മമ്മൂക്കയെ കാണാൻ ലൊക്കേഷനിലേക്ക്


33
കാരൈക്കുടിയിൽ ചെന്നപ്പോൾ മുതൽ, ഭക്ഷണം കഴിക്കാൻ പോയാലും താമസിക്കാനുള്ള ഇടം തപ്പി ഇറങ്ങിയാലും കേൾക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു…

“മമ്മൂട്ടിയെ പാത്തിട്ടിയാ?”

“മമ്മൂട്ടിയെ കണ്ടില്ലേ?”

“പക്കത്തില് താൻ ഷൂട്ടിങ്ങ്. മമ്മൂട്ടിയെ പാത്താച്ചാ?”

എത്രവട്ടം എവിടെയെല്ലാം വെച്ച് കണ്ടിരിക്കുന്നു അദ്ദേഹത്തെ. അതൊന്നും പോര, കാരൈക്കുടിയിൽ വെച്ച് കണ്ടില്ലെങ്കിൽ മഹാമോശം എന്ന നിലക്കാണ് എല്ലാവരുടേയും ചോദ്യവും സംസാരവും.

ഏതോ മലയാളം സിനിമയുടെ ഷൂട്ടിങ്ങ് കാരൈക്കുടിയിലും പരിസരങ്ങളിലുമായി നടക്കുന്നുണ്ട്. അതിനായി മമ്മൂക്ക വന്നതും പോയതും, വഴിതെറ്റിയപ്പോൾ ബൈക്കിൽ വഴികാട്ടിയായി മുന്നേ പോയ ഒരു തമിഴ് സഹോദരനെ “നമ്മ ഫ്രണ്ട് ” എന്നുപറഞ്ഞ് വീഡിയോ ഇറക്കിയതും എല്ലാം മലയാളികൾ അറിഞ്ഞ് വൈറലായതാണ്. ആ സിനിമയുടെ ഷൂട്ടിങ്ങിനെപ്പറ്റി ആകണം എല്ലാവരും സംസാരിക്കുന്നത്.

കാനാടിക്കാത്തനിലെ ഒരു ചെട്ടിയാർ ഭവനം കാണാൻ പോയപ്പോൾ അവരുടെ വരാന്തയിൽ നാലഞ്ച് ബൈക്കുകൾ ഇരിക്കുന്നു. മേൽപ്പടി ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ബൈക്കുകൾ ആണത്രേ! രാത്രി 9 മണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. ലൊക്കേഷൻ അദ്ദേഹത്തിന് കൃത്യമായി അറിയില്ല. ബൈക്കുകളെ മമ്മൂട്ടി ചേയ്സ് ചെയ്യുന്ന രംഗമാണ് ചിത്രീകരിക്കുന്നതത്രേ!

മറ്റ് ചുറ്റിത്തിരിയലുകൾ എല്ലാം തീർന്നതിന് ശേഷം ഷൂട്ടിങ്ങ് ലൊക്കേഷൻ കണ്ടുപിടിക്കാൻ ഞങ്ങൾ തുനിഞ്ഞിറങ്ങി. പള്ളത്തൂരിലെ തെരുവായ തെരുവുകളിലൂടെയെല്ലാം കയറിയിറങ്ങി. അപ്പോൾ ദാ ഒരിടത്ത് നാലഞ്ച് തമിഴന്മാർ സൊറ പറഞ്ഞ് നിൽക്കുന്നു. സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ എല്ലാ ലക്ഷണവുമുണ്ട്. തൊട്ടടുത്ത് ഒരു വണ്ടിയിൽ നീളമുള്ള കേബിളുകൾ, ആർക്ക് ലൈറ്റുകൾ ഇത്യാദി. അത് ഷൂട്ടിങ്ങ് ക്രൂ ആകാതെ തരമില്ല. എന്നാലും ഉറപ്പാക്കാൻ വേണ്ടി അവരോട് ചോദ്യമുന്നയിച്ചു. മമ്മൂട്ടിച്ചിത്രം തന്നെയെന്നും ഇന്നത്തെ ഷൂട്ടിംഗ് ഈ തെരുവിൽ ആണെന്നും ‘തമിഴ് ‘ എന്ന ഒരു ചെറുപ്പക്കാരൻ മറുപടി തന്നു. പക്ഷേ അയാൾക്ക് സിനിമയുടെ പേര് അറിയില്ല സംവിധായകന്റെ പേരും അറിയില്ല. 9 മണിക്ക് ഷൂട്ടിങ്ങ് തുടങ്ങും എന്നതിൽ മാറ്റമില്ല.

