
രാവിലെ കുളിച്ച് വൃത്തിയായി ഭാഗിയെ സുന്ദരിയാക്കാൻ വേണ്ടി സർവീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ പൊയ്ൽവാ ചെമ്മരിയാട് ഫാമിൽ നിന്ന് ഒരു കുന്ന് ചെളിയുമായാണ് അവൾ മടങ്ങി വന്നിരിക്കുന്നത്.
നാഗ ഹോംസ്റ്റേയുടെ വഴിയിൽ ഒരു സർവീസ് സെന്റർ ഞാൻ നേരത്തെ കണ്ട് വെച്ചിരുന്നു. അങ്ങോട്ട് ചെന്ന് ഭാഗിയെ സർവീസ് ചെയ്യുമ്പോൾ ഒരു നല്ല അനുഭവം ഉണ്ടായി.
ഭാഗിയുടെ രജിസ്ട്രേഷൻ നമ്പർ കണ്ട് ഒരു നാഗൻ വളരെ താല്പര്യപൂർവ്വം എൻ്റടുത്ത് വന്ന് സംസാരിക്കാൻ തുടങ്ങി. അദ്ദേഹം ഒരു സർക്കാർ വാഹനത്തിലാണ് വന്നതെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. പേര് മിസ്റ്റർ സോളോ. നാഗലാൻ്റ് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആണ് കക്ഷി. ഔദ്യോഗിക ആവശ്യത്തിനായി മൂന്ന് ദിവസം തിരുവനന്തപുരത്ത് വന്നതിന്റെ നല്ല അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. കൊച്ചിയിലെ കൊതുകുകളും പൊതുവെയുള്ള ചൂടും ഒഴിച്ചാൽ കേരളം മനോഹരമായ സംസ്ഥാനമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് ഒരു വാഹനത്തിൽ ഒരുപാട് ദിവസങ്ങൾ കറങ്ങുന്നതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് പുള്ളിക്കാരൻ ഊഹിച്ചു. സ്വാഭാവികമായും എനിക്ക് കോട്ടകളുടെ കാര്യം പറയേണ്ടി വന്നു. അദ്ദേഹം ചരിത്രത്തിൽ താല്പര്യമുള്ള ആളാണ്. ആയതുകൊണ്ട് തന്നെ, ഭാഗിയുടെ വാഷിങ്ങ് കഴിയുന്നത് വരെ അദ്ദേഹം എന്നോട് സംസാരിച്ചു നിന്നു.
പിന്നീട് നടന്ന കാര്യമാണ് അമ്പരപ്പിച്ചത്. ഭാഗിയെ കഴുകിയതിൻ്റെ ചാർജ് നൽകാൻ ഒരു തരത്തിലും അദ്ദേഹം എന്നെ അനുവദിച്ചില്ല. നാഗാലാൻഡിൽ താങ്കൾ ഞങ്ങളുടെ സംസ്ഥാനത്തിന്റെ അതിഥിയാണ് എന്നു പറഞ്ഞാണ് അദ്ദേഹം ആ തുക നൽകിയത്.
സർവീസ് സെന്ററിൽ നിന്ന് അല്പം കൂടി മുന്നോട്ട് പോയാൽ നാഗ ബൗൾ ബേക്കറി കാണാം. ആദ്യ ദിവസങ്ങളിൽ ഞാൻ അവിടന്ന് കോഫി കുടിച്ചിരുന്നു. വളരെ നല്ല അന്തരീക്ഷത്തോടുകൂടി ഇന്റീരിയർ ഒക്കെ ചെയ്ത് സജ്ജമാക്കിയിരിക്കുന്ന ബേക്കറിയാണ് അത്. ഇന്ന് ബാക്കി വരുന്ന ഉൽപ്പന്നങ്ങൾ അടുത്ത ദിവസം അവിടെ വിൽപ്പനയ്ക്ക് വെക്കില്ല. ജീവനക്കാർക്കോ അവരുടെ ബന്ധുക്കൾക്കോ അത് കൊണ്ടുപോകാം. എപ്പോൾ ചെന്നാലും ഫ്രഷ് ബേക്കറി സാധനങ്ങൾ കിട്ടുമെന്ന് സാരം.
ഈ ബേക്കറിയുടെ ഉടമയായ നീറ്റല്ലോ കുറച്ചുനാൾ മുമ്പ് കൊച്ചിയിലെ ഹോളിഡേ ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. ആ അനുഭവസമ്പത്തും പരിചയസമ്പന്നതയും ഈ ബേക്കറിയുടെ കാര്യത്തിൽ അദ്ദേഹം നടപ്പിലാക്കിയിരിക്കുന്നത് കൃത്യമായി മനസ്സിലാക്കാൻ പറ്റും.
