മാൽഡ (വെസ്റ്റ് ബംഗാൾ) (GIE 2025-26. Day#05 – Dec 03)


12
രാവിലെ ജാവേദ് Javed Parvesh തയ്യാറാക്കിയ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് 8 മണിയോടെ കൊൽക്കത്തയോട് വിട പറഞ്ഞു. ആതിഥേയത്വത്തിന് നന്ദി ജാവേദ്. പോകുന്നിടത്തെല്ലാം ഒരു നേരത്തെ ഭക്ഷണം തരാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന എൻ്റെ അത്യാഗ്രത്തിലേക്കുള്ള ഒരു വലിയ പടി താങ്കളായിരുന്നു.

ഇന്ത്യയുടെ കോഴിക്കഴുത്ത് (Chicken Neck) എന്ന് അറിയപ്പെടുന്ന സിൽഗുരി ആയിരുന്നു അടുത്ത ലക്ഷ്യം. ദൂരം 565 കിലോമീറ്റർ ആണെങ്കിലും 11 മണിക്കൂറിൽ അധികം ഡ്രൈവ് ഉണ്ട്‌. അതിനർത്ഥം റോഡ് മോശമാണ് അല്ലെങ്കിൽ കയറ്റിറക്കങ്ങൾ ഉണ്ട് എന്നാണ്. എത്തിപ്പറ്റുമെന്ന് പുറപ്പെടുമ്പോൾ തന്നെ എനിക്ക് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സില്‍ഗുരിയിൽ എത്തിയില്ലെങ്കിൽ മറ്റേതെങ്കിലും ഒരു തെരുവ്. അത്രതന്നെ.

നഗരത്തിലൂടെ വാഹനം ഓടിക്കുമ്പോൾ എന്നെ ആശങ്കപ്പെടുത്തിയത് ട്രാം അരുകിലൂടെ വന്നാൽ എങ്ങനെ നീങ്ങണം എന്നതായിരുന്നു. അതുകൊണ്ടുതന്നെ ട്രാമിൻ്റെ പാളം കാണുന്നിടത്തെല്ലാം ദൂരം പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

നഗരപരിധി കഴിഞ്ഞതും കേട്ടുവ (Keutia) എന്ന സ്ഥലത്ത് വെച്ച് ഭാഗിയെ ട്രാഫിക് പോലീസ് പിടിച്ചു. അമിത വേഗമാണ് (90kmph) കുറ്റം. വഴിയിൽ ഇൻ്റർസെപ്റ്റർ വാഹനമൊന്നും ഞാൻ കണ്ടിരുന്നില്ല. ഭാഗിയുടെ നമ്പർ പ്ലേറ്റ് നോക്കി സൈഡ് ഒതുക്കാൻ പറയുകയായിരുന്നു. അമിതവേഗതയുടെ തെളിവൊന്നും അവർ കാണിച്ചില്ല. 2000 രൂപ ഫൈൻ അടിക്കും ലൈസൻസ് റദ്ദ് ചെയ്യും എന്നൊക്കെ പറഞ്ഞ് വിരട്ടി, മീശ മുളക്കാത്ത ഒരു പൊലീസുകാരൻ. 6 വരിപ്പാതയിൽ 100kmph ആണല്ലോ സ്പീഡ് ലിമിറ്റ് എന്ന് പറഞ്ഞപ്പോൾ ₹1050 രൂപ കൈക്കൂലി തന്നാൽ മതി എന്നായി. കുറ്റവും തെളിവും ഒന്നുമില്ലാതെ പിടിച്ചുപറിയാണ് ഉദ്ദേശ്യമെന്ന് ബോദ്ധ്യമായി.

ഇത് വായിക്കുന്നവരോട് ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങൾ കൈക്കൂലിക്ക് എതിരാണ്. നിയമം നിങ്ങൾക്ക് അനുകൂലമാണ്. പക്ഷേ അന്യസംസ്ഥാനമാണ്.
നിയമപാലകർ പിടിച്ചു പറിക്കാൻ കണക്കാക്കിയുള്ള നിൽപ്പാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും? കൈക്കൂലി കൊടുത്ത് ഒഴിവാകുമോ അതോ നിയമത്തിന്റെ വഴിക്ക് നീങ്ങി നടുറോഡിൽ നിൽക്കുമോ? ആദർശങ്ങൾക്ക് ഒരു വിലയുമില്ലാത്ത പ്രായോഗിക ഘട്ടങ്ങൾ പലപ്പോഴും ഉണ്ടാകും. അതൊരു വലിയ വിഷമ സന്ധിയാണ്.

