
രാവിലെ 5 മണിക്ക് എഴുന്നേറ്റ് 6 മണിയോടെ തയ്യാറായി മെച്ചുക്കയിലേക്ക് പുറപ്പെട്ടു. അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് മെച്ചുക്ക (Menchuka) എന്നാണ് ഇതുവരെ പലരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
പക്ഷേ അങ്ങോട്ടുള്ള
184 കിലോമീറ്റർ സഞ്ചരിക്കാൻ 05:45 മണിക്കൂർ സമയമെടുക്കുമെന്ന് മനസ്സിലാക്കിയപ്പോൾ ആ വഴിയെപ്പറ്റി ഏറെക്കുറെ ഊഹിച്ചു. ആ ഊഹം തെറ്റിയതുമില്ല.
കഴിഞ്ഞയാഴ്ച്ച അനീനി എന്ന ഹിൽ സ്റ്റേഷനിലേക്ക് സഞ്ചരിച്ചപ്പോൾ ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വർണ്ണിച്ചിരുന്നല്ലോ. ഒരുവശത്ത് അതാധ ഗർത്തവും മറുവശത്ത് ഉയരത്തിൽ നിൽക്കുന്ന മലകളും അതിൽനിടയിലൂടെ പോകുന്ന വളഞ്ഞുപുളഞ്ഞ വഴിയും എന്നിലെ അക്രോ ഫോബിയക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്.
അതുകൊണ്ടുതന്നെ മെച്ചുക്കയിലേക്കുള്ള വഴിയെപ്പറ്റി പലരോടും ഞാൻ തിരക്കിക്കൊണ്ടിരുന്നു, ഇക്കഴിഞ്ഞ ദിവസങ്ങളിൽ. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ നാട്ടുകാരോട് വഴിയെപ്പറ്റി ചോദിച്ചിട്ട് കാര്യമില്ല. ഇത്തരം വഴികളെല്ലാം അവരുടെ കൂടപ്പിറപ്പാണ്. അനീനിയേക്കാൾ നല്ല വഴിയാണ് എന്ന ഉത്തരമാണ് ലഭിച്ചത്. അത് എനിക്ക് അല്പം ധൈര്യം തന്നു. പോരാത്തതിന് ഷെഫീഖ് എന്നെ പിരി കയറ്റുകയും സുരക്ഷിതമായി മെച്ചുക്കയിൽ കൊണ്ടുപോയി തിരികെ എത്തിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തു. അനീനിയിലേക്ക് എന്നെ കൊണ്ടുപോയതും തിരികെ എത്തിച്ചതും ഷഫീക്കിന്റെ ഇതേ ഉറപ്പും സഹകരണവും ആണ്. അങ്ങനെയാണ് ഇല്ലാത്ത ധൈര്യം സംഭരിച്ചു ഞാൻ മെച്ചുക്കയിലേക്ക് പുറപ്പെട്ടത്.
പക്ഷേ യാത്ര മുന്നോട്ട് നീങ്ങി 30 കിലോമീറ്റർ കഴിഞ്ഞതും ഞാൻ അപകടം തിരിച്ചറിഞ്ഞു.
പലയിടത്തും ഒറ്റവരിപ്പാത. അതുതന്നെ ഒരുപാട് സ്ഥലത്ത് തീരെ തകർന്ന അവസ്ഥയിൽ. എതിരെ ഒരു വാഹനം അതും ലോറി കടന്നു വന്നാൽ ആരെങ്കിലും ഒരാൾ റിവേഴ്സ് എടുക്കണം. സൈഡ് കൊടുക്കുമ്പോൾ ഭാഗി കൊക്കയുടെ വശത്താണെങ്കിൽ ഞാൻ നക്ഷത്രം എണ്ണുന്നു.
നനഞ്ഞാൽ കളിമണ്ണ് കുഴച്ചത് പോലെയുള്ള മണ്ണാണ്. ഒരുവശത്ത് കൊക്ക വരുമ്പോൾ നനഞ്ഞ മണ്ണിൽ ഭാഗി തെന്നുന്നതായി ഞാൻ കൂടുതൽ പരിഭ്രമിച്ചു. ആ മലമ്പാത ഇടിഞ്ഞുവീഴാതെ അങ്ങനെ ഒട്ടിപ്പിടിച്ച് നിൽക്കുന്നത് വലിയ അത്ഭുതം തന്നെയാണ്. മഴക്കാലത്ത് അത് പലയിടത്തും ഇടിഞ്ഞു വീണിട്ടുമുണ്ട്. റോഡ് പണി തകൃതിയായി നടക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ മൂന്നിൽ രണ്ട് ഭാഗവും ഓഫ് റോഡ് ആണ്. ഭാഗിയുടെ അടിവശം തട്ടിയതിന് കൈയും കണക്കുമില്ല. ഇത്തരം റോഡുകളിൽ ഓടാനുള്ളതല്ല എട്ട് മാസം മാത്രം പ്രായമുള്ള അവളുടെ ജീവിതം. പക്ഷേ ഈ നാട്ടിലെ മനുഷ്യർ മാരുതി 800 വരെ ആ റൂട്ടിൽ ഓടിക്കുന്നുണ്ട്. അവർക്ക് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ്.