കാരൈക്കുടിയിൽ ഞങ്ങളുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച്ച. കാണാനുള്ളതെല്ലാം കണ്ട് തീർത്ത് ചെയ്യാനുള്ളതെല്ലാം ചെയ്ത് ഒതുക്കി അത്താഴവും കഴിച്ച്, 9 മണിക്ക് ഞങ്ങൾ വീണ്ടും ലൊക്കേഷനിൽ എത്തി. എത്രയോ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ പോയിരിക്കുന്നു! ഒരു സീൻ എടുക്കുന്നത് കാണാൻ മണിക്കൂറുകളോളം കാത്തുകാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ നല്ലവണ്ണം അറിഞ്ഞിട്ടും എന്ത് ആവേശത്തിന്റെ പുറത്താണാവോ ഈ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്?
ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന തെരുവിൽ എത്തിയപ്പോൾ, തമിഴ് പറഞ്ഞതുപോലെ തന്നെ ആ വഴി ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞങ്ങൾ തൊട്ടടുത്ത ഒരു ഇടവഴിയിൽ ഭാഗിയെ പാർക്ക് ചെയ്ത് മറ്റൊരു ഇടറോഡിലൂടെ ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു.

അൽപ്പം മുന്നിലുള്ള വളവ് എത്തിയപ്പോൾ, എറണാകുളം രജിസ്ട്രേഷൻ ഒരു കാർ സംശയിച്ച് സംശയിച്ച് ഞങ്ങൾക്ക് അടുത്തെത്തി.

“ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള വഴി ഇതാണോ?”…ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വ്യക്തി ചില്ല് താഴ്ത്തി ചോദിച്ചു.

“അറിയില്ല. ഒരു ഊഹം വെച്ച് ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. എറണാകുളത്ത് നിന്നാണോ?”… എന്ന് ഞാൻ.

“ഞാൻ ഇന്നാട്ടുകാരനാണ് പക്ഷേ സെറ്റിൽ ചെയ്തിരിക്കുന്നത് എറണാകുളത്താണ്.” അദ്ദേഹം ആ വഴിയോരത്ത് തൻ്റെ വാഹനം പാർക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം നടന്നു.

കൂടുതൽ ലോഹ്യം പറഞ്ഞും പരിചയപ്പെട്ടും കഴിഞ്ഞപ്പോളാണ്, ഞങ്ങളുടെ കൂടെ നടക്കുന്നത് മലയാള സിനിമാ വ്യവസായത്തിലെ ഒരു വലിയ വ്യക്തി ആണെന്ന് മനസ്സിലായത്. പേര് സുബ്രഹ്മണ്യം. തിരുപ്പതി ചെട്ടിയാർ എന്നും വിളിക്കും. അടുപ്പക്കാർക്ക് മണിയണ്ണൻ. മമ്മൂട്ടിയെ നായകനാക്കി മാത്രം 12 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

“മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് പോകാൻ വന്നതാണ്.”… എന്ന് അദ്ദേഹം.

കുബുദ്ധികളായ ഞങ്ങൾ അങ്ങേരോട് ഒട്ടി നടന്നു. ലൊക്കേഷനിലേക്ക് ഇടിച്ചുകയറി ചെല്ലാനും മമ്മൂക്കയുടെ മുന്നിൽ എത്തിപ്പെടാനും മണിയണ്ണൻ്റെ കൂടെ പോയാൽ എളുപ്പം സാധിക്കും. മമ്മൂക്കയുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചക്ക് നിമിത്തമായി ചെട്ടിനാട്ടിലെ പള്ളത്തൂരിൽ അവതരിച്ചിരിക്കുകയാണ് മണിയണ്ണൻ. ആ നിമിത്തത്തെ കൃത്യമായി പ്രയോജനപ്പെടുത്തുക തന്നെ. അത് ഏറെക്കുറെ വിജയിച്ചെന്ന് തന്നെ പറയാം.

ലൊക്കേഷനിൽ പലരും മണിയണ്ണനോടുള്ള ബഹുമാനം കാണിച്ച് വണങ്ങുന്നുണ്ട്. സിനിമാ ഫീൽഡിൽ ഉള്ളവർക്ക് മണിയണ്ണനെ നന്നായി അറിയാമെന്ന് സാരം. ഞങ്ങൾ മണിയണ്ണൻ്റെ പിന്നാലെ ചക്രവ്യൂഹം ഭേദിച്ച് കൂടുതൽ ഉള്ളിലേക്ക്.