കഴിഞ്ഞ ദിവസം ചെന്നപ്പോൾ ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും ഭാഗിയെ കാണണമെന്ന് ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹത്തിന് ഞാൻ കഴുകി വൃത്തിയാക്കിയ ഭാഗിയെ കാണിച്ചു കൊടുത്തു. കൊച്ചിയിൽ അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരാണ് ‘ഈ ബുൾ ജെറ്റ് ‘ ഓടിച്ചു നടക്കുന്നത് എന്നദ്ദേഹം പറഞ്ഞു.
ഞാൻ അവിടന്ന് ഒരു ക്രോസാന്റും കാപ്പിയും കഴിച്ചു. ആ സമയത്ത് നീറ്റല്ലോ നാഗ ജ്യൂസുകളെ പറ്റി വാചാലനായി. അവർ പഴങ്ങൾ അരിഞ്ഞ് അല്പം ഉപ്പ് ചേർത്ത് വെള്ളത്തിൽ മുക്കി വെക്കും. ഒരാഴ്ച കഴിയുമ്പോൾ ഫെർമെന്റേഷന് ശേഷം അതിലെ നീരും ഷുഗർ സിറപ്പും ഒക്കെ ചേർത്ത് ജ്യൂസ് ഉണ്ടാക്കും. പഴം പൂർണ്ണമായി മിക്സിയിൽ അടിച്ച് ജ്യൂസ് ഉണ്ടാക്കുന്ന രീതി ഇവിടെയില്ല. അദ്ദേഹം ഒരു ആപ്പിൾ ജ്യൂസ് എനിക്ക് ഉണ്ടാക്കി തന്നു. അനന്തരം പണം കൊടുത്ത് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതൊന്നിനും പണം വാങ്ങിയില്ല.
നാഗന്മാർ എന്നെ സ്നേഹത്തിൽ പൊതിഞ്ഞ് അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഇവരെല്ലാവരും ആൽക്കെമിസ്റ്റ് ഗൂഢാലോചനയുടെ കൂട്ടക്കാരാണ്. സംശയമേതും വേണ്ട.
ഷൈനിയുടെ വാഹനത്തിന് ചില പണികൾ ചെയ്യാനുണ്ട്. അത് കഴിഞ്ഞാൽ ബീമാപ്പൂരിലേക്ക് യാത്ര തിരിക്കണം എന്നായിരുന്നു പദ്ധതി. ഇന്നലെ അവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏതോ ഗ്രാമം കത്തി നശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഷൈനി വിളിച്ചു. അങ്ങോട്ട് പോകണോ വേണ്ടയോ എന്നാണ് ചോദ്യം.
അതെന്തായാലും ബൈക്കിന്റെ പണി കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു. ഇന്നിനി യാത്ര വേണ്ടെന്ന് തീരുമാനിച്ച്, ഞാൻ കൊഹീമയിൽ ചുറ്റി നടന്നു. ഷൈനി നാഗ ഹോം സ്റ്റേയിൽ വിശ്രമിച്ചു. കഴിഞ്ഞ ദിവസം സുലേലേയിൽ നിന്ന് തണുപ്പടിച്ചതിന്റെ അസ്കിത ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ട്. എനിക്ക് പ്രധാനമായും മൂക്കടപ്പും മൂക്കൊലിപ്പുമാണ്. ഞാൻ ഡോക്ടറെ വിളിച്ച് സംസാരിച്ച് മരുന്ന് വാങ്ങി.
വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് 23 ദിവസമാകുന്നു. മൂന്നാഴ്ച കൂടുമ്പോൾ ഒരു ദിവസം വിശ്രമം എടുക്കുന്നതിൽ തെറ്റില്ലല്ലോ. അങ്ങനെ ഇന്ന് ആദ്യത്തെ വിശ്രമദിനം ആക്കി.
നീറ്റല്ലോ പറഞ്ഞതനുസരിച്ച് ഈ തെരുവിലെ കടകളെല്ലാം വൈകീട്ട് ഏഴര മണിക്ക് പൂട്ടും. ഞായറാഴ്ച ദിവസങ്ങളിൽ പോലും വളരെ ചുരുക്കം റസ്റ്റോറന്റുകളേ തുറക്കൂ. അവരാകട്ടെ അന്നെല്ലാവർക്കും ബില്ലിൽ 5% ഇളവ് കൊടുക്കും.
ഞങ്ങൾ കംഫർട്ട് ഫുഡ് കിച്ചൻ എന്ന റസ്റ്റോറന്റ് നിന്ന് ഗോതമ്പ് പൊറോട്ടയും മീൻകറിയും കഴിച്ചു. ഇവിടെ മിക്കവാറും റസ്റ്റോറന്റുകൾ നടത്തുന്നത് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
തണുപ്പ് 7-8 ഡിഗ്രിയാണ് കാണിക്കുന്നത്. അതെനിക്കിപ്പോൾ വലിയ തണുപ്പല്ലാതായിരിക്കുന്നു.
നാളെ രാവിലെ ബീമാപൂരിലേക്ക് പുറപ്പെടണം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#NorthEastIndia
#northeast
#motorhomelife
#CaravanLife