ക്രിസ്തുമസ് ആഘോഷവും ഭാഷാ പഠനവും. (GIE 2025-26. Day#27 – Dec 25)


12
ക്രിസ്തുമസ് ഏതെങ്കിലും ഒരു തെരുവിൽ ആഘോഷിക്കാൻ ഞങ്ങൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതിന് പറ്റിയത് നിറയെ ക്രൈസ്തവരുള്ള നാഗാലാൻ്റ് തന്നെയാണ്. പോഹി, ലോങ്ങ്ഷാ, അവരുടെ മാതാപിതാക്കൾ സഹോദരൻ, അഞ്ച് മക്കൾ എന്നിവുമായി ഞങ്ങൾ ഇതിനകം നല്ല അടുപ്പത്തിലായിക്കഴിഞ്ഞിരുന്നു. അവർ ഞങ്ങളെ പള്ളിയിലേക്ക് ക്ഷണിച്ചു.

ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രങ്ങളും ചെരുപ്പും വാനിറ്റി ബാഗുകളും ഒക്കെ അണിഞ്ഞാണ് നാഗർ പള്ളിയിൽ എത്തിയിരിക്കുന്നത്. അവരവരുടെ സാമ്പത്തികത്തിന് അനുസരിച്ച് കോട്ടും സൂട്ടും ഒക്കെ അണിഞ്ഞവരുണ്ട്. പുതിയ വസ്ത്രങ്ങൾക്ക് വകുപ്പ് ഇല്ലാത്ത കുട്ടികൾ പള്ളിയുടെ അകത്ത് കയറാതെ ആ പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുന്നത് സങ്കടകരമായ ഒരു കാഴ്ച്ചയാണ്.

പോഹി-ലോങ്ങ്ഷാ ദമ്പതിമാരുടെ മക്കളിൽ ഏറ്റവും മുതിർന്നത് ഇരട്ട പെൺകുട്ടികളാണ് (Emei & Manle). ആ കുട്ടികളുടെ പാട്ടും ഡാൻസും ഉണ്ടായിരുന്നു പള്ളിയിൽ.

അതിന് ശേഷം ഷൈനിയും ഷഫീക്കും ഞാനും പള്ളിയിൽ നിന്ന് ഇറങ്ങി നടന്നു. പള്ളിയിലേക്ക് പോകുമ്പോൾ, ഇന്നലെ ഞങ്ങളുടെ ILP പരിശോധിച്ച പട്ടാളക്കാരെ റോഡിൽ കണ്ടിരുന്നില്ല. ആ തക്കത്തിന് മ്യാൺമാർ സ്കൂളിലേക്ക് പോകാനായിരുന്നു പരിപാടി. ഇന്നലെ അവർ ഞങ്ങളെ സ്കൂളിലേക്ക് കടത്തി വിട്ടിരുന്നില്ല.

കഷ്ടി 200 മീറ്റർ നടന്നാൽ സ്കൂളിലെത്താം. ഇൻഡോ-മ്യാൺമാർ സൗഹൃദ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്കൂളാണ് അത്. അതിനോട് ചേർന്ന് പട്ടാളക്കാരുടെ മുറികളുമുണ്ട്.

ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ഗ്രാമത്തിൽ കൂടുതൽ സമയം ചെലവഴിച്ചു. സിക്കിം യൂണിവേഴ്സിറ്റിയിൽ നിന്നെത്തി ഗ്രാമീണർക്കിടയിൽ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെ സംഘവും അവരുടെ മണിപ്പൂരുകാരൻ അദ്ധ്യാപകൻ ജയിംസും ഗ്രാമത്തിലെ മറ്റൊരു സ്കൂളിൽ താമസിക്കുന്നുണ്ട്.

ഞങ്ങൾ അവരെ സന്ദർശിച്ചു. അവർക്കൊപ്പം തീ കാഞ്ഞു. അവർ ഞങ്ങൾക്ക് ചായ വിളമ്പി. അതിൽ രക്തിം മോഹൻ എന്ന വിദ്യാർത്ഥി ആന്ദ്രപ്പോളജിയിലാണ് പഠനം നടത്തുന്നത്. അതിനായി ഗ്രാമത്തിലെ ഇരുനൂറോളം അച്ഛന്മാരുടേയും ആൺമക്കളുടേയും വിരലിന്റെ പഠനമാണ് അയാൾ നടത്തുന്നത്. ലോകത്ത് മനുഷ്യന്മാർ നടത്തുന്ന പഠനങ്ങളും കടന്ന് പോകുന്ന വഴികളും എത്ര വിസ്മയാവഹമാണെന്ന് നോക്കൂ.

