മരം കുള്ളൻ വില്ലേജ് (GIE 2025-26. Day#65 – Feb 01)


12
നല്ല തണുപ്പുള്ള പ്രഭാതം ആയിരുന്നു. ഹോം സ്റ്റേജിൽ നിന്ന് ചൂടുവെള്ളം സംഘടിപ്പിച്ച് കുളിയും തേവാരവും കഴിച്ചു. ഹോം സ്റ്റേയിലെ പ്രാതലിന് ശേഷം കൊഹിമയോട് വിട പറഞ്ഞു.

മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലിലേക്കാണ് യാത്ര. 140 കിലോമീറ്റർ സഞ്ചരിക്കാൻ നാലര മണിക്കൂർ സമയം എടുക്കുന്നത്, റോഡ് അത്രയ്ക്ക് മോശമായത് കൊണ്ടാണ്. റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷത്തിന് ശേഷം സാമാന്യം ഭേദപ്പെട്ട റോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഒരു മണിക്കൂർ സഞ്ചരിച്ചപ്പോൾ മണിപ്പൂരിലെ മാവോ എന്ന സ്ഥലത്ത് എത്തി. അവിടന്ന് ILP എടുത്ത് യാത്ര തുടർന്നു.

ഇടയ്ക്ക് കുള്ളൻ എന്നൊരു ഗ്രാമം ഉണ്ട്. പക്ഷേ അത് കണ്ടുപിടിക്കാൻ ഒരുപാട് ചുറ്റിക്കറങ്ങേണ്ടി വന്നു. മരം എന്ന ഗോത്രവർഗ്ഗം ഉത്ഭവിച്ചത് കുള്ളൻ എന്ന ആ ഗ്രാമത്തിൽ നിന്നാണ്. 300 അധികം വീടുകൾ ഉള്ള വലിയ ഒരു ഗ്രാമമാണ് അത്. പ്രധാന പാതയിൽ നിന്നും അഞ്ചു കിലോമീറ്ററോളം മല കയറി ചെല്ലണം അവിടെ എത്താൻ.

ഗ്രാമത്തിലേക്ക് ചെന്ന് കയറുന്ന ഇടത്ത് ഒരു മൈതാനമാണ്. അതിന്റെ എതിർവശത്ത് ഗോത്ര പ്രമുഖന്റെ ഒരു പരമ്പരാഗത വീടുണ്ട്. അത് തുറന്നു കിടക്കുകയാണ്. ആർക്കും അതിനകത്ത് കയറിച്ചെന്ന് ഉൾഭാഗങ്ങൾ കാണാം. നാഗാലാൻഡിലെ ഗോത്രവർഗ്ഗക്കാരുടെ വീടിനെ അനുസ്മരിപ്പിക്കുന്ന ഒരു വീടാണിത്. അവർ വേട്ടയാടി കൊന്ന കാട്ടുമൃഗങ്ങളുടെ തലയോടും കൊമ്പും എല്ലാം ചുമരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ അവരുടെ കുന്തങ്ങളും മറ്റ് ആയുധങ്ങളും വീടിനകത്തുണ്ട്.

ഞങ്ങൾ ഗ്രാമത്തിലെ ചെറുവഴികളിലൂടെ ഉള്ളിലേക്ക് നടന്നു. ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത വീടുന് സമാനമായ വീടുകൾ ഇടയ്ക്കിടയ്ക്ക് ഓരോന്ന് കാണാം. ആൾത്താമസമുള്ള അത്തരം ഒരു വീട്ടിലേക്ക് ഞങ്ങൾ കയറി. ഗൃഹനാഥൻ്റെ പേര് ഡേവിഡ്. അദ്ദേഹം ഞങ്ങൾക്ക് ഗ്രാമത്തിന്റെ ചരിത്രവും കഥകളുമൊക്കെ പറഞ്ഞു തന്നു. അതിനിടയ്ക്ക് ഗൃഹനാഥ ഞങ്ങൾക്ക് ഗംഭീരമായ ലാൽ കാപ്പി തന്നു.

ഗോത്ര തലവന്‍റേത് പോലുള്ള വീട് ഉണ്ടാക്കണമെങ്കിൽ ഗ്രാമവാസികൾക്ക് എല്ലാവർക്കും ഭക്ഷണം നൽകണം. കൂടാതെ ഗോത്രത്തലവന് പണം നൽകുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, ധനാഢ്യരായവർക്ക് മാത്രമേ അത്തരത്തിലുള്ള വീടുകൾ ഉണ്ടാക്കാൻ അനുവാദമുള്ളൂ.

