ജീവനോടെ റോയിങ്ങിൽ തിരിച്ചെത്തി (GIE 2025-26. Day#33 – Dec 31)


12
തലക്കെട്ടിൽ എഴുതിയ കാര്യം അതിശയോക്തി ആണെങ്കിലും, സത്യത്തിൽ അങ്ങനെ തന്നെയായിരുന്നു എന്റെ ആശങ്ക.

അനീനിയിലേക്കുള്ള വഴിയെപ്പറ്റി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നല്ലോ. അതേ വഴിയിൽ തിരികെ വരുന്നത് ഒരു പേടി സ്വപ്നമായാണ് മനസ്സിൽ ഉണ്ടായിരുന്നത്. മറ്റൊരു മടക്കവഴി ഇല്ല താനും. റോയിങ്ങിൽ നിന്ന് വന്ന് അനീനിയിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ട എല്ലാവരും വഴിയുടെ കാര്യത്തിൽ ആശങ്കാകുലരായിരുന്നു.

രാവിലെ 6:45 ന് ലില്ലിയുടെ കോട്ടേജിൽ നിന്ന് ഞങ്ങൾ റോയിങ്ങിലേക്ക് പുറപ്പെട്ടു.

മൂന്നിടങ്ങളിൽ ഭാഗിക്ക് കയറിപ്പോകാൻ ബുദ്ധിമുട്ടുണ്ടാകും എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അതിൽ ഒരിടത്ത് പ്രശ്നമുണ്ടായില്ല. രണ്ടാമത്തെ സ്ഥലത്ത്, മൂന്നു പ്രാവശ്യം പരിശ്രമിച്ചപ്പോൾ കയറിപ്പോകാനായി.

മൂന്നാമത്തെയിടത്ത് ഞാനും ഭാഗിയും പൂർണ്ണമായും പരാജയപ്പെട്ടു. ഫസ്റ്റ് ഗിയറിൽ കയറിപ്പോകാൻ ആകാതെ, ടയർ കരിയുന്ന മണവും പുകയും വന്നു. 80 ശതമാനം കയറിയ ഭാഗി കിതച്ചു നിന്നു. വഴി ബ്ലോക്ക് ആയി.

അരുണാചലുകാരൻ ഒരാൾ അനായാസം അയാളുടെ സ്കോർപിയോയിൽ കയറിപ്പോയി. തന്റെ വണ്ടി മുകളിൽ ഒതുക്കിയിട്ട് അയാൾ വന്ന് ഭാവിയുടെ സ്റ്റിയറിങ് കയ്യിലെടുത്തു. പക്ഷേ ഞാൻ കയറ്റിയതിന് മുകളിലേക്ക് അയാൾക്കും കയറ്റാൻ ആയില്ല. പിന്നീട് അവിടെ കൂടി നിന്നവർ എല്ലാവരും ചേർന്ന് തള്ളിയാണ് ഭാഗിയെ മുകളിൽ എത്തിച്ചത്. അതിനിടയ്ക്ക് മറ്റുപല വണ്ടികളും ഇതുപോലെ കുടുങ്ങിയിരുന്നു. അതെല്ലാം തള്ളിക്കയറ്റേണ്ടി വന്നു. ഭാഗിയുടെ ബമ്പറിൽ കല്ലടിച്ച് കൊണ്ട് ഒരു ചളുക്കും വന്നിട്ടുണ്ട്.

ഭാഗിയിൽ നിന്ന് ഇറങ്ങിയ യൂപി എന്ന അരുണാചലുകാരൻ പറഞ്ഞത് വാഹനത്തിന്റെ ക്ലച്ച് ശരിയല്ല എന്നാണ്. ഞാൻ ശരിക്കും ഞെട്ടി. വാങ്ങി മൂന്ന് മാസത്തിനുള്ളിൽ ക്ലച്ച് കത്തിപ്പോയ വാഹനമാണ് ഇത്. അവരത് സൗജന്യമായി മാറ്റിത്തന്നെങ്കിലും പണി കൃത്യമായി ചെയ്തില്ല എന്ന് വേണം മനസ്സിലാക്കാൻ. ക്ലച്ചിന് കുഴപ്പമുള്ള ഈ വാഹനമാണ് ഇത്രയും ദൂരം ഞാൻ ഓടിച്ച് ഈ മലയിടുക്ക് വരെ കൊണ്ടുവന്നിരിക്കുന്നത്. എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നു. റോയിങ്ങിൽ എത്താൻ ഇനിയും 100 കിലോമീറ്ററിൽ അധികം ദുരമുണ്ട്. അത് പോരല്ലോ. നോർത്ത് ഈസ്റ്റ് മുഴുവൻ കറങ്ങി ഭാഗിയെ കേരളത്തിൽ എത്തിക്കണമല്ലോ.

എന്തായാലും, ഭാഗിയുടെ അടുത്ത സർവ്വീസ് ഗോഹാട്ടിയിൽ ചെയ്യാൻ പറ്റുമെങ്കിൽ അപ്പോൾ ക്ലച്ച് കൂടെ പരിശോധിക്കണം. 8000 കിലോമീറ്റർ കൂടെ ഓടിയാൽ അടുത്ത സർവീസ് ആയി.

മയോദിയ പാസിൽ മഞ്ഞു വീണിട്ടുണ്ട് എന്ന് കേട്ടത് ശരിയായ വാർത്ത ആയിരുന്നില്ല. മയോദിയ എത്തുന്നതിനു മുന്നേ ഞാനൊരു ട്രക്കിന്റെ പിന്നാലെ കൂടി. പിന്നീട് റോയിങ് വരെ ആ ട്രക്കിൻ്റെ മറപിടിച്ചാണ് ഭാഗിയെ കര പറ്റിച്ചത്.

എന്തായാലും 2026ൻ്റെ പിറവി ആഘോഷിക്കാൻ ഞാൻ അനീനിയിൽ നിന്ന് തിരിച്ചിറങ്ങി റോയിങ്ങിൽ എത്തിയിരിക്കുന്നു.

യൂത്ത് ഹോസ്റ്റലിൽ തന്നെയാണ് ഇന്ന് ക്യാമ്പ് ചെയ്യുന്നത്. റോയിങ്ങിൽ തണുപ്പ് കുറവാണ്. 12 ഡിഗ്രിയെ ഉള്ളൂ.

എല്ലാവർക്കും പുതുവത്സര ആശംസകൾ.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#ArunachalPradesh

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>