റോയിങ്ങ് (അരുണാചൽ പ്രദേശ്) (GIE 2025-26. Day#28 – Dec 26)


12
രാവിലെ വെളിച്ചം വീണാൽ ഉടൻ ലോങ്ങ്വായിൽ നിന്ന് അരുണാചലിലേക്ക് പുറപ്പെടണം എന്നായിരുന്നു പദ്ധതി.

പക്ഷേ ആ സമയത്ത് മഴ പെയ്തു. മഴയത്ത് ബൈക്ക് ഓടിക്കുന്നത് ഷൈനിക്കും ഷഫീക്കിനും ബുദ്ധിമുട്ടായിരിക്കും. നനവും തണുപ്പും അടിക്കും എന്നതിനേക്കാൾ ഉപരി, റോഡിൽ പലയിടത്തും ടാറ് പോയിക്കിടക്കുന്ന ഭാഗങ്ങളിൽ ബൈക്കുകൾ തെന്നും എന്നൊരു പ്രശ്നമുണ്ട്. ഷഫീഖ് ലോങ്ങ്വയിലേക്ക് വന്നപ്പോൾ മഴ ഉണ്ടായിരുന്നതുകൊണ്ട് ഈ പ്രശ്നം അനുഭവിച്ചിരുന്നു. അനുഭവമാണല്ലോ ഗുരു.

ഇക്കാരണത്താൽ യാത്ര ഞങ്ങൾ ഒന്നരമണിക്കൂർ വൈകിപ്പിച്ച് 7 മണിക്കാണ് പുറപ്പെട്ടത്.

അരമണിക്കൂർ യാത്ര ചെയ്തതും, കളിമണ്ണ് കുഴച്ചത് പോലെ നനഞ്ഞു കിടന്നിരുന്ന ഒരു റോഡിൽ ഷൈനിയുടെ ബൈക്ക് തെന്നി. തെന്നുമെന്ന് മനസ്സിലാക്കി ബൈക്കിൻ്റെ വേഗത കുറച്ച്, ഏറെക്കുറെ നിന്ന ബൈക്കാണ് തെന്നിയത്. ബൈക്കിനെ വീഴാൻ അനുവദിച്ചു കൊണ്ട് ഷൈനി അതിൽ നിന്നും ചാടി ഇറങ്ങിയതിനാൽ അപകടമൊന്നും ഉണ്ടായില്ല. ഈ രംഗം ഭാഗിയിലിരുന്ന് നെഞ്ചിടിപ്പോടെയാണ് ഞാൻ വീക്ഷിച്ചത്.

ലോങ്ങ്വായിൽ നിന്ന് മോൺ പട്ടണത്തിൽ ചെന്ന് അവിടുന്ന് ആസാമിലേക്ക് കയറി വേണം അരുണാചലിലേക്ക് കടക്കാൻ. ചുരുക്കിപ്പറഞ്ഞാൽ, നാഗാലാൻഡ്, ആസ്സാം, അരുണാചൽ, എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഇന്ന് ഞങ്ങൾ സഞ്ചരിക്കുന്നുണ്ട്.

ആസാമിലേക്ക് കടക്കുന്നതും ഭൂപ്രകൃതിയിൽ നിന്ന് ആസ്സാം ആണെന്ന് മനസ്സിലാക്കാൻ ആകുന്നുണ്ട്. ഇടവിട്ട് ഇടവിട്ട് തേയിലത്തോട്ടങ്ങളും കൃഷിപ്പാടങ്ങളും കടന്നു വരും. ചിലയിടങ്ങളിൽ എണ്ണപ്പാടങ്ങളിൽ ഉയർന്ന് നിൽക്കുന്ന റിഗ്ഗുകളും കാണാം.

ഇത്രയും ദിവസം, ഹോൺബിൽ ഫെസ്റ്റിവലിൻ്റെ ആനുകൂല്യത്തിൽ, ഇൻ ലൈൻ പെർമിറ്റ് എടുക്കാതെയാണ് നാഗാലാൻഡിൽ ഞങ്ങൾ ചുറ്റിയടിച്ചിരുന്നത്. അരുണാചലിലേക്ക് കടക്കുമ്പോൾ പക്ഷേ പെർമിറ്റ് എടുത്തേ തീരൂ. പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ വലിയ തുക പിഴ കൊടുക്കേണ്ടി വന്നേക്കാം.

