
കഴിഞ്ഞ ഒരാഴ്ച്ചയായി ശൂലഗിരിയിലെ Sanctity Ferme-ലാണ് ടെൻ്റടിച്ച് തങ്ങുന്നത്. ഭാഗിയിൽ കിടക്കാനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടില്ല എന്നതിനാലാണ് ടെൻ്റിൽ കഴിയുന്നത്. ചെറിയ തണുപ്പുള്ള നല്ല കാലാവസ്ഥ ആയതുകൊണ്ടും ഇവിടെ രണ്ട് റസ്റ്റോറൻ്റുകൾ ഉള്ളതുകൊണ്ടും തീനും കുടിയും കുളിയും തേവാരവും ഉറക്കവും അല്ലലില്ലാതെ നീങ്ങുന്നു.
തൊട്ടടുത്തുള്ള ഋഷിവാലി എന്ന കുന്നിൻ്റെ താഴ്വരയിൽ ചെറിയൊരു മാവിൻ തോട്ടവും അതിനകത്ത് 500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കിടപ്പാടവും (ഫാം ഹൗസ്) സജ്ജമാക്കാനുള്ള എൻ്റെ ആഗ്രഹത്തിനും അതിനായുള്ള സന്ദർശനങ്ങൾക്കും അഞ്ച് വർഷത്തോളം പഴക്കമുണ്ട്. ഇതിൽ ചില പലകാര്യങ്ങളും പലവട്ടം പറഞ്ഞിട്ടുള്ളതുകൊണ്ട്, നിങ്ങളിൽ പലർക്കും ഇക്കാര്യം ആവർത്തനവിരസത ഉണ്ടാക്കുന്നുമുണ്ടാകാം. ക്ഷമിക്കുക.
സ്ഥലത്തിൻ്റെ പോക്കുവരവ് എൻ്റേതല്ലാത്ത കാരണങ്ങളാൽ നടന്നിട്ടില്ല. വൈദ്യുതി വന്നിട്ടില്ല. വെള്ളത്തിൻ്റെ ഏർപ്പാട് ആയിട്ടില്ല. നാല് ദിവസമായി jcb തൊഴിലാളികൾ കൂലിത്തർക്കത്തിലാണ്. എന്നിരുന്നാലും ആർക്കിടെക്റ്റും കോൺട്രാക്ടറും ഞാനും തയ്യാറാണ്. അത് മാത്രമാണ് ശുഭസൂചകം.
വീടുപണി അങ്ങനെ തന്നെയാണ് എന്നാണ് കേട്ടിരിക്കുന്നത്. ഒന്നും നേരെ ചൊവ്വേ നടക്കില്ല. പണത്തിന് ബുദ്ധിമുട്ട് വരും. സാങ്കേതിക തടസ്സങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ പെരുകും. അതെല്ലാം തരണം ചെയ്ത് കഴിയുമ്പോളാണ് ഒരു നിർമ്മിതിയുടെ സന്തോഷം മുഴുവനായും കിട്ടുക. ഞാനത് ആസ്വദിച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ്.
അതിനിടയ്ക്ക് യാദൃശ്ചികമായി, രണ്ട് ദിവസം ഫാമിൽ നടന്ന ബൈക്ക് ഇവൻ്റ് ആസ്വദിക്കാൻ കഴിഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് വന്നവരും നേപ്പാൾ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്ന് എത്തിയവരും അതിൽ പങ്കെടുത്തു. എനിക്ക് മുൻപരിചയം ഇല്ലാത്ത ഒരു ലോകത്തെയാണ് ആ രണ്ട് ദിവസത്തിനുള്ളിൽ അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ 3 ദിവസങ്ങളിൽ ഷിഹാബിന്റെ Shihab Kunhahammed നേതൃത്വത്തിൽ, കിലുക്ക ഫാമിൽ മരങ്ങൾ നടാനും ഒട്ടുമരങ്ങൾ ഉണ്ടാക്കാനും മിയാവാക്കി വനങ്ങൾ സൃഷ്ടിക്കാനും ലാൻഡ്സ്ക്കേപ്പുക്കൾ ഒരുക്കാനും ശാസ്ത്രീയമായും പ്രായോഗികമായും അഭ്യസിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ ഞങ്ങൾ 13 പേരാണ് കിലുക്ക സംഘടിപ്പിച്ച ഒൻപതാമത്തെ ആ വർക്ക്ഷോപ്പിൽ പങ്കെടുത്തത്. ഒരു ഫാം സമൂഹത്തിൻ്റെ ഭാഗമാകുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ആ വർക്ക് ഷോപ്പിലൂടെ മനസ്സിലാക്കാനായി. ഒന്നാമത്തെ വർക്ക് ഷോപ്പിൽത്തന്നെ ഞാനത് പഠിക്കേണ്ടതായിരുന്നു എന്നത് മാത്രമാണ് വൈക്ലബ്യം. Better late than never എന്നാണല്ലോ?
ഇന്ന് വൈകീട്ട് കോഴിക്കോടുകാരി തെൻസിയുടെ Tenzir Anees വക സൗജന്യ ബേക്കിങ്ങ് വർക്ക്ഷോപ്പ് കൂടി കഴിഞ്ഞപ്പോൾ ഈ ആഴ്ച്ചയിലെ പരിപാടികൾക്ക് പരിസമാപ്തിയായി.
കൂടുതൽ പുതിയ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ, നാളെ ഋഷിവാലിയിൽ ജെസിബി വന്ന് വാരം കോരും കുറ്റിയടിക്കും, കെട്ടിടത്തിൻ്റെ തറപ്പണി തുടങ്ങും.
എൻ്റെ ഒരു വലിയ ആഗ്രഹം, ഓരോ ദിവസത്തേയും നിർമ്മാണ ചിത്രങ്ങൾ ഒരേ ഇടത്തിൽ നിന്ന് പകർത്തി, എല്ലാ പണികളും തീർന്ന ശേഷം ആ ചിത്രങ്ങളെല്ലാം ടൈം ലാപ്സിൽ ബന്ധപ്പെടുത്തി ഒരു വിസ്മയം തീർക്കണമെന്നതാണ്. നടക്കുമായിരിക്കും.
വാൽക്കഷണം:- ഫാമിൻ്റെ ഒരു മൂലയ്ക്ക് കാട് തുടങ്ങുന്നയിടത്തായി, പിളർന്ന അവസ്ഥയിൽ നിലകൊള്ളുന്ന വലിയ പാറയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടവും ഇരിപ്പിടവുമാണ്. (AI ചിത്രം കാണുക.) നിലാവുള്ള രാത്രികളിൽ ആ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിച്ച് കാടിനോട് ചേർന്നിരുന്ന് വെടിവട്ടം പറഞ്ഞിരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾത്തന്നെ സ്വാഗതം ആശംസിക്കുന്നു. ബോബി ടീച്ചറും Bobby Jose കുടുംബവും ആദ്യസന്ദർശനം നടത്തിക്കഴിഞ്ഞു.