
രാവിലെ മണിപ്പൂർ ഹോം സ്റ്റേയിൽ നിന്ന് ഇറങ്ങി, തെരുവിലെ ഒരു റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഇംഫാൽ നഗരമദ്ധ്യത്തിൽത്തന്നെ നിലകൊള്ളുന്ന കംഗ്ല കോട്ടയിലേക്ക് തിരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇംഫാലിലൂടെ കറങ്ങി നടക്കുമ്പോൾ കംഗ്ല കോട്ടയുടെ പരിസരത്ത് കൂടെയാണ് കടന്നുപോയിരുന്നത്.
പക്ഷേ വിചാരിക്കുന്ന അത്ര എളുപ്പം കോട്ടയുടെ അകത്തേക്ക് കടക്കാൻ ആവില്ല. രണ്ട് ഭാഗത്ത് പട്ടാളക്കാരുടെ വലിയ കാവൽ ഉണ്ട്. പടിഞ്ഞാറേ കവാടത്തിലൂടെ വേണം അകത്ത് കടക്കാൻ. അവിടേയും ആയുധധാരികളായ മണിപ്പൂർ പോലീസിന്റെ കാവൽ ഉണ്ട്. മണിപ്പൂരിൻ്റെ നിലവിലെ രാഷ്ട്രീയ അവസ്ഥ തന്നെയാണ് ഇത്ര വലിയ സുരക്ഷ കോട്ടയ്ക്ക് ചുറ്റും കാണുന്നതിന് കാരണം.
* കോട്ടയ്ക്ക് ചുറ്റും വലിയ കിടങ്ങും അതിൽ നിറയെ വെള്ളവും ഉണ്ട്.
* പടിഞ്ഞാറേ കോട്ട വാതിലിൻ്റെ ഇടത് ഭാഗത്തായി, 19-)ം നൂറ്റാണ്ടിൽ മണിപ്പൂർ ഭരിച്ചിരുന്ന പ്രഗത്ഭ മീതേയ് ഭരണാധികാരി മെയ്ഡിൻഗു നരസിംഗ് ഊരിപ്പിടിച്ച വാളുമായി തൻ്റെ കുതിരപ്പുറത്ത് ഇരിക്കുന്ന വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
പ്രവേശന ടിക്കറ്റ് എടുത്ത് കോട്ടയുടെ അകത്തേക്ക് കടന്നാലുടൻ വലത് വശത്ത് കാണുന്നത് കോട്ടയുടെ ചരിത്രത്തിൽ ആസ്സാം റൈഫിൾസിനുള്ള പങ്കാണ്.
* ഖങ്കേബ രാജാവാണ് 1597 – 1652 കാലഘട്ടത്തിൽ കംഗ്ല കോട്ട വികസിപ്പിച്ചത്.
* ഗാരിബ് നിവാസ് രാജാവ് 1709-1748 കാലഘട്ടത്തിൽ കംഗ്ലയെ മണിപ്പൂരിന്റെ തലസ്ഥാനമായി വികസിപ്പിച്ചു.
* തുടർന്ന് കംഗ്ല രാഷ്ട്രീയപരമായും മതപരവുമായി മണിപ്പൂരിന്റെ തലസ്ഥാനമായി തുടർന്നു.
* 1891ൽ ബ്രിട്ടീഷ് പട്ടാളം കംഗ്ല കോട്ട പിടിച്ചെടുത്തു.
* 1915ൽ 4 ആസ്സാം റൈഫിൾസ് ഇവിടെ സ്ഥാപിതമായി.
* തുടർന്ന് ആസാം റൈഫിൾസിന്റെ പല യൂണിറ്റുകളും ഇവിടെ വികസിപ്പിക്കപ്പെടുകയും ഹെഡ് കോർട്ടേഴ്സ് ആയി ഉപയോഗിക്കുകയും ചെയ്തു.
* മണിപ്പൂർ ജനതയുടെ സാംസ്കാരികവും മതപരവും രാഷ്ട്രീയപരവുമായ വസ്തുതകളെ മാനിച്ച് 20 നവംബർ 2004 ന് ആസാം റൈഫിൾസ്, കംഗ്ല കോട്ട മണിപ്പൂർ സർക്കാരിന് കൈമാറി.
* ഇംഫാൽ നദിയുടെ തീരത്ത് കംഗ്ല 237 ഏക്കർ സ്ഥലത്ത് കംഗ്ല കോട്ട നിലകൊള്ളുന്നു. ബ്രിട്ടീഷുകർ പിടിച്ചെടുക്കുന്നതിന് മുൻപ് കംഗ്ല കോട്ടയ്ക്ക് 1 ചതുരശ്ര മൈൽ വ്യാപ്തി ഉണ്ടായിരുന്നു.
* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോട്ടയാണ് കംഗ്ല. നാലാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ AD 33ൽ ഈ കോട്ട നിർമ്മിച്ചതായി കണക്കാക്കപ്പെടുന്നു.