അവിടന്ന് മുന്നോട്ട് വിചാരിച്ചത് പോലെ തന്നെ മോശം റോഡ്; മോശം ട്രാഫിക്. ഓരോ കവലകളിലും വേഗത നിയന്ത്രിക്കാൻ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ വീണ്ടും വേഗത കുറയ്ക്കുന്നു; സമയം കൊല്ലുന്നു.

ദിവസം മുഴുവൻ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. ഉച്ചയ്ക്ക് 2-3 ആകുമ്പോളേക്കും ഉറക്കം വരും. അങ്ങനെയുള്ള ആദ്യത്തെ തോന്നലിൽത്തന്നെ വാഹനം ഞാൻ ഒതുക്കും. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഉറങ്ങും. ഇന്നും അതുണ്ടായി.

ഉറക്കം കഴിഞ്ഞതും ബോബി ടീച്ചറെ Bobby Jose വിളിച്ചു. കുടുംബസമേതം ഈ വഴിയിലൂടെ ടീച്ചർ നടത്തിയ യാത്രയുടെ വിശദ വിവരങ്ങൾ ‘വഴികൾ ദേശങ്ങൾ മനുഷ്യർ’ എന്ന പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള വഴിയെപ്പറ്റി എനിക്ക് കാര്യമായ ധാരണ തരാൻ ടീച്ചർക്ക് കഴിഞ്ഞു.

ഫറക്ക ബാരേജിന് സമാന്തരമായുള്ള റോഡ് അഥവാ പാലം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഗംഗയ്ക്ക് കുറുകെ 1975 കമ്മീഷൻ ചെയ്ത വലിയ തടയണയാണ് ഫറക്ക ബാരേജ്. ഹൂഗ്ളിയിലേക്ക് വെള്ളം തിരിച്ച് വിടുക, അതിലെ ജലനിരപ്പ് നിലനിർത്തുക, പ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ഫറക്ക ബാരേജിൻ്റെ ലക്ഷ്യങ്ങൾ. ബാരേജിന് സമാന്തരമായുള്ള ഹൈവേയിലൂടെ ഭാഗി കടന്നുപോകുമ്പോൾ അവൾക്ക് ഈ പേര് കിട്ടാൻ ഇടയാക്കിയ ഭാഗീരഥി നദിയുടെ ഭാഗികമായ സാന്നിദ്ധ്യം അവൾ അനുഭവിക്കുന്നുണ്ട്. ഗംഗയുടെ ഒരു പോഷക നദിയാണ് ഭാഗീരഥിയെന്ന് അറിയാമല്ലോ.

ഫറക്ക ബാരേജ് കഴിഞ്ഞ് അധികം മുന്നോട്ട് യാത്ര നീങ്ങിയില്ല. 5:30 മണിക്ക് ഇരുട്ട് വീണു കഴിഞ്ഞിരുന്നു. പദ്ധതി പ്രകാരമുള്ള 565 കിലോമീറ്ററിന് പകരം 337 കിലോമീറ്ററിൽ മാൽഡ പട്ടണം കഴിഞ്ഞയുടൻ ലൈം ലൈറ്റ് ധാബയിൽ യാത്ര അവസാനിപ്പിച്ചു.

അതിനിടക്ക് ഞാൻ അജുവിനെ Aju Vechoochira വിളിച്ചു. ഹോൺബിൽ ഫെസ്റ്റിവൽ പ്രമാണിച്ച് നാഗാലാൻഡിലേക്ക് പോകാൻ പെർമിറ്റ് എടുക്കേണ്ടതില്ല എന്ന സന്തോഷ വർത്തമാനം അജു പങ്കുവെച്ചു.

നല്ല തണുപ്പുണ്ട് പുറത്ത്. ഈ യാത്രയിൽ ആദ്യമായി ജാക്കറ്റിന് അകത്തേക്ക് കയറി. നാളെ രാവിലെ 14 ഡിഗ്രിയാണ് കാണിക്കുന്നത്.

ഈ ഭാഗത്തുള്ള ചെറുപ്പക്കാരുടെ ഒരു ഒത്തൊരുമിക്കൽ കേന്ദ്രമാണ് ലൈം ലൈറ്റ് ധാബ. പാട്ടും തീറ്റയുമൊക്കെയായി രണ്ട് മണിവരെ ഇത് തുറന്നിരിക്കും. ഒരു മസാല ദോശ അത്താഴമായി കഴിച്ചതുകൊണ്ട്, ഏത് നിമിഷവും ഞാൻ സ്ലീപ്പിങ് ബാഗിന് അകത്തേക്ക് കടക്കും.

ശുഭരാത്രി.

#greatindianexpedition2025_26
#niraksharan
#greatindianexpedition
#caravanlifestyle
#caravan
#motorhomelifestyle
#motorhome

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>