മമ്മൂക്ക ഇരിക്കുന്ന ഷെഡ്ഢിനടുത്തേക്ക് ഒരു പ്രൊഡക്ഷൻ അംഗം മണിയണ്ണനെ കൊണ്ടുചെന്ന് നിർത്തി. മണിയണ്ണൻ്റെ കൂടെ വന്നവരാണ് എന്ന ഭാവത്തിൽ ഞങ്ങൾ തൊട്ടു പിറകിൽ നിൽപ്പുണ്ട്.
തുടരും……
………
….
അല്ലെങ്കിൽ വേണ്ട, കൈയോടെ പറഞ്ഞേക്കാം.
……
….
മണിയണ്ണൻ ഷെഡ്ഢിനകത്തേക്ക് കയറി മമ്മൂക്കയുമായി സംസാരം തുടങ്ങി. ഷെഡ്ഢിൻ്റെ ഒരു വശം മറച്ചിരിക്കുന്ന ഷീറ്റിന് അടിയിലൂടെ മണിയണ്ണന്റേയും മമ്മൂക്കയുടേയും കാലുകൾ കാണാൻ പറ്റുന്നുണ്ട്. പതിഞ്ഞ സ്വരത്തിൽ രണ്ടാളുടേയും ശബ്ദവും കേൾക്കാം.

“ആ കാലുകൾ മമ്മൂക്കയുടേത് തന്നെ” രമ്യ തറപ്പിച്ച് പറഞ്ഞു. മമ്മൂക്കയുടെ ഉമ്മയുടെ അയൽവാസിയും അടുത്ത സുഹൃത്തും ആയിരുന്നതിൻ്റെ ബലത്തിലാണ് രമ്യ പറയുന്നത്.
“ആ ശബ്ദം മമ്മൂക്കയുടേത് തന്നെ. ഞാനെത്രയോ മമ്മൂട്ടി പടങ്ങൾ കണ്ടിരിക്കുന്നു.”… എന്ന് പറയാൻ വന്ന വാക്കുകൾ എൻ്റെ തൊണ്ടയിൽ കുടുങ്ങി. ഇതി അതെങ്ങാനും മമ്മൂക്ക അല്ലെങ്കിലോ? പത്തടി അകലത്തിൽ ഒരു ഷീറ്റിന്റെ മറവിൽ മമ്മൂക്ക ഇരിക്കുന്നുണ്ടെന്ന് എനിക്കെന്തോ വിശ്വാസക്കുറവ് ഉള്ളതുപോലെ.

അപ്പോഴേക്കും പ്രൊഡക്ഷന്റെ ആൾക്കാർ മൂന്ന് കസേര കൊണ്ടുവന്നിട്ടു. ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ചായ വേണോ കാപ്പി വേണോ എന്നൊക്കെ അവർ ചോദിക്കാൻ തുടങ്ങി. അവർ എല്ലാവരും ഡിന്നർ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ. ഷൂട്ടിങ്ങ് നടക്കാൻ പോകുന്ന വഴിയിൽ ഭാഗിയെ തടഞ്ഞ പ്രൊഡക്ഷൻ ചെറുപ്പക്കാരൻ ഞങ്ങൾ കസേരയിട്ട് അവിടെ ഇരിക്കുന്നത് കണ്ട് ഞെട്ടി. ശേഷം തിരിഞ്ഞ് നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.

പലരും വന്നും പോയുമിരുന്നു. ഷെഡിന് അകത്തേക്ക് പോയ മണിയണ്ണൻ 20 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തേക്കില്ല. “എന്റെ കൂടെ പോന്നോളൂ. അല്ലെങ്കിൽ ചിലപ്പോൾ മമ്മൂക്കയെ കാണാൻ പറ്റിയെന്ന് വരില്ല” എന്ന് പറഞ്ഞ കക്ഷിയാണ്. പണി പാളിയോ? ഷെഡ്ഢിന് അകത്തുള്ളത് മമ്മൂക്ക തന്നെയല്ലേ? ആ കാലുകൾ മമ്മൂക്കയുടേതല്ലേ? ആ ശബ്ദം മമ്മൂക്കയുടേതല്ലേ? ആകാംക്ഷയുടെ നിമിഷങ്ങൾ. രാത്രിയാണെങ്കിലും അൽപ്പം ചൂടുണ്ട്. അതിപ്പോൾ കൂടുതലായത് പോലെ.
തുടരും……
………
….
അല്ലെങ്കിൽ വേണ്ട. ഇപ്പത്തന്നെ പറഞ്ഞേക്കാം.
……
….
പെട്ടെന്നതാ… ഷെഡ്ഢിന്റെ മറനീക്കി മണിയണ്ണനൊപ്പം ആ രൂപം പുറത്തേക്ക് വന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലാണ്. പക്ഷേ, ഏത് കോസ്റ്റ്യൂമിൽ കണ്ടാലും ശരാശരി മലയാളിക്ക് തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാളാണത്. മുഹമ്മദ്കുട്ടി എന്ന സാക്ഷാൽ മമ്മൂട്ടി തന്നെ!

