
ഇന്നത്തെ ദിവസം ആലോയിൽ വിശ്രമിക്കാൻ തീരുമാനിച്ചു. കഠിനമായ തണുപ്പ് കാരണം മെച്ചിക്കോയിലെ രണ്ട് ദിവസവും കുളിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കിലും തണുപ്പ് സ്ഥലങ്ങളിൽ മനുഷ്യർ നിത്യേന കുളിക്കാറില്ല. 44 നദികൾ ഉള്ളതുകൊണ്ടും പണിയൊന്നും ചെയ്തില്ലെങ്കിലും നന്നായി വിയർക്കുന്നത് കൊണ്ടും കേരളത്തിലുള്ളവർ ചെയ്യുന്ന ഒരു ആർഭാട മഹാമഹമാണ് കുളി.
ആലോയിൽ തണുപ്പ് കുറവായതുകൊണ്ട് 12 ഡിഗ്രി വെള്ളത്തിൽ കുളിച്ചു; വസ്ത്രങ്ങൾ കഴുകി. ഭാഗിയെ സർവ്വീസ് സെന്ററിൽ കൊണ്ടുപോയി മെച്ചുക്കയിൽ നിന്നുള്ള ചെളി മുഴുവൻ കഴുകി കളഞ്ഞു.
രേഖയുടെ കുട്ടികൾ സ്കൂളിൽ നിന്ന് വന്നശേഷം ഷഫീക്കും ഞാനും ചേർന്ന് അവരെ ബൈക്കിലും ഭാഗിയിലുമായി നഗരതിലേക്ക് സവാരി കൊണ്ടുപോയി. കുട്ടികൾക്ക് അത് വലിയ സന്തോഷമായി.
ഗുൺ റിസോർട്ടിന്റെ പരിസരത്തുള്ള ഗ്രാമത്തിൽ ചുറ്റിയടിച്ചു. വഴിയിൽ മുള കൊണ്ട് കൊട്ട നെയ്യുന്ന ഗ്രാമവാസിയുമായി ചങ്ങാത്തം കൂടി. നഗരത്തിലെ പരമ്പരാഗത ആഭരണശാലകളിൽ കയറിയിറങ്ങി. ആഭരണങ്ങൾ ഉണ്ടാക്കുന്നതിന്റെ പടങ്ങളും വീഡിയോകളും എടുത്തു. ആഭരണം ഉണ്ടാക്കുന്ന ഒരു സ്ത്രീ പോട്ടയിൽ ധ്യാനത്തിന് വന്നിട്ടുണ്ട്.
ആണുങ്ങൾ ധരിക്കുന്ന നീല നിറമുള്ള മാല ഒരെണ്ണം വാങ്ങി. കല്ലുകൾ പൊടിച്ച് നിറങ്ങൾ അരച്ച് ചേർത്താണ് അതിന്റെ മുത്തുകൾ ഉണ്ടാക്കുന്നത്. കല്യാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കൊണ്ടാകാം വലിയ വിലയാണ് അത്തരം മാലകൾക്ക്. പക്ഷേ അതൊരെണ്ണം കഴുത്തിൽ അണിഞ്ഞാൽ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, ലോഹ്യം പറയാൻ അടുത്തു കൂടുന്നുണ്ട്, മാലയിൽ പിടിച്ചുനോക്കി അതിന്റെ വില ചോദിക്കുന്നുണ്ട്. ഒറിജിനൽ ആണോ അല്ലയോ എന്ന് പരിശോധിക്കുന്നുണ്ട്.
മുള കൊണ്ടുള്ള കവചമുള്ള താവു ഒരെണ്ണം സംഘടിപ്പിക്കാൻ മാർക്കറ്റ് മുഴുവൻ പരതി. പക്ഷേ കിട്ടിയില്ല.
നീല മാലയും താവു എന്ന കത്തിയുടെ ചെറിയ രൂപവും കഴുത്തിൽ തൂക്കി മാർക്കറ്റിലൂടെ നടക്കുമ്പോൾ ജനങ്ങൾ മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്.
“താങ്കളെ മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?”… എന്നായിരുന്നു ഒരു സ്ത്രീയുടെ ചോദ്യം. ചെറിയ താവൂ കഴുത്തിൽ കിടക്കുന്നതുകൊണ്ട് ഞാൻ അരുണാചലുകാരൻ ആണെന്ന് അവർ കരുതിക്കാണണം. ക്ലീൻ ഷേവ് ചെയ്ത് നടന്നാൽ എനിക്കൊരു അരുണാചലുകാരന്റെ ഛായ ഉണ്ടെന്ന് വേണം കരുതാൻ.
ഇന്റർനെറ്റ് ഇല്ലാതിരുന്ന മൂന്ന് ദിവസത്തെ യാത്രാ വിവരണം എഴുതി തീർക്കാൻ മടി കാരണം സാധിച്ചില്ല. അപരിചിതവും മനോഹരവുമായ ഒരു സ്ഥലത്ത് വന്ന് തണുപ്പത്ത് വെറുതെ കുത്തിയിരിക്കാനും ഒരു രസമുണ്ട്.
ഷഫീഖ് കോഴി വാങ്ങിക്കൊണ്ടു വന്ന് കനലിൽ ചുട്ടെടുത്തു. രാത്രി പതിവുപോലെ തീ കാഞ്ഞു. രേഖ ഉണ്ടാക്കിത്തന്ന ചോറും ദാലും പച്ചക്കറിയും കഴിച്ചു.
ജനുവരി 16 മുതൽ മൂന്നു ദിവസം പൈനാപ്പിൾ ഫെസ്റ്റിവൽ ഉണ്ട് 23 കിലോമീറ്റർ മാറിയുള്ള ബാഗ്ര എന്ന സ്ഥലത്ത്. അരുണാചലിലെ ദാംബുക്കിൽ ഡിസംബർ മാസം 18 മുതൽ 21 വരെ നടന്ന ഓറഞ്ച് ഫെസ്റ്റിവൽ കാണാനൊത്തില്ല. എന്നാൽപ്പിന്നെ പൈനാപ്പിൾ ഫെസ്റ്റിവൽ കണ്ടേക്കാം. പക്ഷേ അടുത്ത മൂന്നു ദിവസം ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കേണ്ടി വരും. തിരക്കുപിടിച്ച് എങ്ങോട്ട് പോകാനാണ്? പോയിട്ട് എന്തിനാണ്? മൂന്ന് ദിവസം ആലോയിൽ തന്നെ തങ്ങാൻ തീരുമാനമായി. പൈനാപ്പിൾ ഫെസ്റ്റിവലിന് പോയാൽ മുളയുടെ കവചമുള്ള താവു കിട്ടുമെന്നാണ് എല്ലാവരും പറയുന്നത്. എങ്കിൽ അത് ഒരെണ്ണം വാങ്ങുകയും വേണം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#motorhomelife
#motorhome
#Along
#alongarunachal