
കാർട്ടൂൺ വരച്ച് വരച്ച് മലയാളികളെ മുഴുവൻ മയക്കിയശേഷം സജ്ജീവേട്ടൻ Sajjive Balakrishnan നാഗന്മാരുടെ മനം കവരാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുൻപ് ഭാഗിയെ സർവീസ് ചെയ്യാൻ കൊണ്ട് പോയപ്പോൾ പരിചയപ്പെട്ട മിസ്റ്റർ സോളോ, ഭാഗിയുടെ സർവ്വീവ് ചാർജ്ജ് നൽകി സ്നേഹം പ്രകടിപ്പിച്ച കാര്യം അന്നത്തെ യാത്രാവിവരണത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
അന്നേ ദിവസം തന്നെ, നാഗ ബൗൾ ബേക്കറിയിൽ വെച്ച് പരിചയപ്പെട്ട അതിന്റെ ഉടമ നീറ്റല്ലോ എനിക്ക് സൗജന്യമായി കാപ്പിയും ക്രോസന്റും ജ്യൂസും നൽകിയ കാര്യവും പറഞ്ഞിരുന്നു.
സജീവേട്ടൻ ഉടനെ തന്നെ ഇവരെ രണ്ടുപേരെയും കാരിക്കേച്ചർ ആക്കി എനിക്ക് അയച്ച് തന്നു. നാഗാലാൻഡിലും മറ്റും കാരിക്കേച്ചറോ കാർട്ടൂണോ വരക്കുന്നവർ അധികമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇത് അവർക്ക് വളരെ സന്തോഷം നൽകും.
കഷ്ടകാലത്തിന് എന്റെ കയ്യിൽ മിസ്റ്റർ സോളോയുടെ ഫോൺ നമ്പർ ഇല്ലായിരുന്നു. കൊഹീമയിലെ സുഹൃത്ത് സജി Saji Manuel വഴി അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു. നെറ്റിൽ നിന്ന് നാഗാ ബൗൾ ബേക്കറിയുടെ നമ്പർ തപ്പിയെടുത്ത് നീറ്റല്ലോയുടെ നമ്പറും തരപ്പെടുത്തി.
കാരിക്കേച്ചർ അവർക്ക് രണ്ട് പേർക്കും അയച്ചു കൊടുത്തിട്ടുണ്ട്. അവരുടെ മറുപടി വരുമ്പോൾ ഇവിടെ അറിയിക്കാം.
സജീവേട്ടൻ മിക്കവാറും നാഗാലാൻഡിൽ ഒന്നോ രണ്ടോ വർഷം വന്ന് തങ്ങേണ്ടി വരും. ഇവിടെ കഷ്ടി 25ലക്ഷം പേരെ ഉള്ളൂ. അവരെ വരച്ച് തീർത്താൽ ഉടൻ മടങ്ങിപ്പോകാം.
തൃപ്പൂണിത്തുറ ഉത്സവത്തിന്റന്ന് നിന്നനിൽപ്പിൽ ഒരു ലക്ഷം പേരെ വരച്ച സജീവേട്ടന് 25 ലക്ഷം നാഗന്മാർ ചീള് കേസ് ആണ്.
നാഗപരമ്പര മുത്തപ്പാ, സജ്ജീവേട്ടനെ കാത്തോളണേ.
വാൽക്കഷണം:- ഈ യാത്ര എന്നിൽ നിന്ന് വിട്ടുപോയി മറ്റൊരു തലത്തിൽ സഞ്ചരിച്ച് ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഭേദിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രയിൽ എനിക്കൊപ്പം വിനീതും Vineeth Edathil ഇത്തരത്തിൽ തൻ്റെ വരകളുമായി സഞ്ചരിച്ചിരുന്നു.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhomelife
#dimapur
#caricature
#cartoon
#sajjivebalakrishnan
