Monthly Archives: August 2026

വാക്കി ടോക്കി (റേഡിയോ)


20
യാത്രകളിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കുമുള്ള യാത്രകളിൽ, മൊബൈൽ സിഗ്നലുകൾ ഇല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളിൽ, ഉൾക്കാടുകളിലേക്കുള്ള യാത്രകളിൽ, ട്രക്കിങ്ങ് സമയങ്ങളിൽ, കോട്ടകളിലേക്കുള്ള യാത്രകളിൽ, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന അവസരങ്ങളിൽ, ഒരു വാക്കിടോക്കി (റേഡിയോ) ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.

ഇത് കൂടാതെ മറ്റ് പല സന്ദർഭങ്ങളിലും ഒരു വാക്കിടോക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാ:- വഴി കാണിച്ച് ഒരു ഇരുചക്രവാഹനമോ കാറുകാരനോ മുന്നിൽ പോകുന്നു. പെട്ടെന്ന് അയാൾ പ്രത്യക്ഷനാകുന്നു. മൊബൈൽ സിഗ്നൽ ഇല്ല. പെട്ടത് തന്നെ.

ഇത്തരം സന്ദർഭങ്ങളിൽ, മുന്നിൽ പോകുന്ന ആളുടെ കയ്യിൽ വാക്കിടോക്കി ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. അൽപ്പം സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും.

പക്ഷേ വാക്കി ടോക്കികൾ അങ്ങനെ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ല. അതിന് ധാരാളം നിയന്ത്രണങ്ങളും നിയമപരമായ പ്രശ്നങ്ങളും ഉണ്ട്.

പൊലീസ്, പട്ടാളം, മറ്റ് ഫോർസുകൾ ഒക്കെ ഉപയോഗിക്കുന്നത് പോലെ സാധാരണക്കാർക്ക് എല്ലാ വാക്കിടോക്കികളും ഉപയോഗിക്കാൻ പറ്റില്ല.

പിന്നെന്ത് ചെയ്യും?

അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് കിട്ടിയ വിവരങ്ങൾ പങ്കുവെക്കാം. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. കൂടുതൽ അറിവുള്ളവർക്ക് കൂട്ടിച്ചേർക്കാം.

പലതരം വാക്കിടോക്കികൾ വിപണിയിൽ ഉണ്ട്.

1. ലൈസൻസ് ആവശ്യമുള്ള വാക്കിടോക്കികൾക്ക് റെയ്ഞ്ച് കൂടുതൽ കിട്ടും. പക്ഷേ ലൈസൻസിന് അപേക്ഷിക്കുന്ന പ്രദേശത്ത് മാത്രമേ അത് ഉപയോഗിക്കാനാവൂ. ഇന്ത്യ മുഴുവൻ കൊണ്ടുനടക്കാൻ ആവില്ല എന്ന് സാരം. ചുരുക്കിപ്പറഞ്ഞാൽ എന്റെ ആവശ്യത്തിന് ഉപകരിക്കില്ല.

2. ലൈസൻസ് ആവശ്യം ഇല്ലാത്ത വാക്കിടോക്കികൾക്ക് റെയ്ഞ്ച് കുറവാണ്. റെയ്ഞ്ച് കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടു പോകാം. ഇത് എന്റെ ആവശ്യത്തിന് ഉപകരിക്കും എന്ന് തോന്നി.

3. SIM ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാക്കിടോക്കികളും ഉണ്ട്. പക്ഷേ, അതുകൊണ്ട് തന്നെ ഇതിന് മൊബൈൽ സിഗ്നൽ ആവശ്യമാണ്. ഇത് ദീർഘദൂര സന്ദേശ വിനിമയത്തിന് ഉപയോഗിക്കാൻ പറ്റും. ഉദാഹരണത്തിന് ഡൽഹിയിലുള്ള ഒരു ഓഫീസിൽ നിന്ന് കേരളത്തിലുള്ള ഒരു ഓഫീസുമായി ബന്ധപ്പെടാൻ പറ്റും. മൊബൈൽ ഫോണിൽ നിന്ന് വിരുദ്ധമായി ഒരൊറ്റ പ്രസ്സിൽ സംസാരിക്കാം എന്നതാണ് പ്രയോജനവും പ്രത്യേകതയും. ഇതിനും ലൈസൻസ് ആവശ്യമില്ല. (ഇത് ഏറെക്കുറെ ഒരു മൊബൈൽ ഫോൺ തന്നെയാണ്.)