ബീനച്ചേച്ചിയും KA Beena രമ്യയും Remya S Anand ആദ്യം സംസാരിക്കട്ടെ എന്ന മട്ടിൽ ഞാൻ രണ്ടടി പുറകോട്ടാണ് നിന്നത്. ‘ലേഡീസ് ഫസ്റ്റ് ‘ എന്ന് പറയുന്നത് ചില സമയത്തെങ്കിലും സ്വയരക്ഷയ്ക്ക് ഉപകരിക്കും!

എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. എനിക്ക് ചെവി അടഞ്ഞ് പോയത് പോലെ. മാത്രമല്ല, കേട്ടറിഞ്ഞും അൽപ്പസ്വൽപ്പം കണ്ടറിഞ്ഞും പരിചയമുള്ള മമ്മൂക്കയാണ് സീനിൽ. എന്തും സംഭവിക്കാം. അൽപ്പം അകലമിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്.

പെട്ടന്നതാ മമ്മൂക്ക എൻ്റെ നേർക്ക് ഹസ്തദാനത്തിനായി കൈ നീട്ടുന്നു. പലവട്ടം പലയിടത്ത് വെച്ച് കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഒരു ഹസ്തദാനമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, അതിനായി ആഗ്രഹിച്ചിട്ടുപോലുമില്ല. നടക്കുന്ന കാര്യങ്ങൾ ആഗ്രഹിച്ചാൽ പോരേ എന്നതാണ് സ്ഥിരം ലൈൻ.
എന്നിട്ടും അദ്ദേഹവുമായി ഒരു ഹസ്തദാനം ഇതാ സംഭവിച്ചിരിക്കുന്നു. മണിയണ്ണൻ ഉണ്ടായിരുന്നതുകൊണ്ട് മാത്രം സാധിച്ച ഒന്നാണ് ആ കൂടിക്കാഴ്ച്ചയും ഹസ്തദാനവും. അക്കാര്യത്തിൽ തർക്കമില്ല.

കിട്ടിയ ചാൻസല്ലേ? എന്തെങ്കിലുമൊന്ന് മമ്മൂക്കയോട് സംസാരിച്ചേക്കാമെന്ന് ഞാനുറച്ചു.

“ഇത്രയും അടുത്ത് നിന്ന് മമ്മൂക്കയെ അവസാനം കണ്ടത്, ‘അടിമകൾ ഉടമകൾ’ എന്ന പടത്തിൻ്റെ ഷൂട്ട് കണ്ണൂരിൽ നടക്കുമ്പോളാണ്.”…എന്ന് ഞാൻ.

“ഓ… ലോങ്ങ് ബാക്ക്.” ഒരു ചിരിയോടെ മമ്മൂക്ക.

രമ്യ വാതോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ കിളികൾ പോയ അവസ്ഥ ആയതുകൊണ്ട് ഞാൻ മിഴിച്ച് നിൽക്കുകയായിരുന്നു.

മമ്മൂക്ക കോസ്റ്റ്യൂമിൽ ആയതുകൊണ്ട്, ഒരുമിച്ച് നിന്ന് പടമെടുക്കാൻ പറ്റില്ലെന്ന് പ്രൊഡക്ഷൻ ടീം ആദ്യമേ തന്നെ പറഞ്ഞിരുന്നു. അതിലൊന്നും ഒരു നിരാശയുമില്ല.

എന്തായാലും തിരുപ്പതി ചെട്ടിയാർ എന്ന മണിയണ്ണനെ പിടിച്ചു നിർത്തി ഒരു പടമെടുക്കുക തന്നെ ചെയ്തു. ചെട്ടിനാട്ടിൽ ചെന്നിട്ട് ഒരു ചെട്ടിയാരുടെ കൂടെ പടങ്ങമെടുക്കാതെ മടങ്ങുന്നതെങ്ങനെ? മമ്മൂക്കയുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച്ച തരപ്പെടുത്തിയ മണിയണ്ണന്റെ കൂടെ പടമെടുത്തില്ലെങ്കിൽ പിന്നെന്തിന് ക്യാമറകൾ?!

‘അപ്പോഴേക്കും അലാം അടിച്ചു; നേരം വെളുത്തു’… എന്ന അവസാന വാചകം പ്രതീക്ഷിച്ചിരിക്കുന്നവരെ ഞാൻ നിരാശപ്പെടുത്തുക തന്നെ ചെയ്യുന്നു. 6 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ മധുര, ചെട്ടിനാട്, തഞ്ചാവൂർ യാത്ര സമ്മാനിച്ചത് ഒരുപാട് ഗംഭീര അനുഭവങ്ങളാണ്. സമയബന്ധിതമല്ലാതെ നീളുന്ന യാത്രകൾ മാത്രം നൽകുന്നതാണ് അത്തരം സന്തോഷങ്ങൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>