
രാവിലെ GTL ഹോം സ്റ്റേ വിടാൻ ഒരുങ്ങിയപ്പോളാണ് ഒരു പ്രശ്നം തല പൊക്കിയത്.
അവിടെ ടെന്റ് അടിച്ചതിന്, 500 രൂപയാണ് ടെൻ്റ് ഒന്നിന് ഉടമസ്ഥൻ ചാർജ് ചെയ്തത്. അതൽപ്പം ഉയർന്ന ചാർജ് ആണ്. ആ തുകയ്ക്ക് മെച്ചിക്കോയിൽ എവിടേയും നല്ല ഡോർമെറ്ററി ബെഡ്ഡ് കിട്ടും. മാത്രമല്ല അവിടന്ന് ഒരു നേരം ഭക്ഷണം കഴിച്ചാലും മൂന്നുനേരം ഭക്ഷണം കഴിച്ചാലും 600 രൂപ ചാർജ് ചെയ്യും.
ഇതൊന്നും അയാൾ നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നില്ല. റൈഡേഴ്സ് ശരിപ്പെടുത്തി തന്ന ഹോം സ്റ്റേ ആയതുകൊണ്ട് ഞങ്ങൾ അങ്ങോട്ടും ചോദിച്ചിരുന്നില്ല. രണ്ട് ഭാഗത്തും തെറ്റുണ്ട്.
ഞങ്ങളോട് മുൻകൂട്ടി റേറ്റ് പറയുന്നത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് റിസോർട്ട് ഉടമ പറയുന്നത്. അതൊക്കെ കാശ് അടിക്കാൻ വേണ്ടിയുള്ള അയാളുടെ അടവുകൾ മാത്രം. അവസാനം മൊത്തത്തിൽ ചോദിച്ച തുകയുടെ 3ൽ 2 പണം കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു.
മെച്ചുക്കയിൽ ഒന്ന് രണ്ട് തൂക്കുപാലങ്ങൾ ഉണ്ട്. അതിനടിയിലും നദിക്കരയിലും കുറച്ചുനേരം ചിലവഴിച്ച ശേഷം ഒരു റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ചു. ഹോം സ്റ്റേയിൽ നിന്ന് അതേ പ്രാതൽ കഴിച്ചാൽ തലയൊന്നുക്ക് 600 രൂപ കൊടുക്കണം.
ഇനി ആലോയിലേക്ക് മടക്കയാത്രയാണ്. അതിനു മുൻപ് ഞാൻ ഭാഗിയുടെ പിന്നിൽ ബുദ്ധവിശ്വാസികളുടെ മന്ത്രങ്ങൾ എഴുതിയ ഫ്ലാഗ് മാല പിടിപ്പിച്ചു. പല പേരിൽ അത് അറിയപ്പെടുന്നുണ്ട്. മണി എന്ന പേരിലുള്ള മാലയാണ് ഞാൻ പിടിപ്പിച്ചത്. ലഡാക്ക്, തവാങ്, മെച്ചുക്ക മുതലായ അരുണാചൽ ബോർഡറുകളിൽ എത്തുന്ന സഞ്ചാരികൾ അവരുടെ വാഹനങ്ങളിൽ ഈ ഫ്ലാഗ് പിടിപ്പിക്കുന്നത് ഒരു അനുഷ്ഠാനമാണ്. മനോധൈര്യം കൈവിടുന്ന അവസരങ്ങളിൽ ഈ ഫ്ലാഗും അതിലെ മന്ത്രങ്ങളും നമ്മളെ ഉയർത്തിപ്പിടിക്കും എന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം.
ടാറ്റോ എന്ന സ്ഥലത്ത് റോഡ് പണിക്ക് വേണ്ടി പതിനൊന്നരയ്ക്ക് ഗേറ്റ് അടയ്ക്കും. അതിനു മുൻപ് എത്തണമെങ്കിൽ അല്പം വേഗത്തിൽ പോയേ പറ്റൂ. പരുക്കൊന്നും ഇല്ലാതെ എന്നെ തിരികെ എത്തിക്കാം എന്ന് ഏറ്റത് പ്രകാരം, ഷഫീഖ് ഭാഗിക്ക് മുന്നിൽത്തന്നെ പോകുന്നുണ്ട്.
മടക്കയാത്രയിൽ ഞാനൊരു കാര്യം ശ്രദ്ധിച്ചു. അങ്ങോട്ട് പോയപ്പോൾ ഉണ്ടായ അത്രയും ഭീതി ഇപ്പോൾ എനിക്കില്ല. മുൻപോട്ടുള്ള വഴി എങ്ങനെയൊക്കെ ആണെന്ന് ഒരു ധാരണ ഉള്ളതുകൊണ്ടാണ് ഭീതി കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്പം വേഗത കൂട്ടി ഓടിക്കാൻ എനിക്ക് പറ്റുന്നുണ്ട്. എന്നിട്ടും ഗേറ്റ് അടക്കുന്നതിന് മുമ്പ് ഞങ്ങൾ അങ്ങോട്ട് എത്തുമെന്ന് തോന്നിയില്ല.
