Monthly Archives: February 2026

സരായ്ഗാട്ട്, സുവാൽകുച്ചി & ഉമാനന്ദ GIE 2025-26. Day#90 – Feb 26)


22
രിത്ര പ്രാധാന്യമുള്ള ഇടമാണ് ആസ്സാമിലെ സരായ്ഗാട്ട്. ഗോഹാട്ടിയിൽ നിന്ന് ബ്രഹ്മപുത്ര മുറിച്ചു കടന്ന് 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം അങ്ങോട്ട് എത്താൻ. ആസാമിന്റെ ട്രഫാൾഗർ എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം. മുകളന്മാർക്കെതിരെ പോരാട്ടം നടന്നിട്ടുള്ള സ്ഥലം.

ടിക്കറ്റ് വെച്ച് കയറ്റാനായി ഒരു പാർക്ക് അവിടെ നിർമ്മിച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് ആരും ചെന്ന് കയറുന്നില്ല എന്നതുകൊണ്ടാകാം ഗേറ്റ് മലർക്കെ തുറന്ന് ഇട്ടിരുന്നു. യുദ്ധ സ്മാരകമായി ഉണ്ടാക്കിയിട്ടുള്ള പ്രതിമകൾ ആകപ്പാടെ പൊടി പിടിച്ചു കിടക്കുന്നു.

ആ സന്ദർശനം പെട്ടെന്ന് പൂർത്തിയാക്കി ഞങ്ങൾ സുവാൽകുച്ചിയിലേക്ക് തിരിച്ചു. അതൊരു നെയ്ത്ത് പട്ടണവും സിൽക്കിന്റെ കേന്ദ്രവുമാണ്. ഈ യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഗോഹാട്ടിയിൽ നിന്ന് ഞാനാ പട്ടണത്തിൽ പോയിരുന്നതാണ്. എങ്കിലും ഇന്ന് കൂടുതൽ സമയം കിട്ടിയതുകൊണ്ട് വീണ്ടും അവിടം സന്ദർശിച്ചു. ആദ്യം കാണാതെ പോയ ചില നെയ്ത്ത് കാഴ്ചകൾ കണ്ടു. ഉച്ചഭക്ഷണം അവിടുന്ന് കഴിച്ചു.

ഗോഹാട്ടിയിൽ ഇന്ന് അവസാനത്തെ ദിവസമാണ്. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ 2025-26 ൻ്റെ അവസാനത്തെ ദിവസം എന്ന് പറയാം. നാളെ മുതൽ കേരളത്തിലേക്കുള്ള മടക്കയാത്രയുടെ ദിവസങ്ങളാണ്.

ഉച്ചയ്ക്കുശേഷം ഉമാനന്ദ ദ്വീപിലേക്ക് ബോട്ട് പിടിച്ചു. കേബിൾ കാറിൽ കയറിയാൽ ദ്വീപിനു മുകളിലൂടെ കടന്നു. പക്ഷേ ദ്വീപിലുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കണമെങ്കിൽ ബോട്ടിൽ തന്നെ പോകണം. 2023 ഞാനവിടെ പോയിട്ടുണ്ടെങ്കിലും വീണ്ടും ഒന്നുകൂടി സന്ദർശിച്ചു.

ഇനി ബാക്കിയുള്ളത് ആസാമിന്റെ ഓർമ്മയ്ക്കായി Xorai ഒരെണ്ണം വാങ്ങുക എന്നതാണ്. പലയിടങ്ങളിലും തിരക്കിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത് ഫാൻസി ബസാറിൽ ഉള്ള ഭാരത് മെറ്റൽസിൽ അത് കിട്ടുമെന്നാണ്. അന്വേഷിച്ച് നടന്ന ആ കട കണ്ടുപിടിച്ചു. ഉദ്ദേശിച്ച തരത്തിലുള്ള Xorai ഒരെണ്ണം വാങ്ങാൻ സാധിച്ചു.

ജീവിതത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ട്വന്റി-ട്വന്റി മത്സരം കാണിച്ചുതന്നതിന് പകരമായി സൗത്ത് പോയിന്റ് സ്കൂളിലെ വാർഡൻ ജൂലിയറ്റ് മാഡത്തിന് ഒരു അത്താഴം വാങ്ങി കൊടുക്കേണ്ട കടമ കൂടി ബാക്കിയുണ്ടായിരുന്നു. അവർ സ്വയം നിർദ്ദേശിച്ച ഒരു റസ്റ്റോറന്റിൽ ചെന്ന് ആ കർമ്മവും ഭംഗിയായി നിർവഹിച്ചു. ഗോഹട്ടിയിൽ വരുമ്പോൾ ഒരു മുതിർന്ന സഹോദരി ഇവിടെ ഉണ്ടെന്ന് തോന്നലാണ് അവരുടെ സാമീപ്യം അനുഭവപ്പെടുത്തുന്നത്.

നാളെ മടക്കയാത്രയ്ക്കുള്ള ചില തയ്യാറെടുപ്പുകൾ നടത്തിയപ്പോഴേക്കും രാത്രി ഒരുപാട് വൈകി.

രാവിലെ ഗിരിയെ ഗോഹട്ടി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ടശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിക്കും. പിന്നെ അവിടുന്ന് കൊച്ചിയിലേക്ക്.

ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ 2025-26 വെറുപ്പിക്കൽ ഇന്നത്തോടെ സമാപിക്കുകയാണ്. എങ്കിലും കൊച്ചി എത്തുന്നതുവരെ അത്യാവശം ചില അപ്ഡേറ്റുകൾ ഉണ്ടാകും.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#brahmaputra
#brahmaputrariver
#umanandatemple
#Umananda
#Umananda_Island
#suwalkuchi
#Saraighat
#SaraighatBattle