എന്തുകൊണ്ട് തോറ്റു?!


11
തിരഞ്ഞെടുപ്പ് കാലത്ത്, സമൂഹമാദ്ധ്യമങ്ങളിൽ തലങ്ങും വിലങ്ങും പോസ്റ്റുകൾ ഇട്ട് അർമ്മാദിച്ചില്ലെങ്കിലും, അത്യാവശ്യം ഒരു പോസ്റ്റൊക്കെ ഇടാനുള്ള അവകാശം വോട്ടെണ്ണൽ കഴിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ എനിക്കും ഉണ്ടെന്ന സ്വാതന്ത്ര്യത്തിൽ കുറച്ച് കാര്യങ്ങൾ പറയുന്നു.

എന്റെ സ്പേസിൽ പറയുന്നത് എന്റെ ബോദ്ധ്യങ്ങൾ ആണ്. അത് നിങ്ങളുടെ ബോദ്ധ്യങ്ങളുമായി ഒത്തുപോകില്ലെന്ന് കണ്ടാൽ വിറളി പിടിക്കേണ്ടതില്ല.

എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഒരുപാട് കാരണങ്ങളും ഉത്തരങ്ങളും ഉണ്ട്. ശ്രദ്ധയിൽപ്പെട്ട പല തോൽവികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചില വിജയ കാരണങ്ങളും അല്പസ്വല്പം വിലയിരുത്തലുകളും കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.

1. ജനം ആർക്കും വോട്ടുകൾ കാലാകാലത്തേക്ക് എഴുതിക്കൊടുത്തിട്ടില്ല. ഏത് കോട്ടയും തകരും. തകർന്ന ചരിത്രമുണ്ട്.

2. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച ഒരു പോസ്റ്റർ (കമൻ്റിൽ നോക്കുക) പ്രകാരം, അതിലുള്ള 50 മണ്ഡലങ്ങളിൽ സുനാമി വന്നാൽപ്പോലും LDFനെ തോൽപ്പിക്കാൻ പറ്റില്ല എന്നായിരുന്നു! എന്നിട്ടോ? ഏറ്റവും വലിയ കമ്യൂണിസ്റ്റ് കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും തൃക്കരിപ്പൂരിലും അമ്പലപ്പുഴയിലും അടക്കം ആ ലിസ്റ്റിലെ 21 മണ്ഡലങ്ങളിൽ ഭേഷായിട്ട് തോറ്റു. ധർമ്മടത്ത് പിണറായി വിജയന് ആദ്യത്തെ ഏഴ് റൗണ്ടിൽ പിന്നിൽ നിൽക്കേണ്ടി വന്നു. സുനാമിയൊന്നും വേണ്ട. ഒരു വേലിയേറ്റം ധാരാളം മതിയാകും. ഒരു മണ്ഡലവും ജനങ്ങൾ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല.

3. LDF അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. കേരളത്തിൽ LDFഉം UDFഉം മാറിമാറി ഭരിച്ചിട്ടുണ്ട്. LDF മാത്രമാണ് ഇവിടെയുള്ളത് എന്ന വിഡ്ഢിച്ചിന്ത പിന്നെങ്ങനെ വന്നു; എവിടന്ന് വന്നു? നികേഷ് കുമാറാണ് അതിന് പിന്നിലെങ്കിൽ, അയാൾ തന്റെ അച്ഛന്റെ എതിരാളികൾക്ക് മടയിൽക്കയറി പണികൊടുത്തു എന്ന് തമാശയായി വേണമെങ്കിൽ പറയാം. അഥവാ അയാളാണ് പരാജയത്തിൻ്റെ മറ്റൊരു വലിയ കാരണം.

4. കേരളത്തിൽ അങ്ങോളമിങ്ങോളം എൻ്റെ മോന്ത, എൻ്റെ ഫുൾ ഫിഗർ പരസ്യങ്ങൾ വെച്ചാലൊന്നും ആരും ജയിക്കണമെന്നില്ല. പൊതുഖജനാവ് ധൂർത്തടിച്ചുകൊണ്ടുള്ള PR വർക്കുകൾ കണ്ടാൽ സാക്ഷരകേരളത്തിന് തിരിച്ചറിയാനാവും.

5. എത്ര നല്ല കാര്യങ്ങൾ ചെയ്താലും എത്ര വലിയ ആശയങ്ങൾ മുന്നോട്ട് വെച്ചാലും, അതിനിടയിലൂടെ ബാങ്കുകളും ആരാധനാലയങ്ങളും രക്തസാക്ഷി ഫണ്ടുകളും അടക്കം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ മോഷണം നടത്തിയാൽ…, സ്വജനപക്ഷപാതം ബെല്ലും ബ്രേക്കുമില്ലാതെ നടപ്പിലാക്കിയാൽ…, അങ്ങനെയുള്ളവരെ ജനാധിപത്യ ബോധമുള്ള വോട്ടർമാർ തോൽപ്പിച്ച് വീട്ടിലിരുത്തും. മോഷ്ടാക്കൾ പിന്നീട് എത്ര വലിയ കാര്യങ്ങൾ ചെയ്താലും ഏശില്ല.

6. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന ധാർഷ്ട്യം പറഞ്ഞാലും, ജനം തോൽപ്പിച്ച് വീട്ടിൽ ഇരുത്തും. ധാർഷ്ട്യം ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കില്ല.

7. പെണ്ണുപിടിയന്മാരെ ഇടം വലം നോക്കാതെ ജനം തൂക്കിയെറിയും. അതെ, പി. കെ. ശശിയുടേയും ഗണേഷ്കുമാറിൻ്റേയും പരാജയങ്ങളെപ്പറ്റി തന്നെയാണ് പറയുന്നത്.

8. ജനങ്ങളുടെ തോളോടുതോൾ ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് പകരം 40 കാറുകളുടെ അകമ്പടിയോടെ 110 കിലോമീറ്റർ വേഗതയിൽ അവരിൽ നിന്ന് അകന്ന് പോയാൽ, ആ അകലം ജനം എന്നെന്നേക്കുമായി നിലനിർത്തും.

9. ഏതൊരു മണ്ഡലത്തിലും ഒരു രാഷ്ട്രീയപ്രവർത്തകൻ അഞ്ച് വർഷം ഇറങ്ങി നിന്ന് പ്രവർത്തിച്ചാൽ, അത് എത്ര വലിയ കോട്ടയാണെങ്കിലും ജയിച്ചു കയറാൻ പറ്റും. ഉദാഹരണം ജ്യോതികുമാർ ചാമക്കാല തന്നെ. എല്ലാ ജനപ്രതിനിധികളും ഇങ്ങനെ വിചാരിച്ചാൽ അഞ്ചുകൊല്ലം കൊണ്ട് വേറൊരു തലത്തിൽ എത്താൻ കഴിയും കേരളത്തിന്.

10. ഒരു ഫ്ലക്സ് ബോർഡ് പോലും വെക്കാതെയും പ്രചരണ കൊട്ടിക്കലാശ മാമാങ്കം നടത്താതെയും, ആർഭാടങ്ങൾ ഇല്ലാതെയും, വേണമെങ്കിൽ ഒരു സ്ഥാനാർത്ഥിക്ക് റെക്കോർഡ് വിജയം കൈവരിക്കാനാവും. അതെ, ചാണ്ടി ഉമ്മനെ തന്നെയാണ് ഉദ്ദേശിച്ചത്.

11. അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ച് അധികാരത്തിന്റെ സുഖസൗകര്യങ്ങൾ വരുതിയിലാക്കി ജീവിക്കുന്ന കൗശലക്കാരായ മുതലാളിമാരോട് ജനത്തിന് അല്പം പോലും താല്പര്യമില്ല. ഉദാഹരണം പി. വി. അൻവറിന്റെ അർഹമായ തോൽവി.

12. ഇത്ര വലിയ ഭൂരിപക്ഷം UDFന് കിട്ടിയപ്പോഴും ടി. എൻ. പ്രതാപൻ എന്ന UDFന്റെ മുതിർന്ന നേതാവ് എന്തുകൊണ്ട് തോറ്റു? “കുറച്ചുപേരെ എല്ലാക്കാലവും എല്ലാവരേയും കുറച്ചുകാലവും കബളിപ്പിച്ച് നടക്കാൻ പറ്റും; പക്ഷേ എല്ലാവരേയും എല്ലാക്കാലവും കബളിപ്പിക്കാൻ പറ്റില്ല”.. എന്നൊരു സിദ്ധാന്തമുണ്ട്. അത് ചേർത്ത് വായിച്ചാൽ ഈ പരാജയത്തിനുള്ള ഉത്തരമായി.

13. ലീഡറുടെ മകൾ ആയതുകൊണ്ട് മാത്രം കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ കയറിക്കൂടി സാരി ചുളിയാതെയും മേക്കപ്പ് ഇളകാതെയും ജയിച്ച് കയറാനാവില്ലെന്ന് ഇനിയെങ്കിലും പത്മജ വേണുഗോപാൽ മനസ്സിലാക്കണം. കേരള രാഷ്ട്രീയത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചവറ്റുകുട്ടയിലാണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഗവർണ്ണറായി ശ്രമിക്കാവുന്നതാണ്.

14. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് പൊതുജനം മനസ്സിലാക്കിയാൽ തോറ്റത് തന്നെ. ശോഭാ സുരേന്ദ്രൻ്റെ തോൽവിയുടെ കാര്യമാണ് സൂചിപ്പിച്ചത്. NDA ജയിക്കുമെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചിരുന്ന മണ്ഡലമാണ് അത്.

15. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ വിജയം (7487ഭൂരിപക്ഷം) കാണിക്കുന്നത്, രക്തസാക്ഷി ഫണ്ട് സഖാക്കൾ മോഷ്ടിച്ചു എന്ന് തെളിവുകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ ആരോപണം ജനങ്ങൾക്ക് ബോദ്ധ്യമായി എന്നാണ്. മോഷ്ടിച്ചവന് പാർട്ടിയുടെ വക സീറ്റ്; അത് ചൂണ്ടിക്കാണിച്ചവൻ പാർട്ടിക്ക് പുറത്ത്. പണത്തിന്റെ കണക്ക് ഞങ്ങൾ വേണ്ടപ്പെട്ടവരെ ബോധിപ്പിച്ചോളാം എന്ന ധാർഷ്ട്യം. തോൽക്കാൻ രണ്ടാമതൊരു കാരണം വേണോ?

16. തൊഴിലാളി വർഗ്ഗ പാർട്ടിയാണ് പാവങ്ങളുടെ പാർട്ടിയാണ് എന്നെല്ലാം പറഞ്ഞിട്ട്, അതേ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ച് മുതലാളിത്ത ജീവിതം നയിച്ചാൽ അത് മനസ്സിലാക്കാനുള്ള ബോധവും പൊക്കണവുമൊക്കെ കേരള സമൂഹത്തിനുണ്ട്. മുണ്ട് മുറുക്കി ഉടുക്കേണ്ട ഇടങ്ങളിലൊന്നും അത് ചെയ്യാതെ കടമെടുത്ത പണം കൊണ്ട് ധൂർത്ത് തുടർന്നു.

17. പല എക്സിറ്റ് പോളുകളേയും കവച്ചു വെച്ചുള്ള വിജയം UDF ന് കിട്ടാനുള്ള കാരണം, LDF ന് വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ച പലരും അത് സർവ്വേകളിൽ തുറന്നു പറയാൻ മടിക്കുന്നു അല്ലെങ്കിൽ ഭയക്കുന്നു എന്നതാണ്.

18. അവസാനമായി പറയാനുള്ളത് സ്വരാജിനോടാണ്. മേൽപ്പറഞ്ഞതിന്റെ ഇരട്ടി കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്, കേരള ജനതയുടെ വോട്ടിംഗ് കൃത്യമായിരുന്നു എന്ന് യാഥാർത്ഥൃ ബോധമുള്ളവർക്ക് സമർത്ഥിക്കാനാവും. താങ്കൾക്ക് പക്ഷേ വോട്ടർമാരോട് പുച്ഛം. താങ്കളുടെ പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഉടനെ ജനങ്ങൾ ഉദാസീനരും അരാഷ്ട്രീയവാദികളുമാകുന്നു. അതെന്തോന്ന് ന്യായീകരണമാണ് ഹേ. താങ്കളുടെ പാർട്ടി എല്ലാം തികഞ്ഞ പാർട്ടിയാണോ? ആദ്യം പരാജയം അംഗീകരിക്കാൻ പഠിക്കുക. എന്നിട്ടാണ് കാരണം തിരയലും വിശകലനവും തെറ്റ് തിരുത്തലുമൊക്കെ. അതിന് മനസ്സില്ലാത്ത താങ്കളെപ്പോലുള്ളവർ ഏത് പാർട്ടിയിൽ ഉണ്ടായാലും പരാജയം വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. ഇത്രയൊക്കെ ആയാലും തെല്ല് പോലും മാറരുത്. ചതുരവടിവിൽ ഇങ്ങനെ തന്നെ തുടരുക. ‘ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ’ എന്ന പ്രപഞ്ചസത്യം മാറ്റാൻ ഒരു പൂമരനും പുംഗവനും കഴിയില്ല.

വാൽക്കഷണം:- UDF ന് ഈ ‘വലിയ’ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല. LDF ൻ്റെ ധാർഷ്ട്യവും തെമ്മാടിത്തരങ്ങളും സ്വജനപക്ഷപാതവും പകൽക്കൊള്ളയും പോരാഞ്ഞ് പിണറായി വിജയൻ എന്ന ഏകാധിപതിയുടെ ചെയ്തികളും നിങ്ങൾക്ക് അനുകൂലമായി ഭവിച്ചു എന്ന് മാത്രം. അത് മനസ്സിലാക്കി കൊള്ളാവുന്ന ഭരണം കാഴ്ചവെച്ചാൽ നിങ്ങൾക്ക് കൊള്ളാം, ജനങ്ങൾക്കും കൊള്ളാം. അല്ലെങ്കിൽ, അഞ്ച് വർഷത്തിന് ശേഷം ഇതേ മാതൃകയിൽ ചെവിക്ക് പിടിച്ച് തൂക്കി വെളിയിൽ കളയാൻ ഇതേ സമ്മതിദായകർ മുന്നിട്ട് നിൽക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>