എന്തായാലും ഇനിയുള്ള യാത്രകളിൽ എൻ്റെ കൂടെ Access എന്ന ജപ്പാൻ കമ്പനിയുടെ P2 എന്ന മോഡൽ വാക്കിടോക്കി (റേഡിയോ) ഉണ്ടാകും.

* 446-446.2Mhz എന്ന ഫ്രീക്വൻസി റെയ്ഞ്ച് ആണ് ഈ റേഡിയോ ഉപയോഗിക്കാനായി ഭാരത സർക്കാറിൻ്റെ Ministry of Communication അനുവദിച്ചിരിക്കുന്നത്.

* പരമാവധി 3 കിലോമീറ്റർ ദൂരപരിധി ഇതിന് കിട്ടും.

* ഹാൻസെറ്റുകൾ പരസ്പരം encrypt ചെയ്തിരിക്കുന്നതിനാൽ, ഇതേ ഹാൻഡ് സെറ്റ് ഇതേ ഫ്രീക്വൻസിയിൽ ഉപയോഗിക്കുന്ന മറ്റാർക്കും ഇതിൽ നിന്നുള്ള സന്ദേശങ്ങൾ കിട്ടില്ല. തിരിച്ചും അങ്ങനെ തന്നെ.

* അവശ്യാനുസരണം കൂടുതൽ ഹാൻഡ്സെറ്റുകൾ എൻക്രിപ്റ്റ് ചെയ്ത് ഈ നെറ്റ്‌വർക്കിലേക്ക് ചേർക്കാവുന്നതാണ്.

* ഒരുവട്ടം ചാർജ്ജ് ചെയ്താൽ 16 മണിക്കൂർ വരെ ഉപയോഗിക്കാം.

* ചാർജ്ജ് ചെയ്യാനുള്ള ഹോൾഡറും C-ടൈപ്പ് ചാർജ്ജിങ് സംവിധാനവും ഉണ്ട്.

* കേന്ദ്രസർക്കാർ നൽകിയിട്ടുള്ള ലൈസൻസ് ഇതിനൊപ്പം ഡീലർ തരുന്നുണ്ട്.

* കേരളത്തിലെ പല കൊച്ചുകൊച്ചു നഗരങ്ങളിലും ഇത് യഥേഷ്ടം വിറ്റഴിക്കുന്നുമുണ്ട്.

* ഇതൊക്കെ ആണെങ്കിലും, പൊലീസ് അടക്കം ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാവർക്കും ഇതേപ്പറ്റി ധാരണ ഉണ്ടാകണമെന്നില്ല. അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ഒരു കടമ്പയായിരിക്കും. വാക്കിടോക്കി എന്നാൽ ലൈസൻസ് ആവശ്യമുള്ള ഒന്നാണ്, എന്ന് ധരിച്ചു വെച്ചിരിക്കുന്നവർ ധാരാളമുണ്ട്.

* ഹോട്ടലുകൾ, ആശുപത്രികൾ, റിസോർട്ടുകൾ, നിർമ്മാണ മേഖലകൾ, കൃഷിയിടങ്ങൾ, ഇവൻ്റ് മാനേജ്മെന്റ് ടീം എന്നിങ്ങനെ പലരും നിലവിൽ, ഇത്തരം ലൈസൻസ് ആവശ്യമില്ലാത്ത വാക്കിടോക്കികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

യാത്രികർക്കും മേൽപ്പറഞ്ഞ കൂട്ടർക്കും മാത്രമല്ല, വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഒക്കെ ഉണ്ടായി മൊബൈൽ സിഗ്നൽ നഷ്ടപ്പെടുന്ന സ്ഥലങ്ങളിലും റേഡിയോ ഇനിയങ്ങോട്ട് ആവശ്യം വന്നേക്കാം.

ഓവർ, ഓവർ.

വാൽക്കഷണം:- കഴിഞ്ഞ ദിവസം ഈ വാക്കിടോക്കിയുടെ ഒരു വിദൂര ചിത്രം പങ്കുവെച്ചപ്പോൾ, ഇതേപ്പറ്റി കൂടുതൽ അറിയണമെന്ന് ആവശ്യപ്പെട്ടവർക്ക് വേണ്ടി തയ്യാറാക്കിയത്.

#walkietalkie
#radio