ആസാമിലെ ജയ്പൂർ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു ചായയും കുടിച്ചുകൊണ്ട് പെർമിറ്റ് എടുക്കുന്ന ചടങ്ങിലേക്ക് കടന്നു. അല്ലറ ചില്ലറ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉണ്ടായെങ്കിലും രണ്ടാഴ്ചത്തേക്ക് 500 രൂപയുടെ പെർമിറ്റ് എടുത്തു.

രണ്ട് ബൈക്കും ഒരു കാറും കാണുമ്പോൾത്തന്നെ ആൾക്കാരിൽ കൗതുകം ഉണരുന്നുണ്ട്. ബൈക്കോടിക്കുന്ന ഒരാൾ സ്ത്രീയാണെന്ന് മനസ്സിലാക്കിയപ്പോൾ ചില സ്ത്രീകൾ വന്ന് ഷൈനിക്കൊപ്പം ഫോട്ടോ എടുക്കാൻ തുടങ്ങി.

അവിടന്ന് അങ്ങോട്ട് അൽപ്പദൂരം ഡിഗ്ബോയ് എന്ന കാട്ടിലൂടെയാണ് സഞ്ചരിച്ചത്. ഭാഗ്യമുണ്ടെങ്കിൽ അവിടെ ആനകളെ കാണാൻ പറ്റുമെന്ന് തദ്ദേശവാസികൾ പറഞ്ഞിരുന്നു. പക്ഷേ ഭാഗ്യം കടാക്ഷിച്ചില്ല.

ഷൈനിയുടെയും ഷഫീക്കിന്റെയും ബൈക്കുകൾ മുന്നിൽ പോകുന്നത് കാണുമ്പോൾ, ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയിൽ നായകനും സുഹൃത്തും ബൈക്കുകളിൽ പോകുന്ന രംഗങ്ങൾ പലപ്പോഴും ഓർമ്മ വന്നു. അതേ ഭൂമികയിലൂടെയാണല്ലോ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?!

പ്രതീക്ഷിച്ചതിലും മുന്നേ ഞങ്ങൾ റോയിങ്ങ് എത്തുമെന്ന് ഉറപ്പായി. നഗരത്തിലേക്ക് 30 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് ആസാം അരുണാചൽ അതിർത്തി. ഷഫീക്കും ഞാനും അതിർത്തി കടന്ന് മുന്നോട്ട് പോയെങ്കിലും ഷൈനിയെ പോലീസുകാർ പിടിക്കുകയും ഞങ്ങളെ തിരികെ വിളിപ്പിക്കുകയും ചെയ്തു. പാസ്സ് പരിശോധിച്ച ശേഷം പോലീസുകാർ എല്ലാവരേയും കടത്തിവിട്ടു.

അരുണാചലിലേക്ക് കടന്നതും റോഡുകൾ വളരെ വീതിയുള്ളതും നിരപ്പുള്ളതും ആയി മാറി. ഞങ്ങൾ പോകുന്നിടത്തെല്ലാം അങ്ങനെ ആയാൽ മതിയായിരുന്നു.

അടുത്തതായി ക്യാമ്പ് ചെയ്യാനുള്ള ഇടം കണ്ടുപിടിക്കണം. ഷൈനി ശിവസാഗറിലെ റൈഡർ ഡേവിഡിനെ വിളിച്ചു. അദ്ദേഹം, റോയിങ്ങ് യൂത്ത് ഹോസ്റ്റലിൻ്റെ പുരയിടത്തിൽ താങ്ങാനുള്ള സൗകര്യം ഏർപ്പാടാക്കി.

ഏഴ് മണിക്കൂർ അഥവാ 300 കിലോമീറ്ററോളം ഡ്രൈവ് ചെയ്തതിന്റെ ക്ഷീണമൊന്നും എനിക്കില്ല. അത്താഴം യൂത്ത് ഹോസ്റ്റലിൽ നിന്ന് തന്നെ കഴിക്കണമെന്ന് ഡേവിഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം റൊട്ടിയും സബ്ജിയും ദാൽ കറിയും ഓർഡർ ചെയ്തു.

അരുണാചലിൽ തണുപ്പ് പതിവിലും അധികമായിരിക്കും എന്നാണ് കരുതിയതെങ്കിലും ഇവിടെ 14 ഡിഗ്രിയേ ഉള്ളൂ ഞങ്ങൾക്കത് ഏൽക്കുന്നതേയില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#northeastindia
#northeast
#motorhomelife
#roing
#assam
#niraksharan
#ArunachalPradesh

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>