* ഇതിഹാസ ദൈവ-രാജാവായ നോങ്‌ഡ ലെയ്‌റെൻ പഖാംഗ്ബ സിംഹാസനത്തിൽ ആരോഹിതനായ എ.ഡി. 33ൽ കംഗ്ല കോട്ട നിർമ്മിക്കപ്പെട്ടു.
* കോട്ടയ്ക്ക് അകത്ത് പഘംബ ക്ഷേത്രം നിലകൊള്ളുന്നുണ്ട്.
* ക്ഷേത്രത്തിനു പിന്നിലായി വലിയ തടാകം കാണാം.
* കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ പോലെ നീളമുള്ള നാലു വള്ളങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം (ഹിയാങ്ങ് ഹിറൽ) രാജകുടുംബങ്ങൾ ഉപയോഗിച്ചിരുന്നതും രണ്ടെണ്ണം (ഹന്ന ഹീ) സാധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്നതും ആണ്.
* കോട്ടയ്ക്ക് വെളിയിലുള്ള കിടങ്ങ് പോലെ തന്നെ കോട്ടയ്ക്ക് ഉള്ളിലും ഒരു കിടങ്ങ് ഉണ്ട്. അതീവ സുരക്ഷ ഉണ്ടായിരുന്ന ഒരു കോട്ടയാണ് ഇതെന്ന് വ്യക്തം.
* മഹാരാജ് നരസിംഹ്, മഹാരാജ് ബോധചന്ദ്ര എന്നിവരുടെ സമാധികൾ കോട്ടയ്ക്കകത്ത് ഉണ്ട്.
* കോട്ടയ്ക്കകത്ത് മറ്റൊരു പ്രധാന ആകർഷണം അതിപുരാതനമായ ശ്രീ ഗോവിന്ദ് ജി ക്ഷേത്രമാണ്. 1846ൽ രാജ നരസിംഹ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1869ലെ ഭൂകമ്പത്തിൽ ഈ ക്ഷേത്രം നിലംപതിച്ചു. അതേ ചുടുകട്ടകൾ ഉപയോഗിച്ച് ആ വർഷം തന്നെ ക്ഷേത്രം പുനർനിർമ്മിക്കുകയും ചെയ്തു.
കോട്ടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഞാൻ ശ്രീ മീര ലോങ്ങ്ജാം എന്ന മണിപ്പൂരുകാരി ഡോക്യുമെന്ററി/ സിനിമാ സംവിധായികയെ വിളിച്ചു. ഷാജി സാർ പറഞ്ഞത് പ്രകാരമാണ് ഞാൻ അവരുമായി ബന്ധപ്പെട്ടത്. അവർ കോട്ടയുടെ കവാടത്തിലെത്തി ഞങ്ങളുമായി കുറേ നേരം സംസാരിച്ച് നിന്നു. രണ്ട് പ്രാവശ്യം മികച്ച ഡോക്യുമെന്ററിക്കുള്ള കേന്ദ്ര അവാർഡ് നേടിയിട്ടുള്ള മികച്ച സംവിധായികയാണ് അവർ. മണിപ്പൂരിൻ്റെ കലുഷിതമായ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അവർ അതീവ ദുഖിതയാണെന്ന് സംസാരത്തിൽ നിന്ന് വ്യക്തമാണ്. അടുത്തതായി ഞങ്ങൾ പോകുന്നത് മോറെ എന്ന സ്ഥലത്തേക്കാണെന്ന് പറഞ്ഞപ്പോൾ, മീതേയ് വംശജയായ അവർക്ക് കുക്കികളും നാഗന്മാരും വാഴുന്ന മലമ്പ്രദേശമായ മോറെയിലേക്ക് ഇനിയെന്ന് പോകാൻ പറ്റുമെന്നറിയില്ല എന്നവർ ആശങ്കപ്പെട്ടു.
മീതേയ് വംശജരും കുക്കി വംശജരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ അരാജകത്വം ഉണ്ടാക്കിയിരിക്കുന്നത്. മണിപ്പൂരിൽ കാല് കുത്തിയപ്പോൾ മുതൽ, “എല്ലാം ഭദ്രമല്ലേ?” എന്ന് സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും തിരക്കുന്നത് മറ്റൊന്നും കൊണ്ടല്ല.
മീര പറഞ്ഞതനുസരിച്ച് 2026 ലെ ARC പ്രദർശനം കണ്ടതിന് ശേഷം ഞങ്ങൾ മോറെയിലേക്ക് തിരിച്ചു. പുരാതന മണിപ്പൂരിനെ ചിത്രങ്ങളിൽ ആവാഹിച്ചിരിക്കുന്ന കാഴ്ച്ചയാണ് ARC പ്രദർശനത്തിൽ ഉള്ളത്.