ഒരു നേർത്ത ഇടുക്ക് ഇടത്തേക്ക് വളഞ്ഞ ശേഷം, റോഡ് മുകളിലേക്കാണോ താഴെക്കാണോ ഇടത്തേക്കാണോ വലത്തേക്കാണോ എന്ന് കാണാൻ പറ്റാതെ പരിഭ്രമിച്ച് വിറച്ച് ബ്രേക്ക് ചവിട്ടി ഞാൻ നിന്നു. മൂന്ന് വശത്ത് ഗർത്തവും ഒരു വശത്ത് മലയും വന്നാലുള്ള അവസ്ഥ. മുൻപേ കടന്ന് പോയ ഷഫീക്ക് തിരിച്ച് വന്ന് നിർദ്ദേശം നൽകിയത് കൊണ്ട് മാത്രം അവിടന്ന് പുറത്ത് കടക്കാൻ സാധിച്ചു. അതുവരെ മറ്റ് വാഹനങ്ങളൊന്നും മുന്നിൽ നിന്നോ പിന്നിൽ നിന്നോ വന്നില്ല എന്നത് മഹാഭാഗ്യം.
അവസാനത്തെ 20 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ പോലും റോഡ് നന്നാകുന്ന ലക്ഷണമില്ല. ഞാൻ മാനസികമായി ശരിക്കും തളർന്നു. ഇനിയെനിക്ക് മുന്നോട്ട് നീങ്ങാൻ ആവില്ല എന്ന് തന്നെ ഷെഫീക്കിനോട് തറപ്പിച്ച് പറഞ്ഞു. ഷെഫീഖ് അപ്പോൾ ധൈര്യം വാരിക്കോരി ചൊരിഞ്ഞു. എന്നിട്ടും വർദ്ധിക്കാത്ത വീര്യവുമായി ഞാൻ വീണ്ടും മുന്നോട്ട്.
ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നം കൂടെ ഉണ്ടായിരുന്നു. ഇടയ്ക്ക് റോഡ് പണിക്ക് വേണ്ടി വഴി അടയ്ക്കും. 11 മണിക്ക് അടച്ചാൽ രണ്ടര വരെ കാത്തുകെട്ടി നിൽക്കണം. ഭാഗ്യത്തിന് വഴി അടക്കുന്ന അവസാന നിമിഷം കടന്ന് പോകാൻ പറ്റി.
ജീവിതത്തിൽ ഇന്നേവരെ ഡ്രൈവ് ചെയ്ത ഏറ്റവും അപകടം പിടിച്ചതും സാഹസികവുമായ വഴി അനീനി ആണെന്നാണ് ഞാൻ അന്ന് പറഞ്ഞത്. ഇന്നത് മാറ്റി പറയുന്നു. ആ വഴി മെച്ചുക്ക – ആലോ റൂട്ട് ആണ്. ഇതിനേക്കാൾ വലിയ ഒരു മലമടക്കുള്ള ഓഫ് റോഡിന് അറിഞ്ഞുകൊണ്ട് ഒരിക്കലും ഞാൻ പിടി കൊടുക്കില്ല. ഭാഗിക്കും ഇതൊന്നും താങ്ങാൻ ആവില്ല. ചെറുപ്പത്തിലേ തന്നെ വലിവ് രോഗമുള്ള കുട്ടിയാണ് അവൾ. തുലോം 12,000 കിലോമീറ്ററിൽ അവളുടെ ക്ലച്ച് മാറ്റിവക്കൽ ശസ്ത്രക്രിയ കഴിഞ്ഞതാണ്. ആ വിചാരം എനിക്ക് വേണമല്ലോ. കെട്ടിവലിച്ചു കൊണ്ടുപോകാൻ പോലും പറ്റാത്ത വഴികളിൽ അവൾ ചെന്ന് പെട്ടാൽ എന്താകുമെന്ന് ഊഹിക്കാൻ പോലും വയ്യ.
