ലാലേട്ടനെങ്കിലും ശ്രദ്ധിക്കേണ്ടേ?


22
ഭാഗി 3.0 (ഥാർ) വാങ്ങാൻ മഹീന്ദ്ര ഷോറൂമിൽ പോയപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. അവിടെയുള്ളവരെല്ലാം ഫോർ വീൽ ഡ്രൈവ് വാഹനത്തെ 4 ഇൻ്റു 4 (4×4) എന്നാണ് പറയുന്നത്.

അങ്ങനെ പറയുന്നത് തെറ്റാണെന്നും കണക്ക് വിഷയമായി വരുമ്പോൾ മാത്രമാണ് 4 ഇൻ്റു 4 എന്ന് പറയുക. അല്ലാത്തപ്പോൾ 4 ബൈ 4 എന്ന് പറയണമെന്നും നെറ്റിൽ നിന്ന് തെളിവടക്കം എടുത്ത് കാണിച്ച് അവരെ ബോദ്ധ്യപ്പെടുത്തി. എന്നിട്ട് അവരിപ്പോൾ ശരിയായി പറയുന്നുണ്ടോയെന്ന് ഉറപ്പൊന്നുമില്ല. എന്തെങ്കിലും പറയട്ടെ. ഞാൻ വിട്ടുപിടിച്ചു.

വർഷങ്ങൾക്ക് മുൻപ് കെട്ടിടം പണിയുമായി ബന്ധപ്പെട്ട് ടൈൽ വാങ്ങാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ടൈൽ ഷോറൂമിലെ ജീവനക്കാർ ടൈലിൻ്റെ അളവിനെ പറയുന്നത് 2 ഇൻ്റു 2, 1 ഇൻ്റു 1 എന്നൊക്കെയാണ്. അതും തെറ്റാണ്. 2 ബൈ 2, 1 ബൈ 1 എന്ന് വേണം അളവുകൾ വരുമ്പോൾ പറയാൻ. എഴുതുന്നത് പക്ഷേ x ഇട്ട് തന്നെ. വായിക്കുമ്പോളാണ് ശ്രദ്ധിക്കേണ്ടത്.

ഇത്രയും ഇപ്പോൾ പറയാൻ കാരണം, ബിഗ് ബോസ് സീസൺ 8ൻ്റെ പരസ്യ ടീസറുമായി ലാലേട്ടനെ കാണാൻ ഇടയായതുകൊണ്ടാണ്. അതിൽ ലാലേട്ടൻ പറയുന്നു 24 ഇൻ്റു 7 (24×7) എന്ന്.

എൻ്റെ പൊന്ന് ലാലേട്ടാ…. എത്രയോ സിനിമകളിൽ അങ്ങ് അഭിനയിച്ചിരിക്കുന്നു. എത്രയോ കഥകളിലൂടെയും തിരക്കഥകളിലൂടെയും കടന്ന് പോയിരിക്കുന്നു. ഇതിനൊക്കെ അപ്പുറമല്ലേ ഇക്കാലമത്രയും അങ്ങ് ഉണ്ടാക്കിയെടുത്ത ലോകപരിചയം. ഇതൊക്കെ എഴുതി കാർഡിലാക്കി തരുന്നവന്മാർക്ക് അത്രയ്ക്കൊന്നും ലോകപരിചയമോ ജ്ഞാനമോ വിവരമോ ഇല്ലെന്ന് എല്ലാവർക്കുമറിയാം. അവർക്ക് തെറ്റ് പറ്റിപ്പോയാലും അങ്ങേയ്ക്ക് അത് തിരുത്താമല്ലോ?

“മോനേ/മോളേ…. 24 ഇൻ്റു 7 എന്നല്ല, 24 ബൈ 7 എന്ന് വേണം പറയാൻ.” എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാനും കാർഡ് തിരുത്തി വായിക്കാനും അങ്ങേയ്ക്ക് കഴിയുമായിരുന്നല്ലോ? ഇനി അങ്ങേയ്ക്കും ഇത് അറിയില്ല എന്നാണോ? എങ്കിൽ ഞാൻ സുല്ലിടുന്നു, പൂർവ്വാധികം നിരക്ഷരനായി പിൻവാങ്ങുന്നു.

വാൽക്കഷണം:- ബിഗ് ബോസ് എന്ന പരിപാടി കാണാറില്ല. പണ്ട് ബിഗ് ബ്രദർ എന്ന സംഭവം വന്നപ്പോൾ കഷ്ടി അര മണിക്കൂർ കണ്ടിട്ടുണ്ട്. അതോടെ മതിയായി. സഞ്ചാരസ്വഭാവം ഉള്ളതുകൊണ്ടാകാം അടച്ചിട്ട മുറിയിൽ ഒരു പരിധി കഴിഞ്ഞാൽ ശ്വാസം മുട്ടും. അത്തരം ഇടങ്ങളിൽ ദീർഘകാലം കിടക്കുന്നവരെ കണ്ടാലും ശ്വാസം മുട്ടും. എന്നാലും ഇതിൻ്റെയൊക്കെ പരസ്യങ്ങൾ കയറി വരുമല്ലോ? ആ വഹയിൽ സാബുമോൻ, അഖിൽ മാരാർ എന്നിവർ ബിഗ് ബോസ് വിജയികളാണെന്ന് അറിയാം. അതിനപ്പുറം നിരക്ഷരനാണ്.

#4×4
#2×2
#24×7

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>