
ഇന്നലെ രാത്രി 14 ഡിഗ്രി തണുപ്പിൽ സുഖനിദ്ര ആയിരുന്നു. അതുകൊണ്ട് തന്നെ രാവിലെ അഞ്ചര മണിക്ക് എഴുന്നേറ്റു. ആറ് മണിയോടെ സിൽഗുരി ലക്ഷ്യമാക്കി പുറപ്പെട്ടു. 235 കിലോമീറ്ററാണ് ഭാഗി സഞ്ചരിക്കേണ്ടത്.
ബംഗാളിൽ നിന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കടക്കാൻ സിൽഗുരി ഇടനാഴിയെ ആശ്രയിച്ചേ പറ്റൂ. ഈ ഭാഗത്ത് 22-35 കിലോമീറ്റർ മാത്രമാണ് വീതി. പടിഞ്ഞാറ് നേപ്പാൾ, കിഴക്ക് ഭൂട്ടാൻ, തെക്ക് ബംഗ്ലാദേശ്. ഇങ്ങനെ മൂന്ന് രാജ്യങ്ങളും ആയാണ് ഇവിടെ ഇന്ത്യ അതിർത്തി പങ്കിടുന്നത്.
മാൽഡയിൽ നിന്ന് പുറപ്പെട്ട 40 കിലോമീറ്റർ കഴിഞ്ഞതും ഗൂഗിൾ മാപ്പ് ഭാഗിയെ ദേശീയപാതയിൽ നിന്ന് ഒരു ഇടവഴിയിലേക്ക് കയറ്റി. വഴിതെറ്റിയല്ലോ എന്ന ആശങ്കയോടെ ആണെങ്കിലും ഭാഗിയും ഞാനും മുന്നോട്ട് തന്നെ നീങ്ങി. തുടർന്ന് 110 കിലോമീറ്ററോളം പലപല ഗ്രാമങ്ങളിലൂടെയാണ് ഗൂഗിൾ അമ്മച്ചി ഞങ്ങളെ കൊണ്ടുപോയത്. ദേശീയപാതയേക്കാൾ 20 കിലോമീറ്റർ കുറവ് ദൂരം ആയതുകൊണ്ടാകാം അതിലെ നയിച്ചത്. പക്ഷേ മൂന്നാമത്തെ ഗിയറിൽ മാത്രമേ പോകാൻ പറ്റുന്നുള്ളൂ. അത്രയും ചെറിയ വഴികൾ. ഏത് നിമിഷവും കന്നുകാലികളും നായ്ക്കളും കുട്ടികളും റോഡിന് കുറകെ ചാടാം എന്നതാണ് അവസ്ഥ. ദൂരം കുറഞ്ഞത് പോലെ തന്നെ മൈലേജും കുറഞ്ഞു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ കുറെ ഗ്രാമ ജീവിതങ്ങൾ കാണാൻ പറ്റി. നെൽക്കത്തകൾ റോഡിൽ വിരിച്ച് വാഹനം കയറുമ്പോൾ എളുപ്പത്തിൽ മെതിച്ചെടുക്കുന്ന പരിപാടി ഇവിടെയുണ്ട്. കർണാടകത്തിൽ ഇതേ രീതിയിൽ റാഗി മെതിക്കുന്നത് ഞാൻ മുൻപ് കണ്ടിട്ടുണ്ട്.
കേരളവുമായി താരതമ്യം ചെയ്താൽ കുറഞ്ഞത് 30 വർഷം പുറകോട്ട് നിൽക്കുന്ന ഗ്രാമങ്ങൾ. വളരെ ചുരുക്കം വീടുകൾക്കാണ് തേച്ച ചുമരുകൾ ഉള്ളത്. തകര ഷീറ്റ് ആണ് പലതിന്റെയും മേൽക്കൂര. ചില വീടുകളുടെ ചുമരും ഇതേ ഷീറ്റ് തന്നെ. ചുമരെല്ലാം വൃത്തിയായി തേച്ച് പെയിന്റടിച്ച ഒരു വീട് കാണാൻ കൊതിച്ചു പോയി.
സിൽഗുരിയിൽ എത്തിയിട്ടാണ് ഉച്ചഭക്ഷണം കഴിച്ചത്. പ്രാതലും അതുതന്നെ. സമയം രണ്ടര മണി ആയിട്ടേ ഉള്ളൂ. അഞ്ചുമണിവരെ മുന്നോട്ടു നീങ്ങിയാൽ നാളത്തെ ദൂരം അത്രയും കുറഞ്ഞു കിട്ടും. ഞാൻ തൊട്ടടുത്ത പട്ടണമായ അലിപൂർദ്വാറിലേക്ക് നീങ്ങാൻ തീരുമാനിച്ചു. വീണ്ടും ഒരു 140 കിലോമീറ്റർ കൂടെ സഞ്ചാരം.
