സഞ്ചാരികളായ ദൈവങ്ങൾ!!


33
മൂന്ന് ദിവസമായി മധുരയിൽ എത്തിയിട്ട്. പക്ഷേ മീനാക്ഷീദേവിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ഞായറാഴ്ച്ച ആയതുകൊണ്ടാകാം, കല്യാണത്തിരക്കായിരുന്നു. 350ൽ അധികം കല്യാണങ്ങൾ നടന്നു എന്നാണറിവ്. കുറെയേറെ വധൂവരന്മാരെ ഞങ്ങൾ കാണുകയും ചെയ്തു.

ഇന്ന് തിങ്കളാഴ്ച്ചയല്ലേ; തിരക്ക് കുറവായിരിക്കുമെന്നും രാവിലെ എന്തായാലും ദർശനം കിട്ടുമെന്നുമായിരുന്നു പ്രതീക്ഷ.

സഹയാത്രികർ രണ്ടുപേരും 100 രൂപാ പാസ്സെടുത്ത് ക്ഷേത്രത്തിനകത്തേക്ക് കടന്നു. അവിശ്വാസിയും നിരക്ഷരനുമായ മൂന്നാമൻ ക്ഷേത്രത്തിന് ചുറ്റും നടന്ന്, കൊത്തുപണികളും കൽപ്പണികളും ക്ഷേത്രഗോപുരങ്ങളും ആവോളം കണ്ടാസ്വദിച്ചു. വഴിവാണിഭക്കാരുടെ ക്ഷമ പരീക്ഷിച്ചു.

അതുമാത്രം പോരല്ലോ. മധുരമീനാക്ഷിയുടെ ഓർമ്മയ്ക്കായി സുവനീർ എന്തെങ്കിലുമൊന്ന് വാങ്ങണമല്ലോ. ആക്രിശേഖരം കൊഴുപ്പിക്കണമല്ലോ. കുറെയധികം ചുറ്റിക്കറങ്ങി വഴിവാണിഭക്കാരെ വീണ്ടും ഒരുപാട് പ്രലോഭിച്ചശേഷം പഞ്ചലോഹത്തിലുള്ള ഒരു ചെറിയ മീനാക്ഷീ വിഗ്രഹം സംഘടിപ്പിച്ചു. ദേവിയുടെ വലത് കൈയിൽ തത്തയുണ്ട്. സാമാന്യം നല്ല ഭാരമുണ്ട്. മൂന്ന് ഇഞ്ചോളം കിളരവുമുണ്ട്.

ദേവിയുടെ ഭംഗി ആസ്വദിച്ച് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ കുത്തിയിരിക്കുമ്പോൾ, പാസ്സെടുത്ത് അകത്തേക്ക് പോയ സഹയാത്രികർ തിരിച്ചുവന്നു. മുഖത്ത് നിരാശ. രാവിലെ ആറര മണിക്ക് ഓടിച്ചെന്നിട്ടും ദേവി ദർശനം കൊടുത്തില്ല. അതിന് കൃത്യമായ കാരണമുണ്ട്.

മീനാക്ഷി ദേവി സഞ്ചാരിയായ ഒരു ദൈവമാണ്. ഇടയ്ക്ക് ചുറ്റുവട്ടത്തുള്ള മറ്റ് ചില സ്ഥലങ്ങളിലേക്ക് യാത്ര പോകും. ഇന്നത്തെ യാത്ര പുതൂരുള്ള ആർപാളയം ശിവക്ഷേത്രത്തിലേക്കായിരുന്നു. പുള്ളിക്കാരി രാവിലെതന്നെ പോയതുകൊണ്ട് കാണാനായില്ല. ഇന്ന് മുഴുവൻ ക്ഷേത്രനട അടഞ്ഞ് കിടക്കും.

സത്യത്തിൽ, ഇത്തരത്തിൽ ടൂർ പോകുന്ന ഒരു ദൈവത്തെപ്പറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ദേവി എന്റെ കൂട്ടക്കാരി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.

അപ്പോഴാണ് മറ്റൊരു പുതിയ വിവരം രമ്യ Remya S Anand പകർന്ന് നൽകിയത്. ഗുരുവായൂരിൽ നിന്ന് ശ്രീകൃഷ്ണൻ ഇതുപോലെ ചൊവ്വാഴ്ച്ച ദിവസങ്ങളിൽ അമ്പലപ്പുഴയ്ക്ക് പോകുമത്രേ! എന്നിരുന്നാലും ഗുരുവായൂരിലെ നട അടക്കാറില്ല. അന്ന് ഗുരുവായൂരിൽ തിരക്ക് കുറവായിരിക്കുമെന്ന് മാത്രം.

മധുര മീനാക്ഷിയും ഗുരുവായൂർ ശ്രീകൃഷ്ണനും സഞ്ചാരികൾ ആണെന്ന് സാരം. അത് കൊള്ളാമല്ലോ? സഞ്ചാരികളായ ദൈവങ്ങൾ എന്ന സങ്കൽപ്പം തന്നെ എത്ര രസകരമാണ്!

വിശ്വാസിയല്ലാതെ പോയതുകൊണ്ടാണ് ഇത്തരം ചില കാര്യങ്ങൾ അറിയാൻ വൈകിയത്. മിയ കുൾപ്പ. മിയ മാക്സിമ കുൾപ്പ. വിശ്വസിയല്ലാത്തവരോട് ദൈവങ്ങൾ പെട്ടെന്ന് പൊറുക്കുമെന്നാണത്രേ വിശ്വാസം!

നിങ്ങളുടെ അറിവിൽ സഞ്ചാരികളായ മറ്റു ദൈവങ്ങളുണ്ടെങ്കിൽ, ആ അറിവുകൂടെ പങ്കുവെക്കൂ.

വാൽക്കഷണം:- ഇന്നലെ അളഗനല്ലൂർ എന്ന ജല്ലിക്കെട്ട് ഗ്രാമത്തിൽ ചെന്ന് വൈത്തി മലയിലെ ശിവൻ്റെ സ്വന്തം കാളയായ രാമുവിനെ കണ്ടിരുന്നു. ആ ഗ്രാമത്തിൽ വെച്ച് പരിചയപ്പെട്ട ഒരു തമിഴ് സഹോദരൻ്റെ പേര് ‘ദൈവം’.

#greatindianexpedition2026_2027
#madurai
#madhrameenakshi

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>