ഡോങ്ങ് താഴ്വര (GIE 2025-26. Day#34 – Jan 01)


12
രാവിലെ റോയിങ്ങിനോട് വിടപറഞ്ഞ് ഡോങ്ങിലേക്ക് തിരിച്ചു. 260 കിലോമീറ്റർ ദൂരം, ആറര മണിക്കൂർ സഞ്ചാരം.

ഇന്ത്യയിൽ ആദ്യം സൂര്യനുദിക്കുന്നത് ഡോങ്ങിൽ ആണ്. ആ ഉദയം കാണുക എന്നതിന് പുറമേ നാളെ സമാപിക്കുന്ന സൺറൈസ് ഫെസ്റ്റിവൽ കാണുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. ആദ്യമായിട്ടാണ് ഇവിടെ ഈ വർഷം സൺറൈസ് ഫെസ്റ്റിവൽ നടക്കുന്നത്.

പോകുന്ന വഴിക്കാണ് തേസു ഫോർട്ട്. 50 കിലോമീറ്ററോളം ദൂരം. പക്ഷേ അങ്ങോട്ട് എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ബിസ്മാക്ക് നഗർ ഫോർട്ടിനെ തന്നെയാണ് വിക്കിപീഡിയയിൽ തേസു ഫോർട്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. വസ്തുതകൾ മനസ്സിലാക്കാതെ വിക്കിപീഡിയയിൽ ഇങ്ങനെ ഓരോരുത്തർ എഴുതി ചേർക്കുന്നത് ബാധിക്കുക, എന്നെപ്പോലെ ആ ലിസ്റ്റിനെ ഗൗരവത്തോടെ കണക്കാക്കുന്നവരെയാണ്. ലിസ്റ്റിൽ നിന്ന് ആ പേര് വെട്ടാനുള്ള സ്വാതന്ത്ര്യവും അധികാരവും ഒരു വിക്കിപീഡിയൻ എന്ന നിലക്ക് എനിക്കുണ്ട്. കാര്യകാരണ സഹിതം തേസു ഫോർട്ടിനെ ഞാൻ വിക്കി ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും.

അനീനിയിലേക്ക് പോയതിൻ്റെ ദുരവസ്ഥ മറക്കുന്നതിന് മുന്നേ തന്നെ മറ്റൊരു മലമ്പാതയിലൂടെ ഞാനിതാ ഡോങ്ങിലേക്ക് കടക്കുന്നു. ഈ റൂട്ട് പക്ഷേ കുറേക്കൂടി നല്ലതാണ്. എന്നിരുന്നാലും വൈകീട്ട് അഞ്ചര മണിയായി ഞങ്ങൾ ഡോങ്ങില്‍ എത്തുമ്പോൾ.

അവസാനത്തെ 35 കിലോമീറ്റർ എനിക്ക് ഇരുട്ടത്ത് ഭാഗിയെ നയിക്കേണ്ടി വന്നു.
സൺറൈസ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തേക്ക് വീണ്ടും ഒരു മണിക്കൂർ ഇരുട്ടത്ത് യാത്ര ചെയ്യേണ്ടി വന്നു. കാലഹരണപ്പെട്ട ഒരു തൂക്കുപാലത്തിലൂടെയും റോഡ് പണി നടക്കുന്ന ഭാഗത്തൂടെയും മലകളെ ചുറ്റിവളഞ്ഞ് പോകുന്ന വഴികളിലൂടെ ഈ സമയത്ത് സഞ്ചരിക്കേണ്ടി വന്നു.

സൂര്യൻ അസ്തമിച്ചാൽ വാഹനം ഓടിക്കില്ല എന്നത്, ഈ യാത്രയിൽ എന്റെ പോളിസി ആണെങ്കിലും ഒരു സംഘമായി യാത്ര ചെയ്യുമ്പോൾ അത്തരം നിബന്ധനകൾ പലതും ലംഘിക്കപ്പെടുന്നുണ്ട്. ഞാൻ അക്കാര്യം ഷൈനിയോടും ഷഫീക്കിനോടും തുറന്ന് പറഞ്ഞു. നാളെ മുതൽ മൂന്ന് മണിക്ക് ശേഷം യാത്ര നീളുന്നുണ്ടെങ്കിൽ ഞാൻ സംഘത്തിൽ നിന്ന് വേർപിരിയുകയാണ്.

ഫെസ്റ്റിവൽ ഗ്രൗണ്ടിന്റെ തൊട്ടടുത്തുള്ള ഒരു പുരയിടത്തിന്റെ പറമ്പിൽ ടെൻ്റ് അടിക്കാനുള്ള സൗകര്യം അവർ നൽകുന്നുണ്ട്. ടെന്റ് ഒന്നിന് 300 രൂപ ഈടാക്കുന്നു.

ഫെസ്റ്റിവൽ ഗ്രൗണ്ടിൽ പാട്ട് പൊടിപൊടിക്കുന്ന ശബ്ദം കേൾക്കാം. ₹1800 മുതൽ ₹2900 വരെ പലനിരക്കുണ്ട് ഫെസ്റ്റിവൽ മൈതാനത്തേക്ക് കടക്കാൻ. അത്രയും പണം ഇന്ന് ചെലവഴിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. നാളെ ഫെസ്റ്റിവൽ അവസാന ദിവസം ആയതുകൊണ്ട് പ്രവേശനം സൗജന്യമാകാൻ സാധ്യതയുണ്ട്. ഹോൺബിൽ ഫെസ്റ്റിവലിൽ അങ്ങനെയായിരുന്നു.

ഡോങ്ങിൽ പെട്രോൾ കിട്ടില്ല. നൂറ് കിലോമീറ്റർ പിന്നിൽ ILP പരിശോധിക്കുന്ന സ്ഥലത്ത് ആണ് അവസാനത്തെ ഗ്യാസ് സ്റ്റേഷൻ ഉള്ളത്. ഇത്രയും ദൂരത്ത് ഇത്രയും ഉയരത്തിൽ ആയിട്ട് പോലും 96 രൂപ മാത്രമാണ് ഇവിടെ പെട്രോളിന്റെ നിരക്ക്. റോയിങ്ങിൽ 92 രൂപയാണ് പെട്രോളിന്. കേരളത്തിൽ എത്രയധികം തുകയാണ് ആ ഇനത്തിൽ സർക്കാർ ജനങ്ങളിൽ നിന്നും പിടിച്ചു പറിക്കുന്നത്?!

പട്ടാളക്കാർ നടത്തുന്ന ഒരു ക്യാമ്പിൽ പോയി ഭക്ഷണം കഴിച്ചു. ഇൻ്റർനെറ്റ് കമ്മിയാണ്. തണുപ്പ് 12 ഡിഗ്രി മാത്രം.

അങ്ങനെ 2025ലെ അവസാന ദിവസവും 2026ലെ ആദ്യ ദിവസവും മലമടക്കുകളുടെ അപകടം പിടിച്ച വഴികളിലൂടെ യാത്ര ചെയ്ത് ധന്യമാക്കി.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#walong

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>