അതെന്തായാലും രണ്ട് വർഷം കഴിഞ്ഞ് മെച്ചിക്കോയിലേക്ക് പോകുന്നവർക്ക് നല്ല ഗംഭീര റോഡിലൂടെ ഓടിച്ച് പോകാം. മിക്കവാറും ഭാഗങ്ങളിൽ രണ്ട് വരിപ്പാത തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
രണ്ട് മണിയോടെ മെച്ചുക്കയിൽ എത്തി. അങ്ങ് എത്തുന്നതിന് മുന്നേ തന്നെ ദൂരെയായി മഞ്ഞുവീണ മലകൾ കാണാം. ഹിമാല മലനിരകളുടെ തുടക്കമാണ് അത്. ഗംഭീര തണുപ്പും ഉണ്ട്. വൈകിട്ട് മൂന്നുമണിക്ക് നാല് ഡിഗ്രി കാണിക്കുന്നു. രാത്രി അത് മൈനസിലേക്കും കടക്കുന്നുണ്ട്.
മെച്ചിക്കയുടെ വ്യൂ പോയിന്റിലും ത്രിവർണ പതാക പാറുന്ന ഉയർന്ന പ്രദേശവും സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രാർത്ഥനാ മണി ഉള്ളതും ഇവിടെയാണ്. അതൊന്ന് കറക്കണമെങ്കിൽ അഞ്ച് പേരെങ്കിലും ആഞ്ഞ് പിടിക്കണം.
ഞങ്ങൾ ചെന്ന് കയറിയപ്പോൾ മുതൽ 6 മണി വരെ നല്ല ഒന്നാന്തരം മൊബൈൽ സിഗ്നൽ ഉണ്ടായിരുന്നു. ആറരയോടെ സ്വിച്ചിട്ട പോലെ നെറ്റ്‌വർക്ക് പോയി. മെച്ചുക്കയിൽ അത് പതിവാണത്രേ! വളരെ അത്യാവശ്യമായി എങ്ങോട്ടെങ്കിലും വിളിക്കാനോ മെസ്സേജ് അയക്കാനോ ഉള്ളവർ പോലീസ് സ്റ്റേഷനിൽ ചെന്ന് അവർ നൽകുന്ന സംവിധാനം വഴി കാര്യം നിർവഹിക്കും. നെറ്റ് പോകുന്നതോടെ UPI പണമിടപാടുകളും അവതാളത്തിൽ ആകുന്നു. പിന്നെ ആകെയുള്ള ഒരു SBI – ATM മാത്രമാണ് ആശ്രയം. ഭാഗ്യത്തിന് ഇവിടെ ഗ്യാസ് സ്റ്റേഷൻ ഒരെണ്ണം ഉണ്ട്.
അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. (ആയതിനാൽ നിത്യേനയുള്ള യാത്രാവിവരണം മുടങ്ങി. 66 മണിക്കൂർ കഴിഞ്ഞ് മടക്ക വഴിയിലാണ് പിന്നെ സിഗ്നൽ തിരികെ കിട്ടിയത്. ഇത് മൂന്ന് ദിവസത്തിനുശേഷമാണ് എഴുതുന്നത്.)
റൈഡേഴ്സ് വഴി ഷൈനി സംഘടിപ്പിച്ചിരുന്ന GTL ഹോം സ്റ്റേയിലാണ് ഇന്ന് ക്യാമ്പ് ചെയ്യുന്നത്. മെച്ചുക്കയിൽ ഹോട്ടലുകൾ ഇല്ല. പകരം ഹോം സ്റ്റേകൾ ധാരാളമുണ്ട്. രാത്രി ഭക്ഷണം ആ വീട്ടിലെ അടുക്കളയിൽ നിന്ന് കഴിച്ചു. ഏറെക്കുറെ നാഗാലാൻഡുകാർക്ക് സമാനമായ അടുക്കളയും തീൻമുറിയും ആണ് അത്.
ഞാൻ ഉടുപ്പുകൾക്കടിയിൽ തെർമൽ കുപ്പായങ്ങൾ എടുത്തണിഞ്ഞു. ഗ്ലൗസ് ഇടുന്നതിനു മുന്നേ തന്നെ കൈകൾ മരവിച്ചു കഴിഞ്ഞിരുന്നു. രാത്രി ഭാഗിയിലെ ഉറക്കം എങ്ങനെ ആകുമെന്ന് അല്പം ആശങ്കയുണ്ട്. വരുന്നിടത്ത് വെച്ച് കാണാം. ഇതുവരെ ഭാഗിയെ ഓടിച്ച് വന്ന വഴിയോളം കടുപ്പമാകില്ല ഏതൊരു തണുപ്പും. ഇന്ന് സ്വപ്നത്തിൽ ആ വഴികൾ എന്റെ ഉറക്കം കെടുത്തരുതേ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#menchukha
#offroad
#offroadlife