ആനത്താരി ആണെന്ന അടയാളം, സിൽഗുരിയിൽ നിന്ന് അലിപൂർദ്വാറിലേക്കുള്ള മാർഗ്ഗമദ്ധ്യേ പലയിടത്തും ഉണ്ട്. ടോർസ നദി കടന്ന് നിംടിറ്റ വനഭാഗത്തേക്ക് കടന്നതും റോഡരികിൽ വാഹനം ഒതുക്കി ആൾക്കാർ തടിച്ചുകൂടി നിൽക്കുന്നത് കണ്ടു. ഭാഗിയിലിരുന്ന് തന്നെ ഞാൻ ആ കാഴ്ച കണ്ടു. അതാ ഒരു കൊമ്പൻ റോഡിന്റെ ഇറക്കത്തിൽ. 15 മിനിറ്റോളം കൊമ്പന്റെ കാട്ടിലെ ലീലാവിലാസങ്ങൾ കണ്ടുനിന്നു. അത് തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ബോണസ് ആയിരുന്നു.
വിഷമിപ്പിക്കുന്ന മറ്റൊരു കാഴ്ചയും ഇതേ റൂട്ടിൽ കണ്ടു. എന്റെ മുന്നിൽ പോവുകയായിരുന്ന ബിന്നഗുരിയിലെ സെയിന്റ് ജെയിംസ് സ്കൂൾ ബസ്സിൽ നിന്നും പാക്കറ്റ് ഫുഡിന്റെ കവറുകൾ തലങ്ങും വിലങ്ങും പുറത്തേക്ക് വരുന്നു. എൽ. പി. സ്ക്കൂൾ പ്രായത്തിലുള്ള കുട്ടികളാണ് ബസ്സിൽ. മാലിന്യം ഇതുപോലെ പൊതുനിരത്തിൽ വലിച്ചെറിയാൻ ഉള്ളതല്ലെന്ന് ഈ പ്രായത്തിൽ അല്ലെങ്കിൽപ്പിന്നെ എപ്പോഴാണ് കുട്ടികളെ പഠിപ്പിക്കുക? വേറെ എന്തൊക്കെയോ പഠിപ്പിച്ചിട്ട് എന്ത് കാര്യം.
സമയം അഞ്ചു മണി ആയതേയുള്ളൂ. അലിപൂർദ്വാർ നഗരത്തിൽ വെറുതെയൊന്ന് ചുറ്റിയടിച്ച ശേഷം ഭാഗി വീണ്ടും ദേശീയപാതയിലേക്ക് കടന്നു.
ഏതൊരു റൂട്ടിൽ സഞ്ചരിക്കുമ്പോഴും ട്രക്കുകൾ ധാരാളമായി കണ്ടാൽ എനിക്ക് വലിയ സന്തോഷമാണ്. ആ റൂട്ടിൽ ധാരാളം ധാബകളും ഗ്യാസ് സ്റ്റേഷനുകളും ഉണ്ടാകും എന്നത് തന്നെ സന്തോഷത്തിന് കാരണം.
ചെറുതായി ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. തണുപ്പും ആരംഭിച്ചിരിക്കുന്നു.15 കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോൾ ഒരു പെട്രോൾ ബങ്കും എതിർവശത്ത് ഒരു ധാബയും കണ്ടു.
ധാബയിൽ നിന്ന് നാനും പനീർ ബട്ടർ മസാലയും കഴിച്ച് വന്നപ്പോഴേക്കും റൈഡർ ഷൈനിയുടെ Shyni TheRider മെസ്സേജ് വന്നു. ഷൈനി ഗോഹാട്ടിയിൽ എത്തിയിട്ടുണ്ട്. ഞാൻ എവിടെ എത്തി എന്നാണ് ചോദ്യം.
ജയ്പൂരിലെ സുഹൃത്ത് മഞ്ജു പരീക്ക് Manju Pareek വഴിയാണ് ഞാൻ ഷൈനിയെ പരിചയപ്പെടുന്നത്. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. ഷൈനിയുടെ സാഹസിക ബൈക്ക് റൈഡുകൾ കേരളത്തിലുള്ളവർ പത്രങ്ങളിൽ വായിച്ചിട്ടുള്ളതാണ്. മയക്കുമരുന്നിനെതിരെയുള്ള പര്യടനത്തിലാണ് ഷൈനി ഇപ്പോൾ.
നാളെ ഉച്ചയോടെ ഞാൻ ഗോഹാട്ടിയിൽ എത്തും.
ശുഭരാത്രി.
#greatindianexpedition2025_26
#niraksharan
#greatindianexpedition
#caravanlifestyle
#caravan
#MotorhomeLifestyle
#motorhome
#northeastindia