കുട്ടികളിൽ ഞങ്ങളുമായി ഏറെ അടുത്ത് നിന്നത് മൂന്നാമത്തെ പെൺകുട്ടിയായ ജസ്മിൻ ആണ്. അവൾ എന്നെ നാഗാമീസും ലോങ്ങ്വ ഭാഷയും പഠിപ്പിച്ചു. പകരം ഞാനവളെ മലയാളം പഠിപ്പിച്ചു.

അതിന് ശേഷം കണ്ട എല്ലാ നാഗരോടും ഞാൻ, “നങ്ങാ പൂ ഛൻ ചിചങ്ങാ മൈതേ ഗ” എന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നുവെച്ചാൽ നിങ്ങൾ സുന്ദര/രിയാണ് എന്നാണ് അർത്ഥം. അവർക്ക് അത് സന്തോഷം ഉണ്ടാക്കുന്നത് കൂടാതെ, ആ നാട്ടുകാരൻ അല്ലാത്ത ഒരാൾ അവരുടെ ഭാഷ സംസാരിക്കുന്നതിലുള്ള ആശ്ചര്യവും ഉണ്ട്.

ഇരുട്ട് വീണപ്പോൾ കുട്ടികൾ ഞങ്ങളെ ഗ്രാമത്തിലെ വൈദ്യുത ദീപാലങ്കാരങ്ങൾ കാണിക്കാൻ കൊണ്ടുപോയി.

എനിക്ക് വളരെ ആശ്ചര്യമുണ്ടാക്കിയ ഒരു കാര്യം, ക്രിസ്മസ് ദിനം ആയിട്ട് ഒരു കേക്ക് പോലും കഴിക്കാൻ ഇവർക്ക് നിർവാഹമില്ല എന്നതാണ്. ലോങ്ങ്വയിൽ ഒരു ബേക്കറി പോലും ഇല്ല എന്നതാണ് അതിന്റെ കാരണം. കേക്ക് വരണമെങ്കിൽ 34 കിലോമീറ്റർ അകലെയുള്ള മോൺ പട്ടണത്തിൽ നിന്ന് വരണം.

“നാളെ നിങ്ങൾ പോകും അല്ലേ” എന്ന് വളരെ സങ്കടത്തോടെയാണ് അത്താഴം കാലമായപ്പോഴേക്കും ജസ്മിൻ എന്ന പതിമൂന്ന്കാരി ചോദിക്കുന്നത്. ഞങ്ങൾക്കും വിഷമമുണ്ട് ലോങ്ങ്ഷാ കുടുംബത്തോട് വിട പറയാൻ. അത്താഴത്തിന് മുൻപുള്ള അവരുടെ പ്രാർത്ഥനയിൽ അന്ന് ഞങ്ങളേയും പരാമർശിക്കുന്നതായി കൃത്യമായി മനസ്സിലായി. അവർക്ക് ഞങ്ങൾ വെറും അതിഥികൾ മാത്രമായിരുന്നില്ല എന്ന് ഉറപ്പ്.

ഇത് നാഗാലാൻഡിലൂടെയുള്ള വെറുമൊരു യാത്ര ആയിരുന്നില്ല. നാഗരുടെ ആതിഥേയത്വവും സ്നേഹവായ്പുകളും നന്നായി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു കടന്ന് പോയത്. പലപ്പോഴും അവരോടൊപ്പം ജീവിക്കുകയായിരുന്നു. ഈ യാത്രയിൽ ആഗ്രഹിച്ചിരുന്നതും ഇതൊക്കെത്തന്നെ ആയിരുന്നു.

തുടർച്ചയായി മൂന്ന് വർഷമായി ഞാൻ നാഗാലാൻഡ് സന്ദർശിക്കുന്നു. നാളെ നാഗാലാൻഡിനോട് വിട പറഞ്ഞ് ആരുണാചലിലേക്ക് കടക്കുകയാണ്. അവിടെ കുറേക്കൂടി തണുപ്പുണ്ട്. പലയിടത്തും നെഗറ്റീവ് താപമാനം ആണ്. ഞങ്ങളുടെ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ദുഷ്കരമാകുമെന്ന് സാരം. പലയിടത്തും മൊബൈൽ സിഗ്നൽ ഉണ്ടാകണമെന്നും ഇല്ല. പക്ഷേ ഞങ്ങൾ മൂന്ന് പേരുള്ളതുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും ഒരുമിച്ച് അതിജീവിച്ച് പോകാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#merrychristmas2025
#myanmarboarder
#niraksharan
#learninglanguage
#northeast
#northeastindia
#motorhomelife
#Nagaland
#longwa

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>