ആരാകണം അടുത്ത മുഖ്യമന്ത്രി?


11
UDFൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടി നടക്കുന്ന തർക്കങ്ങൾ, ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ആളാണ് ഞാൻ. അങ്ങനെ പറയാനും തർക്കിക്കാനും പോന്ന ഉൾപ്പാർട്ടി ജനാധിപത്യമാണ് UDFന്റെ പ്രത്യേകത. പാർട്ടി നേതാക്കൾ പറയുന്ന കാര്യങ്ങൾ റാൻ മൂളി കേട്ട്, എതിർപ്പ് ഉള്ളിലൊതുക്കി അനുസരിക്കുമ്പോൾ ജനാധിപത്യം പിൻബഞ്ചിലാണെന്നും ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ അവർ തർക്കിച്ച് തീരുമാനിക്കട്ടെ. തീരുമാനം അധികം വൈകരുതെന്ന് മാത്രം.

MLAമാരെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പൊതുജനത്തിന് പിന്നീട് ഒരു അഭിപ്രായം പറയാനുള്ള ഇടമില്ലായിരുന്നു കുറച്ചുനാൾ മുൻപ് വരെ. നമ്മൾ തെരഞ്ഞെടുത്ത MLAമാർ വേണം അവിടന്നങ്ങോട്ടുള്ള മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ. പക്ഷേ ഇന്നങ്ങനെയല്ല അവസ്ഥ. പൊതുജനത്തിന് പറയാനുള്ളത് അവതരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾ ഉണ്ട്. അതിലൂടെ ജനത്തിന്റെ പൾസ് എന്താണെന്ന് നേതാക്കന്മാർക്ക് കൃത്യമായും പിടികിട്ടും. ആ ഒരു മാദ്ധ്യമവും അവസരവും ഉപയോഗിച്ചാണ് ഞാനിത് പറയുന്നത്.

ജനങ്ങൾ MLA പദവി നൽകാത്ത ഒരാൾ മുഖ്യമന്ത്രിയായി വരുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്ന അത്തരം ഒരു ഭോഷ്ക്ക് നീക്കം ചെയ്യണമെന്ന അഭിപ്രായക്കാരനും കൂടിയാണ് ഞാൻ.

ആയതിനാൽ, നിലവിൽ കേരള സംസ്ഥാനത്തിലെ ഒരു MLA അല്ലാത്ത കെ. സി. വേണുഗോപാൽ മുഖ്യമന്ത്രി ആകാൻ പാടില്ല. 102 സീറ്റ് എന്ന സർവ്വകാല റെക്കോർഡ് സമ്മാനിച്ച ജനങ്ങളോട് കാണിക്കുന്ന നീതികേടായിരിക്കും കെ. സി. വേണുഗോപാൽ എന്ന മുഖ്യമന്ത്രി.

MPമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട എന്ന കർശന തീരുമാനം എടുത്ത കോൺഗ്രസ് പാർട്ടി വേണുഗോപാലിന്റെ കാര്യത്തിൽ എന്തിന് ഇളവ് കാണിക്കണം? ഇവിടെ മുഖ്യമന്ത്രി ആകാൻ പ്രാപ്തരായവർ ഇല്ലയെന്നുണ്ടോ? ഇപ്പറഞ്ഞ നിരവധി കാരണങ്ങളാൽ, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി ആയി അംഗീകരിക്കാൻ ആവില്ല.

അഥവാ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായി അവതരിച്ചാൽ, രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ അധികഭാരമാണ് ജനങ്ങളുടെ മേൽ വന്ന് ചേരുന്നത്. നിങ്ങൾക്ക് ഇങ്ങനെ അധികാര രാഷ്ട്രീയം കളിച്ച് പാഴാക്കാനുള്ളതല്ല ഞങ്ങളുടെ നികുതിപ്പണം.

കെ. സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ, തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കും എന്ന് കോൺഗ്രസ്സ് പ്രവർത്തകരും അനുയായികളും ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കണ്ണ് തുറന്ന് സോഷ്യൽ മീഡിയയിലൂടെ കടന്നുപോയാൽ അത് മനസ്സിലാക്കാം. കെ. സി. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും, എനിക്കവിടെ പരിചയമുള്ള 10 പേരോട് സംസാരിച്ച് അയാൾക്കെതിരെ വോട്ട് ശേഖരണം ഞാനും നടത്തും. നേതൃത്വം ഇതെല്ലാം കാണുന്നുണ്ടെങ്കിൽ കോൺഗ്രസിന് കൊള്ളാം.

ഇനി മറ്റ് രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിലേക്ക് വരാം.

അവശേഷിക്കുന്ന രണ്ട് പേരിൽ സീനിയർ സ്ഥാനാർത്ഥി രമേശ് ചെന്നിത്തല തന്നെ ആണ്. പക്ഷേ അദ്ദേഹത്തിന് ഒരു ചാൻസ് ഉണ്ടായിരുന്നല്ലോ. പതിനാലാം അസംബ്ലിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചതല്ലേ? അതിന് തൊട്ടടുത്ത വന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ച് മുഖ്യമന്ത്രി ആകാമായിരുന്നല്ലോ. അത് നടന്നില്ല. പിന്നീട് അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം കിട്ടിയതുമില്ല. പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച് പാർട്ടിയെ അധികാരത്തിലേക്ക് കൊണ്ടുവരാൻ വിയർപ്പൊഴുക്കിയ വി.ഡി. സതീശനെ മാറ്റി നിർത്തി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കുന്നത് ധാർമികമായി ശരിയല്ല. സീനിയോറിറ്റി ആണ് വിഷയമെങ്കിൽ ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി വാഴിക്കാമായിരുന്നില്ലേ?

