെ ക്ഷേത്രദർശനം ഇപ്രാവശ്യം ചെയ്യുന്നില്ല. ഇപ്പോൾ ലക്ഷ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണല്ലോ?!

ആറ് മാസത്തിലധികം ആർഭാട ജീവിതം നയിച്ച ശേഷം തെണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ പൊരുത്തപ്പെടാൻ അല്പസ്വല്പം ബുദ്ധിമുട്ടുകൾ ഉണ്ട്. പോരാത്തതിന് പുതിയ ഭാഗിയിലെ കുറഞ്ഞ സൗകര്യങ്ങളുമായി താദാദ്മ്യം പ്രാപിക്കുകയും വേണം. എന്തായാലും ഈ സീസണിലെ തെണ്ടി ജീവിതത്തിൻ്റെ ഒന്നാം ദിവസം ഇവിടെ അവസാനിക്കുന്നു. ഓൺലൈൻ വെറുപ്പിക്കൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ജാഗ്രതൈ!

ശുഭരാത്രി.

വാൽക്കഷണം:- Rajmargyathra എന്ന ആപ്പ് വഴി 3000 രൂപയുടെ വാർഷിക ടോൾ എടുത്തത്, എറണാകുളത്ത് നിന്ന് തിരുപ്പതിയിൽ എത്തിയപ്പോഴേക്കും മുതലായിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് മുഴുവൻ ലാഭം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>