പക്ഷേ ഞായറാഴ്ച ആയതുകൊണ്ട് ഇന്ന് റോഡ് പണിക്കായി ഗേറ്റ് അടക്കുന്നില്ല എന്ന സന്തോഷവാർത്ത കിട്ടി. വിചാരിച്ചത്ര പ്രശ്നമില്ലാതെ ഭാഗിയും ഞാനും വൈകീട്ട് നാല് മടക്കയാത്ര ആലോയിൽ അവസാനിപ്പിച്ചു.
വഴിയിൽ ഏറെ വ്യസനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടിരുന്നു. ഏതോ വാഹനമിടിച്ച് ഒരു കുതിര റോട്ടിൽ വീണു കിടക്കുന്നു. അതിന്റെ ദേഹത്ത് നിന്നും മുഖത്ത് നിന്നും ചോര ഒലിച്ച് റോഡിൽ ഒഴുകുന്നുണ്ട്. ഭാഗി അതിന്റെ അടുത്തെത്തിയപ്പോൾ, പിടഞ്ഞ് എഴുന്നേൽക്കാനുള്ള വിഫല ശ്രമം നടത്തിയെങ്കിലും കുതിരയ്ക്ക് എഴുന്നേൽക്കാൻ ആവുന്നില്ല. ഞാൻ രണ്ട് മൂന്ന് ഓറഞ്ചുകൾ അതിന് എറിഞ്ഞു കൊടുത്തു. ഞാൻ അതിനെ ഉപദ്രവിക്കാൻ വേണ്ടി എന്തോ എറിയുകയാണ് എന്ന് കരുതി കുതിര അപ്പോൾ ചാടി എഴുന്നേറ്റു. എന്നിട്ടും അത് വേച്ചുവേച്ചാണ് നിൽക്കുന്നത്.
പൊതുവേ അരുണാചൽ ഇലെ ഡ്രൈവർമാർ നല്ല മര്യാദയുള്ള വാഹനം ഓട്ടക്കാരാണ്. കുത്തിതിരികലും ഹോണടിയും അമിതവേഗതയും ഒന്നുമില്ല. സൈഡ് കൊടുക്കാൻ മാന്യമായി ഒതുക്കി തരാറുമുണ്ട്. അവർ മനപ്പൂർവ്വം കുതിരയെ ഇടിച്ചു വീഴ്ത്തിയതാണ് എന്ന് ഞാൻ കരുതുന്നില്ല. ഓടുന്ന വണ്ടിക്ക് മുൻപിലേക്ക് കുതിര എടുത്തു ചാടി കാണും. വഴിയിൽ പലയിടത്തും കുതിരകൾ നിയന്ത്രണം ഇല്ലാതെ ഓടുന്നത് ഞാൻ കണ്ടിരുന്നു.
ആലോയിൽ മടങ്ങിയെത്തി ഗുൺ റിസോർട്ടിൽ തന്നെ തങ്ങാമെന്നായിരുന്നു ഐക്യകണ്ഠേനയുള്ള ഞങ്ങളുടെ തീരുമാനം. രാത്രി ഭക്ഷണം റിസോർട്ടിലെ കാര്യസ്ഥനും കുടുംബവും തരാമെന്ന് ഏറ്റു. ഞങ്ങൾ ഇതിനോടകം അവരുമായി വലിയ സൗഹൃദത്തിൽ ആയിക്കഴിഞ്ഞിരുന്നു.
മെച്ചിക്കോയിൽ നിന്ന് താഴെ ഇറങ്ങി വന്നതും 12 ഡിഗ്രി തണുപ്പൊന്നും ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എന്നാലും രാത്രി ക്യാമ്പ് ഫയർ ഇട്ട് രേഖ വിളമ്പിയ ചോറും ചിക്കൻ കറിയും സന്തോഷത്തോടെ കഴിച്ചു. ജനിച്ചതിന്റെ തലേദിവസവും ജനിച്ച ദിവസവും ജനിച്ചതിന്റെ അടുത്ത ദിവസവും മരിക്കാതെ രക്ഷപ്പെട്ട് പോന്നവന്റെ ഒരു സന്തോഷം അത്ര ചെറുതൊന്നുമല്ല.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#menchukha
#ArunachalPradesh
#northeastindia
#motorhomelife
#motorhome