ചുരുക്കത്തിൽ പറഞ്ഞാൽ മുഖ്യമന്ത്രി ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് വി.ഡി.സതീശൻ തന്നെയാണ്. അതിപ്പോൾ അദ്ദേഹത്തിന് എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് പറഞ്ഞാലും, അതേ പോരായ്മകളോടെ തന്നെയാണ് ജനം അദ്ദേഹത്തേയും മുന്നണിയേയും പാർട്ടിയേയും ജയിപ്പിച്ചിരിക്കുന്നത്. ആ വിയർപ്പിന്റെ പങ്ക് മറ്റുള്ളവർ പറ്റുന്നത് നീതികേടാണ്. നൂറിലധികം സീറ്റിൽ UDF ജയിച്ചു വന്നില്ലെങ്കിൽ, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് സതീശനാണ്, ചെന്നിത്തലയല്ല.

തെരഞ്ഞെടുപ്പ് കാലത്ത് വി.ഡി. സതീശൻ പല സിദ്ധാന്തങ്ങളും മുന്നോട്ട് വെച്ചിരുന്നു. കാലിയായ ഖജനാവ് നിറക്കുന്നത് മുതൽ, കേരളത്തിന്റെ സമൂലവും സമഗ്രവുമായ പരിവർത്തനത്തിന് ഉതകുന്ന തരത്തിലുള്ള കരടുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സമർത്ഥിക്കുകയും അതിന്റെ ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു. അതെല്ലാം എത്തരത്തിൽ നടത്തിയെടുക്കാൻ അദ്ദേഹത്തിന് ആകുമെന്ന് കൂടെയാണ് ജനം ആകാംഷയോടെ കാത്തിരിക്കുന്നത്. ആ അവസരം തല്ലിക്കെടുത്തരുത്. ചെന്നിത്തല വന്നാൽ ആ പദ്ധതികൾ നടപ്പിലാകും എന്ന് ഞാൻ കരുതുന്നില്ല. ചെന്നിത്തല, പരമ്പരാഗത കോൺഗ്രസ് രീതിയിലുള്ള ഒരു ഭരണവുമായി മുന്നോട്ടു പോകും. പ്രത്യേക പദ്ധതികളൊന്നും അദ്ദേഹം വിഭാവനം ചെയ്തിട്ടുമില്ല പറഞ്ഞിട്ടുമില്ല.

ലളിതമായി പറഞ്ഞാൽ വി.ഡി. സതീശൻ അല്ലാതെ മറ്റാര് മുഖ്യമന്ത്രി ആയാലും അത് 102 സീറ്റിന്റെ ഉന്നത വിജയം സമ്മാനിച്ച പൊതുജനത്തിനോടുള്ള കൊഞ്ഞനംകുത്തൽ ആയിരിക്കും.

കോൺഗ്രസ്‌ ഹൈക്കമാഡിനേക്കാളും മുകളിൽ കമാൻഡിങ് പവർ ഉള്ളവരാണ് ഇവിടത്തെ ജനങ്ങൾ എന്ന് ഈ തെരഞ്ഞെടുപ്പിലൂടെയെങ്കിലും മനസ്സിലാക്കിയിട്ടില്ലെങ്കിൽ ജനം അത് കൃത്യമായി മനസ്സിലാക്കി തരുക തന്നെ ചെയ്യും. ജനങ്ങൾ ആ സൂപ്പർ ഹൈക്കമാൻഡിങ്ങ് അധികാരം വീണ്ടും പുറത്തെടുക്കും. അത് കെ.സി വേണുഗോപാലിന്റെ പാർലമെന്റ് മണ്ഡലത്തിലും അദ്ദേഹതിൻ്റെ നിയമസഭാ മണ്ഡലത്തിലും കേരളം കണ്ടറിയും. ആ വിചാരം ഉണ്ടായാൽ നന്ന്.

ഇപ്പോൾ കിട്ടിയ വിജയം നിങ്ങളുടെ കഴിവിന്റെ പ്രതിഫലനമല്ലെന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അത് മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുക. തീക്കൊള്ളി കൊണ്ട് തല ചൊറിയാതിരിക്കുക. നിങ്ങൾ മന്ത്രിമാർ മാത്രമാണ്. ജനമാണ് ഇപ്പോഴും ഇവിടത്തെ രാജാവ്.

വാൽക്കഷണം:- മറുവശത്ത് പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേൾക്കുന്നു! പ്രായാധിക്യവും അരോഗാവസ്ഥയും അവഗണിച്ച് മൂന്നാമതും മുഖ്യമന്ത്രി ആകാൻ തയ്യാറായ വ്യക്തി, പ്രതിപക്ഷ നേതാവ് ആകാൻ തയ്യാറല്ല എന്നത് വലിയ തമാശയാണ്. എന്തായാലും ഏകാധിപത്യ പ്രവണത മാറി ജനാധിപത്യ സ്വഭാവ കാണിക്കുന്നത് തീർച്ചയായും നല്ലത് തന്നെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>