മോറെയിലേക്കുള്ള യാത്ര മണിപ്പൂരിൻ്റെ അരക്ഷിതാവസ്ഥയെ കൂടുതൽ പ്രകടമാക്കി. വഴിയിൽ അര ഡസൻ സ്ഥലങ്ങളിലാണ് പട്ടാളവും പൊലീസും ILP, ആധാർ, വാഹനം എന്നിവ പരിശോധിക്കുന്നതും രേഖപ്പെടുത്തുന്നതും. സഞ്ചാരികളായി വരുന്ന സാധാരണക്കാരെ അസ്വസ്ഥപ്പെടുത്താൻ ധാരാളമാണ്.
വഴിക്ക് 1891ലെ ഖോൻജോം യുദ്ധസ്മാരകം സന്ദർശിക്കാൻ അൽപ്പം സമയം കണ്ടഞത്തി.
മേജർ പയോണയുടെ നേതൃത്വത്തിൽ 1891 ഏപ്രിൽ 23ന് ഖോങ്‌ജോമിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച മണിപ്പൂരി സൈനികർക്കായുള്ള സ്മാരകമാണ് അത്. അവരുടെ ത്യാഗം ഇന്നും മണിപ്പൂരിൽ ഒരു സംസ്ഥാന അവധി ദിനമായി ‘ഖോങ്‌ജോം ദിനമായി ആചരിക്കുന്നു.
2 മണിക്കൂർ സഞ്ചരിച്ച് മല കയറിയിറങ്ങി ചെന്നെത്തുന്ന മോറെയുടെ കഥ പഴയാൻ ഒരുപാടുണ്ട്. മണിപ്പൂരി മുഖങ്ങൾക്ക് പകരം കൂടുതലായി തെക്കേ ഇന്ത്യക്കാരെ കാണാനാകുന്നു മോറെ തെരുവുകളിൽ. ഒരു തമിഴ് ക്ഷേത്രവും കാണാനിടയായി. ആ തമിഴ് ചരിത്രം ഇങ്ങനെയാണ്.
മോറെ എന്നത് മ്യാൻമാർ അതിർത്തിയിലുള്ള ഒരു ഗ്രാമമാണ്. 5000ൽപ്പരം തമിഴ് കുടുംബങ്ങൾ ഒരുകാലത്ത് ഇവിടെ ഉണ്ടായിരുന്നു. അവരെല്ലാം മ്യാൻമാറിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരാണ്. അവർക്ക് വ്യവസായങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു നാൾ അവരെ അവടന്ന് പുറത്താക്കി. എന്നെങ്കിലും തിരിച്ചു പോകാം എന്ന പ്രതീക്ഷയിൽ അവർ ഈ അതിർത്തി ഗ്രാമത്തിൽ വന്ന് തമ്പടിച്ചു. പക്ഷേ അവർക്ക് ഒരിക്കലും പോകാനായില്ല. മ്യാൻമാറിലുള്ള സ്വത്തുക്കൾ മുഴുവൻ അവർക്ക് നഷ്ടപ്പെട്ടു. കാലക്രമേണ അവർ മോറെ എന്ന ഈ ഗ്രാമത്തിലെ സ്ഥിരം താമസക്കാരായി.
നിലവിൽ പക്ഷേ 4000ൽ താഴെ തമിഴർ മാത്രമേ ഇവിടെ ഉള്ളൂ ചെറിയ ചെറിയ കച്ചവടങ്ങളുമായി അവർ ഇവിടെ ജീവിച്ചു പോകുന്നു. പലരും നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇതിനകം അവൾക്ക് ഇവിടെ ധാരാളം തമിഴ് സംഘടനകളും സ്ഥാപനങ്ങളും ഉണ്ട്.
അതിൽ ഒരു തമിഴ് സംഘത്തിന്റെ മൂന്ന് നില കെട്ടിടത്തിന് മുന്നിൽ ഞങ്ങൾ വാഹനങ്ങൾ നിർത്തി. തെരുവ് മുഴുവൻ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവർ ഞങ്ങൾക്ക് തമിഴ് സംഘത്തിൻ്റെ സക്രട്ടറിയുടെ വീട് കാണിച്ചു തന്നു.
മുത്തു എന്ന കാര്യസ്ഥൻ വന്ന് ഞങ്ങൾക്ക് ആ കെട്ടിടത്തിൽ താമസിക്കാനുള്ള സൗകര്യം ചെയ്തു തന്നു. പ്രശ്നക്കാരായ കുക്കികൾ ഉള്ളയിടമാണ്. അവർ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. പട്ടാളക്കാർ സ്ഥിരം റോന്ത് ചുറ്റുന്ന തെരുവിൽ ഭാഗിയുടെ ഉള്ളിൽ കിടക്കുന്നതും അഭികാമ്യമല്ല. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ മറ്റൊരു ഇടവും മുത്തു ഏർപ്പാട് ചെയ്തു തന്നു.
തെരുവിലെ ഒരു തമിഴ് റസ്റ്റോറന്റിൽ നിന്ന് ഇഡ്ഡലിയും ദോശയും അത്താഴത്തിന് കഴിച്ചു.
ഇവിടെ തണുപ്പ് തീരെ ഇല്ല. രാത്രി അനിഷ്ടങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#northeast
#Manipur
#moreh
#KanglaFort
#kangla