ശ്രീ.വി.ഡി.സതീശന് അഭിനന്ദനങ്ങൾ!


11
കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശന് അഭിനന്ദനങ്ങൾ!!

11 ദിവസം വൈകിയെങ്കിലും, തലങ്ങും വിലങ്ങും ചർച്ചകൾ നടത്തി, ഉചിതമായ തീരുമാനം തന്നെയാണ് AICC എടുത്തിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഉചിതം എന്ന് പറയാനുള്ള കാരണങ്ങൾ ഇപ്രകാരമാണ്.

കാരണം 1:- ജനങ്ങൾ ജയിപ്പിച്ച് വിടാത്ത ഒരാളേയും നൂലിൽ കെടിയിറക്കി മുഖ്യമന്ത്രി ആക്കിയില്ല. (അങ്ങനെയും ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഉദാ:- 1996ലെ മുഖ്യമന്ത്രി നായനാർ)

കാരണം 2:- സീനിയോരിറ്റി അല്ല, പണിയെടുത്തത് ആരെന്നതാണ് മുഖ്യമന്ത്രി ആകാനുള്ള മാനദണ്ഡം. ഞാൻ ഉദ്ദേശിച്ച സീനിയർക്ക് ഇതിന് മുൻപ് അവസരം കിട്ടിയിട്ടുണ്ട്.

കാരണം 3:- രാജസ്ഥാനും മദ്ധ്യപ്രദേശും അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ പറ്റിപ്പോയ തെറ്റ് AICC ആവർത്തിച്ചില്ല.

കാരണം 4:- കോൺഗ്രസ്സ് MLA മാരുടെ മാത്രമല്ല, ഘടക കക്ഷികളുടേയും പ്രവർത്തകരുടേയും സാധാരണ സമ്മതിദായകരുടേയും കോൺഗ്രസ്സ് അല്ലാത്ത ജനങ്ങളുടേയും ആഗ്രഹവും ഇഷ്ടവും താൽപ്പര്യവും മനസ്സിലാക്കി തീരുമാനമെടുത്തു.

തീരുമാനം അൽപ്പം വൈകി എന്ന് വേണമെങ്കിൽ പറയാമെങ്കിലും കേരളത്തിൽ ഇതിന് മുൻപും ഇതിൽക്കൂടുതൽ വൈകിയ മുഖ്യമന്ത്രി തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം. (ലിങ്ക് https://www.facebook.com/share/v/1GGLVrX3dk/ ) ആ കണക്കുകൾ ജനം മറന്നത് പോലെ തന്നെ ഈ കാലതാമസവും വൈകാതെ ജനം മറക്കും.

ഇതുവരെ ശുഭകരം എന്ന് ആശ്വസിച്ചാലും ശ്രീ. വി. ഡി. സതീശനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.

വെല്ലുവിളി 1:- മുഖ്യമന്ത്രി പദം കിട്ടാതെ പോയവരുടേയും അവരുടെ അഭ്യുദയകാംക്ഷികളുടേയും തൊഴുത്തിൽക്കുത്തും കുതികാൽവെട്ടലും നിസ്സഹകരണവും.

വെല്ലുവിളി 2:- കാലിയായ,…. സതീശൻ്റെ ഭാഷയിൽ പറഞ്ഞാൽ പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് വെച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളി.

വെല്ലുവിളി 3:- തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക എന്നതിന് പുറമേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ സമഗ്രമായ മാറ്റങ്ങളും പദ്ധതികളും നടത്തിയെടൂക്കണമെന്ന വെല്ലുവിളി.

വെല്ലുവിളി 4:- ജനാധിപത്യത്തിനും മുകളിലാണ് തങ്ങളെന്ന് കരുതുന്ന രണ്ട് വൃത്തികെട്ട സമുദായ നേതാക്കന്മാർ വലിയ വെല്ലുവിളി ഇതുവരെ ഉയർത്തിയതെങ്കിലും അതെല്ലാം ഭംഗിയായി നേരിടാൻ VDSന് കഴിഞ്ഞു. എന്നിരുന്നാലും നേരും നെറിയും ഇല്ലാത്ത ആ രണ്ട് പുംഗവന്മാർ കുത്തിത്തിരുപ്പുകൾ തുടർന്നുകൊണ്ടിരിക്കും. അതിന് അർഹമായ അവഗണനയും ശ്രദ്ധയും കൊടുത്ത് മുന്നേറേണ്ടി വരും.

വെല്ലുവിളി 5:- കഴിഞ്ഞ 10 വർഷമായി നിർത്തി വെച്ചിരിക്കുന്ന ഹർത്താലുകളും സമരങ്ങളും പൊതുമുതൽ നശിപ്പിക്കലും, പൂർവ്വകാല പ്രാബല്യത്തിൽ പുറത്തെടുക്കാൻ തയ്യാറായിരിക്കുന്ന പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുക എന്ന വെല്ലുവിളി.

ഇത്രയുമോ ഇതിനപ്പുറമോ ഉള്ള വെല്ലുവിളികൾ നേരിട്ട്, കഴിഞ്ഞ രണ്ട് വർഷത്തിനകമെങ്കിലും പ്രതീക്ഷയുടെ പുതുനാളം നീട്ടാൻ സതീശന് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ തേരോട്ടം തടയാൻ ബുദ്ധിമുട്ടാകുന്ന കാലം വരും.

കാര്യങ്ങൾ പറഞ്ഞത് പോലെ നടത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ, 100 സീറ്റ് മറ്റേതെങ്കിലും ഒരു മുന്നണിക്കോ പാർട്ടിക്കോ നൽകി 2031ൽ ഭരണം സതീശൻ്റെ കൈയിൽ നിന്ന് ഒഴിവാക്കാൻ പോന്നവരാണ് കേരള ജനത എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അത് ഓരോ നിമിഷവും ഓർമ്മയുണ്ടായാൽ നന്ന്. എന്നെപ്പോലുള്ള ഒരുപാട് പേർ പ്രതിപക്ഷത്ത് തന്നെയാണ് തുടരുക.

എന്തായാലും ഇന്ന് മുതൽ മുഖ്യമന്ത്രി ഇല്ലാത്തവനേ / ഇല്ലാത്തവളേ എന്ന് വിളിച്ച് ആരും മലയാളികളെ അധിക്ഷേപിക്കില്ല എന്ന തമാശ കൂടെ പങ്കിട്ട് ഈ കുറിപ്പ് ചുരുക്കുന്നു.

ശ്രീ.വി.ഡി. സതീശന് V D Satheesan ഒരിക്കൽക്കൂടെ അഭിനന്ദനങ്ങൾ !!
നല്ലൊരു ഭരണം കാഴ്ച്ച വെക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു!!

വാൽക്കഷണം:- ജനാധിപത്യം സമ്പൂർണ്ണമായി കൊടിനാട്ടിയ ഒരു പൊതുതെരഞ്ഞെടുപ്പും മുഖ്യമന്ത്രി തെരഞ്ഞെടുപ്പും ആയിരുന്നു ഇപ്രാവശ്യത്തേത് എന്നത് സന്തോഷമുള്ള കാര്യം തന്നെ.

#CMKerala
#cmkerala2026
#VDSatheesan

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>