10 മിനിറ്റ് ഗ്രാമത്തിന്റെ ഉള്ളിലേക്ക് ഡ്രൈവ് ചെയ്ത് മറ്റ് ഭാഗങ്ങളിലേക്ക് കൂടെ കടന്നപ്പോളാണ് ശരിക്കും ആ ഗ്രാമത്തിന്റെ വിസ്തൃതി മനസ്സിലാക്കാൻ ആയത്. സത്യത്തിൽ അതൊരു ഇടത്തരം പട്ടണം തന്നെയാണ്. ആ മലയുടെ പല തട്ടുകളിലായി അത് പടർന്നു കിടക്കുന്നു.

ഗ്രാമത്തിൽ പ്രത്യേകമായി ശ്രദ്ധിക്കാൻ ഇടയായത് പരന്ന വലിയ കല്ലുകളാണ്. മൈതാനങ്ങൾ ഉള്ളതിന്റെ അതിർത്തി പോലുള്ള ഭാഗങ്ങളിൽ ഈ കല്ലുകൾ അടുത്തടുത്ത് കിടക്കുന്നു. അത് യഥാർത്ഥത്തിൽ, പഴയ കാലത്ത് മൺമറഞ്ഞു പോയവരുടെ കല്ലറകളാണ്. സ്ത്രീകൾ ഭാഗത്തേക്ക് പ്രവേശിക്കാൻ പാടില്ല എന്നാണ് ചട്ടം.

ധാരാളം സമയം ആ ഗ്രാമത്തിൽ ചിലവഴിക്കാൻ കഴിഞ്ഞു. സത്യത്തിൽ അജു കൂടെ ഇല്ലായിരുന്നെങ്കിൽ അങ്ങനെയൊരു ഗ്രാമത്തിൽ ചെന്നെത്തുമായിരുന്നില്ല. മരം എന്ന ഗോത്രത്തെപ്പറ്റിയോ കുള്ളൻ എന്ന സ്ഥലത്തെപ്പറ്റിയോ മനസ്സിലാക്കുമായിരുന്നില്ല. നന്ദി അജു.

വീണ്ടും മൂന്നര മണിക്കൂർ തല്ലിപ്പൊളി വഴിയിലൂടെ സഞ്ചരിച്ചാണ് അഞ്ച് മണിയോടെ ഇംഫാലിൽ എത്തിയത്. ഒരു ഹോം സ്റ്റേയിൽ മുറികൾ ഏർപ്പാട് ചെയ്തിരുന്നു അജു.

ഇരുട്ട് വീണു കഴിഞ്ഞിരുന്നു. തണുപ്പ് കുറവാണ്. ഭക്ഷണം കഴിക്കാൻ തെരുവിലേക്ക് ഇറങ്ങിയപ്പോൾ, ഇമ മാർക്കറ്റിലേക്ക് കയറി. സ്ത്രീകൾ കച്ചവടം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ചന്തയാണ് അത്. ഇമ എന്നാൽ അമ്മ എന്നാണ് അർത്ഥം. 5000 മുതൽ 6000 വരെ അമ്മമാർ അവിടെ കച്ചവടം നടത്തുന്നു. പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, പച്ചമീൻ, ഉണക്ക മീനുകൾ, തുണിത്തരങ്ങൾ, പലഹാരങ്ങൾ എന്നിങ്ങനെ എല്ലാത്തരം കച്ചവടങ്ങളും ഉണ്ട്.

കുറച്ചുനേരം ആ ഭാഗത്ത് തെരുവുകളിലും അലഞ്ഞുതിരിഞ്ഞു നടന്നു. CRPF ൽ ജോലി ചെയ്യുന്ന അഖിൽ എന്ന പയ്യന്നൂരുകാരനെ വഴിയിൽ വെച്ച് പരിചയപ്പെട്ടു.

” ഇവിടെ ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണ് അല്ലേ? ”

എന്ന് ചോദ്യത്തിന് കിട്ടിയത്….

” ഇവിടെ അങ്ങനെയൊന്നും പറയാൻ പറ്റില്ല. ഏത് നിമിഷവും വേണമെങ്കിലും പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടാം. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ. ”

……. എന്ന ഉത്തരമായിരുന്നു.

തെരുവിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഹോം സ്റ്റേയിലേക്ക് മടങ്ങി. തണുപ്പിന് കനം വെച്ച് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കൊഹീമയിലെ അത്രയും തണുപ്പില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#motorhome
#northeastindia
#northeast
#imphal
#Manipur
#നരകുള്ളൻ
#maram
#maramtribe

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>